Monday, March 25, 2013

പോപ്പിന്‍സ്‌ !

രാവിലെ ഓഫീസില്‍ പോകുന്ന വഴി താഴത്തെ അനിലിന്‍റെ ബക്കാലയില്‍ കയറി ബാഗ് വച്ച ശേഷം ആണ് അടുത്തുള്ള നീലഗിരി ബൂഫിയയില്‍ പോയി പതിവുള്ള രണ്ടു ദോശയും കടലക്കറിയും ചായയും അടിക്കുന്നത്. ഫാമിലി നാട്ടില്‍ പോയ ശേഷം എന്നും രാവിലെ അടുക്കളയില്‍ കയറി പാചകം ചെയ്യാനുള്ള മടി.

എന്നും ഞാന്‍ നീലഗിരിയില്‍ എത്തുമ്പോള്‍ ടോണിയെട്ടന്‍ അവിടെയിരുന്നു പതിവ് പോലെ ഒരു പൊറോട്ടയും സിംഗിള്‍ ഒമ്ലെട്ടും കഴിച്ചു തീര്‍ത്ത്‌ ചായയും മോത്തി ഇരിക്കുന്നുണ്ടാകും.

ഇന്ന് പതിവ് പോലെ കടയിലെ ജോലിക്കാരന്‍ മധുവിനോട് കുശലം പറഞ്ഞ് ഇറങ്ങാന്‍ നേരം അപ്രതീക്ഷിതമായിട്ടാണ് അത് കണ്ടത് - കടയില്‍ മിട്ടായികള്‍ ഡിസ്പ്ലേ ചെയ്തിരിക്കുന്ന കൂട്ടത്തില്‍ കണ്ടുമറന്ന ഒരു രൂപം - പോപ്പിന്‍സ്‌ !

അതെ നമ്മുടെ പഴയ പാര്‍ലെ പോപ്പിന്‍സ്‌ തന്നെ. ഒരെണ്ണം അമ്പതു ഹലാല ! ഒരെണ്ണം എടുത്തു തിരിച്ചും മറിച്ചും നോക്കി.

"ഒരു രണ്ടെണ്ണം എടുക്കുന്നു - ഇതു നാട്ടീന്നു വരുന്നതാണോ മധു?" ഒരു റിയാല്‍ എടുത്തു നീട്ടിക്കൊണ്ടു ചോദിച്ചു.

"അതെ"

കാറില്‍ കയറി ഒന്നൂടെ പോപ്പിന്‍സ്‌ പാക്കറ്റ് തിരിച്ചും മറിച്ചും നോക്കി. പണ്ടത്തെ രൂപത്തില്‍ നിന്ന് ഒരുപാടൊന്നും മാറ്റമില്ല. പാക്കറ്റ് പൊട്ടിച്ചു. ഒരെണ്ണം ടോണിയേട്ടനും കൊടുത്തു. ചുവന്ന തണ്ണിമത്തന്‍ ഫ്ലേവര്‍ ആണ് ആദ്യം ഞാന്‍ നാവിലിട്ടത്. പോപ്പിന്‍സിന്‍റെ രുചി ഉമിനീരില്‍ കലര്‍ന്ന് നാവിലെക്കിറങ്ങുമ്പോള്‍ ഒരുനിമിഷം ഓര്‍മ്മകള്‍ കെട്ടുപൊട്ടിച്ചോടി - ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ചിരുന്ന കൈകള്‍ മാത്രമേ എന്‍റെതായുണ്ടായിരുന്നുള്ളൂ - മനസ്സ് മുപ്പതു വര്‍ഷം മുന്നത്തെ ആ ചെറുബാല്യക്കാരന്‍റെതായിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top