Monday, December 16, 2013

കഥ : യാത്ര

ചായക്കടയില്‍ വച്ചാണ് ഞാന്‍ ആദ്യമായി ആ വൃദ്ധനെ കാണുന്നത്.

കുളിരുള്ളോരു പ്രഭാതമായിരുന്നു അത്.

ഞാന്‍ വച്ചുനീട്ടിയ ചൂടുചായ തെല്ലോരാര്‍ത്തിയോടെയാണയാള്‍ മൊത്തിക്കുടിച്ചത്.

പിന്നീടെന്നും പ്രഭാതങ്ങളില്‍ ആ ചായക്കടയില്‍ വച്ച് ഞാനയാളെ കാണുമായിരുന്നു.

ഒരുദിവസം ചൂടുചായ ഊതിയാറ്റി കുടിച്ചു കൊണ്ടിരിക്കെ അയാള്‍ പറഞ്ഞു "എനിക്കൊരു യാത്ര പോകണം മോനെ, തനിച്ചൊരു ദീര്‍ഘയാത്ര"

ഞാന്‍ മറുപടി പറയാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

"ഈ പ്രായത്തില്‍ ഒരു ദീര്‍ഘയാത്രയോ - അതും തനിച്ച് ! കിളവന്‍റെ ആശ കൊള്ളാം - അതും ഈ വയസ്സാം കാലത്ത്" ഞാന്‍ ഉള്ളില്‍ ചിരിച്ചു.

പിന്നീടൊരിക്കല്‍ കാണുമ്പോള്‍ വൃദ്ധന്‍റെ കവിളില്‍ മൂന്നു വിരലുകള്‍ തിണര്‍ത്തു പതിഞ്ഞുകിടക്കുന്നത് കണ്ടു.

"ചോദിക്കാതെ ഷര്‍ട്ടിന്‍റെ കീശയില്‍ നിന്ന് കാശേടുത്താല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ? "

ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു - "അല്ലെങ്കില്‍ത്തന്നെ കുഞ്ഞിലേ അവനൊരു മുന്‍കോപിയാ, ദേഷ്യം വന്നാല്‍......" ശബ്ദമിടറിയപ്പോള്‍ അയാളുടെ വാക്കുകള്‍ മുറിഞ്ഞു.

ഒരിക്കല്‍ ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ എതിരെ ഒരാള്‍ക്കൂട്ടം വരുന്നത് കണ്ടു ഞാന്‍ വണ്ടി നിര്‍ത്തി തിരക്കി.

വൃദ്ധന്‍ തന്‍റെ യാത്ര തുടങ്ങിയിരിക്കുന്നു എന്നൊരാള്‍ പറഞ്ഞു.

ആ ദീര്‍ഘയാത്രയില്‍ കുറച്ചുദൂരം പിന്നിടാന്‍ അയാള്‍ക്ക്‌ വലിയൊരു പുരുഷാരത്തിന്റെ അകമ്പടിയുണ്ട്.

പിന്നെ അയാള്‍ തനിച്ചാണ് - വെറും തനിച്ച് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top