Monday, April 22, 2013

ഹൌസ് ഡ്രൈവര്‍മാരുടെ അഗ്നിപരീക്ഷയും, ആട്ടിടയന്മാരുടെ പ്രതീക്ഷയും !

സൗദിഅറേബ്യയില്‍ അനധികൃതതൊഴിലാളികളെ നിയന്ത്രിക്കാനും, സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നടപ്പിലാക്കിതുടങ്ങിയ നിതാഖാത് ആദ്യഘട്ടത്തില്‍ ലക്ഷ്യം വച്ചത് ആട്ടിടയന്മാടെയും, ഹൌസ് ഡ്രൈവര്‍മാരുടേയും വിസയില്‍ വന്ന് മറ്റുജോലികളില്‍ ഏര്‍പ്പെടുന്നവരെ ആയിരുന്നു.

ഹൌസ് ഡ്രൈവര്‍മാരുടെ കാര്യത്തില്‍ - അവരുടെ ജോലിയുടെ സ്വഭാവം പരിഗണിക്കുമ്പോള്‍ മറ്റുതൊഴില്‍മേഖലകളില്‍ നിന്ന് പിടിക്കപ്പെടാതിരിക്കുമെന്ന് വലിയ പ്രതീക്ഷയോന്നും വച്ചുപുലര്‍ത്താന്‍ പറ്റില്ല - എന്നാല്‍ ആട്ടിടയന്മാരുടെ കാര്യം അങ്ങനെയല്ല.

താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന ആട്ടിടയന്മാര്‍ക്ക് നിതഖാത്ത് പരിശോധകരില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സാധിച്ചേക്കാം.

- എല്ലാ ആട്ടിടയന്മാര്‍ക്കും അവരവര്‍ ജോലി ചെയ്യുന്ന കമ്പനി ഓരോ ആടിനെ വീതം കൊടുക്കുക.

രാവിലെ ഓഫീസിലേക്ക് പോകുമ്പോഴും, തിരികെ ക്യാമ്പിലേക്ക് പോകുമ്പോഴും സായിപ്പ് പട്ടിയെ നടത്തിക്കാന്‍ കൊണ്ട് പോകും പോലെ കയ്യിലൊരു കയറും അറ്റത്തൊരു ആടുമായി ആടിയാടി നടന്നാല്‍ ഏതു പരിശോധകനാണ് പിടിക്കാന്‍ ധൈര്യപ്പെടുക !

- ഇനി എല്ലാ ജോലിക്കാര്‍ക്കും ആടിനെ വാങ്ങിക്കൊടുക്കാന്‍ മാത്രമുള്ള സാമ്പത്തികശേഷി ഇല്ലാത്ത കമ്പനികള്‍ക്ക് എല്ലാ തൊഴിലാളികള്‍ക്കും ഒരു കെട്ട് ഉണക്കപ്പുല്ലും, ഒരുകിലോ തേങ്ങാപ്പിണ്ണാക്കും വാങ്ങിക്കൊടുക്കാം.

നിതാഖാത്ത് പരിശോധകന്‍ ചോദിച്ചാല്‍ ആടിന് പുല്ലും ,പിണ്ണാക്കും വാങ്ങാന്‍ പോയതാണെന്ന് പറഞ്ഞു തടി കഴിച്ചിലാക്കാം. (എത്ര ദൂരെയുള്ള കടയില്‍ നിന്ന് പുല്ലും , പിണ്ണാക്കും വാങ്ങാനെങ്കിലും ഒരു ആട്ടിടയന് അവകാശമില്ലേ എന്ന് സെന്‍റി ചോദ്യം ചോദിക്കുകയും ചെയ്യാം. - എങ്ങനെണ്ട്

- എല്ലാ വര്‍ക്ക് സൈറ്റിലും രണ്ട് ആടുകളെ കെട്ടിയിടുക.

പരിശോധകനെ കാണുമ്പോള്‍ ആട്ടിടയന്‍ വിസക്കാര്‍ എല്ലാവരും രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് അതാത് ആടുകള്‍ക്ക് പുല്ല് , വെള്ളം ഒക്കെ നല്‍കി മത്സരിച്ചു സല്ക്കരിക്കവുന്നതാണ്. (ഒരാടിനെ ഒരിടയനേ പരിപാലിക്കാവൂ ഒരു ഒരുനിയമത്തിലും പറഞ്ഞിട്ടില്ലല്ലോ)

-ഇനി ഇതൊക്കെ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം എക്സിറ്റില്‍ പോയി അവരവരുടെ യോഗ്യതക്കും, പ്രവൃത്തിപരിചയത്തിനും യോജിച്ച വിസയില്‍, സ്വന്തം സ്പോണ്‍സറുടെ കീഴില്‍ തന്നെ ജോലി ചെയ്യാന്‍ സാധിക്കും എന്നുറപ്പ് വരുത്തി മാത്രം തിരികെ വരിക.

നിതാഖാത്ത് പരിശോധനകള്‍ക്ക് സൗദി സര്‍ക്കാര്‍ മൂന്നു മാസം ഇളവു അനുവദിച്ചിരിക്കുന്നത് ഇതുവരെ പിടിച്ച ആളുകളെ കൊണ്ട് ജയില്‍ നിറഞ്ഞത്‌ കൊണ്ടാണെന്ന് അസൂയാലുക്കള്‍ പറയും. അവരെ കയറ്റി വിട്ട് വീണ്ടും ജയിലില്‍ സ്ഥലം ഉണ്ടാക്കാന്‍ ഉള്ള കാലയളവാണത്രെ ഈ മൂന്നു മാസം.

അതെന്തു തന്നെയായാലും പലരും വളരെ ലാഘവത്വത്തോടെയാണ് കാണുന്നത്.

മൂന്നു മാസം കഴിയുമ്പോള്‍ അല്ലെ - അപ്പോള്‍ നോക്കാം എന്ന മട്ട്.

ഈ മനോഭാവം തീരെ ശരിയല്ല.

മൂന്നു മാസം കഴിയുമ്പോള്‍ വീണ്ടും പരിശോധനകള്‍ കര്‍ശനമാക്കാതെയിരിക്കാന്‍ സൗദി അറേബ്യഭരിക്കുന്നത്‌ മന്‍മോഹന്‍സിംഗോ, ഉമ്മന്‍ചാണ്ടിയോ അല്ല - അപ്പോള്‍ പിടിക്കപ്പെടുമ്പോള്‍ കിടന്നു കരഞ്ഞിട്ടു യാതൊരു കാര്യവുമില്ല.

വിഴുപ്പലക്കാനും, ചെളിവാരിയെറിയാനും തന്നെ നമ്മുടെ മന്ത്രിമാര്‍ക്കും, രാഷ്ട്രീയനേതാക്കന്മാര്‍ക്കും സമയം തികയുന്നില്ല - അപ്പോഴാ ഒരു നിതാഖാത്തും പ്രവാസിയുടെ പ്രാരാബ്ദങ്ങളും - ത്ഫൂ........

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top