Tuesday, April 16, 2013

കഥ : എന്‍റെ മകന്‍ !

"നിക്കെന്‍റെ മോന്‍ മാത്രേ ഉള്ളൂ. ഓനെ കര്‍ണ്ണാടകപോലീസുകാര്‍ ഓന്‍ ജോലി എടുക്കുന്ന കടേന്നു പിടിച്ചോണ്ട് പോയിട്ട് ആറുമാസം കഴിഞ്ഞു മോനെ."

ആ അമ്മയുടെ കണ്ണുകളില്‍ നിന്ന് പൊടിഞ്ഞത് രക്തത്തുള്ളികളായിരുന്നു.

"കാരണം ഒന്നും പറഞ്ഞില്ലേ ഉമ്മാ?" ലേഖകന്‍ ചോദിച്ചു.

"ആരോട് ചോയിക്കാനാ മോനെ" ആ അമ്മയുടെ വാക്കുകള്‍ നിസ്സഹായതയുടെ അണയാത്ത തീനാളങ്ങളായ്‌ തത്സമയം പരിപാടി കണ്ടു കൊണ്ടിരുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളെപ്പോലും പൊള്ളിച്ചു.

"സുബൈറിന് ഈ പറയുന്ന സംഘടനകളുമായി എന്തേലും ബന്ധം ഉണ്ടായിരുന്നോ ഉമ്മാ?"

"ന്‍റെ കെട്ട്യോന്‍ മരിച്ചേ പിന്നെ എനിക്ക് ഓന്‍ മാത്രാ ആശ്രയം. എനിക്ക് മരുന്ന് വാങ്ങാന്‍ വേണ്ടിയാ - വെളുപ്പാന്‍കാലത്ത് ജോലിക്ക് പോന്ന എന്‍റെ കുട്ടി പാതിരാക്ക് കട അടക്കുമ്പോ വരിക. ഒരു ഞായറാഴ്ച പോലും ഓനിക്ക് വിശ്രമം ഇല്ല. പിന്നെ ഓനിക്കെവിടാ ഇതിനോക്കെ സമയം മോനെ"

"എന്നാലും പോലീസ് ഇത്രയും കൃത്യമായി തെരഞ്ഞു പിടിച്ചു കൊണ്ട് പോകുമ്പോള്‍ എന്തെങ്കിലും കാര്യം കാണാതിരിക്കുമോ ഉമ്മാ? "

"ന്‍റെ കയ്യുംമേ ഒരു സൂചി കേറ്റിപ്പോ രക്തം കണ്ടു തലചുറ്റി വീണോനാ ന്‍റെ മോന്‍ - അവന്‍ എങ്ങനെ ആളോളെ കൊല്ലുന്ന തീവ്രവാദിയാകും ? ന്‍റെ മോന്‍ പാവാ - ഓന്‍ തീവ്രവാദിയല്ല - ഓനിക്കത്തിനു കഴിയൂല മോനെ"

അവരുടെ കരച്ചിലും, വാക്കുകളും ബാധിരത ബാധിച്ച കര്‍ണ്ണങ്ങളിലേക്ക് തുടര്‍ച്ചയായി അലയടിച്ചു കൊണ്ടിരുന്നു - കൂറ്റന്‍ ഇരുമ്പുവാതിലിനെ തള്ളിത്തുറക്കാന്‍ വൃഥാ ശ്രമിക്കുന്ന ഇളം കാറ്റിനെപ്പോലെ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top