Wednesday, March 27, 2013

കര്‍ത്താവിന്‍റെ കള്ളക്കളി

പാതിരാത്രി ഷാപ്പടക്കാന്‍ നേരം അവിടെ നിന്ന് ഇറക്കി വിട്ടപ്പോള്‍ ആടിക്കുഴഞ്ഞു നടന്നു വരുന്നവഴിക്കാണ് മത്തായി കുരിശുപള്ളിയിലെ ഭണ്ഡാരം കണ്ടത്. നാളത്തേക്ക് തുള്ളി അകത്താക്കാന്‍ അഞ്ചു പൈസ കയ്യിലില്ലെന്ന കാര്യം മത്തായിക്ക് പെട്ടെന്ന് ഓര്‍മ്മവന്നു. ഭണ്ഡാരത്തിനടുത്തെത്തിയ മത്തായി അവിടെയൊക്കെ പരതി ഒരു നീളമുള്ള ഈര്‍ക്കില്‍ സംഘടിപ്പിച്ചു. പിന്നെ ഈര്‍ക്കിലിന്‍റെ അറ്റം കത്തിക്കൊണ്ടിരുന്ന മെഴുകുതിരിയുടെ മെഴുകില്‍ മുക്കി ഭണ്ഡാരത്തിനകത്തേക്കിട്ടു പൊക്കിയെടുക്കാന്‍ തുടങ്ങി. എന്നാല്‍ ഏറെ നേരം ശ്രമിച്ചിട്ടും ഈര്‍ക്കിലില്‍ പറ്റി ഒരു നോട്ട് പോലും മത്തായിക്ക് കിട്ടിയില്ല.

നിരാശനായ മത്തായി നോക്കുമ്പോഴുണ്ട് നേരെ മുന്നില്‍ കര്‍ത്താവ്‌ കുരിശില്‍ കിടക്കുന്നു. അറ്റകൈക്ക് മത്തായിക്ക് ഒരു ബുദ്ധി തോന്നി. കര്‍ത്താവിന്‍റെ മുഖത്തേക്ക് നോക്കി മത്തായി പറഞ്ഞു.

"കര്‍ത്താവേ, നാളെ കുടിക്കാന്‍ പത്തു പൈസയില്ലന്നു നിനക്കറിയാലോ. എനിക്കെന്തെങ്കിലും കിട്ടിയാല്‍ കിട്ടുന്നതില്‍ പാതി നിനക്ക് തന്നേക്കാം, എന്‍റെ പൊന്നു കര്‍ത്താവല്ലേ?"

കര്‍ത്താവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞതായി മത്തായിക്ക് തോന്നി. വീണ്ടും മത്തായി ഈര്‍ക്കില്‍ മെഴുകില്‍ മുക്കി ഭണ്ഡാരത്തിനകത്തെക്കിട്ടു. ഇത്തവണ ഒരു അമ്പതു രൂപാ നോട്ട് ഈര്‍ക്കിലില്‍ പറ്റി ഉയര്‍ന്നു വന്നു.

"നോട്ടില്‍ ചുംബിച്ചു കൊണ്ട് മത്തായി നന്ദിയോടെ കര്‍ത്താവിനെ നോക്കി.

"നന്ദി കര്‍ത്താവേ നന്ദി , ന്നാലും കൊച്ചുകള്ളാ - നിന്‍റെ ഷെയര്‍ അമ്പത് ആദ്യം തന്നെ എടുത്തല്ലേ"

അമ്പതു രൂപ പോക്കറ്റിലിട്ട് മത്തായി വീട്ടിലേക്കു നടന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top