Sunday, March 24, 2013

കഥ : വരം തേടുന്നവര്‍

വിമാനം ദുബായി എയര്‍പോര്‍ട്ടിലെ റണ്‍വേ സ്പര്‍ശിച്ച ശബ്ദത്തോടൊപ്പം വാഹിദിന്‍റെ മനസ്സില്‍ നിന്നുയര്‍ന്നത് ഒരു നേര്‍ത്ത തേങ്ങലായിരുന്നു.ചിന്തയുടെ മഷിക്കൂട്ടില്‍ നിന്ന് വേര്‍തിരിച്ചെടുത്ത നിറങ്ങള്‍ പോലെ അശാന്തിയുടെ അവ്യക്തത പുരണ്ട ഭാവം പേറി സലീനയുടേയും, സീനുമോളുടെയും മുഖങ്ങള്‍ മാറിമാറി അയാളുടെ മുന്നില്‍ മങ്ങിയും തെളിഞ്ഞും വന്നു കൊണ്ടിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ ഉള്ള നടപടികള്‍ പതിവിലേറെ നീണ്ടു പോയെങ്കിലും വാഹിദ് അതൊന്നും ശ്രദ്ധിക്കാനാവാത്ത മാനസികാവസ്ഥയിലായിരുന്നു. അയാളെ സംബന്ധിച്ച് ആ മണ്ണില്‍ കാലുകുത്തിയ നിമിഷം അടുത്ത രണ്ടു വര്‍ഷങ്ങള്‍ പുറംലോകം കാണാനാവാത്ത ഇരുട്ടറയില്‍ അടക്കപ്പെട്ടതിനു തുല്യമായിരുന്നു. ബന്ധിക്കപ്പെട്ടവന് സമയത്തെക്കുറിച്ച് എന്ത് ആകുലപ്പെടാന്‍?

എയര്‍പോര്‍ട്ടിനു വെളിയില്‍ അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കമ്പനിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പിക്കപ്പുമായി എത്തിയത്. പിക്കപ്പ് കാണുന്നതെ അയാള്‍ക്ക്‌ ഇഷ്ടമല്ല - കാരണം അത് കാണുമ്പോള്‍ ഒക്കെ മനസ്സിലെ ഉള്ള സന്തോഷം കെടുന്ന ഒരു തോന്നലാണ് അയാള്‍ക്കുണ്ടാവുക - ഈ മരുഭൂമിയില്‍ നിന്ന് നാടിന്‍റെ ശീതളിമയിലെക്കുള്ള രണ്ടു വര്‍ഷങ്ങളുടെയും ആയിരക്കണക്കിന് കിലോമീറ്ററുകളുടെയും ദൂരം ഓര്‍മ്മിപ്പിക്കുന്ന ഒരു നിമിത്തമായിരുന്നു അയാള്‍ക്ക്‌ പിക്അപ്പ് !

റൂമില്‍ എത്തിയപ്പോള്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിയായി. മുറിക്കുള്ളില്‍ കയറിയപാടെ വസ്ത്രം മാറുകപോലും ചെയ്യാതെ അയാള്‍ ബാഗ് മുറിയുടെ തന്‍റെ മൂലയിലേക്ക് തള്ളിനീക്കി തന്‍റെ കട്ടിലിലേക്ക് വീണു. മുറിയില്‍ വാഹിദിനെ കൂടാതെ മൂന്നു പേര്‍ കൂടി ഉണ്ട് - ഒരു ഉത്തരേന്ത്യക്കാരന്‍, രണ്ടു പാക്കിസ്ഥാനികള്‍. അവര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ എട്ടുമണിയെങ്കിലും ആവും. വെളുപ്പിനെ കൊച്ചിയില്‍ നിന്ന് തിരിച്ചതാണ്. വിമാനത്തിനുള്ളില്‍ ബാക്കി യാത്രക്കാര്‍ എല്ലാം നന്നായി ഉറങ്ങുമ്പോഴും വാഹിദിന് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ഉറക്കക്ഷീണം നന്നായുണ്ട്‌. എന്നാലും കണ്ണടക്കുമ്പോള്‍ സലീനയുടേയും, സീനു മോളുടെയും മുഖങ്ങള്‍ ആണ് തെളിഞ്ഞു വരുന്നത് - അത് ഉറക്കത്തെ കണ്ണുകളില്‍ നിന്ന് ആട്ടിയോടിക്കുന്നു. കൂടാതെ സലീന ഗര്‍ഭിണിയും ആണ്. താനിനി തിരികെ എത്തുമ്പോള്‍ ഒരു വയസു പിന്നിട്ട ഒരു കുഞ്ഞിന്‍റെ കൂടെ ബാപ്പയാകും. സീനു മോളെ തന്നെ ഇതുവരെ കണ്‍നിറച്ചു കൊതിതീരെ കാണാന്‍ സാധിച്ചിട്ടില്ല. നാട്ടില്‍ വന്നു സെറ്റില്‍ ആയിട്ട് മതി അടുത്ത കുട്ടി എന്ന് സലീന വാശി പിടിച്ചതാണ്. ഈയൊരു വരവും കൂടിയേ ഉള്ളൂ എന്ന പ്രവാസിയുടെ പതിവ് മറുപടിയോടെ അയാള്‍ അവളെ സമാധാനിപ്പിച്ചു. സ്വപ്‌നങ്ങള്‍ കൊടുക്കാന്‍ ആര്‍ക്കും ഒന്നും ചിലവില്ലല്ലോ. വാഹിദിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി - പൊടുന്നനെ അയാള്‍ ഒരു പൊട്ടിക്കരച്ചിലിലേക്ക് തകര്‍ന്നു വീണു !

ആരോ മുറിയില്‍ ഇടതടവില്ലാതെ തട്ടുന്നത് കേട്ടാണ് വാഹിദ് കണ്ണ് തുറന്നത്. സകലബോധവും നഷ്ടപ്പെട്ടു അയാള്‍ ഉറങ്ങിപ്പോയിരുന്നു. ഉറക്കച്ചടവോടെ വാതില്‍ തുറന്നു കൊടുത്തപ്പോള്‍ ഉത്തരെന്ത്യക്കാരനും ഒരു പാകിസ്ഥാനിയും മുഖത്ത് കടന്നാല്‍ കുത്തിയതുപോലെ വാഹിദിനെ ദേഷ്യത്തോടെ തുറിച്ചു നോക്കി വാതില്‍ക്കല്‍ നിന്നിരുന്ന അയാളെ കടന്ന് അകത്തേക്ക് നടന്നു പോയി. വാതില്‍ തുറക്കാന്‍ വൈകിയതിലുള്ള ഈര്‍ഷ്യയാണ് .മറ്റേ പാകിസ്ഥാനി വാഹിദിനെ നോക്കി ചിരിക്കുകയും എപ്പോള്‍ വന്നെന്നു ഉറുദുവില്‍ കുശലം ചോദിക്കുകയും ചെയ്തു.

പിറ്റേദിവസം പതിവ് പോലെ വാഹിദ് രാവിലെ ഏഴു മണിക്ക് തന്നെ ജോലിക്കുപോകാനായി ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍പ്പ് തുടങ്ങിയിരുന്നു. സത്യത്തില്‍ വാഹിദിന്‍റെ ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ - മനസ്സ് നാട്ടില്‍ സലീനയുടേയും സീനുമോളുടെയും അടുത്തായിരുന്നു. സീനുവിനെ ശാസിക്കുന്ന സലീനയെ തുറിച്ചുനോക്കിയും, സീനുവിനെ വഞ്ചിയില്‍ കയറ്റി പുഴക്ക്‌ അക്കരെയിക്കരെ തുഴഞ്ഞും അയാള്‍ മനോരാജ്യങ്ങളില്‍ മുഴുകിനില്‍ക്കുമ്പോള്‍ തൊട്ടു മുന്നില്‍ ബസ് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി നിരങ്ങി വന്നു നിന്നു. മറ്റുള്ളവര്‍ക്കൊപ്പം ബസില്‍ കയറി വാഹിദും സീറ്റ് പിടിച്ചു. സാവധാനം ആടിക്കുലുങ്ങി ബസ് കണ്‍സ്ട്രക്ഷന്‍ സൈറ്റ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

ജോലി തുടങ്ങും മുന്നേ വാഹിദ് സൂപ്പര്‍വൈസര്‍ വാസുദേവനെ കാണാന്‍ പോയി. നാട്ടില്‍ പോയി വന്നാല്‍ ജോലി തുടങ്ങും മുന്നേ സൂപ്പര്‍വൈസറെ കണ്ടു നാട്ടില്‍ പോകും മുന്നേ മടക്കി നല്‍കിയിരുന്ന പഞ്ചിംഗ് കാര്‍ഡ് തിരികെ വാങ്ങണം. ഇല്ലെങ്കില്‍ ജോലി ചെയ്തു കൊണ്ടിരിക്കമെന്നല്ലാതെ കൂലി ഒന്നും തന്നെ ലഭിക്കില്ല. വാഹിദ് വാസുവേട്ടന്‍ എന്ന് വിളിക്കുന്ന വാസുദേവന്‍ അമ്പതിനോടടുത്ത ഉയരം കുറഞ്ഞു തടിച്ച കഷണ്ടി കയറിയ ഒരു മധ്യവയസ്കനാണ്. തന്‍റെ പ്രയാസങ്ങള്‍ ഒക്കെ വാഹിദ് വസുവേട്ടനുമായി പങ്കുവെക്കാറുണ്ട്. ഇന്ന് പക്ഷെ വാസുവേട്ടനെ കണ്ടപ്പോള്‍ വാഹിദിന്‍റെ കണ്ണുകള്‍ പതിവില്ലാത്തവിധം നിറഞ്ഞൊഴുകിപ്പോയി. കാരണം കഴിഞ്ഞ തവണ നാട്ടില്‍ പോകുന്നതിനു മുന്നേ "ഈ നരകത്തിലേക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല" എന്ന് വാസുവേട്ടനോട് മാത്രം പറഞ്ഞു പോയതാണ്. ഒരുവേള വാഹിദിനെ കണ്ടപ്പോള്‍ വാസുവേട്ടന്‍റെ മുഖത്തും തെളിഞ്ഞത് ഒരു നിരാശയുടെ കാര്‍മേഘം ആയിരുന്നില്ലേ ?. തന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്തപ്പോള്‍ വാഹിദിന് സഹിക്കാന്‍ കഴിഞ്ഞില്ല.

"സാരല്ല്യ, അടുത്ത തവണ എല്ലാം ശരിയാകും ഡാ...നീ വിഷമിക്കല്ലേ" വാസുവേട്ടന്‍ വാഹിദിന്‍റെ തോളില്‍ തട്ടി പറഞ്ഞു.

"വാസുവേട്ടാ, ഇനിം രണ്ടുകൊല്ലം കൂടി ഞാന്‍ എങ്ങനെ കഴിച്ചു നീക്കും"

അത് പറയുമ്പോള്‍ ഏങ്ങലടി ഒരു പൊട്ടിക്കരച്ചിലായി മാറിയിരുന്നു - തളര്‍ച്ചയോടെ വാഹിദ് വാസുവേട്ടന്‍റെ തോളിലേക്ക് ചാഞ്ഞു. വാസുവേട്ടന്‍ അയാളെ അടുത്തുള്ള കസേരയിലേക്ക് താങ്ങിയിരുത്തി. ഓരോ ജോലിക്കാരില്‍ നിന്നും അവധി കഴിഞ്ഞു വരുമ്പോള്‍ സമാനപ്രതികരണം കണ്ട്ശീലിച്ചിരുന്നതിനാല്‍ വാസുവേട്ടന് കരച്ചില്‍ വന്നില്ല. എല്ലാവര്‍ക്കും സങ്കടം പങ്കുവെക്കാനും തോളില്‍ തലചായ്ച്ചു പൊട്ടിക്കരയാനും വാസുവേട്ടന്‍ ഉണ്ട് - എന്നാല്‍ വാസുവേട്ടന് തന്‍റെ വിഷമങ്ങള്‍ പറഞ്ഞു കരയാന്‍ ഉള്ളത് സ്വന്തം മുറിയിലെ നിശബ്തയും നിലക്കണ്ണാടിയും മാത്രമായിരുന്നു !

ജോലിസ്ഥലത്ത് വാഹിദിന്‍റെ പ്രവര്‍ത്തികള്‍ എല്ലാം തികച്ചും യാന്ത്രികമായിരുന്നു. ഉച്ചക്ക് ഒരു കുബ്ബൂസും കുറച്ചു പരിപ്പ് കറിയും അയാള്‍ കഴിച്ചെന്നു വരുത്തി. എങ്ങനെയും ആറുമണിയാക്കി മുറിയില്‍ തിരിച്ചെത്തി സലീനയെയും മോളെയും വിളിച്ചാല്‍ മതിയായിരുന്നു അയാള്‍ക്ക്‌..

മുറിയിലെ മറ്റു മൂന്നു പേരും ഉറങ്ങിക്കഴിഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരന്‍റെയും ഒരു പാക്കിസ്ഥാനിയുടെയും കൂര്‍ക്കം വലി മുറിയില്‍ താളാത്മകമായി ഉയര്‍ന്നു താഴുന്നുണ്ട്‌. ആ ശബ്ദത്തിന്‍റെ അസ്വസ്ഥതയില്‍ മറ്റേ പാക്കിസ്ഥാനി ഇടയ്ക്കിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ഇരുമ്പ് കട്ടിലിന്‍റെ കരച്ചിലില്‍ നിന്ന് വ്യക്തം. മുറിക്കുള്ളില്‍ കട്ട പിടിച്ച ഇരുട്ടിലേക്ക് കണ്ണുകള്‍ തുറന്നു തുറിച്ചു നോക്കി വാഹിദ് കിടന്നു. ഉറക്കം എന്നത് ഒരു വിദൂര സ്വപ്നം മാത്രമാണെന്ന് അയാള്‍ക്ക്‌ തോന്നി. കണ്ണടക്കുമ്പോള്‍ സീനുമോളുടെ നിഷ്കളങ്കമായ മുഖമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. കുറച്ചുകാലം കഴിഞ്ഞിരുന്നെങ്കില്‍ നാട്ടില്‍ പോകാന്‍ ഇനിയെത്ര ദിവസങ്ങള്‍ ഉണ്ടെന്ന് മനക്കണക്ക് കൂട്ടിയെങ്കിലും ഉറക്കം വരുത്തിയെടുക്കാമായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി സീനുമോള്‍ കരഞ്ഞു. സാധാരണ മിടുക്കിയായി ഏറെ നേരം അയാളോട് ചിരിച്ചു സംസാരിക്കുന്നതാണ്."വാപ്പിച്ചി പോയതില്‍ പിന്നെ ഈ ഉമ്മച്ചി എപ്പോഴും കരച്ചില്‍ തന്നെ" അതായിരുന്നു സീനുമോളുടെ കരച്ചിലിനുള്ള കാരണം .അത് വാഹിദിനെ കൂടുതല്‍ വിഷമസന്ധിയില്‍ ആക്കി. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മനസ്സ് വിഷമിപ്പിച്ചുകൂടാ എന്ന കാര്യം ഒക്കെ അയാള്‍ സലീനയെ പറഞ്ഞു മനസിലാക്കി. താന്‍ കൂസലില്ലായ്മ അഭിനയിക്കുമ്പോള്‍ സലീനയുടെ ശബ്ദത്തില്‍ മെല്ലെമെല്ലെ കടന്നു വരുന്ന ആത്മവിശ്വാസം അയാളെ തെല്ലു സന്തോഷിപ്പിക്കാതെയും ഇരുന്നില്ല - തന്‍റെ മനസ്സില്‍ ഉയര്‍ന്നുവന്ന കരച്ചിലിന്‍റെ അലകളെ ശബ്ദം പുറത്തുകേള്‍പ്പിക്കാതെ അയാള്‍ ശ്വാസംമുട്ടിച്ചു കൊന്നു !

വാഹിദ് ശബ്ദമുണ്ടാക്കാതെ മെല്ലെ കട്ടിലില്‍ നിന്ന് എഴുന്നേറ്റു. കയ്യില്‍ ഇരുന്ന മൊബൈലിന്‍റെ ഡിസ്പ്ലേയില്‍ നിന്നുള്ള നേര്‍ത്ത പ്രകാശത്തില്‍ അയാള്‍ കട്ടിലിനോട് ചേര്‍ന്നുള്ള മേശയുടെ വലിപ്പ് തുറന്നു. മേശക്കുള്ളില്‍ നിന്ന് പാതി കത്തിത്തീര്‍ന്ന ഒരു മെഴുകുതിരിയും ഒരു സിഗരറ്റ് ലൈറ്ററും തപ്പിയെടുത്തു. മെഴുകുതിരി മേശപ്പുറത്തു കത്തിച്ചു വച്ചശേഷം അയാള്‍ മുറിയുടെ മൂലയില്‍ ചുരുട്ടി വച്ചിരുന്ന നിസ്കാരപ്പായ എടുത്തു വിടര്‍ത്തിയിട്ടു. പിന്നെ അരണ്ടവെളിച്ചത്തില്‍ ബാത്രൂം തുറന്നിട്ട്‌ അംഗശുദ്ധി വരുത്തി പായയില്‍ വന്നു നമസ്കാരത്തിനായി വന്നു നിന്ന് ഇരുകൈകളും കെട്ടി. വാഹിദും പടച്ചവനും മാത്രമുള്ള ലോകത്ത് നിന്ന് വിരമിച്ചു പായയില്‍ ഇരുകൈകളും ആകാശത്തേക്ക് നീട്ടി പ്രാര്‍ഥനാനിരതനായിരിക്കുമ്പോള്‍ അയാളുടെ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി. വിറയാര്‍ന്ന പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.

മുറിയില്‍ പ്രഭാപൂരം വിരിയിച്ച തെളിഞ്ഞ വെളുത്ത പ്രകാശത്തിനു നടുവില്‍ തേജസ്സുറ്റ മുഖത്തോടെ ഒരു മനുഷ്യരൂപം നിന്നിരുന്നു. ഒരുനിമിഷത്തെ അമ്പരപ്പ് അത്യധികമായ ആകാംക്ഷയ്ക്ക് വഴിമാറിയപ്പോള്‍ ആസന്നമായ ആ ചോദ്യം വാഹിദിന്‍റെ നാവിന്‍തുമ്പില്‍ നിന്നുതിര്‍ന്നു വീണു.

"താങ്കള്‍ ആരാണ് ?"

"ഞാന്‍ ദൈവദൂതന്‍ , നിന്‍റെ പ്രാര്‍ത്ഥനക്കുത്തരമേകാന്‍ സാക്ഷാല്‍ ദൈവത്താല്‍ നിയോഗിതനായവന്‍. എന്താണ് നിന്നെ അലട്ടുന്ന വിഷമം. എന്താണ് നിനക്ക് വേണ്ട വരം?"

ദൈവദൂതന്‍ ചോദിച്ചു.

അവിശ്വസനീയതയുടെ നിമിഷങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ എടുത്ത സമയം അവസാനിച്ചപ്പോള്‍ മനസ്സാന്നിധ്യം വീണ്ടെടുത്ത വാഹിദ് തനിക്ക് മുന്നില്‍ തുറന്നെക്കാവുന്ന അവസരങ്ങളുടെ അനന്തമായ വാതിലുകള്‍ക്ക് മുന്നില്‍ ഒരു നിമിഷം പകച്ചു നിന്ന് പോയി. പിന്നെ സമചിത്തത വീണ്ടെടുത്ത്‌ വാഹിദ് ആവശ്യപ്പെട്ടു.

"എന്നെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയ അവസ്ഥയില്‍ എത്തിച്ചു തരണം"

"നീ ശരിക്കും ആലോചിച്ചിട്ടാണോ ഇത് ആവശ്യപ്പെടുന്നത്? സമ്പന്നന്‍ ആകാനോ ദീര്‍ഘായുസ്സ് നേടാനോ ഒന്നും നിനക്കാഗ്രഹമില്ലേ? " ദൈവദൂതന്‍ ചോദിച്ചു.

"ഇല്ല" വാഹിദിന്‍റെ ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു.

"ശരി നീ കണ്ണടച്ച് പ്രാര്‍ഥനാനിരതനായി ഏതാനും നിമിഷങ്ങള്‍ ഇരിക്കുക - നിന്‍റെ ആഗ്രഹം സാധിക്കുന്നതാണ്" ഇത്രയും പറഞ്ഞിട്ട് ദൈവദൂതന്‍ അപ്രത്യക്ഷനായി.

ഏതാനും നിമിഷങ്ങള്‍ കൂടി പ്രകാശപൂരിതമായി തുടര്‍ന്ന മുറിയിലേക്ക് വീണ്ടും അന്ധകാരം തള്ളിക്കടന്നു വന്നപ്പോള്‍ വാഹിദ് അവിശ്വസനീയതയോടെ സ്വന്തം കൈത്തണ്ടയില്‍ നുള്ളി നോക്കി. സ്വപ്നമല്ല ! അയാള്‍ ദൈവദൂതന്‍ നിര്‍ദ്ദേശിച്ചത് പോലെ കട്ടിലില്‍ ധ്യാനനിരതനായി ചമ്രം പടിഞ്ഞിരുന്നു. ഏതാനും നിമിഷങ്ങള്‍ കടന്നു പോയി. പൊടുന്നനെ വാഹിദിന് താന്‍ ഇരിക്കുന്ന കട്ടില്‍ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങുന്നത് പോലെ തോന്നി. അയാള്‍ ഇരുകൈകളും നിലത്തു അമര്‍ത്തി ഇരിപ്പുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊടുന്നനെ അയാള്‍ ഒരു അഗാധതയിലേക്ക്‌ പതിച്ചു. ചുറ്റും കൂരിരുട്ടു മാത്രം ! കടന്നു പോകുന്ന വഴികള്‍ അയാള്‍ക്ക്‌ അപരിചിതമായിരുന്നു. പിന്നെ വാഹിദിന്‍റെ ബോധം മറഞ്ഞു.

പിന്നെയെപ്പോഴോ കണ്ണ് തുറക്കുമ്പോള്‍ വീണ്ടും അയാള്‍ക്ക്‌ ചുറ്റും നിശബ്ദതയും അന്ധകാരവും ആയിരുന്നു.ദേഹത്തേക്ക് അരിച്ചിറങ്ങുന്ന തണുപ്പും അയാളെ തെല്ലു അസ്വസ്ഥനാക്കി. വാഹിദ് കൈകള്‍ ചലിപ്പിക്കാന്‍ ശ്രമിച്ചു - സാധിക്കുന്നില്ല. മുഖത്ത് ഒരു തുണി കൊണ്ട് മൂടിയിരിക്കുന്നു. കൈകള്‍ ശരീരത്തോട് ചേര്‍ത്തു വച്ച രീതിയില്‍ മൊത്തത്തില്‍ എന്തോ തുണിയില്‍ പൊതിഞ്ഞിരിക്കുന്നതുപോലെ. വാഹിദ് ഉറക്കെ അലറിവിളിച്ചു. എന്നാല്‍ ശബ്ദം ഒരു ഗുഹക്കുള്ളില്‍ ഞെരിഞ്ഞമരുന്നത് പോലെ ഏതാനും പ്രതിധ്വനികള്‍ തീര്‍ത്ത ശേഷം നേര്‍ത്തില്ലാതായി. പരിഭ്രമത്തോടെ അയാള്‍ പിടഞ്ഞെഴുന്നെല്‍ക്കാന്‍ ശ്രമിച്ചു - എന്നാല്‍ ശിരസ്സ്‌ പലകപോലെ എന്തിലോ തട്ടി അയാള്‍ക്ക് സാമാന്യം നന്നായി വേദനിച്ചു. അയാള്‍ അവിടെ തന്നെ കിടന്നു പോയി.

ഇതേസമയം വാഹിദിന്‍റെ കുഴിമാടത്തില്‍ അവസാന പിടി മണ്ണും നിക്ഷേപിച്ചു എല്ലാവരും യാത്രയായിരുന്നു. കരഞ്ഞു തളര്‍ന്ന സലീനയുടെ മടിയില്‍ സീനുമോളും കരഞ്ഞു തളര്‍ന്നു കിടന്നിരുന്നു. കുഞ്ഞ് അഷ്ന മോള്‍ ഒന്നുമറിയാതെ നിലത്തിരുന്നു പഴയ ഒരു കാറുരുട്ടി കളിച്ചുകൊണ്ടിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top