Tuesday, April 9, 2013

കഥ : പരസ്പരം

"അമ്മെ , വരൂ ഊണ് കഴിക്കാം"

അമല രണ്ടുമൂന്നു തവണ വിളിച്ചിട്ടും സുനന്ദ വിളി കേള്‍ക്കുകയോ ഡൈനിംഗ്റൂമിലേക്ക്‌ വരികയോ ഉണ്ടായില്ല. അനഘമോള്‍ അടുക്കളയില്‍ ഇരുന്നു ബില്‍ഡിംഗ്ബ്ലോക്സ് ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. അവള്‍ മോള്‍ടെ എടുത്തു അമ്മയുടെ മുറിയിലേക്ക് നടന്നു. ഇനി അസുഖം വല്ലതും ?

സുനന്ദ കട്ടിലില്‍ കണ്ണടച്ച് കിടക്കുന്നുണ്ട്. സാധാരണ വാശി പിടിക്കുമ്പോള്‍ ആണ് അമ്മ ഇങ്ങനെ പിണങ്ങി കിടക്കാറ്.

"അമ്മെ, ഊണ് കഴിക്കാന്‍ വരൂന്നേ - എത്ര നേരമായി വിളമ്പി വച്ചിട്ട്"

"എനിക്ക് വേണ്ട." അതുപറഞ്ഞു സുനന്ദ തിരിഞ്ഞു കിടന്നു.

അമല സുനന്ദക്കടുത്തു ചെന്ന് കട്ടിലില്‍ ഇരുന്നു പനിയുണ്ടോയെന്നറിയാന്‍ അവരുടെ നെറ്റിയില്‍ കൈത്തലം ചേര്‍ത്തു വച്ചപ്പോള്‍ സുനന്ദ അവളുടെ കൈത്തലം തട്ടി മാറ്റി.

"എന്നെ രോഗിയും, ഭ്രാന്തിയും ആക്കുമല്ലേ നീയും നിന്‍റെ കെട്ട്യോനും കൂടി?"

അമല ഞെട്ടി.

"എന്താമ്മേ , എന്താപ്പോ ഉണ്ടായേ?" മനസിലാകാതെ അമല ചോദിച്ചു.

സുനന്ദ മറുപടി പറയാതെ ആ കിടപ്പ് തുടര്‍ന്നതെയുള്ളൂ.

"ഓ, രാവിലെ ടാപ്പ് തുറന്നിട്ടതിനു രമേശേട്ടന്‍ വഴക്ക് പറഞ്ഞതിനാണോ? മൂപ്പരുടെ സ്വഭാവം അമ്മക്ക് അറിയില്ലേ ? എന്നെ എന്ത് മാത്രം വഴക്ക് പറയുന്നു ദിവസവും"

"പക്ഷെ എനിക്ക് നിന്‍റെ ഭര്‍ത്താവിന്‍റെ ആട്ടും തുപ്പും ഒന്ന് കേട്ട് ഇവിടെ കിടക്കേണ്ട കാര്യമില്ല. "

സുനന്ദയുടെ ശബ്ദത്തിലെ ദേഷ്യം അമലക്ക് മനസിലായി. അമ്മയുടെ സ്വഭാവം നന്നായി അറിയാവുന്നതിനാല്‍ ഈ അവസ്ഥയില്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാകുകയെ ഉള്ളൂ എന്നതിനാല്‍ അവള്‍ അമ്മയെ അവിടെ തനിയെ വിട്ടിട്ടു മോളെയും കൊണ്ട് പുറത്തേക്ക് പോയി. ഡൈനിംഗ് ടേബിളില്‍ വിളമ്പി വച്ചിരുന്ന ഊണ് അവള്‍ പാത്രം കൊണ്ട് മൂടി വച്ചു. അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം - അപ്പോഴേക്കും ദേഷ്യം മാറും. അവള്‍ മനസ്സില്‍ പറഞ്ഞു ചിരിച്ചു. ഇത്രേം ആയിട്ടും ചിലപ്പോഴൊക്കെ കൊച്ച്കുട്ടികളുടെ സ്വഭാവമാണ് അമ്മക്ക്.

"നിന്‍റെ അമ്മൂമ്മയെന്താടീ ഇങ്ങനെയായെ ?"

അനഘമോളുടെ കവിളില്‍ കളിയായി നുള്ളിക്കൊണ്ട് അത് ചോദിക്കുമ്പോള്‍ കാര്യം അറിയാതെ പല്ലില്ലാത്ത മോണ കാട്ടി അവളും ചിരിച്ചു.

"ഞാന്‍ വീട്ടിലേക്കു പോകുന്നു" പിന്നില്‍ സുനന്ദയുടെ ശബ്ദം കേട്ട് അമല തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ വേഷമൊക്കെ മാറി ബാഗെടുത്തു റെഡിയായി അടുക്കളവാതിലില്‍ വന്നു നില്‍ക്കുന്നു.

"അമ്മെ.... ! അമ്മക്കെന്താ വട്ടുണ്ടോ ?"

അതേടീ എനിക്ക് വട്ടുണ്ട്. വട്ടില്ലത്ത നീയും നിന്‍റെ കെട്ട്യോനും അച്ഛനും കൂടി ഇവിടെ പോറുത്തോ. എനിക്ക് എന്‍റെ വീടുണ്ട് , ഞാന്‍ പോകുവാ"

"അപ്പോള്‍ സന്ധ്യക്ക്‌ അച്ഛന്‍ വരുമ്പോഴോ ? അമ്മ അച്ഛനെ വിളിച്ചു പറഞ്ഞോ?"

"ആ - കൊച്ച് കുട്ടി ഒന്നും അല്ലല്ലോ , ഇവിടെ വരുമ്പോ നീ പറഞ്ഞാ മതി"

അനഘമോള്‍ക്ക് ഒരു ഉമ്മ പോലും കൊടുക്കാതെ സുനന്ദ പടിയിറങ്ങി പോകുന്നത് നിര്‍ന്നിമേഷയായി അമല നോക്കി നിന്നു.

വീട്ടില്‍ നിന്ന് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്കു ഏകദേശം നാല് കിലോമീറ്ററെ ഉള്ളൂ. കുണ്ടും കുഴികളും താണ്ടി ഓട്ടോറിക്ഷക്കാരന്‍ ബസ്സ്റ്റാന്‍ഡില്‍ ഇറക്കി വിടുമ്പോള്‍ സമയം രണ്ടര ആയിരുന്നു. ബസ്സ്റ്റാന്‍ഡില്‍ പുറപ്പെടാന്‍ തയ്യാറായി ഒരു തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് കിടക്കുന്നുണ്ട്. ബസില്‍ കയറും മുന്‍പേ ആള്‍ക്കൂട്ടത്തില്‍ നിന്ന് നീങ്ങിനിന്നു സുനന്ദ അരുണിനെ വിളിച്ചു.

"എടാ, ഞാന്‍ രണ്ടു മണിക്കൂറില്‍ ഏറണാകുളത്ത് എത്തും. നിന്നെ എവിടെ വച്ചു കാണും?"

"ശരി, എങ്കില്‍ ഞാന്‍ കച്ചേരിപ്പടിയില്‍ ഇറങ്ങാം. അവിടന്ന് നമുക്കൊരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോകാം. അപ്പൊ നീ കച്ചേരിപ്പടിയില്‍ നിന്നോളൂട്ടോ" ഫോണ കട്ട്‌ ചെയ്തു സുനന്ദ ബസില്‍ കയറി. ഉച്ചതിരിഞ്ഞതെ ഉള്ളൂ എന്നതിനാല്‍ ബസില്‍ ഭൂരിഭാഗം സീറ്റുകളും കാലിയായിരുന്നു. സുനന്ദ പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു.

യാദൃശ്ചികമായ് വന്ന ഒരു മിസ്ഡ് കോളില്‍ പരിചയപ്പെട്ടതാണ് അരുണിനെ.താന്‍ തന്നെയാണ് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം കോളേജില്‍ കൂടെ പഠിച്ച സതിയുടെ നമ്പര്‍ മാറി അവനെ വിളിച്ചത്. അങ്ങേത്തലക്കല്‍ ഒരു യുവാവിന്റെ ശബ്ദം കേട്ടപ്പോള്‍ ആദ്യം കരുതിയത്‌ സതിയുടെ മകന്‍ പ്രശാന്ത് ആയിരിക്കും എന്നാണു. "അമ്മയെന്ത്യെ, സുനന്ദആന്‍റിയാണ് മോനെ," എന്നൊക്കെ സംസാരം പുരോഗമിക്കുമ്പോള്‍ ആണ് അങ്ങെത്തലക്കലെ യുവാവ് "താന്‍ പ്രശാന്ത്‌ അല്ല - അരുണ്‍ ആണ്, ചേച്ചി ആരെയാ വിളിച്ചേ എന്ന് ചോദിച്ചത്. പെട്ടെന്ന് തന്നെ സുനന്ദ വേവലാതിയോടെ കോള്‍ കട്ട്‌ ചെയ്തു.

അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ താന്‍ ചെയ്തത് ശരിയായില്ലെന്ന് തോന്നല്‍ അവര്‍ക്കുണ്ടായി - അവര്‍ ഒരിക്കല്‍ കൂടി ആ നമ്പറിലേക്ക് വിളിച്ചു.

"ഹലോ, അരുണ്‍ എന്നല്ലേ പേര് പറഞ്ഞത് , സോറി കേട്ടോ, എനിക്ക് നമ്പര്‍ മാറി പോയതാ"

"അത് സാരമില്ല ചേച്ചി. ഇതുപോലെ പലരും വിളിക്കാറുണ്ട്."

അരുണിന്‍റെ മാന്യമായ സംസാരശൈലിയും ശബ്ദത്തിലെ ആകര്‍ഷണീയതയും മൂലം സുനന്ദ കൌതുകത്തിന് അവനെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചു. പേര് അരുണ്‍, കോഴിക്കോടാണ് വീട്. എം.ബി.എ കഴിഞ്ഞ് ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ്റ് മാനേജര്‍ ആയി ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ടില്ല.

അവനും സുനന്ദയുടെ വിവരങ്ങള്‍ തിരക്കി. ഭര്‍ത്താവ് രാമചന്ദ്രന്‍ ഏറണാകുളത്ത് ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ അമലയെ ആലപ്പുഴയില്‍ കല്യാണം ചെയ്തു കൊടുത്തിരിക്കുന്നു. ഇളയ മകന്‍ വിവേക് ഗള്‍ഫിലാണ്.

പിറ്റേന്ന് അരുണിന്‍റെ ഒരു ഗുഡ് മോര്‍ണിംഗ് സന്ദേശം സുനന്ദയുടെ മൊബൈലിലേക്ക് വന്നു. അസ്വാഭാവികമായി ഒന്നും കാണാത്തതിനാല്‍ അവരും ഒരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു. അന്ന് ഉച്ചക്ക് ശേഷം അരുണ്‍ മൊബൈലിലേക്ക് വിളിച്ചു, അവര്‍ കുറെ നേരം സംസാരിച്ചു. അങ്ങനെ അതൊരു ബന്ധത്തിലേക്ക് വളരുകയായിരുന്നു.

"ടിക്കറ്റ്" കണ്ടക്ടറുടെ ശബ്ദം സുനന്ദയെ ചിന്തകളുടെ ലോകത്ത് നിന്ന് ഉണര്‍ത്തി.

"ഒരു എറണാകുളം" സുനന്ദ നൂറു രൂപ നോട്ടു നീട്ടി. കണ്ടക്റ്റര്‍ ടിക്കറ്റും ബാക്കി പണവും നല്‍കിയപ്പോള്‍ അവര്‍ അത് ഭദ്രമായി ഹാന്‍ഡ് ബാഗില്‍ വച്ചു.

ഇന്ന് പതിനൊന്നു മണിയോടെ വന്ന അരുണിന്‍റെ ഒരു ഫോണ്‍ വിളിയാണ് കാര്യങ്ങള്‍ മാറ്റി മറിച്ചതെന്ന് അമലക്ക് അറിയില്ലല്ലോ. അരുണ്‍ യാദൃശ്ചികമായി ഇന്ന് ഏറണാകുളത്ത് വരുന്നുണ്ട്. അവന്‍ സുനന്ദയെ കാണാന്‍ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരാഴ്ച മകളുടെ കൂടെ താമസിക്കാന്‍ വേണ്ടി രണ്ടു ദിവസം മുന്നേ ആലപ്പുഴയില്‍ എത്തിയതായിരുന്നു സുനന്ദ. ഇന്ന് സന്ധ്യക്ക് ജോലികഴിഞ്ഞ് രാമചന്ദ്രന്‍ നേരെ മകളുടെ വീട്ടിലേക്കു വരും. അരുണ്‍ ഏറണാകുളത്ത് വരുമ്പോള്‍ തനിക്കു കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് സുനന്ദയായിരുന്നു. എന്തെങ്കിലും കാരണം പറഞ്ഞു മകളുടെ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഇന്ന് രാത്രി അരുണുമായി തന്‍റെ വീട്ടില്‍ ചെലവഴിക്കാം. അതുകൊണ്ടാണ് നിസ്സാരകാര്യത്തെ കുത്തിപ്പൊക്കി അങ്ങനെ ഒരു രംഗം സൃഷ്ടിച്ചു സുനന്ദ ഇറങ്ങിപ്പോന്നത്. പണ്ട് മുതലേ മുന്‍ശുണ്ടി സുനന്ദയുടെ സ്വഭാവം ആയതിനാല്‍ ആരും സംശയിക്കില്ല. ഇന്നിനി രാമചന്ദ്രന്‍ രാത്രി ആലപ്പുഴയില്‍ നിന്ന് ഏറണാകുളത്തേക്ക് വരികയും ഇല്ല.

എറണാകുളം സ്റ്റാന്‍ഡില്‍ ബസ് എത്തുമ്പോള്‍ നാല് മണി ആയിരുന്നു. സുനന്ദ കച്ചേരിപ്പടിയിലേക്ക് ഒരു ഓട്ടോറിക്ഷ പിടിച്ചു. വിളിച്ചു പറഞ്ഞതനുസരിച്ച് ഓട്ടോറിക്ഷ കച്ചേരിപ്പടിയില്‍ ബസ്സ്റ്റോപ്പിനു അല്‍പ്പം മുന്നേ ആയി നിര്‍ത്തിയിട്ടപ്പോള്‍ ചുമലില്‍ ഒരു ഷോള്‍ഡര്‍ ബാഗ് തൂക്കിയ വെളുത്തു സുന്ദരനായ ഒരു ചെറുപ്പകാരന്‍ ഓട്ടോറിക്ഷക്കടുത്തെത്തി. അകത്തേക്ക് നോക്കി സുനന്ദ ചേച്ചി എന്ന് ചോദിച്ച് അവന്‍ ചിരിച്ചപ്പോള്‍ പെട്ടെന്ന് സുനന്ദയില്‍ ഉണ്ടായ വികാരം ലജ്ജയായിരുന്നു.

"കയറൂ അരുണ്‍" എന്ന് പറഞ്ഞു സുനന്ദ അരുണിനെ സ്പര്‍ശിക്കാത്ത വിധത്തില്‍ നീങ്ങിയിരുന്നു. ഓട്ടോ ഓടിത്തുടങ്ങി. സുനന്ദ ഓട്ടോഡ്രൈവര്‍ക്ക് വഴി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. അവര്‍ ഇരുവരും ഒന്നും സംസാരിച്ചില്ല - ഇടയ്ക്കിടെ പരസ്പരം നോക്കി പുഞ്ചിരിച്ചു.

സുനന്ദയുടെ ഫ്ലാറ്റിനു മുന്നില്‍ ഓട്ടോ നിര്‍ത്തി. അവരിരുവരും ഇറങ്ങി. ഓട്ടോക്കാരന് അരുണ്‍ പണം കൊടുത്തു. ഫ്ലാറ്റിന്‍റെ ഗെറ്റ് കടക്കുമ്പോള്‍ നേപ്പാളി സെക്യൂരിറ്റി സുനന്ദയെ നോക്കി സലാം പറഞ്ഞു. അവരും പരിഭ്രമത്തില്‍ പൊതിഞ്ഞ ഒരു ചിരി കൈമാറി - അയാളുടെ നോട്ടത്തില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായ എന്തോ ഒന്നുണ്ടായിരുന്നോ ? സുനന്ദയില്‍ അങ്ങനെ ഒരു തോന്നല്‍ ഉണ്ടായപ്പോഴേക്കും അരുണിന്‍റെ സംസാരം അവരുടെ ചിന്തകളെ മായ്ച്ചു കളഞ്ഞു.

അകത്തു കയറി കതകടച്ചു തിരിയുമ്പോള്‍ അരുണ്‍ ആകസ്മികമായി സുനന്ദയെ പിന്നില്‍ നിന്ന് ചേര്‍ത്തു കെട്ടിപിടിച്ചു. ഒരു നിമിഷം സുനന്ദ സ്തബ്ധയായി. അവര്‍ക്കവനെ തടയാന്‍ തോന്നിയില്ല. പിന്നെ അവന്‍ സുനന്ദയെ തനിക്കു അഭിമുഖമായി തിരിച്ചു നിര്‍ത്തി. അവരുടെ നെറ്റിയിലും കവിളിലും ചുണ്ടുകളിലും ഒക്കെ ആര്‍ത്തിയോടെ അരുണിന്‍റെ ചുണ്ടുകള്‍ പരതി നടന്നപ്പോള്‍ സുനന്ദയിലും വികാരം ഉണര്‍ന്നു തുടങ്ങിയിരുന്നു. ഒടുവില്‍ നീണ്ട വര്‍ഷങ്ങള്‍ളുടെ ഇടവേളയില്‍ താന്‍ ഒരു പുരുഷന്‍റെ വികാരതോടെയുള്ള സ്പര്‍ശനം അറിയുന്നു. അരുണ്‍ സുനന്ദയെ വട്ടം പൊക്കിയെടുത്തു.

"എവിടെ ബെഡ് റൂം ?" അവന്‍റെ നേര്‍ത്ത ശബ്ദത്തിലെ അടക്കാനാവാത്ത കത്തുന്ന കാമം അവളെ ഉന്മത്തയാക്കി.

സുനന്ദ ബെഡ് റൂം ചൂണ്ടിക്കാണിച്ചു. അരുണ്‍ പിന്‍ഭാഗം ഉപയോഗിച്ച് ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തുകടക്കുമ്പോള്‍ അരണ്ടവെളിച്ചമുള്ള മുറിയിലെ കിടക്കയില്‍ നിന്ന് പൊടുന്നനെ ആരോ ചാടിയെഴുന്നേറ്റു. അരുണ്‍ സുനന്ദയെ താഴെ നിര്‍ത്തി. സുനന്ദ പരിഭ്രമത്തോടെ മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്തു. കട്ടിലില്‍ വിയര്‍പ്പില്‍ കുളിച്ചു നഗ്നരായി രാമചന്ദ്രനും, വീട്ടില്‍ പകല്‍ ജോലിക്ക് വരുന്ന സരോജയും.

നാലുപേരും നിശബ്ദരായി കുറ്റബോധം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഏതാനും നിമിഷങ്ങള്‍ നിന്നു.പിന്നെ സുനന്ദ കതകു ചാരി മെല്ലെ മുറിക്കു പുറത്തേക്കിറങ്ങി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top