Tuesday, December 31, 2013

കഥ : സൂര്യനായ് തഴുകി

ചില്ലകളില്‍ നിന്നൂര്‍ന്നു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദത്തിനനുസരിച്ച് ചാരുകസേരയില്‍ നീട്ടി വച്ചിരുന്ന കാലുകള്‍ താളാത്മകമായി ചലിപ്പിച്ചുകൊണ്ട് ഞാന്‍ കിടന്നു.

ചിത്രങ്ങളായും, ഓര്‍മ്മകളായുമൊക്കെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് അച്ഛന്‍ തന്നെ.

"ഉറക്കത്തിലും നീയിങ്ങനെ കാലാട്ടാറുണ്ട്"

"അത് വെറുതെ"

"ഇല്ലടാ ശരിക്കും" ഗീതയുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ കടന്നു വരാനുള്ള ഔചിത്യമില്ലായ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ ഞാന്‍ തെല്ലോന്നമ്പരന്നു.

ഗീത - ജീവിതത്തില്‍ കടന്നുപോയ ഒരുപാട് പെണ്‍മുഖങ്ങളില്‍ ഒന്ന് മാത്രമാകേണ്ടവള്‍ , പക്ഷെ എന്നിട്ടും വെറുമൊരു കോള്‍ ഗേള്‍ എന്നതിലപ്പുറം എന്തോ ഒരാകര്‍ഷണീയത അവള്‍ക്കുണ്ടായിരുന്നു.

കസേരയുടെ പടിയില്‍ കമഴ്ത്തി വച്ചിരുന്ന കൈപ്പത്തിയില്‍ ആരോ സ്പര്‍ശിച്ചപ്പോഴാണ് കണ്ണുതുറന്നത്. തൊട്ടടുത്ത കസേരയില്‍ അമ്മ.

"എന്താമ്മേ ?"

"സന്ധ്യക്ക് കുഞ്ഞനന്തന്‍റെ വീട് വരെ ഒന്ന് പോണം. അച്ഛന്‍റെ ഒസ്യത്തിന്‍റെ കാര്യം സംസാരിക്കാനാണ്" അത് പറഞ്ഞ് എന്‍റെ കൈയില്‍ മൃദുവായി പിടിച്ചമര്‍ത്തിക്കൊണ്ട് അമ്മ എഴുന്നേറ്റു പോയി.

അമ്മയുടെ ഒരേയോരാങ്ങളയാണ് കുഞ്ഞനന്തന്‍ മാമ. അപ്പോള്‍ അച്ഛന്‍റെ ഒസ്യത് എഴുതിയിരിക്കുന്നത് വക്കീല്‍ കൂടിയായ മാമയായിരിക്കും.

അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരുട്ട് വീണു തുടങ്ങും മുന്നേ അമ്മാവന്‍റെ വീട്ടിലേക്കു നടന്നു.

തെക്കേപ്പുറത്ത് കൂടി പത്തുമിനിറ്റ് നടന്നാല്‍ അമ്മാവന്‍റെ വീടായി.

അച്ഛനെ ദഹിപ്പിക്കാനായി വെട്ടിയ മൂവാണ്ടന്‍ മാവ് സൃഷ്ടിച്ച ശൂന്യതയിലൂടെ ചുവന്ന സൂര്യന്‍ പറമ്പിലേക്ക് ഒഴുകിയിറങ്ങുന്നു.

അമ്മയുടെ മുഖത്തുനിന്ന് അച്ഛന്‍റെ പടിയിറക്കം മായിച്ച വെളിച്ചത്തിന് പകരം വെക്കാനുള്ള പ്രകൃതിയുടെ വിഫലശ്രമമാകാം പറമ്പിലേക്ക് തൂകുന്ന ഈ അധിക വെളിച്ചം.

വീടിനു വെളിയില്‍ താഴ്ന്നു പന്തലിച്ചു നില്‍ക്കുന്ന ആര്യവേപ്പിന് കീഴെ ഇട്ടിരുന്ന രണ്ടു കസേരകളിലൊന്നില്‍ കുഞ്ഞനന്തന്‍ മാമ ഇരുന്നിരുന്നു.

നടുവിലിട്ടിരുന്ന തടി കൊണ്ടുള്ള ചെറിയ ടീപ്പോയില്‍ ഒരു ചില്ല്ഗ്ലാസ്സും, ഒരു വെള്ളം നിറച്ച ജഗ്ഗും. - മാമയുടെ വൈകിട്ടത്തെ സ്ഥിരം ക്വോട്ട - രണ്ടു പെഗ് വിസ്കി.

"ആ അരുണോ, ഇരിക്കൂ" ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് കൈചൂണ്ടി മാമ പറഞ്ഞു.

"എന്നാ തനിക്കു തിരികെ പോണ്ടേ ?"

"എത്രയും പെട്ടെന്ന്. എമര്‍ജന്‍സി ലീവ് ആണ്. അധികം ദിവസം നില്‍ക്കാന്‍ പറ്റില്ല"

"ഉം" ഇരുത്തി മൂളിക്കൊണ്ട് കുഞ്ഞനന്തന്‍ മാമ ദൂരെ ചക്രവാളത്തിലെ ചുവപ്പിലേക്ക് നോക്കിയിരുന്നു. കാണെക്കാണെ മാമയുടെ കറുത്ത കട്ടിക്കണ്ണടയുടെ രണ്ടു ചില്ലുകളും ചുവന്നു തുടുത്തു.

ഗംഗ ഒരു പ്ലേറ്റുമായി അവിടേക്ക് വന്നു.

അമ്മാവന്‍റെ ഒരേയൊരു മകളാണ് - തന്‍റെ മുറപ്പെണ്ണ്‍- ഇരുപത്തിരണ്ടാം വയസ്സില്‍ താന്‍ നാടുവിട്ടു പോകാന്‍ കാരണം ഗംഗയായിരുന്നു. അവളുടെ സമ്മതം നോക്കാതെ തനിക്കിഷ്ടമുള്ളയാളെക്കൊണ്ട് മാമന്‍ അവളെ വിവാഹം കഴിപ്പിച്ചു. ആ ബന്ധം അധികം നീണ്ടു പോയില്ലെന്നു പിന്നീടറിഞ്ഞു. ദിവാകരന്‍ നായര്‍ മുഴുക്കുടിയനായിരുന്നത്രേ. ഒടുവില്‍ കുടിച്ചു കുടിച്ചു രക്തം ചര്‍ദ്ധിച്ചാണ് മരിച്ചത്.

ആകസ്മികമായി എന്നെക്കണ്ടപ്പോള്‍ അവളുടെ മുഖത്ത് സ്വതവേയുള്ള വിഷാദഭാവം ഇരട്ടിച്ചു. എന്തായാലും അവളോന്നേ എന്‍റെ മുഖത്തേക്ക് നോക്കിയുള്ളൂ. കൊണ്ടുവന്ന പ്ലേറ്റ് ടീപ്പോയില്‍ വച്ച് ധൃതിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മാമ അവളോട്‌ വിളിച്ചു പറഞ്ഞു "മോളെ രാവുണ്ണി മേനോന്‍റെ ഒസ്യത്തൊന്നെടുത്തു കൊണ്ട് വരൂ"

തിരിഞ്ഞു നോക്കാതെ തലയാട്ടി ഗംഗ നടന്നു നീങ്ങി. പണ്ടത്തെ ചുറുച്ചുറുക്കുള്ള സുന്ദരിയായ ഗംഗയുടെ പ്രേതം പോലെ ഒരു പേക്കോലം.

"വിഷമായോ തനിക്ക് ?" അച്ഛന്‍റെ ഒസ്യത് വായിച്ചു കേള്‍പ്പിച്ചു കഴിഞ്ഞ് നിശബ്ദനായിരിക്കുന്ന തന്നോടത് ചോദിക്കുമ്പോള്‍ കുഞ്ഞനന്തന്‍ മാമയുടെ ശബ്ദത്തില്‍ ഒരു നിഗൂഡമായ സന്തോഷത്തിന്‍റെ ലാഞ്ചന അലയടിച്ചുവോ ?

ഇറങ്ങും മുന്നേ അമ്മ കൈ പിടിച്ചമമര്‍ത്തിയത് എന്തിനായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.

അച്ഛന്‍റെ വാക്കുകള്‍ ഓര്‍മ്മയിലെത്തി "ഞാന്‍ ചത്താല്‍ എന്‍റെ അന്ത്യക്രിയകള്‍ ചെയ്യാന്‍ പോലും നീ വരണ്ട. ഒരുചില്ലിക്കാശു പോലും എന്‍റെ സ്വത്തില്‍ നിന്ന് നിനക്ക് തരില്ല, ഒക്കെ വല്ല അനാഥാലയത്തിനും കൊടുക്കും. ഈ കാണുന്നതൊക്കെ സ്വന്തം വിയര്‍പ്പിറ്റിച്ചു ഞാനുണ്ടാക്കിയതാ"

"ഞാന്‍ പോട്ടെ" കുഞ്ഞനന്തന്‍ മാമയോടു യാത്ര പറഞ്ഞു ഞാനിറങ്ങി.

തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ കയ്യില്‍ കരുതിയിരുന്ന ടോര്‍ച്ച് ലൈറ്റ് പ്രകാശിപ്പിച്ചു. ചിലപ്പോള്‍ വല്ല ഇഴജന്തുക്കളും കണ്ടേക്കും.

വീണ്ടും അച്ഛനെക്കുറിച്ചോര്‍ത്തു - മരിക്കാന്‍ കിടന്നപ്പോള്‍ പോലും അച്ഛന്‍ തരിമ്പും മാറിയിട്ടില്ല !

ഊണ് കഴിഞ്ഞ് ഇറയത്ത് ചാരുകസേരയില്‍ കിടക്കുമ്പോള്‍ രണ്ടു കൈകള്‍ തോളില്‍ പതിഞ്ഞു. ഇടതു വശത്തൂടെ പിന്നിലേക്ക്‌ നോക്കാന്‍ തിരിയുമ്പോള്‍ അമ്മയുടെ മുഖം തന്‍റെ മുഖത്തിന്‍റെ തൊട്ടടുത്ത്‌ !

ഒരു കൈകൊണ്ടു തലമുടിയിലൂടെ തലോടിക്കൊണ്ട് അമ്മ ഇടതുകവിളില്‍ അമര്‍ത്തിചുംബിച്ചു.

"വിഷമായോ മോന്?" അമ്മയുടെ ശബ്ദത്തില്‍ നേരിയ വിറയല്‍.

"ഇല്ലമ്മേ, എന്തിന്?" ഞാന്‍ ശബ്ദത്തിലെ ഇടര്‍ച്ച പുറത്തു കാണിച്ചില്ല. കടക്കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ അമ്മ കാണാതെ വേഗം പുറം കൈ കൊണ്ട് തൂത്തു കളഞ്ഞു.

അമ്മ ഇറയത്തെ ബെഞ്ചിലിരുന്നിട്ട് വിളിച്ചു "വാ, ഇവിടെ എന്‍റെ മടിയില്‍ വന്നു കിടക്ക്‌"

എന്‍റെ ഓര്‍മ്മകള്‍ പത്തിരുപതു കൊല്ലം പിന്നിലേക്ക് പാഞ്ഞു.

എന്നും സന്ധ്യക്ക്‌ കളി കഴിഞ്ഞു വന്നാല്‍ കുളത്തില്‍ ഒരു കുളിയും പാസാക്കി സന്ധ്യാനാമം ചൊല്ലിയ ശേഷം ബെഞ്ചിലിരിക്കുന്ന അമ്മയുടെ മടിയില്‍ തലവച്ചൊരു കിടപ്പുണ്ട്.

അച്ഛന്‍റെ ടോര്‍ച്ചിന്‍റെ വെളിച്ചം പടിപ്പുര കടന്നുവരും വരെ അതങ്ങനെ തുടരും.

ചിലപ്പോള്‍ ഒന്നും മിണ്ടില്ല, വെറുതെ അമ്മയുടെ കണ്ണുകളിലെക്ക് നോക്കിയങ്ങനെ കിടക്കും. എന്തൊക്കെയോ ചിന്തകളില്‍ മുഴുകി അമ്മയും അങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കും.

അച്ഛന്‍ കാലുകഴുകി അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ നേരത്തെ അടുത്തുകൊണ്ട് വച്ചിരുന്ന ബുക്കെടുത്ത്‌ നിവര്‍ത്തി ഒരുപാടുനേരം കൊണ്ടേ പഠിക്കുന്ന ഭാവത്തിലിരിക്കും.

ചിലപ്പോഴൊക്കെ അച്ഛന്‍ അമ്മയുടെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കുമ്പോള്‍ അമ്മയുടെ മുഖത്തെങ്ങാന്‍ അറിയാതെ ചിരിപൊട്ടി കള്ളി വെളിച്ചത്താകുമോയെന്ന് ഞാനെപ്പോഴും ഭയപ്പെട്ടിരുന്നു. പക്ഷെ എപ്പോഴും അനാവശ്യമായിപ്പോലും പൊട്ടിച്ചിരിക്കുന്ന അമ്മ ഒരിക്കലും അപ്പോള്‍ ചിരിച്ചില്ല.

"നീ നിന്‍റെ അച്ഛനെ എങ്ങനെയാ മനസ്സിലാക്കിയിരിക്കുന്നത് ?" അപ്രതീക്ഷിതമായ അമ്മയുടെ ചോദ്യം ഞെട്ടിച്ചു.

"അത്.....ഞാന്‍"

"പുറമേ കാണുന്ന മുന്‍കോപം ഒക്കെയേ ഉള്ളൂ, പാവായിരുന്നു." അമ്മയുടെ ശബ്ദത്തില്‍ വാത്സല്യം നിറഞ്ഞൊഴുകി.

"നീ വീടുവിട്ട് പോയശേഷം നിന്‍റെ കത്ത് വരുന്നത് വരെ അച്ചന്‍ ശരിക്കൊന്നുറങ്ങിയിട്ടില്ല - അറിയോ നിനക്ക്"

ഞാന്‍ മിണ്ടിയില്ല. ഞാന്‍ അപ്പോഴത്തെ അച്ഛന്‍റെ മുഖം മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

"എപ്പോഴും നിന്നെക്കുറിച്ചു മാത്രേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ, എന്നോട് മാത്രമായിരുന്നെന്ന് മാത്രം" അമ്മ ചെറുതായൊന്നു ചിരിച്ചു.

"സ്നേഹം പുറത്തുകാണിക്കാന്‍ അറിയാത്ത മനുഷ്യന്‍, എന്നാല്‍ മനസ്സില്‍ മലയോളം സ്നേഹം ഒളിപ്പിച്ച മനുഷ്യന്‍."

ഗീതയുടെ വാക്കുകള്‍ വീണ്ടും ഓര്‍മ്മവന്നു. അച്ഛനെക്കുറിച്ച് ഒരിക്കലേ അവളോട്‌ ഞാന്‍ പറഞ്ഞിട്ടുള്ളൂ - പക്ഷെ ഇരുപത്തിരണ്ടു വര്‍ഷം ഒരേ വീട്ടില്‍ ജീവിച്ചിട്ടും ഞാന്‍ മനസ്സിലാക്കാതിരുന്ന എന്‍റെ അച്ഛനെ എത്ര കൃത്യമായി അവള്‍ മനസിലാക്കി എന്നോര്‍ക്കുമ്പോള്‍ അന്ന് തോന്നാതിരുന്ന അത്ഭുതം ഇന്ന് തോന്നുന്നു. ഇപ്പോള്‍ അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാമായിരുന്നു !

"നീ മിടുക്കനാണെന്ന് എപ്പോഴും പറയുമായിരുന്നു. നീ നോക്കിക്കോ, അവനു എന്‍റെ കാശൊന്നും വേണ്ടിവരില്ല ജീവിക്കാന്‍ എന്ന് പറയുമ്പോള്‍ അച്ഛന്‍റെ മുഖത്തെ അഭിമാനമൊന്നു കാണേണ്ടതായിരുന്നു" അമ്മ പറഞ്ഞു നിര്‍ത്തി.

"അമ്മെ, ഒരുപക്ഷെ അച്ഛന്‍ സ്വത്തുക്കള്‍ എന്‍റെ പേര്‍ക്കെഴുതി വച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ സ്നേഹിക്കുന്ന പോലെ അച്ഛനെ സ്നേഹിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ജീവിതത്തില്‍ ഞാന്‍ കണ്ട അതേ അച്ഛന്‍ തന്നെ മരണത്തിലും ആവാന്‍ എന്‍റച്ഛനേ കഴിയൂ - അല്ലെയമ്മേ ?"

അമ്മയുടെ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്ന ഒരുതുള്ളി എന്‍റെ നെറ്റിയില്‍ വീണു.

അരണ്ട വെളിച്ചത്തില്‍ ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി - ജീവിതത്തിലാദ്യമായി നിറകണ്ണുകളോടെ അമ്മ കരയുകയല്ലായിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top