Wednesday, December 25, 2013

കഥ : നക്ഷത്രം

റോഡിനിരുവശവുമുള്ള വീടുകളില്‍ തൂക്കിയിരുന്ന വിവിധവര്‍ണ്ണങ്ങല്‍ പ്രകാശിച്ചു നിന്നിരുന്ന നക്ഷത്രങ്ങളില്‍ നിന്ന് കാറ്റിലിളകി വഴിയിലേക്ക് പാറി വീണുകൊണ്ടിരുന്ന നിറമുള്ള നിഴലുകളില്‍ ചവിട്ടി ഉണ്ണിക്കുട്ടന്‍ നടന്നു.

പിന്നെ എന്തോ ആലോചിച്ച പോലെ പെട്ടെന്ന് നടത്തത്തിനു വേഗത കൂട്ടി, വേഗം ചെന്നില്ലെങ്കില്‍ കടയടച്ചേക്കും.

എത്ര ദിവസമായി അവന്‍ അമ്മച്ചിയോട്‌ ചോദിച്ചു തുടങ്ങിയിട്ട് - ഒരു നക്ഷത്രം വാങ്ങാനുള്ള കാശ്. അവസാനം അവന്‍റെ കരച്ചില്‍ കണ്ടു മനംനൊന്താണ് അമ്മച്ചി എന്തിനോ വേണ്ടി സ്വരുക്കൂട്ടി വച്ചിരുന്ന കുടുക്ക പൊട്ടിച്ചു പണം കൊടുത്തത്.

ഒരുവളവ്‌ തിരിഞ്ഞാല്‍ നക്ഷത്രങ്ങള്‍ വില്‍ക്കുന്ന കടയായി - അവന്‍റെ മനസ്സ് ഇതിനോടകം അവിടെയെത്തിക്കഴിഞ്ഞിരുന്നു.

നാളെയാണ് ക്രിസ്മസ്. അവന്‍റെ എല്ലാ കൂട്ടുകാരുടെയും വീടുകളില്‍ മനോഹരങ്ങളായ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും കണ്ട് അവന്‍ കൊതിച്ചു പോയിരുന്നു - ചെറിയൊരു നക്ഷത്രമെങ്കിലും അവന്‍റെ വീട്ടിലും തൂക്കണമെന്ന്.

വളവുതിരിയുമ്പോള്‍ വലതുവശത്തുള്ള കടത്തിണ്ണയില്‍ ഒരു രൂപം കൂനിക്കൂടിയിരുന്നിരുന്നു. ഡിസംബര്‍മാസത്തിലെ തണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ അയാള്‍ തണുത്ത് വിറച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്‍ ഒരുനിമിഷം നിന്നു.

മെല്ലെ അവന്‍ അയാള്‍ക്കടുത്തേക്ക് ചെന്നു.

നരച്ചതാടിയും മുടിയുമായുള്ള ഒരു വൃദ്ധന്‍. വാര്‍ധക്യസഹജമായ അസ്ക്യതകള്‍ അലട്ടിയിരുന്നെകിലും കുലീനത്വം അയാളുടെ മുഖത്തെ അലങ്കരിച്ചിരുന്നു.

"അപ്പൂപ്പാ" അവന്‍ മെല്ലെ വിളിച്ചു.

വൃദ്ധന്‍ കണ്ണുതുറന്നു നോക്കി.

"തണുക്കുന്നുണ്ടല്ലേ ?"

വൃദ്ധന്‍ ദയനീയമായി ചിരിച്ചു.

പെട്ടെന്ന് കടയടക്കുന്ന കാര്യം അവനോര്‍ത്തു - അവിടെ നിന്ന് വേഗത്തില്‍ നടന്നു.

കടക്കാരന്‍ കടയടക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു.

അവന്‍ കടക്കകത്ത്‌ നിരത്തിവച്ചിരുന്ന വിവിധവര്‍ണ്ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ ഓരോന്നായി എടുത്തു നോക്കി.

പിന്നെ അതൊക്കെ അവിടെത്തന്നെ വച്ച് തൊട്ടപ്പുറത്തെക്ക് നടന്നു.

"അപ്പൂപ്പാ" ശബ്ദം കേട്ട് വൃദ്ധന്‍ കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ തൊട്ടുമുന്നില്‍ വിടര്‍ത്തിപ്പിടിച്ച കമ്പിളിപ്പുതപ്പുമായി ഉണ്ണിക്കുട്ടന്‍ പുഞ്ചിരിയോടെ നിന്നിരുന്നു.

അവന്‍ ശ്രദ്ധയോടെ സാവധാനം ആ പുതപ്പുകൊണ്ട് വൃദ്ധനെ പുതപ്പിച്ചു.

വൃദ്ധന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍റെയും.

"അപ്പൂപ്പാ ഞാന്‍ പോകുന്നേ , ഹാപ്പി ക്രിസ്മസ്" പറഞ്ഞു കൊണ്ട് മറുപടിക്ക് കാക്കാതെ അവന്‍ വീട്ടിലേക്കോടി.

"എവിടെ നക്ഷത്രം വാങ്ങിയില്ലേ ?" വീട്ടിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു.

"ഇല്ലമ്മേ" അവന്‍ നടന്ന സംഭവം വിവരിച്ചു കൊടുത്തു.

അമ്മ അവനെ മടിയിലുത്തി നെറുകയില്‍ ഒരുമ്മ കൊടുത്തു. കവിളില്‍ വാത്സല്യത്തോടെ തലോടി.

അമ്മയുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ ഒരു തുള്ളി അവന്‍റെ നെറ്റിയില്‍ വീണപ്പോള്‍ അവന്‍ ചിരിച്ചു - അമ്മയും.

ആ ചിരിയില്‍ ഒരായിരം നക്ഷത്രങ്ങള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top