Saturday, April 13, 2013

കഥ : പോപ്പിന്‍സ്‌

കൈക്കുള്ളില്‍ ചുരുട്ടി ഒളിപ്പിച്ചിരുന്ന എന്തോ ഒന്ന് ആരും കാണാതെ അവന്‍ അവളുടെ കൈകളിലേക്ക് നല്‍കി. എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞനിമിഷം അവള്‍ കൈ വിടര്‍ത്തി നോക്കി - തിളങ്ങുന്ന ഒരു പോപ്പിന്‍സ്‌ !

"നിന്നെ ആദ്യമായി കാണുമ്പോള്‍ ആരും കാണാതെ ഞാന്‍ നിനക്കൊരു പോപ്പിന്‍സ്‌ തരും - എന്‍റെ സ്നേഹം മുഴുവന്‍ ഒളിപ്പിച്ച പോപ്പിന്‍സ്‌. അതിലെ ഓരോ മിഠായിയിലും എന്‍റെ സ്നേഹം ഉണ്ടായിരിക്കും" ഒരിക്കല്‍ സ്കൈപ്പില്‍ ചാറ്റ് ചെയ്യുമ്പോള്‍ ഒരു പോപ്പിന്‍സ്‌ അവളെ കാണിച്ചു കൊതിപ്പിച്ചു തിന്നുമ്പോള്‍ അവളുടെ പരിഭവം കണ്ട് അവന്‍ പറഞ്ഞ വാക്കുകള്‍ അവള്‍ ഓര്‍ത്തു.

അവളാ പോപ്പിന്‍സ്‌ ആരും കാണാതെ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു. അവളുടെ മനസ്സ് ആ പൊതി തുറക്കുന്ന നിമിഷത്തിനു വേണ്ടി കൊതിച്ചു. അതിലെ ഓരോ മിഠായിയും വായില്‍ അലിഞ്ഞിറങ്ങുമ്പോഴുള്ള സ്നേഹത്തിന്‍റെ മധുരം ആസ്വദിക്കാന്‍ അവളുടെ ഹൃദയം വെമ്പല്‍കൊണ്ടു.

വൈകുന്നേരം എല്ലാവരും യാത്രപറഞ്ഞിറങ്ങിയപ്പോള്‍ ആരും കാണാതെ അവളാ ബാഗ് തുറക്കാന്‍ തുടങ്ങുമ്പോള്‍ ചേടത്തിയുടെ ഇളയമകന്‍ അവള്‍ക്കരികിലേക്ക് ഓടിവന്നു.

"എളീമാ മിഠായി വേണോ?"

"വേണ്ട - മോന്‍ കഴിച്ചോട്ടോ"

"ഇന്നാ എളീമാ ഒരെണ്ണം കൂടിയേ ഉള്ളൂ , ഇത്താത്ത തന്നതാ"

സ്നേഹത്തോടെ അവനെ മടക്കി അയച്ചു മിടിക്കുന്ന ഹൃദയത്തോടെ അവള്‍ ബാഗ് തുറന്നു. ബാഗില്‍ പോപ്പിന്‍സ്‌ കണ്ടില്ല.

അവള്‍ ഹാളിലേക്ക് ചെന്നു.

ഹാളില്‍ കീറിപ്പറിച്ചിട്ടിരുന്ന പോപ്പിന്‍സ്‌ പാക്കറ്റിന്‍റെ കഷണങ്ങള്‍ , അവയിലോന്നിലേക്ക് അവളുടെ കണ്ണുകളില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top