Friday, April 19, 2013

കിറിനക്കിപ്പട്ടികള്‍

പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചു ആ കോമ്പൌണ്ടില്‍ തന്നെയുള്ള ഡ്രൈവ് ഇന്‍ കോഫീ ഷോപ്പില്‍ ഒരു കോഫി ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ ആണ് എന്‍റെ വണ്ടിയുടെ വലതു വശത്തായി ആ കാര്‍ വന്നു നിന്നത്. വിന്‍ഡോ ഗ്ലാസ് താഴ്ത്തി അകത്തിരുന്ന കാഴ്ചക്ക് സുന്ദരനായ ചെറുപ്പക്കാരനായ സൗദി എന്നോട് ഗ്ലാസ് താഴ്ത്താന്‍ പറഞ്ഞു. ഞാന്‍ ഗ്ലാസ് താഴ്ത്തി. അവന്‍റെ കാറിനുള്ളില്‍ മുന്‍സീറ്റില്‍ ഏകദേശം അഞ്ചോ ആറോ വയസ്സുള്ള ഹിജാബ് അണിഞ്ഞ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.

"അറബി മാലൂം ?" അവന്‍ എന്നോട് ചോദിച്ചു.

"നോ"

"ഇംഗ്ലിഷ്"

"യെസ്"

(ഇനിയുള്ള സംഭാഷണം ഇംഗ്ലിഷില്‍ ആണ്. വായനക്കാരന്‍റെ സൌകര്യാര്‍ത്ഥം മലയാളത്തില്‍ എഴുതാം)

"എന്‍റെ വീട് മദീനയില്‍ ആണ്. ഇവിടെ സഹോദരന്‍റെ അടുത്ത് വന്നതാണ് ഞാനും മകളും. എന്നാല്‍ എനിക്ക് സ്ഥലം അറിയില്ല. കയ്യിലെ കാശ് തീര്‍ന്നതിനാല്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനോ , വണ്ടിയില്‍ പെട്രോള്‍ അടിക്കാനോ സാധിക്കുന്നില്ല. ദയവായി എന്നെ സഹായിക്കണം"

പെട്ടെന്ന് എനിക്ക് ഏകദേശം ആറുമാസം മുന്‍പത്തെ സമാന സംഭവം ഓര്‍മ്മവന്നു.

"നീ ആറുമാസം മുന്നേ ജുബൈലില്‍ ഇതേപോലെ നിന്‍റെ ചേട്ടനെ അന്വേഷിച്ചു വന്നതോര്‍മ്മയുണ്ടോ? അന്ന് പക്ഷെ നിന്‍റെ കൂടെ ഈ പെണ്‍കുട്ടി ഇല്ലായിരുന്നു. അന്ന് ഞാന്‍ നിനക്ക് 50 റിയാലും തന്നു"

കടക്കാരന്‍ എന്‍റെ കോഫി റെഡിയായി എന്ന് അറിയിച്ചപ്പോള്‍ ഞാന്‍ അത് വാങ്ങി തിരിഞ്ഞു നോക്കിയപ്പോള്‍ അറബിയുടെ കാര്‍ പൊടിപറത്തിക്കൊണ്ടു പാഞ്ഞു പോയിക്കഴിഞ്ഞിരുന്നു !

ഇലനക്കിപ്പട്ടിയുടെ കിറി നക്കിപ്പട്ടി എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട് - എന്നാല്‍ അതിന്‍റെ ഈ ഗള്‍ഫ് വേര്‍ഷന് കിറി നക്കിപ്പട്ടിയുടെ ഡാഷ് നക്കിപ്പട്ടി എന്നായിരിക്കും കൂടുതല്‍ യോജിക്കുക. (വിട്ട ഡാഷ് ഉചിതമായ വാക്കുപയോഗിച്ച് പൂരിപ്പിക്കാനുള്ള സ്വതന്ത്രം വായനക്കാരന് വിടുന്നു - ആ വാക്ക് എനിക്ക് അറിയാമെങ്കിലും പച്ചയായി ഇവിടെ എഴുതാന്‍ എന്‍റെ സംസ്കാരം അനുവദിക്കുന്നില്ല.)

അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കുവാന്‍ നമ്മെ വിമുഖരാക്കുന്നതില്‍ ഇവനെപ്പോലുയുള്ള ആളുകള്‍ മുഖ്യപങ്കുവഹിക്കുന്നെന്ന് നിസ്സംശയം പറയാം. ഇനി യഥാര്‍ത്ഥത്തില്‍ ഒരാള്‍ ഈ രീതിയില്‍ സഹായം അഭ്യര്‍ഥിച്ചു എന്നെ സമീപിച്ചാല്‍ ഞാനും അയാളെ പരിഹാസത്തോടെ ആട്ടിയോടിക്കും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top