Sunday, April 28, 2013

കഥ : പീഡനം

ഡല്‍ഹിയില്‍ ആറു വയസ്സുള്ള ഒരു ബാലിക കൂടി പീഡിപ്പിക്കപ്പെട്ടു !

ടീവിയില്‍ ഫ്ലാഷ് ന്യൂസ് കണ്ടപ്പോള്‍ റജീനയുടെ മുഖം വിവര്‍ണ്ണമായി. മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ അധപതിച്ചു പോയല്ലോ റബ്ബേ !- ലോകം അവസാനിക്കാന്‍ ഇനി അധികമൊന്നുമില്ലന്നു തോന്നുന്നു.

പൊടുന്നനെ രജീനയുടെ ചിന്ത പോയത് ഫാത്തി മോളെക്കുറിച്ചാണ് - അവള്‍ ക്ലോക്കിലേക്ക് നോക്കി - സമയം മൂന്ന്‍ ഇരുപത് ! മൂന്നു മണിക്ക് സ്കൂള്‍ വിട്ടു വരേണ്ടതാണല്ലോ.

ആ ഡ്രൈവര്‍ മുജീബിനെ ഒന്ന് വിളിച്ചു നോക്കാം - അവള്‍ മൊബൈല്‍ എടുത്തു മുജീബിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.

ഫോണ്‍ റിംഗ് ചെയ്തു കട്ടായി.

അവള്‍ റീഡയല്‍ ചെയ്തു. ഇത്തവണയും ഫോണ്‍ ആന്‍സര്‍ ചെയ്യാതെ കട്ടായി.

റജീനയുടെ മനസ്സില്‍ നേര്‍ത്ത ഒരു ഭയം വ്യാപിച്ചു തുടങ്ങി.

അക്ബര്‍ക്കാനെ വിളിക്കാം.

അവള്‍ ഫോണെടുത്തു അക്ബറിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ, എന്താ റജീ" അങ്ങേത്തലക്കല്‍ അക്ബര്‍.

"ഇക്കാ നമ്മടെ മോളിതുവരെ സ്കൂള്‍ വിട്ടു വന്നിട്ടില്ല. മൂന്നുമണിക്ക് വരേണ്ടതാ, ഇതിപ്പോ മൂന്നരയാകാറായല്ലോ. ആ മുജീബിനെ വിളിച്ചിട്ടാണെങ്കില്‍ അവനോട്ട് ഫോണ്‍ എടുക്കുന്നുമില്ല. എനിക്കാകെ പേടിയാകുന്നു ഇക്ക. ഇക്ക ഒന്നവനെ വിളിച്ചു നോക്കിക്കേ"

"ശരി ഞാന്‍ വിളിച്ചു നോക്കാം, നീ വിഷമിക്കാതിരി. അവളിങ്ങു വരുമെന്നെ"

റജീനയുടെ മനസ്സിലൂടെ വീണ്ടും ടീവിയിലെ ഫ്ലാഷ് ന്യൂസ് ഒരു വെള്ളിടി പോലെ കടന്നു പോയി.

രണ്ടു മിനിറ്റ് പോലും കഴിയും മുന്നേ അവള്‍ വീണ്ടും അക്ബറിനെ വിളിച്ചു.

ഫോണ്‍ എന്‍ഗേജ്ട് ആയിരുന്നു.

റീഡയല്‍ ചെയ്തപ്പോള്‍ അക്ബര്‍ ഫോണെടുത്തു.

"ഹലോ, എടീ അവന്‍ ഫോണ്‍ എടുക്കുന്നില്ല. നീ ടെന്‍ഷന്‍ അടിക്കണ്ട, ഞാന്‍ ഒന്നൂടെ ട്രൈ ചെയ്തിട്ട് തിരിച്ചു വിളിക്കാം"

അക്ബര്‍ ഫോണ്‍ കട്ട്‌ ചെയ്തു.

റജീനയുടെ മനസ്സില്‍ എന്തൊക്കെയോ ഭയാശങ്കകള്‍ കാര്‍കെട്ടി. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി " എന്‍റെ പൊന്നുമോള്‍"

ആരോ നിര്‍ത്താതെ കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് പാത്തുമ്മത്ത കതകു തുറന്നത് , മുന്നില്‍ കരഞ്ഞു കലങ്ങിയ മുഖത്തോടെ റജീന!

"എന്താ മോളെ, എന്ത് പറ്റി?"

" ഉമ്മാ എന്‍റെ മോളെ കാണാനില്ല. സ്കൂള്‍ വിട്ടു മൂന്നു മണിക്ക് വരേണ്ടതാ - ഇതിപ്പോ മൂന്നര കഴിഞ്ഞു. ആ ഡ്രൈവര്‍ മുജീബിനെ ഞാനും അക്ബര്‍ക്കയും മാറി മാറി വിളിച്ചു നോക്കിയിട്ടും അവന്‍ ഫോണ്‍ എടുക്കുന്നില്ല. എന്‍റെ കുട്ടിക്ക് എന്തോ ആപത്തു പറ്റിക്കാണും. എന്‍റെ റബ്ബേ"

റജീന പൊട്ടിക്കരഞ്ഞു.

"നീയൊന്നു സമാധാനപ്പെട് മോളെ ."

തളര്‍ന്നു തന്‍റെ ദേഹത്തേക്ക് കുഴഞ്ഞുവീണ റജീനയെ താങ്ങി സോഫയിലേക്കിരുത്തിക്കൊണ്ട് അകത്തേക്ക് നോക്കിപാത്തുമ്മാത്ത വിളിച്ചു.

"മോനെ ഷുക്കൂറെ"

"എന്താമ്മാ " പാത്തുമയുടെ മകന്‍ ഡിഗ്രിക്ക് പഠിക്കുന്ന ഷുക്കൂര്‍ അകത്തെ മുറിയില്‍ നിന്ന് ഇറങ്ങി വന്നു.

"ദേ ഈ പെണ്ണിന്‍റെ കൊച്ചിതുവരെ സ്കൂളീന്ന് വന്നില്ലെടാ, നമ്മടെ മുജീബിന്‍റെ ഓട്ടോറിക്ഷേലാ അതിനെ കൊണ്ടോകേം കൊണ്ടരേം ചെയ്യണേ., നീയൊന്നു ചെന്നന്വേഷിച്ചേ മോനെ"

ഷുക്കൂര്‍ വേഗം ഒരു ഷര്‍ട്ടെടുത്തിട്ട് പുറത്തേക്കിറങ്ങി.

അപ്പോള്‍ റജീബയുടെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു.

അങ്ങേത്തലക്കല്‍ അക്ബര്‍ ആയിരുന്നു.

"എന്താ റജീ, വല്ല വിവരോം കിട്ടിയോ?

അക്ബറിന്‍റെ ചോദ്യം കേട്ടതും ഫോണ്‍ താഴേക്കിട്ടു റജീന സോഫയിലേക്ക് ഒരു പൊട്ടിക്കരച്ചിലോടെ വീണു.

ചുറ്റുവട്ടത്ത് നിന്നും കേട്ടറിഞ്ഞോടിക്കൂടിയ ആളുകളെക്കൊണ്ട് പാത്തുമ്മത്താടെ മുറ്റം നിറഞ്ഞു.

പെട്ടെന്ന് പുറത്തു ഓരോട്ടോറിക്ഷ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.

തളര്‍ന്നു കിടന്നിരുന്ന റജീന ആളുകളെ വകഞ്ഞു മാറ്റി പുറത്തേക്കൊടി.

പുറത്തു മുജീബിനോപ്പം സ്കൂള്‍ ബാഗ് തൂക്കി ആള്‍ക്കൂട്ടം കണ്ട് അമ്പരന്നു നില്‍ക്കുന്ന ഫാത്തി മോള്‍ !

"എന്‍റെ മോളെ"

ഒരു പൊട്ടിക്കരച്ചിലോടെ റജീന ഫാത്തിമോളെ വാരിപ്പുണര്‍ന്ന് ഉമ്മകള്‍ കൊണ്ട് മൂടി.

"നീയെവിടാരുന്നടാ ഹിമാറെ?"

പാത്തുമ്മത്ത ദേഷ്യത്തോടെ മുജീബിനോട് ചോദിച്ചു.

"അത് ഇത്താ , വണ്ടീടെ ടയര്‍ പഞ്ചറായി, ഞാന്‍ അത് ഒട്ടിക്കാന്‍ പോയി.

അനക്ക് തള്ളമാരെടെ ദെണ്ണം അറിയാമോടാ ഹിമാറെ"

പാത്തുമ്മത്ത അവന്‍റെ കരണം നോക്കി നല്ലൊരടി കൊടുത്തു. മുജീബിന്‍റെ കണ്ണില്‍ കൂടി പൊന്നീച്ച പറന്നു.

"എത്ര തെരക്കായാലും ഫോണ്‍ വിളിച്ചാ അനക്ക് അതെടുത്ത് വാ തൊറന്നു മുണ്ടിക്കൂടെടാ ബലാലെ. പിന്നെ നീയെന്തൂട്ടിനാടാ അതും പോക്കറ്റിലിട്ടു പാട്ടും കേപ്പിച്ച് നടക്കണത്‌ ?"
അടുത്ത അടി അടിക്കാനായി കൈയോങ്ങിവരുന്ന പാത്തുമ്മത്തായില്‍ നിന്ന് രക്ഷപ്പടാന്‍ മുജീബ് ഓടി വണ്ടിയില്‍ കയറി വേഗത്തില്‍ വണ്ടി സ്റ്റാര്‍ട്ടാക്കി രക്ഷപ്പെട്ടു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top