Tuesday, April 2, 2013

നാടകമേ ഉലകം !

കാമിനി കൊണേശന്‍റെ മോന്തക്കിട്ടിടിച്ചു. കൊണേശന്‍ കാമിനിടെ കൈ പിടിച്ചു തിരിച്ചു - ഇങ്ങനെയല്ലേ എന്നെപ്പോലെ നിങ്ങളും വിശ്വസിച്ചിരിക്കണേ ? - ന്നാ സത്യത്തില്‍ സംഭവം ഇങ്ങനെയായിരുന്നു.

ഈ പറഞ്ഞ കൊണേശന്‍ ,തങ്കപ്പന്‍ നൈറ്റ് ഡ്യൂട്ടിക്ക് പോണ രാത്രി പാത്തുംത്താന്‍റെ പിന്നാമ്പൊറത്തുള്ള തെക്കേലെ തങ്കമ്മേടെ വീട്ടീന്ന് മതില്‍ ചാടി വരുന്നത് പിള്ളേടെ അയലോക്കത്തെ വീട്ടിലെ പാത്തുംത്ത എന്നും രാത്രി കാണാറുണ്ടായിരുന്നു. നല്ല തങ്കം പോലത്തെ ആ കാമിനിക്കൊച്ചിനെ ചതിക്കുന്ന ഈ പഹേനെ ഒരു പാഠം പഠിപ്പിക്കാന്‍ തക്കം നോക്കി ഇരിക്കുമ്പോഴാണ് കൂനിന്മേല്‍ കുരുപോലെയോ ,വൈദ്യന്‍ കല്‍പ്പിച്ച പോലെയോ ഏഷ്യാനെറ്റ് ഇച്ചിച്ചത് - സൌദില്‍ നിന്ന് മൂത്ത ചെക്കന്‍ ഷുക്കൂരിന്‍റെ കല്യാണം കൂടാന്‍ ഒരുമാസത്തെ ലീവിന് വന്ന കെട്ട്യോന്‍ ബീരാനിക്കാനെ ചാനലായ ചാനലില്‍ എല്ലാം ഒരു കള്ളനെ പോലെ എടുത്തു കാണിച്ചു. ബീരാന്‍ക്ക ഭദ്രമായി കെട്ടിപ്പൂട്ടി കൊണ്ടന്ന പെട്ടിയൊക്കെ നാട് കടത്തിയപ്പോള്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടരുന്ന വിഴുപ്പാണെന്നു റിപ്പോര്‍ട്ടര്‍മാര്‍ ഏകസ്വരത്തില്‍ പറഞ്ഞു നാട്ടുകാര്‍ക്ക് മുന്നില്‍ നാണം കെടുത്തി. മോന്‍റെ നിക്കാഹ് പോടിപൂരമാക്കാന്‍ എത്തിയ ബീരാനെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ എന്നാ പരുവത്തില്‍ ആയപ്പോള്‍ പിന്നാലെ സൌദീന്നു കല്യാണം കഴിക്കാന്‍ വരുന്ന മോന്‍റെ അവസ്ഥ ഓര്‍ത്തപ്പോ പാത്തുംത്താന്‍റെ ചങ്ക് പൊടിഞ്ഞു. ഓന്‍റെ പടോങ്ങാനും ടീവിലോ പത്രത്തിലോ ബന്നാ ഇപ്പ വന്നേക്കണ കല്യാണോം ചീറ്റിപ്പോകും - പിന്നെ സ്രീധനം അങ്ങോട്ടോ കൊടുക്കാന്നു പറഞ്ഞാലും ഒരു പെങ്കുട്ടീനെ ഓനിക്ക് കിട്ടാന്‍പോണില്ല. തല്‍ക്കാലം ഈ ഒടുക്കത്തെ ചാനലുകാരെ ഒന്ന് ബയി തെറ്റിക്കണം- പാത്തുംത്താടെ കാഞ്ഞ ബുദ്ധിയില്‍ ജഗദീശന്‍റെ പോലെ അല്ലാതെ ഇച്ചിരി ബുദ്ധിയൊക്കെ ഉള്ള ഒരു ഐഡിയ സ്റ്റാര്‍ ഉദിച്ചു.

ഗണേശന്‍ സ്ഥിരം മതില്‍ ചാടുന്ന തങ്കമ്മയുടെ കയ്യിലെ മൊബൈല്‍ "ന്‍റെ ഫോണില്‍ ഇന്നലെ ബീട്ടി മയ പെയ്തു ചോര്‍ന്നപ്പോ മയബെള്ളം കേറി തങ്കോ - അന്‍റെ ഫോണോന്നു താ - ഒരത്യാവശ്യം വിളിക്കാന്‍" എന്ന് പറഞ്ഞു മേടിച്ച പാത്തുംത്ത നേരെ കൊണേശന്‍റെ ഫോണിലേക്ക് ഒരു ചൂടന്‍ മെസ്സെജങ്ങു കാച്ചി നേരെ തെക്കൊട്ടോടി കൊണേശന്‍റെ വീടിന്‍റെ മുന്നിലെ ഉമ്മറപ്പടീലെത്തിയിട്ടെ എത്തിയിട്ടേ പാത്തുംത്ത ശ്വാസം വിട്ടുള്ളൂ..

ഇറയത് കാരണവര്‍ പിള്ളേച്ചന്‍റെ കെടപ്പ് കണ്ടാല്‍ പത്രക്കാരും ടീവിക്കാരും മാടമ്പി ന്നു പറഞ്ഞു പറഞ്ഞു കരിനാക്ക് വളച്ചുവളച്ചു ഒരു മാടത്ത പോലും ഇല്ലാത്ത അര്‍ദ്ധപട്ടിണിക്കാരന്‍റെ മട്ടുണ്ട് - അയലോക്കത്ത് പുത്യതായി താമസിക്കാന്‍ വന്ന മാര്‍ക്കറ്റില്‍ മാടക്കട നടത്തുന്ന ഒരു അമ്പി താമസമുണ്ടെന്നതാണ് പഴേ പ്രൌഡിക്കൊരു ആശ്വാസം ! പിള്ളേച്ചന്‍ നീട്ടി വിളിച്ചു

"മോളെ കാമിനി, അന്നെക്കാണാന്‍ ദേ പാത്തുംത്ത വന്നെക്കണ്"

പത്തുംത്ത വന്നെങ്കില്‍ എന്തേലും കോളെണ്ടാകും എന്ന് പ്രതീക്ഷയോടെ ഓടിപ്പാഞ്ഞു വന്ന കാമിനി, കാലത്തെ കണ്ണ് പിടിക്കാതെ പിള്ളേച്ചന്‍ അഴിമേല്‍ പുരട്ടാന്‍ എടുത്തു കൊണ്ട് വന്ന പാമോയിലില്‍ ചവിട്ടി കൈ കുത്തി ചന്തിയടിച്ചു വീണതും ഒരുമിച്ചു കഴിഞ്ഞു.

"ഉമ്മാ ന്‍റെ കയ്യ്" കാമിനി വലിയ വായില്‍ നെലോളിച്ചപ്പോ പാത്തുംത്ത ആശ്വസിപ്പിച്ചു.

"അതൊക്കെ മാറാനോള്ള മരുന്നും കൊണ്ടാ മ്മള് ബന്നെക്കണേ ഇജ്ജു പോയാ കൊണേശന്‍റെ മോബീലെടുത്തു നോക്ക്യേ"

കാമിനി കയ്യിന്‍റെ വേദന ഒന്നും വകവെക്കാതെ ഓടിപ്പോയി കൊണേശന്‍റെ മൊബീല്‍ എടുത്തു നോക്കി.

തങ്കമ്മ തങ്കപ്പെട്ട ശത്രുവായിരുന്നിട്ടും ആ മെസ്സേജ് വായിച്ചു കാമിനിക് പോലും കുളിര് കോരിപ്പോയി - "ഇക്കണക്കിനു കൊണേശന്‍ എങ്ങാനും വായിച്ചിരുന്നെ മക്കക്കു പോലും അഞ്ചു പൈസ കൊടുക്കാതെ സ്വത്തുള്‍പ്പെടെ ഓള്‍ അടിച്ചോണ്ട് പോയേനെ ന്‍റെ ദേവ്യേ" കാമിനി നെടുവീര്‍പ്പിട്ടു.

"ഇനി ഞാന്‍ എന്ത് ചെയ്യും താത്ത...അച്ചാ" കാമിനി കരഞ്ഞു തൊണ്ട പൊളിച്ചു.

"ഓനെ മ്മക്കൊരു പാഠം പഠിപ്പിക്കാന്‍ കിട്ടിയ അവസരോണ്- കളയല്ല്" താന്‍ പട്ടണത്തില്‍ ഒട്ടിച്ചു കൊണ്ടിരുന്ന പാട്ട വണ്ടിയെല്ലാം വിറ്റു തടിക്കസേര വാങ്ങിയപ്പോള്‍ തന്നെ ആട്ടിയോടിച്ചു കസേര ഒറ്റയ്ക്ക് സ്വന്താക്കിയ കൊണേശനിട്ടൊരു പണി കൊടുക്കാന്‍ ഒരുമ്പെട്ട് നിക്കേര്‍ന്നു കാര്‍ന്നോര്.

പാത്തുംത്ത തന്നെ ബുദ്ധി പറഞ്ഞു കൊട്ത്തു "നീയാ തങ്കമ്മേടെ കെട്ട്യൊനിക്ക് ഈ മെസ്സേജ് അയച്ചു കൊട് കാമി"

കേള്‍ക്കാത്ത പാതി കാമിനി മെസ്സേജ് ഫോര്‍വേഡ് ചെയ്തു .വയ്യിട്ടു തങ്കമ്മേടെ പൊറം തങ്കപ്പന്‍ പൊളിക്കുന്ന മനോഹര ശബ്ദങ്ങക്ക് കാതോര്‍ത്ത് മനോരാജ്യം കണ്ടു തൊടങ്ങി.

പിന്നെ നടന്നത് ചരിത്രം - തങ്കപ്പന്‍ തങ്കമ്മക്കും മുന്നേ എടുത്തിട്ടു പെരുമാറീത് കൊണേശനെ തന്നെ - കൊട്ടേഷന്‍ ഒന്നും ഇല്ലാതെ വെറും വയറ്റില്‍ നല്ല രസികന്‍ തേമ്പുകള്‍ മോന്തക്ക് തന്നെ അഞ്ചാറെണ്ണം വച്ചുനീട്ടിയത് ഏറ്റു വാങ്ങുമ്പോള്‍ കൊണേശന്‍ മനസ്സില്‍ ചിരിച്ചു - മഹാനടനായ താന്‍ ഇതിലും വെല്യ എന്തോരം ഇടി സില്‍മേല് നെഞ്ചോണ്ട് തടുത്തെക്കണ് !

ചാനലുകാര്‍ സൌദിനെ വിട്ടു കാമിനിനെ പിടിച്ച സമയം മൊതലാക്കി എന്തായാലും കിട്ടിയ അവസരത്തില്‍ ബീരാനിക്കാനെ ഒരാഴ്ച ബോംബെക്ക് കേറ്റി വിട്ടു പാത്തുംത്ത അടുത്ത ദിവസം തന്നെ ശുക്കൂരിനെ സൌദിന്നു എമാര്‍ജന്‍സിക്ക് വിളിച്ചു വരുത്തി ഓന്‍റെ നിക്കാഹും നടത്തി കെങ്കെമമാക്കി !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top