Thursday, December 12, 2013

ചേതമില്ലാത്ത ഉപകാരം

ഇരുചക്രവാഹനങ്ങള്‍ പ്രചാരത്തിലായത് മുതല്‍ മലയാളി നിസ്വാര്‍ത്ഥമായി ചെയ്യുന്ന രണ്ടേ രണ്ടുപകാരങ്ങളെയുള്ളൂ.

എതിരെ വരുന്ന വണ്ടിക്കാരനോട് ഹെഡ് ലൈറ്റ് കത്തികിടക്കുന്നു എന്ന് പറയലും, ആവശ്യക്കാരന് ബിവറെജസിലെക്കുള്ള വഴി പറഞ്ഞു കൊടുക്കലും.

വഴിയില്‍ ചെക്കിംഗ് നടക്കുന്നു എന്ന് - പ്രത്യേകിച്ച് ഹെല്‍മെറ്റില്ലാതെ എതിരെ വരുന്നവരോട് - വായുവില്‍ രസീതെഴുതി കാണിക്കുന്നത് പക്ഷെ , പോലീസുകാര്‍ക്കിട്ടുള്ള പാര ഉദ്ദേശിച്ചായത് കൊണ്ട് തികച്ചും നിസ്വാര്‍ഥമായി കണക്കാക്കാന്‍ പറ്റില്ല.

ഇത്തരം സഹായങ്ങള്‍ ഇടയ്ക്കിടെ അബദ്ധങ്ങളായും പരിണമിക്കാറുണ്ട് - ഈകഥയിലെ നായകന് പറ്റിയപോലെ.

നമ്മുടെ കഥാനായകന്‍ ആളൊരു പരോപകാരിയാണ് - തല്ക്കാലം നമുക്കയാളെ ശശി എന്ന് വിളിക്കാം. (സ്ഥിരമായി അബദ്ധങ്ങള്‍ പറ്റുന്നവര്‍ക്കുള്ള പേരാണല്ലോ ശശി)

ഒരുദിവസം നമ്മുടെ ശശി സൈക്കിളില്‍ അങ്ങനെ പോകുമ്പോള്‍ നട്ടുച്ചക്ക് ഹെഡ് ലൈറ്റോക്കെയിട്ട് ഒരു ഫാമിലി ബൈക്കില്‍ എതിരെ വരുന്നത് കണ്ടു.

"ലൈറ്റ് കത്തിക്കിടക്കുന്നു" എന്ന് ശശി കൈവിരലുകള്‍ ചുരുക്കിയും വിടര്‍ത്തിയും സിഗ്നല്‍ കൊടുത്തത് പക്ഷെ ബൈക്കോടിച്ചിരുന്ന കുടുംബനാഥന്‍ കണ്ടില്ല.

കുറച്ചുസമയം ഹെഡ് ലൈറ്റ് കത്തിക്കിടന്നാല്‍ എന്തോ മഹാ നഷ്ടം സംഭവിച്ചേക്കുമെന്ന മുഖഭാവത്തോടെ ശശി സൈക്കിള്‍ നിര്‍ത്തി നിരാശയോടെ തിരിഞ്ഞു നോക്കുമ്പോള്‍ ബൈക്കിന്‍റെ പിന്‍സീറ്റിലിരുന്ന ചേച്ചി ശശിയെ നോക്കുന്നത് കണ്ടു.

കൂടുതല്‍ ഒന്നുമാലോചിക്കാതെ ചേച്ചിയെ നോക്കി ശശി "ലൈറ്റ് കത്തിക്കിടക്കുന്നു" എന്നാംഗ്യം കാണിച്ചതും "ഛീ , പോടാ പട്ടീ" എന്ന് ചേച്ചി ആട്ടിയതും ഒരുമിച്ചു കഴിഞ്ഞു.

ഒരുപകാരം ചെയ്യാന്‍ ആണ് നിഷ്കളങ്കനായ ശശി ഉദ്ദേശിച്ചതെങ്കിലും ചേച്ചിയുടെ ചീത്തവിളി കേട്ടപ്പോഴാണ് താന്‍ ഇട്ട സിമ്പലിനു അങ്ങിനെയൊരര്‍ത്ഥം കൂടിയുണ്ടെന്ന കാര്യം പാവം ശശി ഓര്‍ത്തത്.

ചുറ്റും നോക്കി ആരും കണ്ടില്ലെന്നുറപ്പു വരുത്തി ശശി ആശ്വാസത്തോടെ സൈക്കിള്‍ യാത്ര തുടര്‍ന്നു.

അതിനു ശേഷം സ്ത്രീകളോട് "ഹെഡ്ലൈറ്റ് കത്തികിടക്കുന്നു" എന്ന് പറയാന്‍ ശശി പോയിട്ടില്ല.
___________________________
കടപ്പാട് : വല്ലാത്ത പഹയന്‍

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top