Saturday, April 20, 2013

കഥ : എന്‍റെ തീവ്രവികാരാനുഭവങ്ങള്‍

2008 ഡിസംബര്‍ 31 ലെ ഒരു നാലുമണി.

എന്‍റെ നാട്ടുകാരനായ വീടിനടുത്തുള്ള സക്കീറിന്‍റെ ഹോട്ടലിലെ പാചകക്കാരനായ രാമചന്ദ്രനെയും ബൈക്കിനു പിന്നില്‍ ഇരുത്തി ഞാന്‍ വടുതലയില്‍ ഉള്ള ടോണിയെട്ടന്‍റെ വീട്ടിലേക്കു പോകുകയായിരുന്നു. അന്ന് രാത്രി ടോണിയെട്ടന്‍ താമസിക്കുന്ന റെസിഡന്‍സ് അസോസിയേഷന്‍റെ വാര്‍ഷികം കൂടിയാണ്, പരിപാടിക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ആയിരുന്നു എന്‍റെ വീടിനടുത്ത ഹോട്ടലില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രനെ കൊണ്ട് പോയത്.

വടുതല പാലം എത്തും മുന്‍പേ എന്‍റെ വലതു വശത്തുള്ള ഇടവഴിയില്‍ നിന്ന് റോഡിലേക്ക് കയറി വന്ന, മൊബൈലില്‍ കളിച്ചു കൊണ്ടിരുന്ന ഓട്ടോ ഡ്രൈവര്‍ ഓടിച്ച ഓട്ടോറിക്ഷ ,പിന്നിലിരിക്കുന്ന രാമചന്ദ്രന്‍റെ കാല്‍മുട്ടില്‍ ഇടിക്കുകയും തല്‍ഫലമായി ബൈക്ക് തൊട്ടു മുന്നില്‍ എനിക്കഭിമുഖമായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയില്‍ ഇടിക്ച്ചു ഞങ്ങള്‍ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

തലയടിച്ചു വീണെങ്കിലും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നതിനാല്‍ എന്‍റെ തലക്കൊന്നും സംഭവിച്ചില്ല – പക്ഷെ എന്‍റെ ഇടതു കൈ ബൈക്കിന്‍റെ ഹാന്‍ഡില്‍ ഉള്‍പ്പെടെ ഓട്ടോയില്‍ ചെന്നിടിച്ചതിനാല്‍ കൈപ്പത്തി ആകെ ചുരുണ്ട് പോയിരുന്നു. ആളുകള്‍ ഓടിക്കൂടി. ഞാന്‍ വേഗം പോക്കറ്റില്‍ നിന്ന് തെറിച്ചു വീണ മൊബൈല്‍ ഫോണ്‍ റോഡില്‍ നിന്ന് പെറുക്കിയെടുത്തു. വേഗം ടോണിയെട്ടനെ വിളിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ടോണിയെട്ടനും ഉറ്റ സുഹൃത്ത്‌ സുധീറും പാഞ്ഞെത്തി.

അതുവഴി വന്ന ഒരു ഓട്ടോ രക്ഷയില്‍ കയറ്റി എന്നെ ടോണിയെട്ടന്‍ തൊട്ടടുത്തുള്ള ലൂര്‍ദ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. തനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നു പറഞ്ഞതിനാല്‍ രാമചന്ദ്രനെ സുധീര്‍ ഭായി കൂട്ടിക്കൊണ്ടു പോകുകയും ബൈക്കിന്‍റെ കാര്യങ്ങള്‍ നോക്കിക്കൊള്ളാം എന്നേല്‍ക്കുകയും ചെയ്തു. പോകുന്ന പോക്കില്‍ ഓട്ടോറിക്ഷയില്‍ ഇരുന്നു ഞാന്‍ സുധീറിനെ വിളിച്ചു പ്രത്യേകം പറഞ്ഞു “ഓട്ടോറിക്ഷയുടെ നമ്പറും മറ്റു വിവരങ്ങളും എഴുതി എടുത്തെക്കണേ”

ലൂര്‍ദ് ഹോസ്പിറ്റലില്‍ എത്തി കാഷ്വാലിറ്റിയില്‍ കാണിച്ചപ്പോള്‍ ഉടനെ എക്സ്റെ എടുക്കാന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പൈസ ഒക്കെ അടച്ചു എക്സ്റെ എടുത്തു. റിസള്‍ട്ട് നോക്കിയപ്പോള്‍ ഒന്നും അതില്‍ ഏതാനും എല്ലുകള്‍ അവ്യക്തമായി കാണാം എന്നല്ലാതെ നേരെ ചൊവ്വേ ഒന്നും കണ്ടൂടാ.അതുമായി ഡ്യൂട്ടി ഡോക്ടറെ കാണാന്‍ പോയി. എക്സ്റെ നോക്കി അദ്ദേഹം പറഞ്ഞു.

“ഇന്നും നാളെയും ഡോക്ടര്‍മാര്‍ എല്ലാം അവധിയില്‍ ആണ്, അത് കൊണ്ട് ഒന്നും ചെയ്യാന്‍ നിര്‍വ്വാഹമില്ല. കൈക്ക് ഓപ്പറേഷന്‍ ചെയ്യേണ്ടതുണ്ട്. തല്ക്കാലം ബാന്റെജ്‌ ഇട്ടു വിടാം. മറ്റന്നാള്‍ വന്നു അഡ്മിറ്റ്‌ ആകൂ”

ഞങ്ങള്‍ സമ്മതിച്ചു. ടോണിയെട്ടന്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി ആക്കി.

സംഭവം അറിഞ്ഞു എന്‍റെ ബിസിനസ് പാര്‍ട്ട്നര്‍ ആയിരുന്ന ടോബി മൊബൈലില്‍ വിളിച്ചു. സംഭവങ്ങള്‍ എല്ലാം കേട്ടശേഷം ടോബി പറഞ്ഞു.

“എടാ, എന്‍റെ കൂടെ കോളേജില്‍ ഒരുമിച്ചു പഠിച്ച ഡോകടര്‍ തോമസ്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഓര്‍ത്തോ സ്പെഷ്യലിസ്റ്റ് ആണ്. അവന്‍ കളമശേരിയില്‍ ആണ് താമസം. ആശുപത്രില്‍ പോയില്ലെങ്കിലും അവന്‍ വീട്ടില്‍ കാണും. നമുക്ക് നാളെ രാവിലെ അവനെ വീട്ടില്‍ പോയി കാണാം”

പിറ്റേന്ന് രാവിലെ ടോബി വന്നെന്നെ ഡോക്ടര്‍ തോമസിന്‍റെ വീട്ടില്‍ കൊണ്ട് പോയി. എക്സ്റേ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു ” ഈ കൈ ഒരിക്കലും പഴയത് പോലെ ആവില്ല – കൈപ്പത്തിയില്‍ മൂന്നു എല്ലിനു മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ സംഭവിച്ചിരിക്കുന്നു”

എന്‍റെ ഉള്ളൊന്നു കാളി. എന്‍റെ മുഖഭാവം കണ്ടിട്ടോ എന്തോ അദ്ദേഹം തുടര്‍ന്നു “എന്നാലും നമുക്ക് ശ്രമിക്കാം – ഡോണ്ട് വറി. നാളെ രാവിലെ തന്നെ മെഡിക്കല്‍ ട്രസ്റ്റില്‍ വന്നു അഡ്മിറ്റ്‌ ആകൂ. എന്‍റെ പേര് പറയാന്‍ മറക്കരുത്”

പിറ്റേന്ന് ഞാനും ടോണിയെട്ടനും കൂടി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പോയി. ആക്സിഡന്‍റ് കേസ് ആയതിനാല്‍ ഇടിച്ച വണ്ടിയുടെ നമ്പര്‍ ഒക്കെ സുധീര്‍ എഴുതി തന്നതനുസരിച്ച് ആശുപത്രിയില്‍ കൊടുത്തു. മെഡിക്കല്‍ ട്രസ്റ്റില്‍ എല്ലാ റൂമുകളും ഫുള്‍ ആയിരുന്നതിനാല്‍ ബെഡ് ഒഴിയും വരെ തല്ക്കാലം വരാന്തയില്‍ ഇട്ടിരുന്ന ഒരു കട്ടില്‍ ആണ് എനിക്ക് കിട്ടിയത്. അവിടെ വീണ്ടും എക്സ്റേ എടുക്കല്‍ ഒക്കെ കഴിഞ്ഞപ്പോള്‍ വൈകുന്നേരം ആയി.

“ഇന്നിനി ഒപ്പറെഷന്‍ ചെയ്യാന്‍ സാധ്യതയില്ല – ഡോക്ടര്‍ക്ക് പോകാന്‍ സമയം ആയി” സിസ്റ്റര്‍ വന്നു പറഞ്ഞു.

സന്ധ്യയായപ്പോള്‍ കൊച്ചിയിലെ കൊതുകുകള്‍ ഡ്യൂട്ടിക്കെത്തിത്തുടങ്ങി. എന്‍റെ ദുരവസ്ഥ കണ്ടു ടോണിയെട്ടന്‍ പോയി കൊതുകുതിരിയൊക്കെ വാങ്ങി വന്നു. കൊച്ചിയിലെ കൊതുകുകളോടാ ടോണിയെട്ടന്‍റെ ഒരു കൊതുകുതിരി ? ഞാന്‍ അങ്ങനെ ചൂടും, വേദനയും, കൊതുകുകടിയും ഒക്കെ സഹിച്ചു കിടക്കുമ്പോള്‍ രാത്രി ഒമ്പതുമണിയോടുപ്പിച്ചു പെട്ടെന്ന് നേര്‍സ് വന്നു പറഞ്ഞു “ഇത് അവസാനത്തെ കേസ് ആയി ഇപ്പോള്‍ തന്നെ ഓപ്പറേഷന്‍ ചെയ്യാമെന്ന് ഡോക്ടര്‍ തോമസ്‌ സമ്മതിച്ചിട്ടുണ്ട് – പേഷ്യന്‍റ് വേഗം റെഡിയായിക്കൊള്ളൂ”

എന്നെ വീല്‍ചെയറില്‍ ഇരുത്തി ഓപ്പറേഷന്‍ തീയെറ്ററിലേക്ക് കൊണ്ട് പോയി. എന്‍റെ ശരീരത്തില്‍ നിന്ന് വസ്ത്രങ്ങള്‍ എല്ലാം ഊരി മാറ്റി ഒരു ഒഴുക്കന്‍ പച്ച ഗൌണ്‍ ധരിപ്പിച്ചു. ഊഴം കാത്തു ഓപ്പറേഷന്‍ തീയറ്ററിനു മുന്നില്‍ കിടക്കുന്ന അനുഭവം പേടിപ്പെടുത്തുന്നതാണ് , ഒരുമാതിരി , ശിക്ഷനടപ്പാക്കുന്ന ഊഴം കാത്തു നില്‍ക്കുന്ന തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട തടവുപുള്ളിയുടെ മാനസികാവസ്ഥയുടെ ഒരു ചെറിയ പരിേഛദം !

അങ്ങനെ ഉദ്വേഗം മനസ്സില്‍ പെരുമ്പറ മുഴക്കിയ ഏകദേശം അരമണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ എന്നെ ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചു. മുകളില്‍ ശക്തമായ ലൈറ്റ്, കുറെ വട്ടത്തിലുള്ള കണ്ണാടികള്‍ എന്നിവ ഉളള ഒരു ടേബിളില്‍ എന്നെ എടുത്തു കിടത്തി. എന്‍റെ ഇടതും, വലതും കൈകള്‍ കുരിശില്‍ തറച്ച യേശുവിനെ പോലെ തിരശ്ചീനമായി എന്തിലോ ചേര്‍ത്തു ബന്ധിച്ചു. എന്‍റെ നല്ല ജീവന്‍ പോയി. പിന്നെ ഡോകടര്‍ തോമസ്‌ മാസ്ക് താഴ്ത്തി എന്‍റെ അടുത്ത് വന്നു ചോദിച്ചു.
“ടോബിയുടെ ഫ്രണ്ട് അല്ലെ”

“അതെ” ഞാന്‍ പറഞ്ഞു.

“പേടിയുണ്ടോ”

“ഇല്ല” പേടിച്ചു വിറച്ചു കൊണ്ട് എന്‍റെ മറുപടി കേട്ടപ്പോള്‍ ഡോക്ടറുടെ മുഖത്ത് ഒരു കുസൃതിച്ചിരി തെളിഞ്ഞോ ?

മറ്റൊരു പച്ച വസ്ത്രധാരിയായ മുഖംമൂടി എന്‍റെ വലത് കൈയില്‍ നീളമുള്ള ഒരു സൂചി കുത്തിക്കയറ്റി തൊട്ടടുത്ത്‌ സ്റ്റാന്‍ഡില്‍ തൂക്കിയിരുന്ന ഡ്രിപ്പുമായി ബന്ധിപ്പിച്ചു. ഇടതു കൈയില്‍ എന്തോ മരുന്ന് പുരട്ടുന്ന തണുപ്പ് അനുഭവപ്പെട്ടു. പിന്നെ ഒരു ചെറിയ സൂചി കയറുന്ന നേര്‍ത്ത വേദനയും.

“ഡോക്ടര്‍” ഞാന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ വിളിച്ചു.

“എന്തെ?”

“ഡോക്ടര്‍ , ബോധം കെടുത്തി ചെയ്താല്‍ പോരെ”

“ഇത് തീരെ ചെറിയ സര്‍ജറി അല്ലെ, ബോധം കേടുത്തേണ്ട ആവശ്യം ഒന്നും ഇല്ല. തനിക്കു പേടിയുണ്ടോ? ലോക്കല്‍ അനസ്തേഷ്യ തന്നാല്‍ പിന്നെ വേദന ഒട്ടും അറിയില്ല”

എനിക്ക് അല്‍പ്പം ആശ്വാസം തോന്നി. മെല്ലെ മെല്ലെ എന്‍റെ ഇടതു കൈയിലേക്ക്‌ ഒരു മരവിപ്പ് ബാധിച്ചു തുടങ്ങി. ഇടതു കൈ എന്നൊരു അവയവം ശരീരത്തില്‍ ഇല്ലെന്നു ഒരു തോന്നല്‍ !

നടു കീറിയ ഒരു പച്ചത്തുണി കൊണ്ട് അവര്‍ എന്‍റെ ഇടതു കൈ മൂടി.

“പേരെന്താന്നാ പറഞ്ഞെ?” ഡോക്ടര്‍ തോമസ് വീണ്ടും എന്‍റെ അടുത്തേക്ക് വന്നു.

“ഷിഹാബ്”

“ആ ഷിഹാബ്, ഇങ്ങോട്ട് നോക്കണ്ട കേട്ടോ, അപ്പുറത്തേക്ക് നോക്കി കിടന്നോളൂ” ഞാന്‍ മറുവശത്തേക്ക് തല തിരിച്ചു.

എന്‍റെ ഇടതു കൈപ്പത്തിക്ക് മുകളിലൂടെ മൂര്‍ച്ചയുള്ള എന്തോ ആഴത്തില്‍ കടന്നു പോകുന്നത് പോലെ തോന്നി – കൈപ്പത്തിയുടെ മുകള്‍ ഭാഗം കത്തിഉപയോഗിച്ച് കീറിയതാണ് – കീറുന്ന സമയത്ത് വളരെ നേരിയ ഒരു വേദന മാത്രം ! , എനിക്ക് ആശ്വാസം തോന്നി. എന്നാല്‍ വരാനിരിക്കുന്ന വെടിക്കെട്ടിന് മുന്‍പുള്ള സാമ്പിള്‍ മാത്രമായിരുന്നു അതെന്നു ഞാന്‍ അറിഞ്ഞില്ല !

ഒരു ഡ്രില്ലിംഗ് മഷീന്‍റെ മൂളല്‍ കേട്ടു ഞാന്‍ അറിയാതെ ഞെട്ടി. പെട്ടെന്ന് എന്‍റെ തലച്ചോറിലേക്ക് മിന്നല്‍പ്പിണര്‍ പോലെ ശക്തമായ ഒരു വൈദ്യുതപ്രവാഹം പോലെ എന്തോ ഒന്ന് കടന്നു പോയി – ഞാന്‍ അറിയാതെ നിലവിളിച്ചു പോയി. കണ്ണുകള്‍ക്ക്‌ മുന്നില്‍ എണ്ണമില്ലാത്ത നക്ഷത്രങ്ങള്‍ കിടന്നു വട്ടം കറങ്ങി. ഞാന്‍ കണ്ണുകള്‍ ബലമായി ഇറുക്കിയടച്ചു- പല്ലുകള്‍ കൂട്ടിഞെരിച്ചു. അസഹയനീയമായ വേദന – എന്‍റെ ജീവിതത്തില്‍ അതുവരെ അനുഭവിച്ച എല്ലാ വേദനകളും കൂടി ചേര്‍ത്തു വച്ചാല്‍ അപ്പോള്‍ ഞാന്‍ അനുഭവിച്ചതിന്‍റെ അര ശതമാനം പോലും വരില്ലെന്ന് തോന്നി ! എനിക്ക് മരിച്ചു പോയാല്‍ മതിയെന്ന് വരെ തോന്നിപ്പോയി. ഡോക്ടറെ വിളിച്ചു നിര്‍ത്താന്‍ പറയാന്‍ പലതവണ ആലോചിച്ചു – പിന്നെ അതിലെ ഭീരുത്വം മനസ്സിലാക്കി മനസ്സില്‍ ഒരു തീരുമാനം എടുത്തു , എന്ത് തന്നെയായാലും സഹിക്കുക.

ആദ്യം കടന്നു വന്നത് ദൈവചിന്ത തന്നെയായിരുന്നു, പിന്നാലെ എന്‍റെ പുന്നാര മകളുടെ മുഖവും. അവളുടെ മുഖം കണ്മുന്നില്‍ തെളിഞ്ഞപ്പോള്‍ എവിടെ നിന്നെന്നറിയില്ല – എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു മനക്കരുത്ത് കിട്ടി. ഇതിലും കഠിനമായ വേദന പോലും സഹിക്കാം എന്നൊരു നിശ്ചയദാര്‍ഢ്യം എനിക്കുണ്ടായി. “എന്‍റെ മോള്‍ക്ക്‌ വേണ്ടി ജീവിക്കാന്‍ ഞാന്‍ ഇത് സഹിച്ചേ പറ്റൂ എന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങിയ നിമിഷത്തില്‍ ആ വേദനയെ അനുഗ്രഹം ആക്കി മാറ്റാന്‍ എന്‍റെ മനസ്സെന്നോട് മന്ത്രിച്ചു. ഞാന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു തുടങ്ങി.

“പടച്ചവനെ, ഞാന്‍ ഒരുപാടു തെറ്റുകള്‍ ചെയ്തു പോയിട്ടുണ്ട്. ഈ അനുഭവിക്കുന്ന വേദനകള്‍ക്ക് പകരം ആ തെറ്റുകള്‍ക്ക് നീയെനിക്ക് പൊറുത്ത് തരണമേ”

അങ്ങനെ പ്രാര്‍ത്ഥിച്ചു തുടങ്ങിയ നിമിഷത്തില്‍ ഞാന്‍ കൂടുതല്‍ വേദനക്ക് മോഹിച്ചു പോയി എന്നാണു സത്യം. പിന്നെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചില്ല, എന്‍റെ എല്ലിലേക്ക് തുളച്ചു കയറുന്ന ഡ്രില്ലിംഗ് മഷീന്‍റെ ഓരോ ചലനത്തിലും പല്ലുകള്‍ ഞെരിച്ചില്ല. പകരം കണ്ണുകളില്‍ നിന്ന് കുടുകുടാ കണ്ണുനീര്‍ ഒഴുക്കി പറഞ്ഞറിയിക്കാന്‍ വയ്യാത്ത നന്ദിയോടെ വാത്സല്യം നിറഞ്ഞ മുഖഭാവത്തോടെ അനങ്ങാതെ കിടന്നു. മനസ്സാന്നിധ്യവും , വിശ്വാസവുമാണ് ഏറ്റവും നല്ല വേദനസംഹാരികളെന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ അവയുടെ ആഴങ്ങള്‍ മനസിലാക്കുവാനായി നിങ്ങള്‍ ചിലപ്പോള്‍ കൂടുതല്‍ വേദനകള്‍ക്കായി പോലും കൊതിച്ചു പോകും !

“കഴിഞ്ഞു ഷിഹാബ്. വേദനിച്ചോ?”

ഡോക്ടര്‍ തോമസ്‌ മുഖം മൂടി മാറ്റി പുഞ്ചിരിയോടെ എന്നെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ല ഡോക്ടര്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല” എന്‍റെ കണ്ണുകളില്‍ നിന്നൊഴുകി തലയിണയെ നനച്ച കണ്ണുനീര്‍ അദേഹം കണ്ടു കാണണം !

ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് എന്നെ വീണ്ടും വരാന്തയിലെ ബെഡിലേക്ക് കൊണ്ട് പോയി. രണ്ട് അറ്റന്‍ഡര്‍മാര്‍ ചേര്‍ന്ന് എന്നെ ബെഡിലെക്ക് എടുത്തു കിടത്തി. പരിഭ്രമം നിറഞ്ഞ കണ്ണുകളോടെ ടോണിയെട്ടന്‍ മാത്രം അവിടെ ഉണ്ടായിരുന്നു. ഒന്നും സംസാരിക്കാതെ ഞാന്‍ മുകളിലേക്ക് നോക്കി കിടന്നു. ടോണിയെട്ടനും ഒന്നും ചോദിച്ചില്ല. എന്‍റെ കണ്ണുകളില്‍ നിന്നൊഴുകിയ ഉണങ്ങിയ കണ്ണുനീര്‍ ചാലുകള്‍ ടോണിയേട്ടനും കണ്ടു കാണണം !

ആരോതട്ടി വിളിച്ചപ്പോള്‍ ആണ് ഞാന്‍ കണ്ണ്തുറന്നത്. മുന്നില്‍ പുഞ്ചിരിക്കുന്ന മുഖത്തോടെ ടോണിയെട്ടന്‍.

“നേരം വെളുത്തു, എഴുന്നേല്‍ക്കൂ – എന്തെങ്കിലും കഴിക്കാം”

പല്ലു തേച്ചില്ല എന്ന കാര്യം ഞാനും ടോണിയെട്ടനും സൌകര്യപൂര്‍വ്വം മറന്നു !. ടോണിയെട്ടന്‍ എന്നെ കിടക്കയില്‍ എഴുന്നേല്‍പ്പിച്ചു ചാരിയിരുത്തി. കാന്‍റിനില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്ന ദോശ ചെറിയ കഷണങ്ങളാക്കി സാമ്പാറില്‍ മുക്കി എന്‍റെ വായില്‍ വച്ചു തന്നു. മതിയെന്ന് പറഞ്ഞ് വിലക്കിയ എന്നെ നിര്‍ബന്ധിച്ചു വീണ്ടും വീണ്ടും കഴിപ്പിച്ചു. എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അതുവരെ എന്‍റെ വീട്ടില്‍ നിന്ന് ആരും തന്നെ ആശുപത്രിയില്‍ വന്നിരുന്നില്ല. എന്‍റെ ഉമ്മയുടെ കുറവ് ടോണിയെട്ടന്‍ തീര്‍ത്തു.

എന്‍റെ ജീവിതത്തില്‍ എന്നും ഞാന്‍ ഒരിക്കലും മറക്കാത്ത ഒരനുഭവം എന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് ഓര്‍ത്തുപറയാന്‍ ഇത് മാത്രമേ ഉള്ളൂ – ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു – കീബോഡില്‍ അക്ഷരങ്ങള്‍ ഒന്നും കാണുന്നില്ല . ഈ മനുഷ്യനോടുള്ള നന്ദിയും കടപ്പാടും ഈ ശുഷ്കമായ ജീവിതത്തില്‍ ഞാന്‍ എങ്ങനെ വീട്ടാനാണ് !

വാല്‍ക്കഷണം : എല്ലാ ഡോക്ടര്‍മാരും ശരിയാവില്ലെന്ന് വിധിയെഴുതിയ എന്‍റെ ഇടതുകൈ നേരെയാക്കിത്തന്ന സര്‍വ്വശക്തന് ആയിരം നന്ദി, വേദന സഹിച്ചും ഞാന്‍ ഫിസിയോതെറാപ്പി ചെയ്തു എന്നത് നേര് – പക്ഷെ അവന്‍റെ അനുഗ്രഹം ഒന്ന് മാത്രമാണ് അതെന്നു എപ്പോഴും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top