Sunday, April 21, 2013

കഥ : ദക്ഷിണ

"താന്‍ വരുമെന്ന് തീരെ നിരീച്ചില്ല, എന്തായാലും വന്നുല്ലോ, സന്തോഷായി"

"അതെന്താ മാഷെ ?"

"അല്ല, അവാര്‍ഡൊക്കെ നേടി ലോകമറിയുന്ന പാട്ടുകാരന്‍ ആയിക്കഴിയുമ്പോള്‍ പലരും വന്ന വഴി മറക്കാറാ പതിവ്, പക്ഷെ താന്‍ ഓര്‍ത്തുല്ലോ"

അത്താഴവും , പ്രാതലും കഴിക്കാതെ, പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഒമ്പത് വയസ്സുകാരന്‍ ബാലനിലേക്ക് അയാളുടെ ഓര്‍മ്മകള്‍ പിന്നോട്ടോടിച്ചെന്നു നിന്നു.

"ഒരു തളിര്‍വെറ്റിലയും അടക്കയും, ഒരൊറ്റരൂപത്തുട്ടും പോലും ദക്ഷിണ വാങ്ങാതെ മാഷെന്നെ പഠിപ്പിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആരും ആകില്ലായിരുന്നു , ഞാന്‍ മാഷക്ക് എന്ത് ദക്ഷിണയാ തരിക, പറഞ്ഞോളൂ മാഷേ ?"

"ദക്ഷിണയോ , തനിക്കു നിര്‍ബന്ധാച്ചാ ഒരു കീര്‍ത്തനം അങ്ങ്ട് മൂളുക , അത് മതി എനിക്കുള്ള ദക്ഷിണ. മോളെ, മീരേ ആ ശ്രുതിപ്പെട്ടി എടുത്തോണ്ട് വരിക"

മീര ശ്രുതിയിട്ടു കൊണ്ടിരിക്കെ, അയാള്‍ എല്ലാം മറന്നു പാടി.

ഓര്‍മ്മകള്‍ അയാളെ പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ കൊണ്ടുപോയി.

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ശബ്ദമിടറി, എങ്കിലും അയാള്‍ പാടിമുഴുമിപ്പിച്ചു.

പാടിത്തീര്‍ന്നതും, അയാള്‍ മാഷിന്‍റെ കാല്‍ക്കലേക്ക് വീണു.

"ക്ഷമിക്കണം മാഷേ, ഞാന്‍ നന്നായി പാടിയില്ല..."

"നന്നായില്ലെന്നോ?
ആരാ പറഞ്ഞെ , വളരെ നന്നായി, മനസ്സുകൊണ്ടാ താന്‍ പാടിയെ.
ഇത്രയും കേമമായ ദക്ഷിണ വേറെ ആരില്‍ നിന്നും ഇതേവരെ എനിക്ക് കിട്ടിയിട്ടില്ല, നന്നായി വരും"

ഇരുകൈകളും അയാളുടെ ശിരസ്സിലമര്‍ത്തി കണ്ണടച്ചു മുഖമുയര്‍ത്തി മാഷ്‌ അയാളെ അനുഗ്രഹിച്ചു.

അപ്പോള്‍ മാഷിന്‍റെ കണ്ണുകളും ഈറനായത് പക്ഷെ, മീര മാത്രമേ കണ്ടുള്ളൂ !

അച്ഛനോടുള്ള താല്‍ക്കാലികമായ നീരസത്തോടെ, അന്നുരാത്രി കഞ്ഞിവക്കേണ്ട അരിയുടെ പാത്രം പോലെ ശൂന്യമായ മനസ്സുമായി, അവള്‍ അടുക്കളയിലേക്കു നടന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top