Thursday, April 25, 2013

ഇതാണ് ശിക്ഷ

ഒടുവില്‍ അയാള്‍ മരിച്ചു !

അവസാനകാലത്ത് കയ്യിലുള്ളതെല്ലാം വിറ്റ്പെറുക്കിയിട്ടും അവസാനചില്ലി വരെ തീര്‍ന്നു മുഴുപ്പട്ടിണിയിലായിട്ടും ആയാളാ ലാപ്ടോപ്‌ മാത്രം വിറ്റിരുന്നില്ല.

അയാളുടെ സ്റ്റാറ്റസുകളിലൂടെ അയാളുടെ കഷ്ടപ്പാടുകള്‍ ലോകം അറിഞ്ഞു - എന്നാല്‍ അയാളുടെ തൊട്ടടുത്ത്‌ ഉണ്ടായിരുന്നവര്‍ക്ക് പോലും അയാളുടെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല !

ഇരുവശവും രണ്ടു കാവല്‍ മാലാഖകളുടെ അകമ്പടിയോടെ അയാള്‍ ദൈവസന്നിധിയിലേക്ക് കൊണ്ട് വരപ്പെട്ടു.

"നിന്‍റെ ഭൂമിയിലെ ജീവിതം നീ തന്നെ ഒന്ന് വിലയിരുത്തൂ"

ദൈവം കല്‍പ്പിച്ചു.

"ഞാന്‍ എന്നും ഫേസ്ബുക്കില്‍ നാലും അഞ്ചും സ്ട്ടാടസുകള്‍ ഇട്ടു. ആളുകള്‍ അമ്പതും നൂറും ലൈക്കുകള്‍ തന്നു എന്നെ സ്നേഹിച്ചു - ഇത്രയധികം ആളുകള്‍ സ്നേഹിക്കണമെങ്കില്‍ ഞാന്‍ നല്ലവനായിരുന്നിരിക്കണമല്ലോ"

ദൈവം അയാളുടെ പ്രൊഫൈല്‍ പരിശോധിച്ചു.

"നിന്നെ ആളുകള്‍ ലൈക് ചെയ്തു നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും ആയിരുന്നില്ല , മറിച്ച് നിന്നില്‍ നിന്ന് തിരിച്ചു കിട്ടേണ്ട ലൈക്കുകള്‍ക്ക് വേണ്ടി മാത്രം ആയിരുന്നു."

ദൈവത്തിന്‍റെ വാക്കുകള്‍ അയാളെ അത്യധികം നിരാശനാക്കി.

ദൈവം തുടര്‍ന്നു.

"സ്വര്‍ഗ്ഗത്തില്‍ ഇടാന്‍ തക്ക നന്മകള്‍ ഒന്നും നീ ഭൂമിയില്‍ ചെയ്തില്ല , എന്നാല്‍ നരകത്തില്‍ ഇടാന്‍ തക്ക തിന്മകളും, ആയതിനാല്‍ ശേഷിച്ച കാലം ചിത്രഗുപ്തന്‍റെ ഓഫീസിലിരുന്നു നീ ഫേസ്ബുക്കിലെ യുക്തിവാദികളും, വര്‍ഗീയവാദികളും ഇടുന്ന പോസ്റ്റുകള്‍ മാത്രം വായിച്ചു കഴിച്ചു കൊള്ളുക - ഇതാണ് നിനക്കുള്ള ശിക്ഷ"

അയാള്‍ ആകെ തകര്‍ന്നു പോയി. പൊട്ടിക്കരഞ്ഞു കൊണ്ട് അയാള്‍ ദൈവത്തോട് പറഞ്ഞു

"എന്‍റെ പൊന്നു ദൈവമേ - ഞാന്‍ അങ്ങയുടെ കാലുപിടിക്കാം, ഇതിലും ഭേദം എന്നെ നരകത്തിലിടാന്‍ കനിവുണ്ടാകണം"

ദൈവം അടക്കിച്ചിരിച്ചു കൊണ്ട് അയാളെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top