Tuesday, April 23, 2013

കഥ : മാധവന്‍റെ മിക്സി

പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കഥയാണ്‌.

തുന്നല്‍ക്കാരന്‍ മാധവന്‍റെ പറമ്പില്‍ ഒരു വലിയ കൈതച്ചക്ക ഉണ്ടായി.

നന്നായി മൂത്ത് പഴുത്തപ്പോള്‍ മാധവന്‍ അത് പറിച്ചെടുത്തു. നല്ലലക്ഷണമൊത്ത കൈതച്ചക്ക കണ്ടപ്പോള്‍ മാധവന്‍റെ ഭാര്യ നാണിക്കു ഒരു പൂതി തോന്നി.

"ചേട്ടാ , അപ്പുറത്തെ സൈനബാത്താത്താന്‍റെ വീട്ടില്‍ പുതിയ മിക്സി വാങ്ങിയിരിക്കണ് - ഇങ്ങളിത് അവടെ കൊണ്ടോയി ജൂസടിച്ചൂണ്ട് വാ - നല്ല രസോരിക്കൂന്ന്‍ ?"

കേട്ടപ്പോള്‍ മാധവനും തരക്കേടില്ലെന്ന് തോന്നി.

മാധവന്‍ നേരെ സൈനബാത്തത്താടെ വീട്ടിലെത്തി.

"സൈനബാത്തത്താ - ഇങ്ങള് പുതിയ മിക്സി വാങ്ങീന്ന് നാണി പറഞ്ഞിരിക്കണ് - അയില് ഈ കൈതച്ചക്ക ഒന്ന് ജൂസടിച്ചു താന്ന്"

സൈനബത്താത്ത ആകെ ചിന്താക്കുഴപ്പത്തിലായി. പുതിയ മിക്സിയാണ് - അതില് ആദ്യം ഇവന്‍റെ കൈതച്ചക്ക ജൂസടിക്കാനോ - നമ്മള് തന്നെ അതില് ഇതേവരെ നല്ലൊരു ജൂസടിച്ചു കുടിച്ചിട്ടില്ല - അപ്പഴാ.

"അതെ മാധവാ - ഒന്നും വിചാരിക്കല്ലേട്ടാ - ആ മിക്സിക്ക് ചെറ്യോരു കൊയപ്പം പറ്റീരിക്കണ് - ബീരാന്‍ക്ക ദിപ്പോ ടൌണ്‍ല്ക്ക് നന്നാക്കാന്‍ കൊണ്ടോയെ ള്ളൂ ‍"

മാധവന് ദേഷ്യം വന്നു.

"ന്നാ ഇങ്ങടെ മിക്സി ഇല്ലാണ്ട് ജൂസടിക്കാന്‍ പറ്റ്വോന്നു ഒന്നറിയണോല്ലോ - ഇങ്ങക്കീ മിക്സിയൊക്കെ എന്നാ ഒണ്ടായെന്നു നമ്മക്കറിയാം"

ദേഷ്യത്തോടെ വീട്ടിലെത്തിയ മാധവന്‍ ആര്‍ക്കോ ഷര്‍ട്ട് തുന്നിയതിന്‍റെ ബാക്കിവന്ന കുറെ പച്ചനിറത്തിലുള്ള കോട്ടണ്‍ വെട്ടുകഷണങ്ങള്‍ തുന്നിച്ചെര്‍ത്ത്‌ ഒരു സഞ്ചിയുണ്ടാക്കി. എന്നിട്ട് കൈതച്ചക്ക തൊലിചെത്തി ചെറിയ കഷണങ്ങളായി മുറിച്ച് സൈനബാത്താത്താടെ വീട്ടിലെത്തി.

"സൈനബാത്താത്താ, ഇങ്ങള് വേണേ വന്നു കണ്ടോളീ, മിക്സിയില്ലാണ്ട് ജൂസടിക്കണ സൂത്രം"

മാധവന്‍ ആ കഷണങ്ങള്‍ ഒക്കെ ആ സഞ്ചിയിലാക്കി.

നാണി സഞ്ചിക്ക് താഴെ വീട്ടിലുള്ളതില്‍ വച്ചു ഏറ്റവും നല്ല ചില്ലുഗ്ലാസ് ഒരെണ്ണം എടുത്തു കൊണ്ടുവന്നു കറവക്കാരന്‍ അകിടിന്‍റെ ചുവട്ടില്‍ പാത്രം പിടിച്ചിരിക്കുന്നത്‌ പോലെ ജൂസ് വരുന്നതും നോക്കിയിരിപ്പായി.

മാധവന്‍ സഞ്ചി കൂട്ടിപ്പിഴിഞ്ഞപ്പോള്‍ പുതിയ കോട്ടണ്‍ തുണിയിലെ പച്ചനിറം ഇളകി നല്ല കടുംപച്ച നിറത്തില്‍ പൈനാപ്പിള്‍ ജൂസ് ഗ്ലാസില്‍ നിറഞ്ഞു. കാഴ്ച കാണാന്‍ കൂടിയവര്‍ക്കൊക്കെ ചിരി അടക്കാന്‍ പറ്റിയില്ല. മാധവനും നാണിക്കും പറ്റിയ അമളി മനസിലായി.

അപ്പോഴാണ്‌ സൈനബാത്തതാടെ കെട്ട്യോന്‍ ബീരാനിക്ക ചന്തേന്നു വരുന്നത്.

"ഇതെന്തൂട്ടാ മാധവോയ്, പച്ച ജൂസാ. വല്ല ലീഗാപ്പീസിന്‍റെ മുന്നിലും ചെന്ന് വിറ്റാ നല്ല കച്ചോടം നടക്കൂട്ടാഡാ"

മാധവനും നാണിക്കും പിന്നെ ഒരിക്കലും ജ്യൂസ് കുടിക്കാന്‍ പൂതി തോന്നിയിട്ടില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top