Monday, December 30, 2013

കഥ : ചാറ്റില്‍ കിട്ടിയ പണി

രണ്ടാഴ്ചത്തെ വെക്കേഷന് നാട്ടിലെത്തിയതായിരുന്നു ഞാന്‍.

ഞായറാഴ്ച രാവിലെ പതിനൊന്നര മണിയോടെ മൊബൈലില്‍ ഒരു മെസ്സേജ് നോട്ടിഫിക്കേഷന്‍ കേട്ടാണ് ഉണര്‍ന്നത് - ഫേസ്ബുക്ക് മെസ്സെഞ്ചറില്‍ പരിചയമില്ലാത്ത ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ മെസ്സേജ്.

ഞാന്‍ മെസ്സേജ് തുറന്നു വായിച്ചു.

"നിങ്ങളിപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ 'NET'എക്സാം എഴുതാന്‍ വന്നിട്ടുണ്ടോ ?"

റിപ്ലെ അയക്കും മുന്നേ ഞാന്‍ ഒരുനിമിഷം ചിന്തിച്ചു.

'NET' എക്സാം എഴുതാന്‍ വന്നിരിക്കുന്നതിനാല്‍ പത്തിരുപതു വയസ്സുള്ള ഒരു സുന്ദരിയായിരിക്കണം ഈ ജാസ്മിന്‍. എന്‍റെ ഫ്രണ്ടല്ല, നേരത്തെ എവിടെയെങ്കിലും കണ്ടതായി ഓര്‍ക്കുന്നുമില്ല. കൈക്കുമ്പിളില്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ചുവന്ന റോസാപ്പൂവിന്‍റെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചര്‍.

ഞാന്‍ വേഗം അവളുടെ ടൈംലൈന്‍ എടുത്തു നോക്കി - രണ്ടു മ്യൂച്വല്‍ ഫ്രണ്ട്സ്. ഒന്ന് എന്‍റെ പോസ്റ്റുകള്‍ വായിച്ച് ഇടക്കൊക്കെ മെസ്സേജ് അയക്കാറുള്ള ഒരു പെണ്‍കുട്ടി, വേറൊന്ന് ഒരു പയ്യന്‍.

ഞാന്‍ അവള്‍ക്കു മറുപടി അയച്ചു "എന്താ കാര്യം ?"

അവളുടെ മറുപടി വരുന്നത് നോക്കി ഞാന്‍ കിടപ്പ് തുടര്‍ന്നു.

ഏകദേശം അഞ്ചു മിനിട്ടിനു ശേഷം അവളുടെ മറുപടി വന്നു.

"എക്സാം ഹാളില്‍ നിങ്ങളെപ്പോലെ തന്നെ ഒരാള്‍. എന്‍റെ ഫ്രണ്ടിനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ സൌദി അറേബ്യയില്‍ ആണ്, അതുകൊണ്ട് നിങ്ങളായിരിക്കില്ല എന്ന് പറഞ്ഞു. അതൊന്നു കണ്‍ഫേം ചെയ്യാന്‍ വേണ്ടിയാണ് മെസ്സെജയച്ചത്. ഞാന്‍ നിങ്ങളുടെ എഴുത്തൊക്കെ സ്ഥിരമായി വായിക്കാറുണ്ട്, നിങ്ങളാണെങ്കില്‍ നേരിട്ട് കണ്ടൊന്നു സംസാരിക്കാമെന്ന് കരുതി"

"സുഹൃത്തിന്‍റെ പേര് ശ്രീജ എന്നാണോ ?" ഞാന്‍ ഊഹം വച്ച് മ്യൂച്വല്‍ ഫ്രണ്ടിന്‍റെ പേര് വച്ച് കാച്ചി.

"അതെ" അവള്‍ പറഞ്ഞു. അപ്പോള്‍ എന്‍റെ ഊഹം തെറ്റിയില്ല.

"ഞാന്‍ എക്സാം എഴുതാന്‍ വേണ്ടി ലീവില്‍ വന്നതാണ്. നിങ്ങള്‍ കണ്ടത് എന്നെത്തന്നെ ആയിരിക്കും. പക്ഷെ ഞാന്‍ മഹാരാജാസില്‍ നിന്ന് ഇറങ്ങി. ഒരു അര മണിക്കൂര്‍ വെയിറ്റ് ചെയ്യാമെങ്കില്‍ ഞാന്‍ തിരികെ വരാം."

"ഓക്കേ, ഞാന്‍ വെയിറ്റ് ചെയ്യാം. പക്ഷെ അധികം വൈകരുത്"

ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റു. വേഗം പല്ലുതേച്ചു. കുളിക്കാനോന്നും സമയമില്ല - മുഖം നന്നായി സോപ്പിട്ടു കഴുകി , വാഷ് ബെസിനിലെ പൈപ്പില്‍ നിന്നും കുറെ വെള്ളം തലയില്‍ കോരിയൊഴിച്ച് തോര്‍ത്തി. ഇപ്പോള്‍ എന്നെ കണ്ടാല്‍ കുളിച്ചില്ലെന്നാരും പറയില്ല.

അലമാരയില്‍ ഭാര്യ തേച്ചു മടക്കി വച്ചിരുന്ന നീല ജീന്‍സും, ഓറഞ്ച് ടീഷര്‍ട്ടും എടുത്തുധരിച്ചു. ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന മുന്തിയ പെര്‍ഫ്യൂം നന്നായി വാരിപ്പൂശി.

"ചായ പോലും കുടിക്കാതെ എങ്ങോട്ടാ ധൃതിയില്‍ ?" ബൈക്കില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൊച്ചിനെ ഒക്കത്ത് വച്ച് പിന്നില്‍ നിന്ന് വിളിച്ചു ചോദിച്ച ഭാര്യയെ പുച്ഛത്തോടെ നോക്കി വേഗം ഓടിച്ചു പോയി.

ഇരുപത്തഞ്ചു മിനിറ്റ് കൊണ്ട് മഹാരാജാസിനുള്ളില്‍ എത്തി ബൈക്ക് പാര്‍ക്ക് ചെയ്തു.

മൊബൈലെടുത്ത് അവള്‍ക്കു മെസ്സേജ് അയച്ചു - "ഞാന്‍ ഇവിടെ എത്തിയിട്ടുണ്ട്, നിങ്ങള്‍ എവിടെയാണ് ?"

പത്തുമിനിറ്റ് ഒരു മറുപടിയും ഇല്ല.

ആകെ നിരാശനായി തിരികെ പോകുനതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ മൊബൈലില്‍ നോട്ടിഫിക്കേഷന്‍ വന്നു.

"ഞാനിവിടെ ഓഫീസിനടുത്തുള്ള കാര്‍പോര്‍ച്ചിലുണ്ട്"

ഞാന്‍ വേഗം പോക്കറ്റില്‍ നിന്ന് ചീര്‍പ്പെടുത്തു ബൈക്കിന്‍റെ മിററില്‍ നോക്കി മുടി ഒന്ന് ചീകി വേഗം ഓഫീസ് ലക്ഷ്യമാക്കി നടന്നു.

കാര്‍പോര്‍ച്ചിലേക്ക് കാലെടുത്തു വച്ചതും എന്‍റെ കൂടെ കോളേജില്‍ ഒരുമിച്ചു പഠിച്ച സഞ്ജീവിനെ അവിടെ കണ്ടു.

ഇപ്പോള്‍ അവന്‍ കണ്ടാല്‍ ശരിയാകില്ല. ഞാന്‍ അവന്‍ കാണാതെ മെല്ലെ മുങ്ങാന്‍ തുടങ്ങിയതും അവന്‍ പിന്നില്‍ നിന്ന് വിളിച്ചു.

"അളിയാ" ഞാന്‍ തിരിഞ്ഞു നോക്കി.

"ഡാ സഞ്ജൂ"

"എന്താ അളിയാ ഇവിടെ ?"

"ഏയ്‌, ഞാന്‍ ചുമ്മാ.." എനിക്ക് പെട്ടെന്ന് പറയാന്‍ പറ്റിയ വിശ്വസനീയമായ കള്ളമോന്നും കിട്ടിയില്ല.

"ചുമ്മാതെ , അതും ഞായറാഴ്ച കോളെജിലോ ? പറയളിയാ എന്താ ഒരു ചുറ്റിക്കളി ?" അവന്‍ വിടാന്‍ ഭാവമില്ല.

ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ സത്യം പറഞ്ഞു.

"എന്നിട്ട് ആളെ കണ്ടോ ?" അവന്‍ ചോദിച്ചു.

"ഇല്ലടാ, ഇങ്ങോടു കയറി വന്നപ്പോഴല്ലേ നിന്നെ കണ്ടു ഞാന്‍ മുങ്ങാന്‍ നോക്കിയത്. ഇനിയിപ്പോ നമുക്ക് രണ്ടാള്‍ക്കും കൂടി ഒരുമിച്ചു മുട്ടാം"

അവന്‍ എന്നെ നോക്കി നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. ഞാന്‍ തെല്ലമ്പരന്നു

"എന്താടാ ചിരിക്കണേ ?" ഞാന്‍ ചോദിച്ചു.

"കല്യാണം കഴിഞ്ഞു കുട്ടിയോന്നായിട്ടും ചുറ്റിക്കളി നിര്‍ത്താറായില്ലല്ലേ ?" അവന്‍ വീണ്ടും ചിരിക്കുകയാണ്.

"ഏയ്‌, അങ്ങനെയൊന്നും ഇല്ലളിയാ, ഞാന്‍ ചുമ്മാ..." ഞാന്‍ കിടന്ന് പരുങ്ങി.

"ആ ശരിയളിയാ. ഞങ്ങള്‍ എന്തായാലും നേരത്തെ പരിചയക്കാരാ... ജാസ്മിന്‍" അവന്‍ ഇടനാഴിയിലേക്ക്‌ നോക്കി വിളിച്ചപ്പോള്‍ മഞ്ഞയില്‍ പച്ച പൂക്കളുള്ള ചുരിദാര്‍ ധരിച്ച സുന്ദരിയായ യുവതി തൂണിനു പിന്നില്‍ നിന്ന് പുഞ്ചിരിയോടെ പുറത്തേക്കു നടന്നു വന്നു.

"അളിയാ ഇതാണ് എന്‍റെ ഭാര്യ ജാസ്മിന്‍, ജാസ്മിന്‍ ഇതാണ് നിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ - എന്‍റെ ബെസ്റ്റ് ഫ്രണ്ട് ശ്രീരാജ്"

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഞാന്‍ അന്തം വിട്ടു നില്‍ക്കെ രണ്ടാളും നിര്‍ത്താതെ ചിരിച്ചു കൊണ്ടിരുന്നു.

"ആ, അളിയാ പറ്റിയത് പറ്റി. നീ നാട്ടിലെത്തിയിട്ടുണ്ടെന്ന് ഞാന്‍ അറിഞ്ഞു. അപ്പൊ നിനക്കിട്ടൊരു പണി തരാന്‍ ഞാനും ഇവളും കൂടി പ്ലാനിട്ടതാ. ഈ ഐഡിയ പൂര്‍ണ്ണമായും ഇവളുടെയാട്ടോ - എനിക്കിങ്ങനത്തെ കുരുട്ടുബുദ്ധിയൊന്നും പണ്ടേയില്ലെന്നു നിനക്കറിയാലോ" സഞ്ജീവ് ജാസ്മിന്‍റെ അരയില്‍ ചുറ്റിപ്പിടിച്ചു ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പറഞ്ഞു. ജാസ്മിന്‍ എന്നെ നോക്കി ചിരിച്ചു.

"എന്തായാലും അളിയന്‍റെ പഴേ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ല" ബൈക്കിനടുത്തേക്ക് നടക്കുമ്പോള്‍ എന്‍റെ തലയുടെ പിന്നില്‍ തോണ്ടിക്കൊണ്ട്‌ സഞ്ജീവ് പറഞ്ഞു. ഞാന്‍ തെല്ലുജാള്യതയോടെ നോക്കിയപ്പോള്‍ വീണ്ടും ജാസ്മിന് ചിരി.

"എന്തായാലും ഇന്നത്തെ ചെലവു അളിയന്‍റെ വക. എങ്ങോട്ടാ അളിയാ പോകണ്ടേ? " ബൈക്കില്‍ കയറുമ്പോള്‍ സഞ്ജീവ് ചോദിച്ചു.

"ആ, നമ്മുടെ സ്ഥിരം താവളത്തിലേക്ക് തന്നെ പോട്ടെ, ആദ്യം ശ്രീധറില്‍ ഒരു സിനിമ, ഫുഡ് എവിടെ വേണമെന്ന് അന്നേരത്തെ മൂഡനുസരിച്ച് തീരുമാനിക്കാം" അവരുടെ ബൈക്ക് ഗെറ്റ് കടന്നപ്പോള്‍ ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്ത് അവരെ പിന്തുടര്‍ന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top