Friday, January 3, 2014

അരപ്പട്ടിണി

കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ്‌ ചെയ്ത "സ്വന്തം വീട്ടിലെ ദാരിദ്രത്തെ കുറിച്ച് ഭാവനയില്‍ നിന്ന് ഒരു എസ്സേ എഴുതുക" എന്ന പോസ്റ്റില്‍ എന്‍റെ എല്ലാ പോസ്റ്റുകളും വായിച്ച് അഭിപ്രായങ്ങള്‍ പറയുകയും എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത്‌ ഇങ്ങനെ കമന്‍റ് ചെയ്തു - താങ്കളുടെ ബാല്യത്തില്‍ അനുഭവിച്ച യഥാര്‍ത്ഥ ദാരിദ്രത്തെക്കുറിച്ച് സത്യസന്ധമായി എഴുതിക്കൂടെ ?.

ഒരു സാധാരണ തയ്യല്‍ക്കാരന്‍റെ മകനായി തികച്ചും ഒരു സാധാരണ കുടുംബത്തിലാണ്‌ ഞാന്‍ ജനിച്ചത്‌.

ഒരിക്കല്‍പ്പോലും അല്ലലറിയിക്കാതെയാണ് വാപ്പിച്ചി ഞങ്ങള്‍ മൂന്നു മക്കളെയും വളര്‍ത്തി വലുതാക്കിയത്.

മൂത്ത മകനില്‍ ഉണ്ടായിരുന്ന അമിത പ്രതീക്ഷകള്‍ കൊണ്ടോ, ചെറുപ്പം മുതലേ എന്‍റെ സ്വഭാവത്തില്‍ ഉണ്ടായിരുന്ന ഒരുതരം നിഷേധാത്മകമായ സമീപനം മൂലമോ ആയിരിക്കണം, അനിയത്തിയെയും അനിയനെയും അപേക്ഷിച്ച് കൂടുതല്‍ കര്‍ശനനിലപാടുകളാണ് വാപ്പിച്ചി എപ്പോഴും എന്നോട് സ്വീകരിച്ചിരുന്നത്.

ഒരുപാട് സൌകര്യത്തില്‍ ഒന്നും അല്ലായിരുന്നിട്ടും ഒരിക്കലും എന്‍റെ വാപ്പിച്ചിയുടെ മകനായി ജനിച്ചതില്‍ എനിക്ക് തെല്ലും നഷ്ടബോധം തോന്നിയിട്ടില്ല. മറിച്ച് ബാല്യത്തിലും കൌമാരത്തിലും ജീവിതം പഠിപ്പിക്കാന്‍ വേണ്ടി വാപ്പിച്ചി കരുതിക്കൂട്ടി സൃഷ്ടിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്ന പ്രതിസന്ധികളെയും സാഹചര്യങ്ങളെയും നേരിട്ട് ഞാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുക്കയാണ് ചെയ്തത്.

മൂന്നു വര്‍ഷ ഡിപ്ലോമ പഠനത്തിനു ശേഷം ഞാന്‍ 1997 ഇല്‍ ആവരി ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ എറണാകുളം ഓഫീസില്‍ ജോലിക്ക് കയറി.

തുടക്കത്തില്‍ 3300 രൂപയും ഫുഡ് , അക്കൊമഡേഷന്‍ , ടൂര്‍ തുടങ്ങിയ അലവന്‍സുകളും ഒക്കെ ചേര്‍ത്ത് തരക്കേടില്ലാത്ത മാസശമ്പളം കൈയില്‍ കിട്ടിയിരുന്നു.

ജോലിക്ക് കയറി മൂന്നാം മാസം എന്നെ തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

അവിടെ ആയുര്‍വേദ കോളെജിനടുത്തുള്ള ധര്‍മ്മാലയം റോഡില്‍ വയസ്സായ ഒരമ്മാവന്‍ നടത്തിവന്നിരുന്ന ശ്രീബാലസുബ്രഹ്മണ്യവിലാസം ലോഡ്ജില്‍ ആയിരുന്നു താമസം.

ലോഡ്ജിനു മുന്നില്‍ത്തന്നെ നെടുമങ്ങാടുകാരന്‍ ഗോപാലകൃഷ്ണനും അളിയന്‍ ബിജുവും ചേര്‍ന്ന് നടത്തുന്ന ചെറിയ ഹോട്ടലില്‍ ആയിരുന്നു മിക്കവാറും എന്‍റെ ഭക്ഷണം.

ഞാന്‍ ജോലി ചെയ്ത കമ്പനിക്കു തിരുവനന്തപുരത്തു ഓഫീസ് ഇല്ലായിരുന്നതിനാല്‍ റെസിഡന്‍റ് സര്‍വീസ് എഞ്ചിനിയര്‍ എന്ന എന്‍റെ പോസ്റ്റ്‌ ഞാന്‍ ശരിക്കും ആസ്വദിച്ചു.

പല ദിവസങ്ങളിലും ലോഡ്ജില്‍ മടിപിടിച്ചിരുന്നും, കറങ്ങിനടന്നും കഴിച്ചുകൂട്ടിയശേഷം മൂഡ്‌ വരുമ്പോള്‍ പോകാതിരുന്ന ദിവസങ്ങളിലെ ജോലി കൂടി ഒരുമിച്ചു ചെയ്തു തീര്‍ക്കും.

അന്ന് മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ ഇല്ലായിരുന്നതിനാല്‍ ഇന്നത്തെപ്പോലെ ഞെട്ടിപ്പിക്കുന്ന ഫോണ്‍ വിളികള്‍ ഒന്നും വരില്ല എന്ന ധൈര്യം ഉണ്ട്.

എന്നും കൊച്ചിയിലുള്ള ഓഫീസില്‍ ബന്ധപ്പെടണം എന്നാണു നിര്‍ദ്ദേശം എങ്കിലും മുങ്ങുന്ന ദിവസങ്ങളിലൊന്നും ഞാന്‍ ഓഫീസിലേക്ക് വിളിക്കില്ലായിരുന്നു.

തിരുവനന്തപുരം സിറ്റിക്കുള്ളില്‍ നടന്നെത്താവുന്ന ദൂരത്തില്‍ ഏകദേശം പതിനഞ്ചോളം സിനിമാ തീയെറ്ററുകളുണ്ട്. അവിടെ വരുന്ന സിനിമകള്‍ ഭാഷാ ഭേദമന്യേ ഒന്നൊഴിയാതെ എല്ലാം കണ്ടു തീര്‍ക്കലായിരുന്നു എന്‍റെ മുഖ്യവിനോദം.

ഡയറി എഴുത്തെന്ന പരിപാടി ഓരോ വര്‍ഷവും ജനുവരി ആദ്യത്തില്‍ തുടങ്ങി ഫെബ്രുവരി പകുതിയോടെ അവസാനിക്കുന്ന ഒരു ചടങ്ങായിരുന്നെങ്കിലും ഒരിക്കല്‍ കൌതുകത്തിന് വേണ്ടി ഓരോദിവസവും കാണുന്ന സിനിമകളുടെ വിവരങ്ങള്‍ ഡയറിയില്‍ കുറിച്ച് വെക്കാന്‍ ഞാന്‍ തീരുമാനിച്ചു.

മാസാവസാനം ഡയറി എടുത്തു നോക്കിയ ഞാന്‍ ചെറുതായി ഞെട്ടി - ആ മാസത്തില്‍ സിനിമ കാണാത്ത ദിവസങ്ങള്‍ വെറും ഒന്നോ രണ്ടോ മാത്രമായിരുന്നു. ഒന്നില്‍ കൂടുതല്‍ സിനിമകള്‍ കണ്ട ദിവസങ്ങള്‍ പോലും ഉണ്ടായിരുന്നു !

അങ്ങനെ സിനിമ കണ്ടും നല്ല ഫുഡ് കഴിച്ചും ,ഇന്‍റെര്‍നെറ്റ് കഫെയില്‍ ചാറ്റ് ചെയ്തും, കമ്പനിക്ക് വേണ്ടി പര്‍ച്ചേസിംഗ് നടത്തിയും ഒക്കെ (കണക്കെഴുതി കൊടുക്കാന്‍ മടിയായതിനാല്‍ ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ ആയിരിക്കും എക്സ്പെന്‍സ് എഴുതി വിടുക. അത് പാസായി വരാന്‍ ഒന്ന് രണ്ടാഴ്ച പിടിക്കും.) കിട്ടുന്ന ശമ്പളം ഏകദേശം ഇരുപതാം തീയതിയോടെ തീരും - പിന്നെ ലോഡ്ജിലെ കൂട്ടുകാരോട് കടം ചോദിക്കലാണ്. അങ്ങനെ ഒരുവിധത്തില്‍ ശമ്പളം വരുന്ന ദിവസം വരെ ഉന്തിത്തള്ളി നീക്കും.

അങ്ങനെ പേര്‍സ് കാലിയായ ഒരു ദിവസം.

രാവിലെ ഉണ്ടായിരുന്ന ചില്ലറകൊടുത്തു പ്രാതല്‍ വാങ്ങിക്കഴിച്ചു. ഉച്ചക്ക് വിശന്നപ്പോഴാണ് പേര്‍സ് കാലിയാണല്ലോ എന്ന ചിന്ത കടന്നുവന്നത്. ലോഡ്ജ് മൊത്തം തപ്പിയിട്ടും കടം വാങ്ങിക്കാന്‍ പറ്റിയ ഒരു സുഹൃത്തിനെപോലും കാണാനുമില്ല.

ഇനിയിപ്പോ ആരെങ്കിലും വരാതെ രക്ഷയില്ല - ഞാന്‍ ലോഡ്ജിന്‍റെ വരാന്തയില്‍ കാത്തിരിക്കാന്‍ തുടങ്ങി.

ഹോട്ടലുകാരന്‍ ഗോപാലകൃഷ്ണനോട് കടം പറയുന്നതില്‍ വലിയ പ്രശ്നമൊന്നുമില്ല, കാരണം ഇതുവരെ ഒരുപൈസ പോലും ഞാന്‍ കടം പറഞ്ഞിട്ടില്ല. പക്ഷെ എന്തോ ഒരു ദുരഭിമാനം എന്നെ വിലക്കി.

വയറിനുണ്ടോ അഭിമാനവും അപമാനവുമൊക്കെ - അത് വിശന്നു കരിയാനും പിന്നെ കരയാനും തുടങ്ങി. അല്ലെങ്കിലും കിട്ടാത്ത കാര്യങ്ങളോട് അദമ്യമായ ആസക്തി തോന്നുക മനുഷ്യസഹജമാണല്ലോ.

അങ്ങനെ ഇരുന്നിരുന്ന്‍ അഞ്ചു മണിയായപ്പോള്‍ ലോഡ്ജില്‍ കൂടെ താമസിക്കുന്ന മുളന്തുരുത്തിക്കാരന്‍ ബിജു എത്തി.

കണ്ടപാടെ അവനോടു ഇരുന്നൂറു രൂപ കടം വാങ്ങി, നേരെ ഗോപാലകൃഷ്ണന്‍റെ കടയില്‍ പോയി പൊറോട്ടയും ബീഫ് ഫ്രൈയും തട്ടി. ഒരേമ്പക്കം വിട്ടു തിരികെ വരുമ്പോള്‍ ബിജു ലോഡ്ജിന്‍റെ തിണ്ണയിലിരുന്നു പത്രം വായിക്കുന്നുണ്ട്.

"എന്താടാ ഫുഡ് കഴിക്കാന്‍ വൈകിയേ ?" അവന്‍ ചോദിച്ചു.

"മച്ചാ, ആരോടും പറയരുത്. കയ്യില്‍ ഒറ്റ കാശില്ലായിരുന്നു"

അവന്‍ ഒരു പരിഹാസച്ചിരി ചിരിച്ചു. അവനെന്നെക്കാള്‍ വളരെ കുറവ് ശമ്പളമേ ഉള്ളൂ. അതില്‍ നിന്നും നല്ലോരുതുക അവന്‍ എല്ലാ മാസവും വീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്യും. പക്ഷെ ലോഡ്ജിനടുത്തുള്ള ദേശാഭിമാനി ഓഫീസിന്‍റെ കാന്‍റിനില്‍ കിട്ടുന്ന ദോശയും, കഞ്ഞിയും വിട്ടുള്ള ഒരു കളിയുമില്ല ചെറുക്കന്.

ഞാനാകട്ടെ കിട്ടുന്നതില്‍ വെറും ആയിരം രൂപ - അതും രണ്ടും മൂന്നും മാസം കൂടി വീട്ടില്‍ പോകുമ്പോള്‍ - വീട്ടില്‍ കൊടുത്താലായി. എന്‍റെ പണം സൂക്ഷിക്കാനുള്ള പിടിപ്പുകേടിനെ ബിജു എപ്പോഴും വഴക്കുപറയാറുണ്ട്‌.

ഞാന്‍ ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോയി.

റൂമില്‍ പോയി ഡ്രസ്സ് മാറി ഞാന്‍ നേരെ ബൈക്കെടുത്തു കിഴക്കേകോട്ടയിലുള്ള ശ്രീപത്മനാഭ തീയെറ്ററില്‍ പോയി ഏതോ തമിഴ് സിനിമ കണ്ടു.

അതിനു ശേഷം തീയെറ്ററിനടുത്തു തന്നെ ചാലയിലുള്ള കേത്തല്‍സില്‍ പോയി ലാവിഷായി ചിക്കന്‍ഫ്രൈയും ചപ്പാത്തിയും കഴിച്ചു.

ബിജുവിനോട് കടം വാങ്ങിയതില്‍ ഏകദേശം എഴുപതു രൂപയോളം ഇതിനോടകം ചെലവായിക്കഴിഞ്ഞിരുന്നു.

തിരികെ ലോഡ്ജില്‍ എത്തുമ്പോള്‍ ലോഡ്ജിനു മുന്നില്‍ ബിജുവും മറ്റൊരു സുഹൃത്ത്‌ രാജീവും സംസാരിച്ചു നില്‍ക്കുന്നു.

"നീ എവിടായിരുന്നു ?"എന്നെക്കണ്ടപ്പോള്‍ ബിജു ചോദിച്ചു.

"സിനിമക്ക് പോയി"

അവന്‍റെ മുഖം വിളറി. അവന്‍ ബലമായി എന്‍റെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് പേര്‍സെടുത്ത് തുറന്നുനോക്കി - നൂറ്റി മുപ്പത് രൂപയെ ഉണ്ടായിരുന്നുള്ളൂ.

"നീയിതു കണ്ടോടാ രാജീവേ. ഈ തെണ്ടി ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കാശില്ലാത്തതിനാല്‍ പട്ടിണി കിടന്നതാണ്. എന്നിട്ട് എന്നോട് ഇരുനൂറു രൂപ കടം വാങ്ങി അപ്പൊ തന്നെ സിനിമക്ക് പോയിരിക്കുന്നു.എണ്‍പത്‌ രൂപയും പൊടിച്ചു. "

എന്നിട്ടവന്‍ എന്നെ നോക്കി പറഞ്ഞു "നീയൊന്നും ഒരുകാലത്തും നന്നാകാന്‍ പോകുന്നില്ലെടാ"

അവന്‍ തിരികെ തന്ന പേര്‍സ് വാങ്ങി പാന്‍റിന്‍റെ പോക്കറ്റിലേക്കു തിരുകി രാജീവിനെ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക്‌ നടന്നു. ആ സംഭവത്തിന്‌ ശേഷം ..........

.......

.......

ആര് നന്നാകാന്‍ - എന്‍റെ ടോമി നന്നാകും
__________________________________________________________________
ബിജുവിന്‍റെ അന്നത്തെ പ്രാക്ക് കാരണം ആണോ എന്നറിയില്ല , പണം സൂക്ഷിക്കുന്ന കാര്യത്തില്‍ ഇന്നും ഞാന്‍ നന്നായിട്ടില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top