Friday, December 27, 2013

ഭാവനയിലെ ദാരിദ്രം

"സ്വന്തം വീട്ടിലെ ദാരിദ്രത്തെ കുറിച്ച് ഭാവനയില്‍ നിന്ന് ഒരു എസ്സേ എഴുതുക"

നഗരത്തിലെ അതിസമ്പന്നരുടെ മക്കള്‍ പഠിക്കുന്ന മുന്തിയ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകന്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന തന്‍റെ വിദ്യാര്‍ഥികള്‍ക്ക് ഒരു അസൈന്‍മെന്‍റ് കൊടുത്തു.

അവധികഴിഞ്ഞ് തിരികെ വന്ന അവരില്‍ പലരും എഴുതിയ എസ്സേ വായിച്ച അദ്ധ്യാപകന്‍ ചിരിച്ചു ബോധം കെട്ടു. കോടീശ്വരനായ കൊച്ചൌസേപ്പിന്‍റെ മകള്‍ അന്ന എഴുതിയതായിരുന്നു കൂട്ടത്തില്‍ ഏറ്റവും ഭീകരം !

ദാരിദ്രം
-----------
"കുറെ നാളായി എന്‍റെ വീട്ടില്‍ ഭയങ്കര ദാരിദ്രമാണ്. കാശില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം എന്‍റെ വീട് പെയിന്‍റ് ചെയ്തില്ല.

ഇന്ധനം നിറക്കാന്‍ കാശില്ലാത്തതിനാല്‍ അമേരിക്കയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്ത പപ്പയുടെ സ്വന്തം ഹെലികൊപ്ട്ടര്‍ കുറെ നാളായി ടെറസിനു മുകളില്‍ വെറുതെ മൂടിയിട്ടിരിക്കുകയാണ്.

കേടായ രണ്ടു ബെന്‍സ് കാറുകളും നന്നാക്കാന്‍ കാശില്ലാത്തത് കൊണ്ട് ഗാരേജില്‍ ഉപേക്ഷിച്ച് പപ്പാ വെറും അമ്പാസഡറിലാണ് ഓഫീസില്‍ പോയി വരുന്നത്.

എല്ലാ ആഴ്ചയിലും ഫ്ലൈറ്റില്‍ വീട്ടില്‍ വന്നു പൊയ്ക്കൊണ്ടിരുന്ന ബാംഗ്ലൂരില്‍ പഠിക്കുന്ന ചേച്ചിക്ക് വിമാനടിക്കറ്റിനു കാശില്ലാത്തതിനാല്‍ രണ്ടാഴ്ച കൂടുമ്പോള്‍ ട്രെയിനില്‍ ഫസ്റ്റ് ഏസിയില്‍ യാത്ര ചെയ്യണ്ടി വരുന്നു.

വീട്ടിലെ നാലു വേലക്കാര്‍ക്കും, തോട്ടക്കാരനും പുതിയ യൂണിഫോം വാങ്ങാന്‍ പണം കൊടുക്കാത്തത് കൊണ്ട് അവര്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചിരുന്ന അതെ യൂണിഫോം തന്നെയാണ് ധരിച്ചിരിക്കുന്നത്.

പോഷ് ഫുഡ് വാങ്ങിക്കൊടുക്കത്തത് കൊണ്ട് വല്ലാതെ മെലിഞ്ഞു ഗ്ലാമര്‍ നഷ്ടപ്പെട്ട മമ്മിയുടെ പോമറെനിയന് വിമന്‍സ് ക്ലബ്ബിലെ ശ്വാനപ്രദര്‍ശനത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതില്‍ മമ്മിക്കുണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ.

പണമില്ലാത്തത്തു കൊണ്ട് കേടായ സെന്റ്രലൈസ്ഡ് ഏസി നന്നാക്കാന്‍ കഴിയാത്തതുകൊണ്ട് ഓരോ റൂമിലും വിന്‍ഡോ ഏസി ഇട്ടു കിടന്നുറങ്ങേണ്ടി വരുന്നു. വിന്‍ഡോ ഏസിയുടെ അണ്‍ഈവന്‍ കൂളിംഗ് ശീലമില്ലാത്തത് മൂലം എന്‍റെ കുഞ്ഞനിയന് ജലദോഷം പിടിച്ചതിനാല്‍ രണ്ടു ദിവസം ഹോസ്പിറ്റലൈസ്ഡ് ആകേണ്ടി വന്നു.

എല്ലാ ആഴ്ചയും താജില്‍ പോയി ഡിന്നര്‍ കഴിച്ചിരുന്ന ഞങ്ങള്‍ ഇപ്പോള്‍ എല്ലാ ശനിയാഴ്ചയും രാത്രി സീലോഡില്‍ നിന്ന് പപ്പാ വാങ്ങിക്കൊണ്ടു വരുന്ന പാര്‍സല്‍ കൊണ്ട് അട്ജസ്റ്റ് ചെയ്യുകയാണ്.

ദാരിദ്രം മൂലം ഒരുപാട് കഷ്ടപ്പെടുകയാണ് ഞങ്ങള്‍
_________________________________________________________________
ഫ്ലാഷ് ന്യൂസ് : സ്കൂളില്‍ നിന്ന് തൂക്കി വിറ്റ പാഴ്കടലാസുകളുടെ കൂട്ടത്തില്‍ നിന്ന് കിട്ടിയ ഈ എസ്സേ വായിച്ചു ചേരിയില്‍ പഴയ പത്രക്കടലാസുകള്‍ വാങ്ങി വിറ്റ് ജീവിക്കുന്ന ഭാസ്കരന്‍റെ പന്ത്രണ്ടു വയസ്സുള്ള മകള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top