Monday, March 25, 2013

നേട്ടം = പ്രതിഭ + കഠിനപ്രയത്നം

മറ്റെല്ലാത്തിനെയും മുരടിപ്പിക്കുമെങ്കിലും ഗള്‍ഫിലെ തരിശു ഭൂമിക്കും സാധാരണക്കാരന്‍റെ സ്വപ്നങ്ങളെ ഊതിക്കെടുത്തുന്ന വരണ്ട കാറ്റിനും പ്രവാസിയുടെ സാഹിത്യവാസനയെയും ആസ്വാദനശേഷിയെയും പരിപോഷിപ്പിക്കുവാനുള്ള അസാധാരണമായ കഴിവുണ്ട്.

കോളേജ് ജീവിതത്തിനു ശേഷം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് കരുതിയിരുന്ന എഴുത്തിന്‍റെ ലോകത്തേക്ക് എന്ന നിര്‍ബന്ധിച്ച് കൈപിടിച്ചെത്തിച്ചത് പ്രവാസവും ഫേസ്ബുക്കും തന്നെയാണ്. രാഷ്ട്രീയമുതലെടുപ്പിനായി, കോളേജ് തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കിട്ടുനവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം എന്നിരിക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാതിരുന്ന എനിക്ക് പകരം പാര്‍ട്ടി അനുഭാവിയായ ഇഷ്ടക്കാരനെ സംസ്ഥാനതല കഥാരചനാ മത്സരത്തിനയച്ചു. ആ വര്‍ഷാവസാനം കോളേജ് യുവജനോത്സവത്തിന്‍റെ സമ്മാനദാനചടങ്ങില്‍ കഥയ്ക്ക് രണ്ടാം സമ്മാനം സ്വീകരിക്കാന്‍ എന്നെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ മാത്രമാണ് ആ വേദനിപ്പിക്കുന്ന സത്യം ഞാന്‍ മനസിലാക്കിയത്. എന്‍റെ ക്ലാസ് മേറ്റ് ആയിരുന്ന - ഉറ്റ സുഹൃത്തായിരുന്ന - കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തന്നെ കളിച്ച നാറിയ നാടകത്തില്‍ അന്നെന്‍റെ മനസ്സില്‍ എഴുത്ത് മരിച്ചു വീണിരുന്നു.

പിന്നെ ജീവിതസാഹചര്യങ്ങള്‍ എന്നെ ഒരു "പ്രയാസി" ആക്കിയപ്പോള്‍ ഞാനും ഒരു പ്രവാസിയായി. പ്രവാസിയുടെ കഥകള്‍ ചിലര്‍ക്ക് പുച്ഛമാണ്. ഉറ്റവരുടേയും ഉടയവരുടെയുമോപ്പം ആയുസ്സില്‍ ഏതാനും മാസങ്ങള്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട - വിരഹം ജീവിതത്തിന്‍റെ ഭാഗമായി മാറിയ പ്രവാസി "ഇനിയൊരു തിരിച്ചു വരവില്ല" എന്ന ഉറച്ച തീരുമാനതോടെയുള്ള ഓരോ യാത്രക്കൊടുവിലും വീണ്ടും ഇവിടേയ്ക്ക് തന്നെ തിരിച്ചു വരുന്നത് വിമര്‍ശകര്‍ കളിയാക്കുന്നത് പോലെ "നാട്ടില്‍ അടിപൊളി ജോലി കിട്ടാഞ്ഞിട്ട്" ആയിരിക്കില്ല ഒരുപക്ഷെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി ഇഴുകിച്ചേന്നു പോയ വിരഹം ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടായിട്ടാവാം - തടവുകാരന് ബന്ധിയാക്കിയവനോട് തോന്നുന്ന വിചിത്രമായ സ്നേഹാദരവ് പോലെ !

കുബ്ബൂസിനെ സ്നേഹിക്കുന്ന അബ്ബാസും, എന്‍റെ പ്രിയപ്പെട്ട സിരാജിക്കയും ഒക്കെ എന്തെഴുതിയാലും, പോസ്റ്റ്‌ ചെയ്താലും ലൈക്കുകളും കമന്‍റുകളുടെയും പെരുമഴ തന്നെ - അതുകണ്ട് തെല്ലു അസൂയയോടെ അവരുടെ നേട്ടത്തിന്‍റെ കാരണം അന്വേഷിച്ചു പോയി. സിരാജിക്കയുടെ അതിബൃഹത്തായ സുഹൃദ് വലയവും , അവരില്‍ ഓരോരുത്തരുടെയും വാളിലെക്കെത്തി ലൈക്കുകളിലൂടെയും, കമന്ടുകളിലൂടെയും ആ സൌഹൃദത്തെ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള നന്മയും, കഠിനപ്രയത്നവും.

അബ്ബാസിനെ പോലെ എഴുതണ്ട എന്ന് തീരുമാനിക്കാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട് -
ഒന്ന് പ്രതിഭാരാഹിത്യം,
രണ്ടു - അബ്ബാസിനെ പോലെ എഴുതാന്‍ അബ്ബാസുണ്ട് !

വെറും നോട്ടം കൊണ്ട് സ്ക്രീന്‍ സ്ക്രോള്‍ ചെയ്യുന്നതും സ്ക്രീനില്‍ നിന്ന് നോട്ടം തെറ്റിയാല്‍ പ്ലേ ചെയ്തു കൊണ്ടിരുന്ന വീഡിയോ പോസ് ആകുന്നതുമായ മൊബൈല്‍ ഫോണിന്‍റെ കാലത്തും , മെമ്മറി കാര്‍ഡ്ഇടാവുന്ന ഒരു മനസ്സോ, ചിന്തകളെ ചിത്രങ്ങളായി ഒപ്പിയെടുക്കാവുന്ന ഒരു മൊബൈലോ ആരായിരിക്കും കണ്ടു പിടിക്കുക ? കാരണം മനസ്സില്‍ അടുക്കും ചിട്ടയോടെയും തെളിയുന്ന പലതും കീബോഡില്‍ അതെ തീവ്രതയോടെ പതിയുന്നില്ല ! ഒരുപക്ഷെ മനസ്സില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്ക് പോസ്റ്റ്‌ ചെയ്യാവുന്ന ആപ്പ്ളിക്കേഷന്‍ സുക്കര്‍ബര്‍ഗും സാംസംഗും ചേര്‍ന്ന് കണ്ടു പിടിച്ചെക്കാം - പ്രതീക്ഷകളും സ്വപ്നങ്ങളുമാണല്ലോ എന്നും ജീവിതങ്ങളെ പുഞ്ചിരിയോടെ മുന്‍പോട്ട് നയിക്കുന്നത് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top