Sunday, April 14, 2013

കഥ : വേവ്

സൂര്യനസ്തമിക്കാറായിട്ടും അയാളുടെ മീന്‍കൂട കാലിയായിരുന്നു !

കുടിലില്‍ തന്‍റെ വരവ് നോക്കിയിരിക്കുന്ന ഭാര്യയുടെയും, കരഞ്ഞു തളര്‍ന്ന മകളുടെയും മുഖങ്ങള്‍ മനസ്സിനെ കൊത്തിവലിച്ചപ്പോള്‍ അയാള്‍ ആവേശത്തോടെ ചൂണ്ട കടലിലേക്ക്‌ വീണ്ടും വീണ്ടും നീട്ടിയെറിഞ്ഞു കൊണ്ടിരുന്നു.

ഒടുവില്‍ നിരാശമുറ്റിയ മനസ്സോടെ മതിയാക്കി പോകാന്‍ തുനിഞ്ഞപ്പോള്‍ അയാളുടെ ചൂണ്ടയില്‍ ഒരു മീന്‍ കുടുങ്ങി. അയാള്‍ അതിന്‍റെ വായില്‍ തറച്ചു കയറിയിരുന്ന കൊളുത്ത് ഊരിയെടുത്തു. തീരെ ചെറിയ ഒരു മീന്‍ ! അയാള്‍ പറഞ്ഞു.

"നിന്നെക്കാള്‍ ഏറെ ഇരകളെ ഇന്ന് ഞാന്‍ നഷ്ടപ്പെടുത്തി. നിന്നെ മൂന്നായി ഭാഗം വച്ചു അതിലൊരു പങ്കുകൊണ്ടു എന്‍റെ മകളുടെ വിശപ്പിനെ വഞ്ചിക്കുവാന്‍ എനിക്കാവില്ല. വായിലെ ഈ മുറിവുമായ്‌ നീ ജീവിച്ചേക്കാം - മരിച്ചേക്കാം . നിന്‍റെ വീടിന്‍റെ സ്വാതന്ത്രത്തിലും സുരക്ഷിതത്വത്തിലും നീയത് ആസ്വദിച്ചു കൊള്‍ക"

ആ മീനിനെ തിരികെ കടലിലേക്ക്‌ തന്നെ വലിച്ചെറിഞ്ഞു ചൂണ്ടയും, നിരാശയുടെ കനം തൂങ്ങിയ കൂടയുമായി അയാള്‍ തിരിഞ്ഞു നടന്നു. 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top