Friday, December 13, 2013

കഥ : റിസപ്ഷനിസ്റ്റ്

"ഇതാരാ ?"

മേശപ്പുറത്തിരുന്ന ആണ്‍കുട്ടിയുടെ ചിത്രം ചൂണ്ടിക്കാണിച്ചയാള്‍ ചോദിച്ചു.

"എന്‍റെ മകനാണ്" അവള്‍ പറഞ്ഞു.

"അപ്പോള്‍ ഭര്‍ത്താവ് ?"

ഒരു നിമിഷം കടന്നുപോയ നിശബ്ദതയിലും അവളുടെ ചുണ്ടുകളിലെ ചിരി വാടിയില്ല.

"രണ്ടു വര്‍ഷം മുന്‍പ് ഡിവോര്‍സ് ചെയ്തു പോയി."

പിന്നീടൊരിക്കല്‍ അവള്‍ സ്വന്തം കഥയയാളോട് പറഞ്ഞു.

ഏകമകളെ ലാളിച്ചു വളര്‍ത്തിയ അച്ഛന്‍റെ മരണത്തോടെ രോഗിണിയായ അമ്മയെയും പ്രാരാബ്ദങ്ങളെയും ഇളം പ്രായത്തില്‍ ചുമലിലെറ്റിയത്.

ഒടുവില്‍ താങ്ങും തണലുമാകുമെന്നു മോഹിച്ച് പ്രണയിച്ച പുരുഷന്‍ ഒരു കുഞ്ഞിനെ സമ്മാനിച്ചുകൊണ്ട് ജീവിതത്തില്‍ നിന്നൊളിച്ചോടിയത്.

"ഇത്രയൊക്കെ ദുരിതക്കയത്തിലൂടെ കടന്നു പോയിട്ടും നിന്‍റെയീ ചിരി എന്നെ അത്ഭുതപ്പെടുത്തുന്നു"

ഒരുനിമിഷം അവളുടെ ചിരി വറ്റി.

അപ്പോള്‍ റിസപ്ഷനിലേക്കൊരാള്‍ കടന്നു വന്നു. സ്വിച്ചിട്ട പോലെ അവളുടെ ചുണ്ടുകളില്‍ വീണ്ടും വിട്ടൊഴിയാത്ത ആ ചിരി പടര്‍ന്നു.

അതിനു ശേഷം അവളുടെ ചുണ്ടുകളിലെ ചിരിയില്‍ വിടര്‍ന്ന കരച്ചില്‍ മാത്രമേ അയാള്‍ കണ്ടുള്ളൂ.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top