Friday, December 6, 2013

കഥ : ഇവിടത്തെപ്പോലെ അവിടെയും !

"നിന്‍റെ അരവിന്ദേട്ടന്‍ രണ്ടു ദിവസത്തെ ബിസിനസ് ടൂറിനല്ലേ പോയിരിക്കുന്നത്. ഞാനും രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്നാ മാലുവിനോട് പറഞ്ഞിരിക്കുന്നെ. തൊട്ടു മുകളിലെ ഫ്ലാറ്റ് ആയതു കൊണ്ട് അവളിനി ഇങ്ങോട്ടെക്കെങ്ങാനും കയറി വന്നാലോ എന്ന ഒരൊറ്റ പേടിയെയുള്ളെനിക്ക്"

കട്ടിലില്‍ ചാരിയിരിക്കുന്ന വസുമതിയുടെ മടിയില്‍ കിടന്നു കൊണ്ട് സുമേഷ് പറഞ്ഞു.

"ഹേയ്, അവള്‍ ഇങ്ങോട്ടേക്കൊന്നും വരാറില്ല, ഹോ - ഒരു പേടിയുള്ള കൊച്ചു കള്ളന്‍"

അയാളുടെ മുടിയിഴകളിലൂടെ വിരലോടിക്കുന്നതിനിടയില്‍ കവിളത്തൊരു നുള്ളുകൊടുത്തുകൊണ്ട് വസുമതി അല്‍പ്പം നാണത്തോടെ പറഞ്ഞു.

അയാള്‍ വസുമതിയുടെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയില്‍ ചുംബിക്കാനോരുങ്ങുമ്പോള്‍ പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു.

"അയ്യോ, ആരാണാവോ... "

കട്ടിലില്‍ നിന്ന് ചാടിപ്പിണഞ്ഞെഴുന്നെറ്റ് നൈറ്റി നേരെയാക്കി അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് വസുമതി വാതില്‍ തുറക്കാനായി പോയപ്പോള്‍ സുമേഷ് കിടപ്പുമുറിയിലെ കര്‍ട്ടനു പിന്നിലേക്ക്‌ നീങ്ങി നിന്നു.

"ആരാ ?"

വാതില്‍ തുറന്ന് കൊണ്ട് വസുമതി ചോദിക്കുന്നത് കര്‍ട്ടനു പിന്നില്‍ നിന്ന് കൊണ്ട് സുമേഷ് വ്യക്തമായി കേട്ടു.

വന്നയാള്‍ മറുപടി പറയാതെ ഒരു നിമിഷം പതറി, പിന്നെ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

"സോറി, ഫ്ലാറ്റ് മാറിപ്പോയി. പോപ്പുലറില്‍ വര്‍ക്ക് ചെയ്യുന്ന സുമേഷിന്‍റെ ഫ്ലാറ്റ് മുകളിലെ നിലയിലാണല്ലേ ?"

വസുമതി 'അതെ'യെന്നു പറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി ക്ഷമചോദിച്ചു കൊണ്ട് അയാള്‍ പോയി.

"ഓരോരുത്തന് വഴിതെറ്റി വരാന്‍ കണ്ട നേരം"

പിറുപിറുത്തുകൊണ്ട് വസുമതി കിടപ്പുമുറിയിലേക്ക് വന്നപ്പോള്‍ സുമേഷ് കര്‍ട്ടനു പിന്നില്‍ നിന്ന് പുറത്തു വന്നു.

"അല്ലാ, ആ വന്നവന്‍ നിന്‍റെ ഫ്ലാറ്റിന്‍റെ കാര്യാണല്ലോ ചോദിച്ചേ ?"

സുമേഷിനെ നോക്കി വസുമതി ചോദിച്ചു.

വന്നയാളുടെ ചിരപരിചിതമായ ശബ്ദം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സുമേഷ്. പൊടുന്നനെ രാവിലെ തനിക്കു വന്ന ഒരു ഫോണ്‍കോള്‍ അയാളുടെ മനസ്സിലേക്കൊടിയെത്തി.

"ഹലോ, സുമെഷല്ലേ, നീ രണ്ടു ദിവസം ടൂറിലാണെന്നറിഞ്ഞു. എവിടെയെത്തിയെന്നറിയാന്‍ വേണ്ടി വെറുതെ വിളിച്ചതാ"

"ട്രെയിനിലാ , ഇപ്പൊ ഷോര്‍ണൂരെത്തി. ഞാന്‍ മറ്റന്നാളെ തിരിച്ചു വരൂ"

വസുമതിയുടെ തൊട്ടടുത്തായി കട്ടിലിലിരുന്നു കൊണ്ട് സുമേഷ് പച്ചക്കള്ളം പറഞ്ഞു , വസുമതി ചിരിച്ചു.

ഓഫീസില്‍ തന്‍റെ കൂടെ ജോലി ചെയ്യുന്ന ഹമീദ് ! - സുമേഷ് ഞെട്ടലോടെ ആളെ തിരിച്ചറിഞ്ഞു.

അപ്പോള്‍ എറണാകുളത്തൊരു ഫ്ലാറ്റിലെ ബെഡ്റൂമില്‍ ശാന്തയുടെ കഴുത്തില്‍ ചുംബിച്ചു കൊണ്ട് അരവിന്ദന്‍ പറയുകയായിരുന്നു ,

"നിന്‍റെ രമേശേട്ടന്‍ രണ്ടു ദിവസം കഴിഞ്ഞല്ലേ വരൂ. ഞാനും രണ്ടു ദിവസത്തെ ടൂറിലാണെന്ന് വസുമതിയോടു കള്ളം പറഞ്ഞാ വീട്ടീന്നെറങ്ങ്യെ"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top