Saturday, December 7, 2013

മുഖപുസ്തകത്തിലെ "പോക്ക്" കേസുകള്‍

ആരോ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിട്ടു പോയ അക്ഷരങ്ങളെ തട്ടാതെ ആ സ്റ്റാറ്റസുകള്‍ക്കിടയിലൂടെ ഞാന്‍ നടന്നു.

ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിച്ച തള്ളവിരലുകളുടെ കൂടെ ലൈകുകളും, സ്മൈലികളും, ഹൃദയങ്ങളുമൊക്കെ എന്നെക്കടന്ന്‍ മെയിന്‍ റോഡിനിരുവശത്തേക്കുമുള്ള ഇടവഴികളിലേക്ക് ഓടിപ്പൊയ്ക്കൊണ്ടിരുന്നു

പോസ്റ്റ്‌ മുതലാളിമാരുടെ പ്രൊഫൈല്‍ വീടുകളിലേക്കുള്ള വഴികളാണവ.

ഗേറ്റിനു മുകളിലും ചുറ്റുമതിലിലുമായി ഡസന്‍കണക്കിന് കത്തികള്‍ നാട്ടിനിര്‍ത്തിയ ഒരു വലിയവീട് കണ്ടു ഞാന്‍ കൌതുകത്തോടെ മതില്‍ക്കെട്ടില്‍ എഴുതി വച്ചിരുന്ന പേര് വായിച്ചു - ഉബൈദുള്ള ഡല്‍ഹി.

തൊട്ടടുത്ത്‌ തന്നെ ആവശ്യത്തിനു ഉറപ്പുണ്ടായിട്ടും ടാഗുകള്‍ കൊണ്ട് അങ്ങോടുമിങ്ങോടും വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുന്ന ഒരു പ്രൊഫൈല്‍ വീട് - യാസര്‍ അലിയുടെതാണത്.

ഒരിടവഴി തിരിഞ്ഞപ്പോള്‍ ഒരു വീട്ടില്‍ നിന്ന് ലൈക്കുകളെയും ഒക്കത്തിരുത്തി ഓടിപ്പോകുന്ന ഹൃദയങ്ങളെ കണ്ടു. അവിടെ നിന്ന് വരുന്നതിനേക്കാള്‍ കൂടുതല്‍ ആ വീട്ടിലേക്കും ലൈക്കുകള്‍ പോയ്‌ക്കൊണ്ടിരിക്കുന്നുണ്ട്.

എതിരെ വന്ന ഒരു ഹൃദയത്തിന്‍റെ ഒക്കത്തിരുന്ന ലൈക്കിനോട് അതാരുടെ വീടാണെന്നു ഞാന്‍ തിരക്കി - "അറിയില്ലേ, സ്വപ്നങ്ങളുടെ കാമുകന്‍റെ വീടാണ്" - ലൈക് പറഞ്ഞു.

ലൈക് കിട്ടാതെ ആത്മഹത്യ ചെയ്ത സ്റ്റാറ്റസുകളുടെ പ്രേതങ്ങള്‍ അലഞ്ഞു തിരിയുന്ന, ഉടമസ്ഥര്‍ ഉപേക്ഷിച്ചിട്ട് പോയ കുറെ വീടുകള്‍ കണ്ടു.

പേടിയോടെ വേഗത്തില്‍ നടക്കുമ്പോള്‍ പൊടുന്നനെ ആരോ കൊല്ലാനോടിച്ചിടും പോലെ പത്തമ്പത് ലൈക്കുകള്‍ എന്നെ തള്ളിത്താഴെയിട്ട് മരണവെപ്രാളത്തോടെ ഓടിപ്പോയി.

"വേഗം വാ അബ്ബാസ്‌ക്കാടെ പഴേ സ്റ്റാറ്റസാരോ കുത്തിപ്പൊക്കി" ഓട്ടത്തിനിടയില്‍ ഒരു ലൈക് മറ്റൊരു ലൈക്കിനോട് വിളിച്ചു പറയുന്നതു കേട്ടു.

തൊട്ടപ്പുറത്ത് ഒരു പഴയ തറവാട് കണ്ടു - അതിനു മുന്നില്‍ ഒരാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

"എന്ത് പറ്റി ? " ഞാന്‍ ചോദിച്ചു.

"ഞാനീ വീട്ടിലെ കാര്യസ്ഥനാ, മുതലാളിക്ക് നാളെ സ്റ്റാറ്റസിടാനുള്ള ഒരേപോലെയുള്ള അക്ഷരങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാ, ഇതുവരെയായിട്ടും ഇരുപതെണ്ണമേ ആയുള്ളൂ, ഇനീം വേണം ഒരു പത്തമ്പതെണ്ണം കൂടി " അയാള്‍ പറഞ്ഞു.

"എന്താ തന്‍റെ മുതലാളീടെ പേര് ?"

"ഉസ്മാന്‍ ഇരിങ്ങാട്ടിരി"

ഞാന്‍ മുന്നോട്ടു നടന്നു. ഒരു വീടിന്‍റെ കൊമ്പൌണ്ടിനുള്ളില്‍ നിറഞ്ഞ ചളി ഗേറ്റ് കടന്നു വഴിയിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു. ഗേറ്റിനു മുകളിലെ ആര്‍ച്ചില്‍ മാറാല പിടിച്ചു കിടക്കുന്ന മൂന്നു ബ്ലോഗുകളുടെ പേര് . ചളി പറ്റാതിരിക്കാന്‍ മുട്ടുവരെ പാന്‍റ് പൊക്കിപ്പിടിച്ച് പെരുവിരലില്‍ നടക്കവേ ഞാന്‍ ആ വീടിന്‍റെ പേര് വായിച്ചു - ഷിഹാബ് എ ഹസ്സന്‍.

ഒരു വീട്ടിലേക്കു ജാഥപോലെ അക്ഷരങ്ങള്‍ കടന്നു പോകുന്നു. അവയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ജംഗ്ഷനില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരന്‍റെ മുഖം ജോലി ഭാരം കൊണ്ട് വിജ്രുംഭിച്ചിരിക്കുന്നു. അയാളെന്തോ ശാപവാക്കുകള്‍ ഉരുവിടുന്നുമുണ്ട്. ഓരോ കമന്‍റിലേയും അക്ഷരങ്ങള്‍ കടന്നു പോകാന്‍ അരമണിക്കൂറിലേറെ സമയം എടുക്കുന്നു - ഞാനാ വീടിന്‍റെ പേര് വായിച്ചു - ഫാസില്‍.കെ.എസ്. പുതിയ അഭിപ്രായപോസ്റ്റ്‌ വല്ലതും ഇട്ടുകാണും.

വീണ്ടും ലക്ഷ്യമില്ലാതെ ഞാന്‍ നടന്നു.

എതിരെ കടന്നു പോകുന്ന ഓരോ ലൈക്കിന്‍റെയും കമന്‍റിലെ അക്ഷരങ്ങളുടെയും മുഖത്തേക്ക് ഞാന്‍ നോക്കി - എല്ലാവരുടെയും മുഖങ്ങളില്‍ എന്തൊരു സന്തോഷമാണ്.

"എന്‍റെ ജീവിതം മാത്രമെന്തേ ഇങ്ങനെ ആര്‍ക്കും വേണ്ടാതായി ?" എന്‍റെ മുഖം മ്ലാനമായി.

"എന്തിനെന്നെ സുക്കര്‍ മുതലാളി സൃഷ്ടിച്ചു" ആലോചിച്ചപ്പോള്‍ സങ്കടം കൊണ്ടെന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അടുത്ത് കാണുന്ന കൂറ്റന്‍ ഭവനം ഒരു ഫെമിനിച്ചി കൊച്ചമ്മയുടെതാണ്. ഒരു നേര്‍ത്ത പ്രതീക്ഷയോടെ ഞാന്‍ ഗെറ്റ് തുറന്നകത്തേക്ക് കയറിയതും എന്നെ കണ്ട അവരുടെ മുഖം അച്ചുമാമനെ കണ്ട പിണറായിയെപ്പോലെയായി.

എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കാതെ ബലം പ്രയോഗിച്ച് അവരെന്നെ ഒഴിഞ്ഞു കിടന്ന നായ്ക്കൂടിനുള്ളില്‍ പിടിച്ചടച്ചു.

"എന്നെയൊന്നു തുറന്നു വിടൂ, ഞാന്‍ വേറെ എങ്ങോട്ടെങ്കിലും പോയ്ക്കൊള്ളാം" ഞാന്‍ കരഞ്ഞു പറഞ്ഞു.

"ഇന്നാളിതുപോലെ കരഞ്ഞപ്പോള്‍ ഞാന്‍ നിന്നെ തുറന്നു വിട്ടതാണ്, പക്ഷെ പോയ സ്പീഡില്‍ നീ എന്‍റെ വീട്ടിലേക്കു തന്നെ ഓടിക്കയറി വന്നു. ഇനി നീ വലിഞ്ഞു കയറി വരുന്നതോന്നു കാണട്ടെ"

എന്നെനോക്കി ക്രൂരമായി ചിരിച്ചുകൊണ്ട് തന്‍റെ സ്റ്റാറ്റസില്‍ വന്ന കമന്‍റിന് ലൈക്കടിക്കാന്‍ കൊച്ചമ്മ പോയി.

"അല്ലെങ്കിലും പേരില്‍ത്തന്നെ "പോക്കാ"യ എന്‍റെ ഗതിയും അങ്ങനെത്തന്നെയാവാതെ തരമില്ലല്ലോ" വിധിയെപഴിച്ചു കൊണ്ട് , എന്നെങ്കിലും എനിക്കും ഒരുനല്ലകാലം വരുമെന്ന ശുഭപ്രതീക്ഷ കൈവിടാതെ ശിഷ്ടകാലം ഞാനാ നായ്ക്കൂടിനുള്ളില്‍ത്തന്നെ കഴിച്ചു കൂട്ടി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top