Tuesday, July 16, 2013

ഭാഷകളും ഞാനും - ഇംഗ്ലിഷ്

കഴിഞ്ഞ സ്റ്റാറ്റസില്‍ എന്‍റെ അറബി ഭാഷാ നൈപുണ്യത്തെക്കുറിച്ചെഴുതി നിങ്ങളെ എല്ലാവരെയും ഞെട്ടിച്ചത് ഓര്‍മ്മയുണ്ടായിരിക്കുമല്ലോ?

ഇന്ന് ഞാന്‍ എഴുതുന്നത്‌ മലയാളം മീഡിയത്തില്‍ പഠിച്ച ഞാന്‍ എങ്ങനെ അല്‍പ്പസ്വല്‍പ്പം ഇംഗ്ലിഷ് സ്വായത്തമാക്കിയെന്നാണ്.

മലയാളം മീഡിയത്തില്‍ പഠിച്ച എല്ലാ പത്താം ക്ലാസ്സുകാരെയും പോലെ ചങ്കിടിപ്പോടെയാണ് ഞാനും കളമശ്ശേരി സെ്ന്‍റ് പോള്‍സ് കോളേജില്‍ ഒന്നാം വര്‍ഷപ്രീഡിഗ്രി സെക്കന്‍റഗ്രൂപ്പ് ക്ലാസ്സില്‍ എത്തിയത്.

എന്നാല്‍ എന്‍റെ ഞെട്ടലിന്‍റെ ആഴം കൂട്ടിക്കൊണ്ട്, കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങള്‍ക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നു എന്ന ഭാവത്തിലാണ് സാറമ്മാരും, ടീച്ചര്‍മ്മാരുമെല്ലാം കടിച്ചാല്‍ പൊട്ടാത്ത ആംഗലേയത്തില്‍ സുവോളജിയും, ബോട്ടണിയും, കെമിസ്ട്രിയും, ഫിസ്ക്സുമെല്ലാം ഞങ്ങള്‍ക്കുമുന്നില്‍ കുടഞ്ഞിട്ട് ഞങ്ങളെ ഞെട്ടിത്തെറിപ്പിച്ചത് !

ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കു ടീച്ചര്‍ കാണാതെ ഞാന്‍ ചുറ്റും നോക്കും - ഭൂരിപക്ഷവും എന്നെപ്പോലെ മലയാളം മീഡിയംകാരാണെന്ന്, പൊട്ടന്‍ ബിസ്ക്കറ്റ് കണ്ട മാതിരിയുള്ള അവന്മാരുടെയും, അവളുമാരുടെയും നോട്ടത്തില്‍ നിന്ന് എനിക്ക് മനസ്സിലായി.

ഇംഗ്ലിഷ് മീഡിയത്തില്‍ പഠിച്ചു പാസായി വന്ന കുട്ടികളുടെ മുഖത്ത് "എതെടാ ഈ കണ്ട്രി ഫെല്ലോസ്" എന്നൊരു പുച്ഛഭാവം.

എന്തായാലും രണ്ടാഴ്ച്ചയെ എനിക്ക് ആ അഗ്നിപരീക്ഷണം നേരിടേണ്ടി വന്നുള്ളൂ - അപ്പോഴേക്കും തൊട്ടടുത്ത്‌ തന്നെയുള്ള കളമശ്ശേരി പൊളിടെക്നിക്കില്‍ നിന്ന് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പഠിക്കാന്‍ എനിക്ക് വിളി വന്നു.

പ്രീഡിഗ്രി സാറന്മാരുടെ അത്ര ജാഡയോന്നും പോളിയിലെ സാറന്മാര്‍ക്ക്‌ ഇല്ലഞ്ഞിട്ടോ - അതോ ഇംഗ്ലിഷിലുള്ള ഞങ്ങളുടെ ജ്ഞാനം മനസ്സിലാക്കിയിട്ടോ എന്തോ - മിക്ക അധ്യാപകരും മലയാളത്തിലാണ് പാഠങ്ങള്‍ വിശദീകരിച്ചു തന്നിരുന്നത്.

പഠിത്തം കഴിഞ്ഞു ജോലി കിട്ടി - 1997 ഇല്‍ തിരുവനന്തപുരത്തായിരുന്നു ആദ്യപോസ്റ്റിംഗ്.

തിരുവനന്തപുരം ആയുര്‍വ്വേദകോളെജിനടുത്തുള്ള ഒരു ലോഡ്ജിലായിരുന്നു താമസം.

എന്‍റെ റൂമിന്‍റെ തൊട്ടടുത്ത റൂമില്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ ജോലി ചെയ്തിരുന്ന ഒരു ത്രുശൂര്‍ക്കാരന്‍ തോമസ്‌ ആയിരുന്നു താമസിച്ചു കൊണ്ടിരുന്നത്.

ഇടക്കെപ്പോഴോ സൌഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍, ഇംഗ്ലിഷ് ഭാഷ പഠിക്കാനുള്ള എന്‍റെ ആഗ്രഹം ഞാന്‍ തോമാച്ചനോട് പറഞ്ഞു.

തോമാച്ചന്‍ എന്നെ സഹായിക്കാമെന്നേറ്റു.

തോമാച്ചന്‍ പറഞ്ഞു "നമുക്ക് ഒരുപാട് താല്പര്യം തോന്നുന്ന വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ആദ്യം വായിക്കുക.അര്‍ഥം ഒന്നും നോക്കണ്ട , അങ്ങനെ ഇംഗ്ലിഷിനോടുള്ള ഭയം മനസ്സില്‍ നിന്ന് മാറ്റിയെടുക്കുക."

എന്‍റെ അന്നത്തെ പ്രായവും , താല്‍പര്യവും മനസിലാക്കി അതിനു പറ്റിയ ഒരു പുസ്തകവും മൂപ്പര്‍ പിറ്റേ ദിവസം കൊണ്ടുവന്ന് തന്നു - Brenda Venus ന്‍റെ Secrets Of Seduction !

എന്ത് വിഷയത്തില്‍ ഉള്ള പുസ്തകം ആയിരുന്നെന്നു വായനക്കാര്‍ ഊഹിച്ചോളൂ - എന്തായാലും ഞാന്‍ ആദ്യമായി തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ ആകാംക്ഷയോടെ ആദ്യമായി ഒരിംഗ്ലീഷ് പുസ്തകം വായിച്ചു തീര്‍ത്തു !

പിന്നെ അതെ ശ്രേണിയില്‍ രണ്ടോ, മൂന്നോ പുസ്തകങ്ങള്‍ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ വായിക്കാനുള്ള എന്‍റെ താല്‍പര്യം കണ്ട് , ഈ പോക്ക് പോയാല്‍ ഈ ചെക്കന്‍ പിടി വിട്ടു പോകുമെന്ന് മനസ്സിലാക്കിയ തോമസ്‌ അല്‍പ്പം മാറ്റിപ്പിടിച്ചു.

പിറ്റേന്ന് എനിക്ക് വേറെ ഒരു പുസ്തകം കൊണ്ട് വന്നു തന്നു - അഗതാ ക്രിസ്തിയുടെ ഒരു ഡിറ്റക്ട്ടീവ് നോവലായിരുന്നു അത്.

അന്ന് ഞാന്‍ എല്ലാ ആഴ്ചയും വാരാന്ത്യങ്ങളില്‍ എറണാകുളത്തുള്ള വീട്ടില്‍ വന്നു പോകുമായിരുന്നു.

തീവണ്ടിയില്‍ ആയിരുന്നു യാത്ര.

ബസ്സിനെ അപേക്ഷിച്ച് തീവണ്ടിക്ക് ചില ഗുണങ്ങളുണ്ട്.

നമുക്ക് ഒരേ സീറ്റില്‍ തന്നെ കുത്തിയിരിക്കാതെ ഇടക്ക് എഴുന്നേറ്റു കറങ്ങി നടക്കാം.

വാതില്‍ക്കല്‍ പോയി അല്‍പ്പം കാറ്റൊക്കെ കൊള്ളാം.

ബസ്സിലെ പോലെ അടുത്തടുത്ത സീറ്റുകളില്‍ മുട്ടിച്ചേര്‍ന്നിരുന്ന് ശ്വാസം മുട്ടേണ്ട.

പിന്നെ ബസ്സിലെ പോലെ അധികം കുലുക്കം ഇല്ലാത്തതിനാല്‍ പുസ്തകം വായിക്കാന്‍ കണ്ണിന് അധികം ബുദ്ധിമുട്ടും തോന്നില്ല .

ആ ആഴ്ച വീട്ടില്‍ പോയി വരുന്ന വഴി, കോട്ടയത്തിനടുത്ത് മറ്റൊരു തീവണ്ടി പാളം തെറ്റിയതിനാല്‍, ഏകദേശം നാല് മണിക്കൂറോളം ഞങ്ങളുടെ മദ്രാസ് മെയില്‍ ഇടയ്ക്കു നിര്‍ത്തിയിട്ടു.

ഇടയ്ക്കു ചെറുതായി തലവേദന ഒക്കെ തോന്നിയെങ്കിലും തിരുവനന്തപുരം എത്തും മുന്നേ ഞാന്‍ ആ പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ത്തു.

തോമസിന്‍റെ അടുത്ത നിര്‍ദ്ദേശം പദസമ്പത്ത് വര്‍ദ്ദിപ്പിക്കുക എന്നതായിരുന്നു. അതിനായുള്ള രീതികളും അദ്ദേഹം പറഞ്ഞു തന്നു.

വായിക്കുന്നതിനിടയില്‍ അറിയാത്ത വാക്കിന്‍റെ അര്‍ഥം ഡിക്ഷ്ണറിയില്‍ തപ്പാന്‍ പോകരുത് - അത് വായനയുടെ ഒഴുക്ക് നശിപ്പിക്കും.

അതിനു പകരം ആ വാക്ക് എവിടെയെങ്കിലും കുറിച്ചിടുകയോ , പുസ്തകത്തില്‍ തന്നെ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തി വെക്കുകയോ ചെയ്യുക.

വായന കഴിയുമ്പോള്‍ അടയാളപ്പെടുത്തിയ വാക്കുകളുടെ അര്‍ഥം ഡിക്ഷ്ണറിയില്‍ നോക്കി ഒരു നോട്ട്ബുക്കില്‍ കുറിച്ചിടുക.

സമയം കിട്ടുമ്പോഴൊക്കെ വായിച്ചു മനപ്പാഠമാക്കുക.

അവസാനം പറഞ്ഞ കാര്യം എനിക്കത്ര പ്രായോഗികമായി തോന്നിയില്ല - നോട്ട്ബുക്കില്‍ നോക്കി അര്‍ഥം പഠിക്കുന്നത് ഡിക്ഷ്ണറി വായിച്ച് അര്‍ഥം പഠിക്കുന്നത് പോലത്തെ ബോറന്‍ ഏര്‍പ്പാടല്ലേ ?

ഞാന്‍ തന്നെ അതിനൊരു പ്രതിവിധിയും കണ്ടെത്തി - ഞാന്‍ സ്റ്റേഷനറി കടയില്‍ പോയി ഒരു ഡ്രോയിംഗ് പേപ്പര്‍ വാങ്ങി.

അതിനെ പോസ്റ്റ്‌കാര്‍ഡ് വലിപ്പത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ചു.

ഓരോ ക്ഷണവും കുറുകെ മടക്കി.

കാര്‍ഡിന്‍റെ പുറമേ കാണുന്ന ഇരുവശങ്ങളിലും അഞ്ചോ, ആറോ ഇംഗ്ലിഷ് വാക്കുകളും അകത്ത് അതത് വാക്കുകളുടെ മലയാളത്തിലുള്ള അര്‍ത്ഥവും എഴുതി.

അപ്പോള്‍ ഒരു കാര്‍ഡില്‍ മൊത്തം പത്തോ, പന്ത്രണ്ടോ ഇംഗ്ലീഷ് വാക്കുകളും അതിന്‍റെ അര്‍ത്ഥവും ആയി.

ജോലി സംബന്ധമായി ബസില്‍ യാത്രചെയ്യുമ്പോഴോക്കെ ഈ കാര്‍ഡുകള്‍ രണ്ടോ മൂന്നോ എണ്ണം പോക്കറ്റില്‍ കരുതും.

ഇടയ്ക്കിടെ ഒരു കാര്‍ഡ് എടുത്ത് ആദ്യം ഇംഗ്ലിഷ് വാക്കും, കാര്‍ഡ് തുറന്നു അതിന്‍റെ അര്‍ത്ഥവും നോക്കും.

പതിയെപ്പതിയെ കാര്‍ഡ് തുറക്കാതെ തന്നെ വാക്കുകളുടെ അര്‍ഥം എനിക്ക് ഓര്‍മ്മയില്‍ നില്‍ക്കാന്‍ തുടങ്ങി.

അങ്ങനെ ഏകദേശം ഒരുമാസം കൊണ്ട് സാധാരണ ഇംഗ്ലിഷ് കാല്പ്പനിക രചനകളില്‍ വരുന്ന ഒട്ടുമിക്ക വാക്കുകളും ഞാന്‍ പഠിച്ചെടുത്തു.

അടുത്തതായി ഇംഗ്ലീഷ് സംസാരിക്കാനായിരുന്നു പഠിക്കേണ്ടിയിരുന്നത്.

തോമസ്‌ നേരത്തെ എന്നോട് പറഞ്ഞിരുന്നു - "ഇതൊരു ഭാഷയും പഠിക്കണമെങ്കില്‍ ആ ഭാഷയുമായി നമ്മള്‍ എപ്പോഴും ഇടപഴകിക്കൊണ്ടിരിക്കണം. അതുപോലെ സംസാരിക്കാന്‍ പഠിക്കണമെങ്കില്‍ വായിച്ചു പഠിച്ചാല്‍ മാത്രം പോരാ - സംസാരിച്ച് തന്നെ പഠിക്കണം."

എന്നാല്‍ ഇംഗ്ലിഷ് ഗ്രാമര്‍ ബാലികേറാമലയാണെന്ന് വിശ്വസിച്ചിരുന്ന എനിക്ക്, പൊതുമധ്യത്തില്‍ ഇംഗ്ലിഷില്‍ സംസാരിക്കുന്ന കാര്യം ചിന്തിക്കാന്‍ കൂടി ആകില്ലായിരുന്നു.

അപ്പോഴാണ്‌ , എനിക്ക് മുന്നില്‍ ദൈവം വച്ചുനീട്ടിയ മാര്‍ഗ്ഗം പോലെ ശ്രീനിവാസന്‍റെ വരവ് !

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതുതായി ജോലി കിട്ടി വന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു തമിഴ്നാട്ടുകാരനായ ശ്രീനിവാസന്‍. എന്‍റെ തൊട്ടടുത്ത റൂമില്‍ ആയിരുന്നു ശ്രീനിവാസന്‍റെ താമസം.

ഞങ്ങള്‍ വേഗം തന്നെ സുഹൃത്തുക്കളായി.

എന്നെപ്പോലെ തന്നെ ഇംഗ്ലിഷ് സംസാരിക്കുന്നതില്‍ ഫ്ലുവന്‍സി ഇല്ലെന്നതായിരുന്നു ശ്രീനിവാസനെയും അലട്ടിയിരുന്ന പ്രശ്നം.

തോമസിന്‍റെ ഉപദേശപ്രകാരം ഞാനും ശ്രീനിവാസനും തമ്മില്‍, മേലില്‍ ഇംഗ്ലിഷില്‍ മാത്രമേ സംസാരിക്കൂ എന്ന് തീരുമാനമെടുത്തു.

റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കുമ്പോഴും, ബസില്‍ യാത്ര ചെയ്യുമ്പോഴും എല്ലാം മുറി ഇംഗ്ലിഷില്‍ ഉള്ള ഞങ്ങളുടെ സംസാരം കേട്ട് ഇംഗ്ലിഷ് അറിയാവുന്നവര്‍ "ഇവനൊക്കെ ഏതു കോത്താഴത്തുകാരെടാ" എന്ന മട്ടില്‍ ഞങ്ങളെ നോക്കി.

ഞങ്ങളെക്കാള്‍ വിവരദോഷികള്‍ ഉള്ളില്‍ തെല്ലു അസൂയയോടെയും, പുറമേ പുച്ഛത്തോടെയും.

എന്തായാലും തോമസിന്‍റെ ശിക്ഷണത്തിന് ഗുണമുണ്ടായി.

പൊതുസ്ഥലത്ത് തെറ്റിപ്പോകുമോയെന്ന ഭയമില്ലാതെ ആരോടും എന്തും വച്ചുകാച്ചാന്‍ ഞാന്‍ പഠിച്ചു.
__________________________________________________________
അന്ന് കോളേജില്‍ സമരമായിരുന്നു.

ഞങ്ങള്‍ നാല് സുഹൃത്തുക്കളും കൂടി എറണാകുളം ശ്രീധര്‍ തീയേറ്ററില്‍ ഒരു ഇംഗ്ലിഷ് കോമഡി സിനിമ കാണാന്‍ പോയി.

ഇംഗ്ലിഷ് സിനിമ കാണുമ്പോള്‍ നടീനടന്‍മാര്‍ സംസാരിക്കുന്നുണ്ടെന്നോ ഇല്ലെന്നോ അല്ലാതെ, എന്താണ് സംസരിക്കുന്നതെന്നോന്നും മനസിലാകില്ലെങ്കിലും, ഏതാണ്ടെല്ലാ ഇംഗ്ലിഷ് സിനിമകളും യാതൊരു ബോറടിയും കൂടാതെ കണ്ടുകൊണ്ടിരിക്കാം.

എന്നാല്‍ അങ്ങനെ അല്ലാത്ത സിനിമകളും ഉണ്ടെന്ന് അന്നത്തോടെ എനിക്ക് മനസിലായി.

ടൈറ്റില്‍ എഴുതി കാണിച്ചപ്പോള്‍ തന്നെ കൂട്ടത്തിലുള്ള രാജീവ് ആദ്യ വെടി പൊട്ടിച്ചു - സ്ക്രീനില്‍ കണ്ട പേര് അവന്‍ ഉറക്കെ വായിച്ചു "ഉണ്ണിവേര്‍സല്‍ പിക്ചെര്സ്"

ഞങ്ങളുടെ മുന്നിലും പിന്നിലും ഇരുന്നവര്‍ ഒക്കെ തിരിഞ്ഞു നോക്കി.

"ഒന്ന് മിണ്ടാണ്ടിരിയെടാ വിവരം കേട്ടവനെ" പ്രദീപ്‌ അവന്‍റെ പള്ളക്കിട്ട് കുത്തി അവനെ നിശബ്ദനാക്കി.

പടം തുടങ്ങി.

ആക്ഷന്‍ കോമഡി പ്രതീക്ഷിച്ചു വന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് സംസാരത്തില്‍ ആയിരുന്നു കോമഡി മുഴുവനും.

ചുറ്റുപാടുമുള്ള ആളുകള്‍ എല്ലാവരും ആര്‍ത്തു ചിരിക്കുമ്പോള്‍ ഞങ്ങള്‍ മാത്രം ഒന്നും മനസ്സിലാകാതെ ഉണ്ടവിഴുങ്ങിയത് പോലെ ഇരുന്നു.

അപ്പോള്‍ പ്രദീപ്‌ എല്ലാവരോടും സ്വകാര്യമായി പറഞ്ഞു.

"അളിയാ - നമ്മള്‍ മാത്രം ചിരിക്കാതെ ഇരുന്നാല്‍ മറ്റുള്ളവര്‍ക്കൊക്കെ മനസിലാകും , നമുക്ക് ഇംഗ്ലിഷ് അറിയില്ലെന്ന്. അതുകൊണ്ട് എല്ലാവരും ചിരിക്കുമ്പോ നമുക്കും കൂടെ ചിരിക്കാം"

അതൊരു നല്ല ഐഡിയയായെന്നു ഞങ്ങള്‍ക്കും തോന്നി.

അടുത്ത സീന്‍ മുതല്‍ എല്ലാവരും ചിരിക്കുമ്പോള്‍ ഞങ്ങളും ഉച്ചത്തില്‍ ആര്‍ത്തട്ടഹസിച്ചു ചിരിക്കാന്‍ തുടങ്ങി.

അങ്ങനെ കാര്യം മനസ്സിലാകാതെയാണെങ്കിലും ചിരിച്ചര്‍മ്മാദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും അടുത്ത പണി.

ഏകദേശം പടം തീരാറായ സമയത്ത്, അതുവരെ കോമഡി മാത്രം പറഞ്ഞു കൊണ്ടിരുന്ന നായകന്‍, നായികയോട് എന്തോ പറഞ്ഞു നിര്‍ത്തിയതും തീയറ്റര്‍ മുഴുവന്‍ നിശബ്ദമായിരിക്കുമ്പോള്‍, രാജീവ് മാത്രം, നായകന്‍ പറഞ്ഞത് മുറ്റ് കോമഡിയായിരിക്കുമെന്ന വിശ്വാസത്തില്‍, ഉറക്കെ പൊട്ടിച്ചിരിച്ചു.

സംഭവം പക്ഷെ - നായികയുടെ അച്ഛന്‍ മരിച്ച വിവരം നായകന്‍ അവളെ അറിയിച്ചതായിരുന്നു !

തീയേറ്ററിലെ ആളുകള്‍ മൊത്തം ഞങ്ങളെ നോക്കി മുറുമുറുക്കാന്‍ തുടങ്ങിയപ്പോള്‍ പ്രദീപ്‌ പതുക്കെ ബാഗുമെടുത്ത്‌ പുറത്തേക്കു നടന്നു കൊണ്ട് പറഞ്ഞു "അളിയാ പണിപാളി ,പതുക്കെ സ്കൂട്ട് ആയിക്കോ"

അവന്‍റെ പിന്നാലെ ഞങ്ങളും പുറത്തുചാടി.

തിരിച്ചു പോകുന്ന വഴി ബസ്സിലിരുന്ന് ചിരിച്ചു ചിരിച്ചൊരു വഴിയായി.

എന്തായാലും അതിനു ശേഷവും കുറെ നാളത്തേക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു സംഭവമായിരുന്നു അത്.

അന്നത്തോടെ രാജീവിന് ഒരു പേരും വീണു - ഉണ്ണിവേര്‍സല്‍ പിക്ചേര്‍സ്.

ക്ലാസ്സില്‍ ആരോടും പറയരുതെന്ന അവന്‍റെ അപേക്ഷ പരിഗണിച്ച് - ഒരുകണക്കിന് അത് ഞങ്ങളുടെയും ആവശ്യമായിരുന്നല്ലോ - ആ പേരിനു പിന്നിലുള്ള കഥ ക്ലാസ്സില്‍ ആരും അറിഞ്ഞില്ല.

ക്ലാസില്‍ വേറെയും മൂന്ന് രാജീവുമാര്‍ ഉണ്ടായിരുന്നതിനാല്‍, ഉണ്ണിവേര്‍സല്‍ ലോപിച്ച് കാലക്രമേണ രാജീവ് വെറും "ഉണ്ണിരാജീവ്" ആയി അറിയപ്പെട്ടു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top