Friday, March 15, 2013

പട്ടാളം പൈലി കഥകള്‍ : മകന്‍റെ ഏഴായിരം.

ഓരോ നാടിനും തലമുറകളിലൂടെ കഥകള്‍ കൈമാറാന്‍ ചില കഥാനായകന്മാര്‍ ഉണ്ടായിരിക്കും. അത്തരത്തില്‍ ഒരാളാണ് എന്‍റെ നാടായ ചെരാനല്ലൂരിലെ പട്ടാളം പൈലി. പണ്ടെങ്ങോ മൂപ്പര്‍ പട്ടാളത്തില്‍ ഉണ്ടായിരുന്നോ എന്നൊന്നും എനിക്കോ, ഈ കഥകള്‍ പറഞ്ഞു ചിരിക്കുന്ന എന്‍റെ സുഹൃത്തുക്കളില്‍ ബഹുഭൂരിപക്ഷത്തിനുമോ അറിയില്ല - പക്ഷെ ഒരു പലിശക്കാരന്‍ എന്ന നിലയില്‍ ആണ് പൈലിച്ചേട്ടനെ കുറിച്ചുള്ള കഥകള്‍ എല്ലാം രൂപംകൊണ്ടിട്ടുള്ളത് എന്നതിനാല്‍ ആ ചിന്തക്ക് പ്രസക്തിയില്ല.

തിരിച്ചു കിട്ടാന്‍ പ്രയാസമുള്ള വ്യക്തികള്‍ക്കായിരിക്കും എപ്പോഴും കടം കൊടുക്കുക എന്നതാണ് പട്ടാളം പൈലിച്ചേട്ടന്‍റെ ഏറ്റവും വലിയ സവിശേഷത ! പട്ടാളം പൈലിയെ കുറിച്ച് ഇന്നും വൈകുന്നേരങ്ങളിലെ വെടിവട്ടങ്ങളില്‍ പറഞ്ഞാലും പറഞ്ഞാലും മടുക്കാത്ത ചില കഥകളില്‍ നിന്ന് ഏതാനും കഥകള്‍ നിങ്ങള്‍ക്കു വേണ്ടി പങ്കുവെക്കുന്നു.


എന്‍റെ അയല്‍ക്കാരന്‍ ആയിരുന്ന ഉമ്മര്‍ക്ക ഒരിക്കല്‍ പട്ടാളം പൈലിച്ചേട്ടനെ സമീപിച്ചു.

"പട്ടാളം ഒരു ഇരുപത്തായിരം രൂപ വേണമല്ലോ, അത്യാവശ്യമാണ്"

"എടോ, തന്‍റെ മൂത്ത മോന്‍ ഇന്നാള് കടം വാങ്ങിച്ച ഏഴായിരത്തി അഞ്ഞൂറില്‍ അയ്യായിരം ഇതുവരെ കിട്ടിയിട്ടില്ല. ആദ്യം അത് തന്നാല്‍ തനിക്കു ഇരുപത്തയ്യായിരം തരുന്ന കാര്യം ആലോചിക്കാം" പട്ടാളം മറുപടി പറഞ്ഞു.

ഉമ്മര്‍ക്ക ആലോചിച്ചു - അയ്യായിരം എങ്ങനെയെങ്കിലും സംഘടിപ്പിച്ചു കൊടുത്താല്‍ ബാക്കി ഇരുപതിനായിരം തന്‍റെ കയ്യില്‍ ഇരിക്കും. അങ്ങനെ ആരോടൊക്കെയോ കടം വാങ്ങിയ അയ്യിരം രൂപയുമായി ഉമ്മര്‍ക്ക പട്ടാളത്തെ സമീപിച്ചു.

പൈസ വാങ്ങി പോക്കറ്റില്‍ വച്ച് പട്ടാളം നടന്നു നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ഉമ്മര്‍ക്ക പിന്നാലെ ഓടിച്ചെന്നു.

"ഡോ - അപ്പൊ എനിക്ക് തരാമെന്ന് പറഞ്ഞ ഇരുപത്തായ്യിരം?"

"ഓ പിന്നെ - ആ ഏഴായിരത്തിയഞ്ഞൂര് വാങ്ങിച്ചെടുക്കാന്‍ പെട്ട പാടെനിക്കറിയാം - ഒന്ന് പോടോ"

"ഡോ കോപ്പേ - താന്‍ ആളെ എടങ്ങേറാക്കരുത്ട്ടോ" ഉമ്മര്‍ക്ക തലയില്‍ കൈവച്ചിരുന്നു പോയി ! 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top