Saturday, December 28, 2013

കഥ : ജൂറി

"സോറി ഗയ്സ് , ഐ ആം ഫിഫ്റ്റീന്‍ മിനിറ്റ്സ് ലേറ്റ് "

സിനിമാ ഹാളിനുള്ളിലേക്ക് ധൃതിയില്‍ നടന്നു കയറുമ്പോള്‍ മൂര്‍ത്തി പറഞ്ഞു.

അകത്ത്, അടുത്തടുത്തുള്ള കസേരകളിലിരുന്ന്‍ അടക്കം പറഞ്ഞു കൊണ്ടിരുന്ന സുനന്ദയും റഹ്മാനും അയാളെ കണ്ടപ്പോള്‍ നിശബ്ദരായി.

"എങ്കില്‍ തുടങ്ങാം ?" സദാനന്ദനെ നോക്കി മൂര്‍ത്തി ചോദിച്ചു.

"ആയ്ക്കോട്ടെ" സദാനന്ദന്‍ പ്രൊജക്ടര്‍ ഒപ്പറെറ്ററെ കൈവീശിക്കാണിച്ച ശേഷം അയാളുടെ സീറ്റിലേക്കിരുന്നു.

തിരശ്ശീലക്ക് ജീവന്‍ വച്ചു.

ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ച മൂര്‍ത്തിയുടെ ഏകാഗ്രത നശിപ്പിച്ചുകൊണ്ട് ഒരുനൂറു തവണ കണ്ടുമടുത്ത പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള പരസ്യം സ്ക്രീനില്‍ തെളിഞ്ഞു.

പരസ്യത്തിനു പിന്നാലെ ചിത്രത്തിന്‍റെ ടൈറ്റിലുകള്‍ എഴുതിക്കാണിച്ചു തുടങ്ങി.

പലപല പേരുകള്‍ സ്ക്രീനിലൂടെ ഓടിക്കൊണ്ടിരുന്നു - മൂര്‍ത്തിയുടെ മനസ്സിന്‍റെ തിരശ്ശീലയിലൂടെ മുഖങ്ങളും !

അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനായി ഫൈനല്‍ റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്തു ചിത്രങ്ങളില്‍ അവസാനത്തേതിന്‍റെ സ്ക്രീനിംഗാണ് നടന്നു കൊണ്ടിരിക്കുന്നത് - ആനന്ദന്‍ എന്ന യുവസംവിധായകന്‍റെ കന്നിച്ചിത്രം.

ഇതിനു മുന്നേ കണ്ട ഒമ്പത് ചിത്രങ്ങളില്‍ നിന്ന് മികച്ച മൂന്നെണ്ണം ഇതിനോടകം അവര്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ആനന്ദന്‍റെ കന്നിച്ചിത്രം തഴക്കവും പഴക്കവും വന്ന എണ്ണം പറഞ്ഞ മൂന്നു സംവിധായകരുടെ ചിത്രങ്ങളോടാണ്‌ മത്സരിക്കുന്നത്.

സിനിമയോടുള്ള കമ്പം മൂത്ത് വീട് വിട്ടിറങ്ങുന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ആനന്ദ് പറയുന്നത്.

ഇടക്കെപ്പോഴോ മനസ്സ് വര്‍ത്തമാന ലോകത്തേക്ക് മടങ്ങിയെത്തിയപ്പോഴൊക്കെ തിരശ്ശീലയില്‍ തെളിഞ്ഞ ചിത്രത്തിലെ രംഗങ്ങളോരോന്നും മൂര്‍ത്തിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പര്യാപ്തമായിരുന്നു.

പക്ഷെ ഇന്നത്തെ മാനസികാവസ്ഥയില്‍ സാക്ഷാല്‍ കുറൊസോവയുടെ മാന്ത്രികസ്പര്‍ശമുള്ള ദൃശ്യവിരുന്നിനു പോലും കീഴടക്കാനാവാത്ത സമ്മര്‍ദ്ദങ്ങളുടെ ലോകത്തായിരുന്നു മൂര്‍ത്തിയുടെ മനസ്സ്.

ഷോ നടക്കുന്നതിനിടെ മൂര്‍ത്തിയുടെ മൊബൈല്‍ ഫോണ്‍ രണ്ടു വട്ടം ശബ്ദിച്ചു.

ഒരിക്കല്‍ ഫോണെടുത്ത് അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറയുക പോലും ചെയ്തത് മറ്റു മൂന്നു പേരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്.

സ്ക്രീനിംഗ് അവസാനിച്ചപ്പോള്‍ അത് കാത്തിരുന്നത് പോലെ വേഗത്തില്‍ നടന്ന് മൂര്‍ത്തി ഹാളിനു പുറത്തിറങ്ങി. ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞാണ് മറ്റു മൂവ്വരും എത്തിച്ചേര്‍ന്നത്.

"എന്താണ് സാറിന്‍റെ അഭിപ്രായം ?" സദാനന്ദന്‍റെ ചോദ്യത്തിന് അല്‍പ്പം വൈകിയാണ് മൂര്‍ത്തി പ്രതികരിച്ചത്.

"ലെറ്റ്‌സ് ഫൈനലൈസ് ഫസ്റ്റ് ത്രീ" സദാനന്ദന്‍റെ കണ്ണുകളിലെ ആശ്ചര്യം ശ്രദ്ധിക്കാതെ മൂര്‍ത്തി നടന്നു നീങ്ങി.

"അങ്ങേരീ സിനിമ ശരിക്കും കണ്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്" സുനന്ദ റഹ്മാനോട് കാതില്‍ മന്ത്രിച്ചു. "ഇറ്റ്‌ വാസ് എ ഫന്‍റസ്റ്റിക് പീസ്‌ ഓഫ് ആര്‍ട്ട് !"

മൂര്‍ത്തിയുടെ കാര്‍ കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ സദാനന്ദന്‍റെ ഫോണിലേക്ക് ഒരു കോള്‍ വന്നു - ആനന്ദാണ്.

"ഹലോ സാര്‍ എന്തായി ?"

"ബാഡ് ലക് ആനന്ദ്, തന്‍റെ ചിത്രം ക്വാളിഫൈ ചെയ്തില്ല "

അപ്പുറത്ത് നിരാശ നിശബ്ദതയായി വാക്കുകള്‍ കിട്ടാതെ ശ്വാസം മുട്ടി.

"ഞങ്ങളെല്ലാം റെക്കമന്‍റ് ചെയ്തു ആനന്ദ് - പക്ഷെ ചെയര്‍മാന്‍..." സദാനന്ദന്‍ മുഴുമിപ്പിക്കും മുന്നേ ആനന്ദിന്‍റെ മനസ്സിന്‍റെ വിതുമ്പല്‍ പോലെ ലൈന്‍ ഡിസ്കണക്റ്റായ ശബ്ദം മുഴങ്ങി.

മൂര്‍ത്തിയുടെ കാര്‍ ഇപ്പോള്‍ ഹൈവേ വിട്ട് കടപ്പുറത്തേക്കുള്ള ചെറിയ റോഡിലേക്ക് കയറിയിരുന്നു.

തലേന്ന് രാത്രി രാഗിണിയുടെ ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ കണ്ട ആനന്ദിന്‍റെ മെസ്സെജുകളാല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴും അയാളുടെ മനസ്സ്.

ജൂറി ചെയര്‍മാന്‍റെ മകളെ പ്രണയിച്ച യുവസിനിമാ സംവിധായകന്‍റെ ട്രാജഡി നിറഞ്ഞ തിരക്കഥ തന്‍റെ അടുത്ത സിനിമക്കായി ആനന്ദ്‌ മനസ്സില്‍ എഴുതിത്തുടങ്ങിക്കഴിഞ്ഞിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top