Saturday, December 21, 2013

കഥ : തിരിച്ചറിവുകള്‍

"മേ ഐ കമിന്‍ സാര്‍ ?"

"ആ പ്രദീപ്‌ വരൂ, ഇരിക്കൂ"

"നമുക്ക് കിട്ടിയിട്ടുള്ള പിഡബ്ല്യു ഡി യുടെ പുതിയ പ്രോജക്റ്റില്ലേ? അതിന്‍റെ ചീഫ് എഞ്ചിനിയര്‍ സെയ്തലവി സാറിനെ പ്രദീപ്‌ പോയൊന്നു കാണണം"

രവീന്ദ്രന്‍ സാര്‍ മേശവലിപ്പ് തുറന്ന് ഒരു നോട്ടുകെട്ടെടുത്ത് മേശപ്പുറത്തിട്ടു കൊണ്ട് പറഞ്ഞു

"ഇത് ഒരുലക്ഷം രൂപയുണ്ട്-അഡ്വാന്‍സാണ്, ബാക്കി നാല് ജോബ്‌ കമ്പ്ലീഷന്‍ സൈന്‍ ചെയ്യുന്ന അന്ന്"

"ബട്ട്‌ സാര്‍,ഞാനിതുവരെ.." പ്രദീപ്‌ വാക്കുകള്‍ മുഴുമിപ്പിച്ചില്ല.

"കൈക്കൂലി കൊടുക്കാന്‍ പോകുന്നത് ആദ്യമായിട്ടാണല്ലേ ?"

രവീന്ദ്രന്‍ സാര്‍ കസേരയില്‍ നിന്നെഴുന്നേറ്റ്‌ ജനലിന്നടുത്തെക്ക് നടന്നു. ആ ജനലിലൂടെ നോക്കിയാല്‍ ധൃതഗതിയില്‍ ഒഴുകുന്ന നഗരം കാണാം.

"എനിക്കും ആഗ്രഹാമുണ്ടായിട്ടല്ല പ്രദീപ്‌. പക്ഷെ ഇത് കൊടുത്തില്ലെങ്കില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കി അയാള്‍ ഒരിക്കലും പ്രോജക്റ്റ് കമ്പ്ലീറ്റ് ചെയ്യാന്‍ സമ്മതിക്കില്ല. ഒരിക്കല്‍ കമ്പനിക്ക് അനുഭവം ഉണ്ടായതാണ്, അതില്‍ പിന്നെ മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ കര്‍ക്കശനിലപാടിലാണ്.

പ്രദീപ്‌ എഴുന്നേറ്റ് ആ നോട്ട് കെട്ട് കയ്യിലെടുത്ത് പാന്‍റിന്‍റെ പോക്കറ്റിലാക്കി പുറത്തേക്കിറങ്ങി.

ചീഫ് എഞ്ചിനിയറെ കാണാന്‍ വേറെയും മൂന്നാല് പേര്‍ ഉണ്ടായിരുന്നത് കൊണ്ട് അര മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു.

പ്യൂണ്‍ വന്നു വിളിച്ചപ്പോള്‍ പ്രദീപ്‌ മുറിക്കകത്തെക്ക് കയറി.

കസേരയില്‍ ഏകദേശം അമ്പതിനു മേല്‍ പ്രായം തോന്നിപ്പിക്കുന്ന കഷണ്ടിയുള്ള ഒരു മനുഷ്യന്‍ ഇരുന്നിരുന്നു. നര കയറിയ താടിമീശ അയാളുടെ മുഖത്തു പ്രായത്തെക്കാളധികം ക്ഷീണം തോന്നിപ്പിച്ചു.

"ഇരിക്കൂ" കസേരയിലേക്ക് ചൂണ്ടി പ്രദീപിനോടയാള്‍ പറഞ്ഞു.

"സാര്‍, ഞാന്‍ പ്രദീപ്‌. എവറസ്റ്റ് കന്‍സ്ട്രക്ഷനില്‍ പുതുതായി ജോയിന്‍ ചെയ്ത പിആര്‍.ഓ യാണ്. ജെനറല്‍ മാനേജര്‍ രവീന്ദ്രന്‍ സാര്‍ പറഞ്ഞു വിട്ടിട്ടു വന്നതാണ്."

"ഉം. ഞാന്‍ സെയ്തലവി"

പ്രദീപ്‌ പോക്കറ്റില്‍ നിന്ന് നോട്ടുകെട്ടെടുത്തു മേശപ്പുറത്തു വച്ചിട്ട് പറഞ്ഞു.

"ഇതൊന്നുണ്ട്, ബാക്കി നാലു പ്രോജക്റ്റ് കമ്പ്ലീറ്റ് ചെയ്യുന്ന അന്ന് തരാമെന്നു രവീന്ദ്രന്‍ സാര്‍ പറഞ്ഞു"

സെയ്തലവി ഏതാനും നിമിഷങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെ പ്രദീപിന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു.

"ഓക്കേ പ്രദീപ്‌. എന്‍റെ ഭാഗത്ത്‌ നിന്നും മനപൂര്‍വ്വം നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല"

"എങ്കില്‍ ശരി സാര്‍" പ്രദീപ്‌ പോകാനായി എഴുന്നേറ്റപ്പോള്‍ സെയ്തലവി പറഞ്ഞു.

"ആ പണം കൂടി എടുത്തു കൊള്ളൂ പ്രദീപ്‌ , ഇനി നിങ്ങള്‍ക്കിതിന്‍റെ ആവശ്യം വരില്ല"

ചിന്താക്കുഴപ്പത്തോടെ പണത്തിലേക്കും സെയ്തലവിയുടെ മുഖത്തേക്കും മാറി മാറി നോക്കി പ്രദീപ് നിന്നപ്പോള്‍ സെയ്തലവി വീണ്ടും പറഞ്ഞു. " മടിക്കണ്ട പ്രദീപ്‌, കോണ്ട് പൊയ്ക്കോള്ളൂ, കൈക്കൂലി തരാത്തത് കൊണ്ട് നിങ്ങളുടെ ജോലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല"

ഹാഫ് ഡോര്‍ ചാരി ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ആരോ പ്രദീപിനെ പിന്നില്‍ നിന്ന് വിളിച്ചു. അയാള്‍ തിരിഞ്ഞു നോക്കി - തൊട്ടപ്പുറത്തെ വീട്ടിലെ റഹീംക്ക

"റഹീംക്ക എന്താ ഇവിടെ ?"

"അതുകൊള്ളാം, എന്‍റെ ആപ്പീസില്‍ വന്നിട്ട് ഞാനെന്താ ഇവിടെന്നോ.ആട്ടെ കുഞ്ഞെന്താ ഇവിടെ"

"ഞാന്‍ ചീഫ് എഞ്ചിനിയറെയൊന്നു കാണാന്‍ വന്നതാ" പ്രദീപ്‌ പറഞ്ഞു.

"റഹീംക്ക ഒരുനിമിഷമോന്നു വരാവോ, എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു" പെട്ടെന്നെന്തോ ആലോചിച്ചു കൊണ്ട് പ്രദീപ്‌ പറഞ്ഞു.

റഹീംക്ക കൂടെ വന്നു. അല്‍പ്പം ദൂരെ ആരുമില്ലാത്ത ഒരിടത്തെത്തിയപ്പോള്‍ പ്രദീപ്‌ ചോദിച്ചു.

"അതെ, റഹീംക്ക, ഞാന്‍ സെയ്തലവി സാറിനു കുറച്ചു കാശ് കൊടുക്കാന്‍ വന്നതാ, ഓഫീസീന്ന് തന്നു വിട്ടതാ. പക്ഷെ മൂപ്പര്‍ വേണ്ടെന്നു പറഞ്ഞു തിരിച്ചു തന്നു. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?"

"ഹാ...പടച്ചവന്‍റെ ഓരോരോ പണികളെ" റഹീംക്ക വേദന നിറഞ്ഞ ഒരു ചിരി ചിരിച്ചു.

"അതെ, മൂപ്പര് നല്ലോണം കാശ് കണക്കു പറഞ്ഞു തന്നെ വാങ്ങുമായിരുന്നു. പക്ഷെ കഴിഞ്ഞ മാസം സ്വിമ്മിംഗ് പൂളില്‍ വീണ് മൂപ്പരുടെ മോള് മരിച്ചു പോയി. എത്രയോ വര്‍ഷം നേര്‍ച്ചേം കാഴ്ച്ചേം നടത്തിയുണ്ടായതാ ആ കുഞ്ഞെന്നറിയോ. അതോടെ മൂപ്പരാകെ മാറിപ്പോയി. ഇപ്പൊ കാശൊന്നും വാങ്ങൂല. കുഞ്ഞു ധൈര്യായി പൊയ്ക്കോ, ഒരു കൊഴപ്പോ ഉണ്ടാകൂല."

പ്രദീപ്‌ യാത്ര പറഞ്ഞു നടന്നു.

ബൈക്കില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പാന്‍റിന്‍റെ പോക്കറ്റില്‍ കിടന്നിരുന്ന ഒരുല്ലക്ഷം രൂപ പ്രദീപിന്‍റെ മനസ്സില്‍ തടഞ്ഞു.

ഇത് സെയ്തലവിക്കു കൊടുത്തു എന്ന് പറഞ്ഞാല്‍ പ്രോജക്റ്റ് തീരുമ്പോള്‍ ഒരു നാലുലക്ഷം രൂപ കൂടി കമ്പനി അദ്ദേഹത്തിന് നല്‍കാന്‍ എന്നെ ഏല്‍പ്പിക്കും. തന്നെ സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഉതകുന്ന സംഖ്യയാണ് ഈ ഒരുലക്ഷം.

"പക്ഷെ ഇനി രവീന്ദ്രന്‍ സാറെങ്ങാനും അറിഞ്ഞാലോ ?" അയാളുടെ മനസ്സില്‍ ചോദ്യമുയര്‍ന്നു.

"ഹേയ്, എങ്ങനെയറിയാന്‍. കമ്പനിയെ സംബന്ധിച്ച് ജോലി തടസ്സങ്ങളില്ലാതെ നടക്കണം. ഈ പണം കമ്പനി എന്തായാലും കൊടുക്കാന്‍ തീരുമാനിച്ചതല്ലേ. അതുപോലെ കൈക്കൂലി തന്നോ എന്ന് ആരും ചീഫ് എഞ്ചിനിയറോട് വന്നു ചോദിക്കാനും പോകുന്നില്ല. "

"ഇത് ഞാന്‍ തിരികെ കൊടുക്കുന്നില്ല."

പ്രദീപ്‌ പോക്കറ്റില്‍ നിന്ന് ആ പണമെടുത്തു ബാഗിനുള്ളില്‍ വച്ചു.

പാര്‍ക്കിംഗില്‍ നിന്നു ബൈക്കോടിച്ച്‌ മെയിന്‍ റോഡിലേക്ക് കയറിയതും തൊട്ടു തോട്ടില്ലെന്ന മട്ടില്‍ ഒരു കാര്‍ ബൈക്കിനു മുന്നിലൂടെ ചീറിപ്പാഞ്ഞു പോയി.

പ്രദീപ്‌ ബൈക്ക് നിര്‍ത്തി. ഹൃദയം ഇരട്ടി വേഗതയില്‍ കുതിച്ചു പായുന്നു. അയാള്‍ നെഞ്ചില്‍ കൈവച്ചു. ഒരുനിമിഷമെങ്ങാനും വൈകിയിരുന്നെങ്കില്‍ !

പൊടുന്നനെ പ്രദീപ്‌ റഹീംക്കയുടെ വാക്കുകള്‍ ഓര്‍ത്തു.

സെയ്തലവി സാറിന്‍റെ ക്ഷീണിതമായ മുഖം അയാളുടെ മുന്നിലൂടെ കടന്നുപോയി.

രവീന്ദ്രന്‍ സാറിന്‍റെ വാത്സല്യം തുളുമ്പുന്ന ശബ്ദം അയാളുടെ കാതില്‍ മുഴങ്ങി.

അയാള്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു - അനര്‍ഹമായതോന്നും തനിക്ക് വേണ്ട !

വര്‍ഷങ്ങള്‍ വേണ്ടിവന്നു സെയ്തലവി സാറിനു തന്‍റെ തെറ്റ് മനസ്സിലാക്കി തിരുത്താന്‍, എന്നാല്‍ തനിക്ക് തുടക്കത്തിലെ ദൈവം നേര്‍മാര്‍ഗ്ഗം കാണിച്ചു തന്നിരിക്കുന്നു.

തിരികെ ഓഫീസിലേക്ക് വണ്ടിയോടിക്കുമ്പോള്‍ പ്രദീപിന്‍റെ ചുണ്ടില്‍ ഒരു നേരിയ പുഞ്ചിരിയുണ്ടായിരുന്നു. അയാളുടെ മനസ്സ് എന്നത്തേക്കാളും ശാന്തമായിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top