Monday, March 25, 2013

ഓംലേറ്റ് കൊതിയന്‍


ഉച്ചക്ക് പതിവിലും നേരത്തെ ഊണ് കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ടൌണിലുള്ള ഇക്കാടെ ഹോട്ടലിലെ വാഴയിലുള്ള സദ്യ ലക്ഷ്യം വച്ചു ഞാന്‍ ടോണിയെട്ടനോട് പറഞ്ഞു.

"നമുക്ക് ജുബൈല്‍ ടൌണില്‍ പോയി ഊണ് കഴിച്ചാലോ?"

"ഇന്നലത്തെ ഇന്ത്യനിലെ ഊണ് തരക്കെടില്ലായിരുന്നല്ലോ അവിടെ പോയാല്‍ പോരെ?"

"ഓക്കേ - ഇന്ത്യനെങ്കില്‍ ഇന്ത്യന്‍"

ഞാന്‍ വണ്ടി നേരെ ഇന്ത്യന്‍ റെസ്റ്റോറന്‍റിനെ ലക്ഷ്യമാക്കി വിട്ടു. ഇന്ത്യന്‍ റെസ്റ്റോറന്‍റ് ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഞങ്ങളുടെ പഴയ ഓഫീസിന്‍റെ അടുത്തായാതിനാല്‍ നല്ല പരിചയം ആണ്. ആ ഏരിയയില്‍ ആകെ ഒരു ഹോട്ടലെ ഉള്ളൂ എന്നതിനാല്‍ പന്ത്രണ്ടു മണി കഴിഞ്ഞാല്‍ നല്ല പോലെ ചൂടുവെള്ളം ചേര്‍ത്ത സാമ്പാറും, പരിപ്പും ഒക്കെ വരുന്നവര്‍ക്ക് വിളമ്പാന്‍ അവന്മാര്‍ക്ക് ഒരു മടിയും ഇല്ല - കാരണം നിവൃത്തികേടു കൊണ്ട് ആളുകള്‍ കഴിച്ചിട്ട് പൊയ്ക്കൊള്ളും - വിലയാണെങ്കിലോ ജുബൈല്‍ ടൌണില്‍ ഉള്ളതിനേക്കാള്‍ കൂടുതലും.

ഹോട്ടലില്‍ എത്തി, ഞാന്‍ ചോറും മീന്‍ കറിയും , ടോണിയേട്ടന്‍ ചോറും ഓംലെറ്റും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തലേ ദിവസത്തെ രസികന്‍ സാമ്പാറും, മീന്‍ കറിയും ,തോരനും ഒക്കെയായിരുന്നു ഞങ്ങളുടെ മനസ്സില്‍. ചോറ് തീര്‍ന്നു പോയതിനാല്‍ അഞ്ചു മിനിറ്റ് ഇരിക്കണം എന്ന് പറഞ്ഞപ്പോഴേ മനസ്സില്‍ തോന്നി - ഇന്ന് സാമ്പാറില്‍ വെണ്ടയ്ക്ക മുങ്ങിത്തപ്പെണ്ടി വരുമെന്ന്. പ്രതീക്ഷിച്ച പോലെ തന്നെ - ആവശ്യത്തിനു ചൂടുവെള്ളം ചേര്‍ത്ത സാമ്പാറും, പരിപ്പും, മീന്‍ കറിയും. ടോണിയേട്ടന്‍റെ ഓംലേറ്റ് എത്തിയിട്ടില്ല. മീന്‍കറി - അയല - അത്ഭുതം പോലെ മൂന്നു കഷണങ്ങള്‍ ! സാധാരണ ഒരേയൊരു കഷണമേ കാണൂ. കിട്ടിയപാടെ ടോണിയേട്ടനെ മൈന്‍ഡ് പോലും ചെയ്യാതെ ഞാന്‍ തീറ്റി തുടങ്ങി.

ഞാന്‍ കഴിച്ചു പാതി ആയിട്ടും ടോണിയെട്ടനുള്ള ഓംലേറ്റ് എത്തിയില്ലെന്ന് മൂപ്പര്‍ വെയിറ്ററെ വിളിച്ചു ഓര്‍മ്മിപ്പിച്ചപ്പോഴാണ് എനിക്കോര്‍മ്മ വന്നത്. ഓംലേറ്റ് വന്നാല്‍ എന്നോടും അതില്‍ നിന്ന് എടുത്തു കൊള്ളാന്‍ ടോണിയേട്ടനെ കൊണ്ട് പറയിപ്പിക്കണ്ടേ - എന്നിലേ കൊതിയന്‍ തലപൊക്കി.

"ടോണിയേട്ടാ , അയലക്കറി എടുത്തോളൂട്ടോ" അയലക്കറി ടോണിയേട്ടന്‍റെ അടുത്തേക്ക് നീക്കി വച്ചു കൊണ്ട് പറയുമ്പോള്‍ ടോണിയേട്ടന്‍ അര്‍ഥം വച്ചുള്ള ചിരിയോടെ വേണ്ടെന്നു പറഞ്ഞു.

പ്രതീക്ഷിച്ച പോലെ ടോണിയേട്ടന്‍റെ ഓംലെറ്റിന്‍റെ പകുതി കൂടി എനിക്ക് കിട്ടി എന്നതാണ് സന്തോഷകരമായ ക്ലൈമാക്സ് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top