Saturday, April 13, 2013

കഥ : അമീറിന്‍റെ മകള്‍

ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെയും അംഗചലനങ്ങളോടെയും അരയില്‍ ബന്ധിച്ചിരുന്ന കൊച്ച് തുകല്‍ സഞ്ചിയില്‍ നിന്ന് ആണികള്‍ ഓരോന്നായെടുത്ത് അയാള്‍ പട്ടികകളില്‍ അടിച്ചു കയറ്റുന്നത് ജിജ്ഞാസയോടെയും ആരാധനയോടെയും കഴിഞ്ഞ രണ്ടു ദിവസങ്ങളായി പാതി തുറന്നിട്ട ജനല്‍പ്പാളിയിലൂടെ അവള്‍ നോക്കി നില്‍ക്കുന്നു.

തലയുയര്‍ത്തി നോക്കിയാല്‍ ഇരുവരെയും വ്യക്തമായി കാണാവുന്ന വിധത്തില്‍ താഴെ വഴിയോരത്ത് ഒരു ഭിക്ഷക്കാരന്‍ വൃദ്ധന്‍ ഇരിക്കുന്നത് നേരത്തെ ശ്രദ്ധിച്ചിട്ടുള്ളതിനാല്‍ അയാളുടെ കണ്ണില്‍പ്പെടാതെ ശ്രദ്ധിച്ചാണ് അവള്‍ നിന്നിരുന്നത്‌.

ഓരോ ആണി അടിച്ചു കയറ്റി തിരികെ സഞ്ചിയില്‍ കയ്യിടുമ്പോഴും ഒരു പുഞ്ചിരിയോടെ അയാള്‍ അവളെ നോക്കും - അവളുടെയും മുഖം നാണം കൊണ്ട് ചുവക്കും.

പൊടുന്നനെ അയാള്‍ നിന്നിരുന്ന പട്ടിക ഒന്നുലഞ്ഞു. അയാളൊന്നു വേച്ചു - കയ്യിലിരുന്ന ചുറ്റിക താഴേക്കു വീണു. അവളില്‍ നിന്ന് ഒരു അടക്കിയ നിലവിളി ഉയര്‍ന്നു. താഴെ ഇരുന്നിരുന്ന വൃദ്ധന്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കി, അയാള്‍ ഇരുന്നിരുന്നതിനടുത്തു നിന്ന് ഒരു വടി പരതിയെടുത്തു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ജനലില്‍ നിന്ന് മുഖം പിന്‍വലിച്ച യുവതി ഏതാനും നിമിഷങ്ങള്‍ക്കകം ഒന്ന് കൂടി ജനലിലൂടെ താഴേക്ക്‌ എത്തി നോക്കി. വൃദ്ധന്‍ ധരിച്ചിരുന്ന കറുത്ത കണ്ണട കണ്ടപ്പോള്‍ ആശ്വാസം ഒരു ദീര്‍ഘനിശ്വാസത്തോടെയുള്ള പുഞ്ചിരിയായി അവളെ പൊതിഞ്ഞു.

ഒരു മനുഷ്യന്‍റെ വൈകല്യം അനുഗ്രഹമായി തോന്നിയ അപൂര്‍വ്വനിമിഷത്തെ കുറ്റബോധത്തോടെ വെറുക്കാന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല ! 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top