Sunday, April 21, 2013

കഥ : ലേബല്‍

"സാര്‍ ഇവന്‍റെ ഓട്ടോറിക്ഷയില്‍ തന്നെയാണെന്ന് ഉറപ്പാണോ - എത്ര ചോദിച്ചിട്ടും അവന്‍ ഇല്ലെന്നാ പറയുന്നേ" എസ്.ഐ പറഞ്ഞു.

ആ നിമിഷത്തില്‍ അയാളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

"സര്‍ സംസാരിച്ചിട്ടു വരൂ, ഞാന്‍ അവനെ ഒന്നൂടെ പെരുമാറി നോക്കട്ടെ" എസ്.ഐ യൂണിഫോം ഷര്‍ട്ട് ഊരി വീണ്ടും സെല്ലിലേക്ക് കയറി.

"അയ്യോ സാറേ - അമ്മച്ചിയാണേ ഞാന്‍ എടുത്തിട്ടില്ല" സെല്ലിനുള്ളില്‍ നിന്ന് ഓട്ടോക്കാരന്‍റെ ദീനരോദനം പോലീസ് സ്റ്റേഷന്‍ ആകമാനം മുഴങ്ങി.

"എടൊ താന്‍ വേഗം ആ എസ്.ഐ യെ ഇങ്ങോട്ട് വിളിച്ചേ - അത്യാവശ്യം ആണെന്ന് പറ" അയാള്‍ സെല്ലിന് വെളിയില്‍ നിന്നിരുന്ന കോണ്‍സ്റ്റബിളിനോട് പരിഭ്രമത്തോടെ പറഞ്ഞു.

"എന്താ സാര്‍" എസ്.ഐ വിയര്‍ത്തു കുളിച്ചു ബനിയനും പാന്‍സും ധരിച്ച് വെളിയില്‍ വന്നു.

"അതെ - ഒരബദ്ധം പറ്റിയെടോ, ഭാര്യയാ വിളിച്ചേ , പേര്‍സ്‌ വീട്ടില്‍ എന്‍റെ മേശവലിപ്പില്‍ തന്നെ ഉണ്ടായിരുന്നു" അത്യധികം ജാള്യതയോടെ അയാള്‍ പറഞ്ഞു.

"എന്താ സാര്‍ ഇത് ? ശേ - വേണ്ടായിരുന്നു" എസ്.ഐ യുടെ വാക്കുകള്‍ അയാളില്‍ കുറ്റബോധം നിറച്ചു - അയാളുടെ ശിരസു കുനിഞ്ഞു.

"പറ്റിപ്പോയെടോ - ഇനിയിപ്പോ താന്‍ എങ്ങനേലും ഒന്ന് സോള്‍വ് ചെയ്തു താ"

"ഓക്കേ, ഒരു കാര്യം ചെയ്യ്, ഞാന്‍ അവനെ വിളിച്ചു കൊണ്ട് വരാം, ഞാന്‍ കുറച്ചു പൈസ തരാം - സാര്‍ തന്നെ അവനു കൊടുത്തേര്"

എസ്.ഐ അകത്തു പോയി അയാളെ കൂട്ടിക്കൊണ്ടു വന്നു.

നടക്കാന്‍ അയാള്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

മുഖത്തു കരിവാളിച്ച പാടുകള്‍.

നീരുവന്നു വീര്‍ത്ത ചുണ്ടില്‍ രക്തം കട്ടപിടിച്ചു കിടന്നിരുന്നു.

ഓട്ടോക്കാരന്‍ അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

അയാള്‍ എസ്.ഐ ഏല്‍പ്പിച്ചിട്ട് പോയ ആയിരം രൂപ ഓട്ടോക്കാരന്‍റെ നേരെ നീട്ടി.

ഓട്ടോക്കാരന്‍ അത് വാങ്ങാതെ കൂപ്പിയ കൈകളോടെ അവ്യക്തമായി എന്തോ ഉച്ചരിച്ചു കൊണ്ട് വേച്ചു വേച്ച് പോലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങി നടന്നു നീങ്ങി.

അയാള്‍ പറഞ്ഞത് "നന്ദി" എന്നായിരുന്നു എന്ന് അയാള്‍ തിരിച്ചറിഞ്ഞു - ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ക്കുള്ള തീര്‍ത്താല്‍ തീരാത്ത നന്ദി !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top