Tuesday, March 26, 2013

എന്‍റെ ആദ്യത്തെ നഷ്ടക്കച്ചവടം

എന്‍റെ സ്റ്റാറ്റസ് മെസ്സേജുകളും വാള്‍ പോസ്റ്റുകളും കണ്ടു എന്‍റെ നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ നിസാര്‍ ദുബായിയില്‍ നിന്ന് ഇന്നലെ രാത്രി എനിക്ക് മെസ്സേജ് അയച്ചു.

"നീ നാട്ടുകാരെ മൊത്തം കളിയാക്കി നടക്കുവാല്ലേ, എന്നെയൊക്കെ ഇനി എന്നാ കഥാപാത്രങ്ങള്‍ ആക്കുന്നെ ?"

ഞാന്‍ ആകെ വല്ലാതായി. ഞാന്‍ അവനു മറുപടി അയച്ചു.

"എടാ , അതൊക്കെ ഒരു തമാശക്ക് ചെയ്യുന്നതല്ലേ, നിനക്കറിയാലോ - ഈ പ്രവാസത്തിനിടയില്‍ എഴുത്താ മനസ്സിനോരാശ്വാസം - നീ അതൊക്കെ സീരിയസ് ആയെടുക്കല്ലേ"

"ഹ ഹ ഹ , നിനക്ക് ടെന്‍ഷന്‍ ആയല്ലേ, ഞാന്‍ ചുമ്മാ നിന്നെ ചൂടാക്കാന്‍ പറഞ്ഞതാ. എഴുത്ത് നന്നാവുന്നുണ്ട് - വേണേ ഞാനും സഹായിക്കാം" അവന്‍ അത് പറഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായ ആശ്വാസം ചില്ലറയല്ല. അപ്പോള്‍ അവന്‍ പറഞ്ഞു.

"നീ കൂടി ഉള്‍പ്പെട്ട ,എന്നാല്‍ നിനക്ക് പോലും അറിയാത്ത ഒരു കഥയുണ്ട്, വേണേ പോസ്റ്റിക്കോ"

"അതെന്ത് കഥ ?" എന്നിലേ തല്‍പരന്‍ തലപൊക്കി.

"പണ്ട് ഒരു ക്രിസ്മസിന് നമ്മള്‍ കരോള്‍ നടത്തിയത് ഓര്‍മ്മയുണ്ടോ ?" അവന്‍ ചോദിച്ചു.

"ഉണ്ട്"

"അന്ന് ഞാന്‍ , നീ, വിനോദ്, രാജേഷ്‌, റഷീദ് എന്നിവരായിരുന്നു കരോളിനു പോയത്. നീ 90 രൂപ മുടക്കി ക്രിസ്മസ് പപ്പയുടെ മുഖംമൂടിയും, ഡ്രസും, രാജേഷിന്‍റെ സ്റ്റീരിയോയില്‍ ഇടാന്‍ ബാറ്ററിയും ഒക്കെ വാങ്ങിച്ചു. വിനോദ് ആയിരുന്നു ക്രിസ്മസ് പപ്പാ. നീ കുട്ടൂസനും, ഞാന്‍ ഡാകിനിയും. രാജേഷ്‌ ആയിരുന്നു സ്റ്റീരിയോ ഒപ്പരെട്ടര്‍. പക്ഷെ രാത്രി വരെ തുള്ളിയിട്ടും ആകെ 50 രൂപ മാത്രമേ പിരിഞ്ഞു കിട്ടിയുള്ളൂ."

ഞാന്‍ സംഭവങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ശരിയാണ്, അന്ന് എനിക്ക് മുടക്കിയ കാശ് പോലും തിരിച്ചു കിട്ടിയില്ല - ജീവിതത്തിലെ ആദ്യത്തെ ബിസിനസ് പരാജയം.

"പക്ഷെ സത്യത്തില്‍ അന്ന് നീ മുടക്കിയത്തില്‍ കൂടുതല്‍ കാശ് പിരിഞ്ഞു കിട്ടിയിരുന്നു, അവന്മാര്‍ രണ്ടും കൂടി നിങ്ങളെ പറ്റിച്ചതാ" അവന്‍ തുടര്‍ന്നു.

"ങേ - അതെങ്ങനെ?" ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചു.

"ഏറ്റവും അവസാനം ഒരു വീട്ടില്‍ കയറിയപ്പോള്‍ അവിടത്തെ അമ്മൂമ്മക്ക്‌ കാണാന്‍ വേണ്ടി അകത്തു വന്നു തുള്ളാന്‍ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിനോദും രാജേഷും ഞാനും മാത്രം അകത്തു കയറി തുള്ളി. തുള്ളല്‍ കഴിഞ്ഞപ്പോള്‍ ആ അമ്മൂമ്മ 50 രൂപ തന്നു. ഞങ്ങളെ കണ്ണിറുക്കി കാണിച്ച വിനോദ് പുറത്തിറങ്ങി ഇതേ കിട്ടിയുള്ളൂ എന്ന് പറഞ്ഞു നിനക്ക് അഞ്ചു രൂപ തന്നു"

"ഹമ്പട വിരുതാ" ഞാന്‍ പറഞ്ഞു.

"അതില്‍ ഷെയര്‍ എനിക്കും തരാമെന്നു അവന്‍ പറഞ്ഞിരുന്നു." നിസാര്‍ തുടര്‍ന്നു.

"എന്നിട്ട് നിനക്ക് എത്ര കിട്ടി" ഞാന്‍ ചോദിച്ചു.

"അവന്മാര്‍ രണ്ടും കൂടി പിറ്റേന്ന് ഏറണാകുളത്ത് പോയി 'ഈ പുഴയും കടന്നു' സിനിമ കണ്ടു - എന്നെ പറ്റിച്ചു"

"ഹഹഹ.." ഞാന്‍ ചിരിച്ചു.

"നിനക്കങ്ങനെ തന്നെ വേണം, പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top