Wednesday, July 17, 2013

ഒരു കല്യാണം ഉണ്ടാക്കിയ പ്രയാസങ്ങള്‍

"നീയെന്താ ഇങ്ങനെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നെ ?"

ചാറ്റ് ചെയ്തു കൊണ്ടിരിക്കെ സുഹൃത്തിന്‍റെ ചോദ്യം എന്നെ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ കൊണ്ടു പോയി.

കൃത്യമായി പറഞ്ഞാല്‍ എന്‍റെ വിവാഹത്തിന്‍റെ രണ്ടാം രാത്രിയിലേക്ക്.

വിവാഹത്തിന് മൂന്നു ദിവസം മുന്‍പ് രാത്രി, വീട്ടില്‍ വന്ന മൂന്നാമത്തെ മാമന്‍ പോകാന്‍ ഇറങ്ങിയ ശേഷം കാര്‍പോര്‍ച്ചിലിരുന്ന എന്‍റെ ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിച്ച് നിന്ന് സംസാരിക്കുകയായിരുന്നു.

എന്‍റെ ബൈക്കിന്‍റെ സൈഡ് സ്ട്ടാണ്ടിനു ചെറിയ പ്രശ്നം ഉണ്ടായിരുന്നു, മാമന്‍ ബൈക്കില്‍ നിന്ന് പിടിവിട്ടു യാത്ര പറഞ്ഞു തിരിഞ്ഞതും ബൈക്ക് മറിഞ്ഞ് അതിന്‍റെ ഹാന്‍ഡില്‍ എന്‍റെ വലതു കാല്‍ പാദത്തില്‍ കുത്തി വീഴുകയും നടുവിലെ വിരലിനു മുകളില്‍ സാമാന്യം നല്ല രീതിയില്‍ ചതവുണ്ടാകുകയും ചെയ്തു.

വീട്ടുകാര്‍ക്കൊക്കെ ടെന്‍ഷന്‍ ആയി - രണ്ടു ദിവസം കഴിഞ്ഞാല്‍ കല്യാണം കഴിക്കേണ്ട ചെക്കനാണ്.

പിന്നെ വീട്ടിലെ തിരക്കില്‍ ഞാനുള്‍പ്പെടെ എല്ലാവരും അക്കാര്യം മറക്കുകയും ചെയ്തു.

വിവാഹം വധുവിന്‍റെ വീട്ടില്‍ വച്ചായതിനാല്‍, തലേ ദിവസം രാത്രിയിലാണ് കല്യാണത്തിന് ക്ഷണിക്കപ്പെട്ട നാട്ടുകാര്‍ക്ക് ചെറുക്കന്റെ വീട്ടിലെ മെയിന്‍ ശാപ്പാട്.

"നീ അവിടെ ആളുകള്‍ കടന്നു വരുന്ന സ്ഥലത്ത് തന്നെ നിന്നോളണം,വരുന്നവര്‍ക്കെല്ലാം പുതിയാപ്ലയെ കണ്ടു സംസാരിക്കണം" നേരത്തെ തന്നെ വാപ്പിച്ചി പറഞ്ഞിരുന്നു.

ആ അവസരത്തിനു വേണ്ടി പുതിയതായി വാങ്ങിയ ഒരു ജോഡി ഷൂവാണ് ഞാന്‍ ധരിച്ചിരുന്നത്.

പുതിയ ഷൂവിന്‍റെ ഇറുക്കവും, വയ്യാത്ത കാലും വച്ച് അങ്ങോട്ടുമിങ്ങോട്ടുമുള്ള നടപ്പും കൂടിയായപ്പോള്‍ വലത്തുകാലില്‍ എനിക്ക് സാമാന്യം നല്ല രീതിയില്‍ വേദന തുടങ്ങി - പക്ഷെ ഞാന്‍ ആരോടും പറയാതെ കടിച്ചു പിടിച്ച് സഹിച്ചു.

വിരുന്നുകാര്‍ എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ ഏകദേശം ഒരു മണിയൊക്കെ ആയിക്കാണും. അപ്പോള്‍ കുശിനിപ്പുരക്കടുത്തുള്ള സ്ത്രീകളുടെ പന്തലില്‍ അന്ന് രാത്രി എന്‍റെ വീട്ടില്‍ തങ്ങുന്ന അടുത്ത ബന്ധുക്കള്‍ ഒക്കെ ഒരുമിച്ചു കൂടി കത്തിയടിക്കാന്‍ തുടങ്ങി.

പണ്ടേ കത്തിയടി എന്‍റെ വീക്നെസ് ആയിരുന്നതിനാല്‍ സ്വാഭാവികമായും ഞാനും അവരോടൊപ്പം കൂടി.

അതിനിടെ പലരും വന്ന് - "നാളെ രാവിലെ എഴുന്നെല്‍ക്കണ്ടതല്ലേ - നീ പോയി കിടന്നോടാ" എന്ന് പറയുന്നുണ്ടെങ്കിലും ഞാനുണ്ടോ പോകുന്നു.

അങ്ങനെ എല്ലാം കഴിഞ്ഞപ്പോള്‍ നേരം വെളുത്തു. അന്നത്തെ ഉറക്കം ഗോവിന്ദ.

രാവിലെ മുതല്‍ കല്യാണവീട്ടിലേക്ക് ബന്ധുക്കള്‍ എത്തിത്തുടങ്ങി.

പത്തു മണിക്ക് ചെറുക്കന്‍ ഇറങ്ങിയാല്‍ മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

വധൂഗൃഹമായ കളമശ്ശേരിയിലെത്താന്‍ എന്‍റെ വീട്ടില്‍ നിന്ന് അരമണിക്കൂര്‍ സമയം മതി . പതിനോന്നരക്കാണ് നിക്കാഹ്.

ഒമ്പത് മണിയോടെ കൊല്ലത്തുള്ള എന്‍റെ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നു.

എന്നെ ഒരുക്കാനുള്ള ചുമതല അവര്‍ ഏറ്റെടുത്തു.

എന്‍റെ കാലിനു നല്ല വേദന ഉണ്ടായിരുന്നു - അക്കാര്യം ഞാന്‍ എന്‍റെ ഉറ്റസുഹൃത്ത്‌ സജുവിനോട് പറഞ്ഞു.

സജു പറഞ്ഞു "സ്യൂട്ട് ഇടുമ്പോള്‍ ഷൂ ഇടാതെഎങ്ങനാടാ ? നീ ഉച്ചവരെ ഒന്ന് അട്ജസ്റ്റ് ചെയ്യ്, നിക്കാഹ് കഴിഞ്ഞ ഉടനെ ഷൂ ഊരിക്കോ."

അങ്ങനെ വിവാഹത്തിന് വേണ്ടി വാങ്ങിയ പുത്തന്‍ ഷൂ ധരിച്ചു കഴിഞ്ഞപ്പോള്‍ വേദന വീണ്ടും വര്‍ധിച്ചു.

സജുവിന്‍റെ വാക്കുകള്‍ മനസ്സിലോര്‍ത്ത് ഞാന്‍ കടിച്ചു പിടിച്ച് നിന്നു.

വീട്ടില്‍ നിന്ന് ഇറങ്ങും മുന്നേ ചെറിയ പ്രാര്‍ത്ഥനയുണ്ട് , അത് കഴിയുമ്പോള്‍ ആണ് "വോട്ട്" ചെയ്യല്‍.

"വോട്ട് ചെയ്യുക" എന്ന് വച്ചാല്‍ കല്യാണത്തിന് വന്നിട്ടുല്ലവരെല്ലാം, എല്ലാ മുറുക്കാന്‍ കടയിലും വാങ്ങാന്‍ കിട്ടുന്ന ബ്രൌണ്‍ നിറത്തിലുള്ള "കവറെന്ന്" അറിയപ്പെടുന്ന ചെറിയ എന്‍വലപ്പില്‍ പൈസയിട്ട്, എന്‍റെ പോക്കറ്റില്‍ കൊണ്ടുവന്ന് കുത്തിത്തിരുകി വച്ച് ഒരു ഷേക്ക്‌ഹാന്‍ഡ് തരും.

ഇങ്ങോട്ട് തരുന്ന ഈ പൈസ ഒക്കെ എന്‍റെ ചെറുപ്പം മുതലേ എന്‍റെ വാപ്പിച്ചി പലര്‍ക്കും ഇതുപോലെ അങ്ങോടു കൊടുത്തതാണ്.

ചിട്ടിക്കാരുടെ കക്ഷത്തില്‍ കാണപ്പെടുന്നതു പോലെയുള്ള ചെറിയ കറുത്ത ബാഗുമായി വാപ്പിച്ചി എന്‍റെ തൊട്ടു പിന്നില്‍ തന്നെയുണ്ട്‌ , ഇടക്ക് എന്‍റെ പോക്കറ്റ് നിറയുമ്പോള്‍ കവറുകള്‍ വാങ്ങി വാപ്പിച്ചി ആ ബാഗിലേക്കു കുത്തിത്തിരുകും.

ഒന്ന് രണ്ടു കവറുകള്‍ അടിച്ചു മാറ്റിയാലോ എന്ന് ഞാന്‍ പലതവണ ആലോചിച്ചെങ്കിലും, സ്വന്തം കല്യാണത്തിനു കവര്‍ അടിച്ചു മാറ്റിയവന്‍ എന്ന പേരുദോഷം ഒഴിവാക്കാന്‍ വേണ്ടി ക്ഷമിച്ചു.

പത്തരമണിയോടെ കളമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തി.

ഇന്‍വിറ്റെഷനില്‍ ഓഡിറ്റോറിയത്തിന്‍റെ പേര് വച്ചിരിക്കുന്നതിനാല്‍ എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ച് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒട്ടുമിക്ക ആളുകളും നേരിട്ട് അവിടെക്കാണ് എത്തിച്ചേരുന്നത്.

എനിക്ക് വലതുകാല്‍ നിലത്തു കുത്താന്‍ വയ്യാത്ത വേദനയുണ്ട് , പക്ഷെ കല്യാണചെറുക്കന്‍ ചട്ടുകാലനാണോയെന്നു കല്യാണം കൂടാന്‍ വന്നിരിക്കുന്ന പെണ്ണിന്‍റെ ബന്ധുക്കള്‍ സംശയിച്ചാലോയെന്നു പേടിച്ച് ഓരോ സ്റ്റെപ് വക്കുമ്പോഴും ഞാന്‍ പല്ലിറുമ്മി വേദന സഹിച്ചു കൊണ്ടിരുന്നു.

സ്റ്റേജില്‍ കയറി ഇരിക്കുമ്പോള്‍ കൊല്ലത്തുള്ള കൂട്ടുകാര്‍ കയറിവന്ന് "ദേടാ , മണവാട്ടി അവിടെയാ ഇരിക്കുന്നെ" എന്നൊക്കെ പറയുന്നുണ്ട്നെകിലും എന്‍റെ ചിന്ത മുഴുവന്‍ ഷൂവിനുള്ളില്‍ വിങ്ങിക്കൊണ്ടിരിക്കുന്ന കാല്‍പാദത്തില്‍ മാത്രമായിരുന്നു.

നിക്കാഹ് കഴിഞ്ഞപ്പോള്‍ എന്‍റെ ക്ഷമ പരീക്ഷിക്കുന്നത് പോലെ നിക്കാഹ് നടത്തിത്തന്ന കളമശ്ശേരി ജമാഅത്ത് പള്ളിയിലെ ഇമാമിന്‍റെ വക ഒരു സാരോപദേശപ്രസംഗവും ! നിമിഷങ്ങള്‍ മണിക്കൂറുകളുടെ വേഗതയില്‍ ഇഴഞ്ഞു നീങ്ങി.

അവസാനം പന്ത്രണ്ടര മണിയോടെ നിക്കാഹും താലികെട്ടുള്‍പ്പെടെയുള്ള അനുബന്ധചടങ്ങുകളും കഴിഞ്ഞു.

ഭക്ഷണവും കഴിഞ്ഞ് , എന്‍റെ വീട്ടിലേക്കു പോകാനായി ഞങ്ങള്‍ ഇരുവരും കാറില്‍ കയറി.

കാറില്‍ കയറിയ ഉടനെ തന്നെ ഞാന്‍ ആദ്യം ചെയ്ത കാര്യം, വലത്തെ കാലിലെ ഷൂ ഊരിയെരിഞ്ഞു ഒരു ദീര്‍ഘശ്വാസം വിടുകയായിരുന്നു.

ഞങ്ങള്‍ വീട്ടില്‍ എത്തി പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഭാര്യയുടെ വീട്ടില്‍ നിന്നുള്ളവര്‍ എത്തി - പിന്നെ ഒരു ചെറിയ ചായ സല്‍ക്കാരം.

അതിനു ശേഷം വധുവിനെ, എന്‍റെ വീട്ടുകാര്‍ ഞങ്ങള്‍ വാങ്ങി വച്ചിരിക്കുന്ന പുതിയ സാരിയും ബ്ലൗസുമൊക്കെ ഉടുപ്പിച്ചു യാത്രയാക്കി.

ഷൂ ഇടാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും എന്‍റെ കാലിന്‍റെ അവസ്ഥ പരിഗണിച്ച് ചെരുപ്പ് മതിയെന്ന് ഒട്ടും ആലോചിക്കാതെ തന്നെ ഞാന്‍ തീരുമാനിച്ചു.

ഏകദേശം മൂന്നര മണിയോടെ ഭാര്യാഗൃഹത്തിലെത്തി.

ഏതാനും മണിക്കൂറുകള്‍ക്കകം ഞങ്ങളുടെ ആദ്യരാത്രി കടന്നു വന്നു.

സാരിയുടുത്ത് , തലയില്‍ നിറയെ മുല്ലപ്പൂ ചൂടി കയ്യില്‍ പാല്‍ഗ്ലാസ്സുമായി നമ്രശിരസ്കയായി കടന്നു വരുന്ന ഭാര്യയെ പ്രതീക്ഷിച്ചിരുന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് കയ്യും വീശി ഒരു പന്നച്ചുരിദാറുമിട്ട് മരുന്നിനുപോലും ലജ്ജയില്ലാതെ ഭാര്യ ഇടിച്ചു പൊളിച്ചു മുറിയിലേക്ക് കയറി വന്നു.

"എവിടെ ?" ഞാന്‍ അന്തംവിട്ടവളെ നോക്കിക്കൊണ്ട്‌ ചോദിച്ചു.

"ആര് ?" ഭാര്യ പിന്നിലേക്ക്‌ നോക്കി.

"പാല്"

മറുപടി "അതൊക്കെ ആരാപ്പോ നോക്കുന്നെ" എന്ന മട്ടിലുള്ള ഒരു ചിരിയായിരുന്നു. അവള്‍ തന്നെ വാതിലടച്ചു കുറ്റിയിട്ടു.

വായനക്കാര്‍ ആകാക്ഷയോടെ കാത്തിരിക്കുന്നത് പോലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടേണ്ട ഒന്നും തന്നെ സംഭവിച്ചില്ല - ഞങ്ങള്‍ രണ്ടാളും വെറുതെ കൊച്ചുവര്‍ത്തമാനം പറഞ്ഞു പറഞ്ഞിരിക്കെ നേരം വെളുത്തെന്ന് അറിയിച്ചു കൊണ്ട് കോഴി കൂവുന്ന ശബ്ദം കേട്ടു.

എന്‍റെ വിവാഹം ഒരു തിങ്കളാഴ്ചയായിരുന്നു.

സാധാരണ വിവാഹത്തിന്‍റെ പിറ്റേന്ന് രാവിലെ പെണ്ണും ചെറുക്കനും കൂടി എന്‍റെ വീട്ടിലേക്കു പോകേണ്ടതാണ്. എന്നാല്‍ അന്ന് ചൊവ്വഴ്ചയായിരുന്നതിനാല്‍, ഒരു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ച പോയാല്‍ മതിയെന്ന് എല്ലാവരും കൂടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

എന്നാല്‍, "നീ രാവിലെ ഇങ്ങു പോന്നെക്കണം, സന്ധ്യയാകുമ്പോള്‍ തിരികെ പോയാല്‍ മതിയെന്ന്" എന്‍റെ കുശുമ്പത്തി ഉമ്മിച്ചി നേരത്തെ പറഞ്ഞിരുന്നതിനാല്‍ ഞാന്‍ സരിതയുടെ വിളി വരാത്ത ഉമ്മന്‍ചാണ്ടിയെപ്പോലെ നിരാശനായി എന്‍റെ വീട്ടിലേക്കു തനിച്ചു പോയി.

പോകും വഴി ഇടപ്പള്ളി എം.എ.ജെ ഹോസ്പിറ്റലില്‍ കയറി മരുന്ന് വാങ്ങി ,കാല്‍ ഡ്രസ് ചെയ്തു, .

സന്ധ്യയോടെ തിരികെ ഭാരയുടെ വീട്ടിലെത്തി.

ആദ്യരാത്രി ചുമ്മാ സംസാരിച്ച് കളഞ്ഞതിനാല്‍ രണ്ടാമത്തെ രാത്രിയില്‍ എങ്കിലും എന്തെങ്കിലും "പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍" ഏര്‍പ്പെടണം എന്ന ചിന്തയോടെ രണ്ടു ദിവസം തുടര്‍ച്ചയായി ഉറക്കം നിന്ന കണ്ണുകളെ ബലമായി വലിച്ചു തുറന്നു പിടിച്ച് ഞാന്‍ കിടക്കയില്‍ ഭാര്യയെ കാത്തു കിടന്നു.

പത്തുമണിയോടെ ഭാര്യ വന്നു കട്ടിലില്‍ കിടന്നു.

എനിക്കെന്തൊക്കെയോ സംസാരിക്കണമെന്നുണ്ട് , പക്ഷെ ഒന്നും വ്യക്തമായി ഓര്‍മ്മയില്‍ വരുന്നില്ല.

ബലമായി വലിച്ചു തുറക്കാന്‍ ശ്രമിച്ചിട്ടും എന്‍റെ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോകുന്നു.

എന്നാലും കള്ളുകുടിച്ച് ലക്കുകെട്ടവനെപ്പോലെ ഞാന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

പിന്നെ ഞാന്‍ കണ്ണുകള്‍ തിരുമ്മിത്തുറക്കുമ്പോള്‍ തൊട്ടു മുന്നില്‍ ഭാര്യ ആകുലത നിറഞ്ഞ മുഖഭാവത്തോടെയിരിക്കുന്നുണ്ട്.

"എന്താ ഡോ ?"

"എന്തുറക്കാ ഇക്കാ ഇത് ? എത്ര നേരായി ഞാന്‍ വിളിക്കുന്നു"

"നീ ഉറങ്ങാന്‍ കിടക്കുന്നില്ലേ ?"

"ഉറങ്ങാന്‍ കിടക്ക്വേ ? നേരം വെളുത്തിട്ട് മൂന്നുനാല് മണിക്കൂറായി"

"ങേ....നേരം വെളുത്തോ?"

"ഇന്നലെ രാത്രി എന്തുവായിരുന്നു ?"

"ങേ ...എന്ത് ?" ഞാന്‍ ഞെട്ടല്‍ പുറത്തു കാണിക്കാതെ ചോദിച്ചു.

"എന്തൊക്കെയോ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു?"

"ങേ , ഞാന്‍ എന്ത് പറഞ്ഞു ?" ഞാന്‍ ചോദിച്ചു.

"ഞാന്‍ ശരിക്കും പേടിച്ച് പോയി. പടച്ചോനെ എന്നെ കെട്ടിയത് ഒരു വട്ടന്‍ ആണോന്നു വരെ ഞാന്‍ സംശയിച്ചു" ഭാര്യയുടെ ശബ്ദത്തില്‍, അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും നിങ്ങളൊരു വട്ടന്‍ തന്നെയാണെന്നുള്ള ധ്വനി.

"എടീ, അതെനിക്ക് ഉറക്കം ശരിയാവാഞ്ഞിട്ടാണ്. ഇന്നലേം മിനിഞ്ഞാന്നും തീരെ ഉറങ്ങിയില്ലല്ലോ - അതിന്റെയാണ്. ഞാന്‍ ഒന്നൂടെ ശരിക്ക് കിടന്നുറങ്ങട്ടെട്ടോ, എഴുന്നേല്‍ക്കുമ്പോഴേക്കും എല്ലാം ശരിയാകും."

ഞാന്‍ പുതപ്പു ശരിപ്പെടുത്തി തിരിഞ്ഞു കിടന്നപ്പോഴേക്കും അവള്‍ പുതപ്പ് വലിച്ചെടുത്തു കൊണ്ട് പറഞ്ഞു - "അയ്യടാ ഇത്രേക്കെ ശരിയായാ മതി , താഴെ എല്ലാവരും നിങ്ങളെ കാത്തു ചായ കുടിക്കാതെ വെയിറ്റ് ചെയ്യുന്നു"

ഞാന്‍ ചാടിയെഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ ഒരു വിധത്തില്‍ നിര്‍വ്വഹിച്ച് ധൃതിയില്‍ താഴെ ഡൈനിംഗ് ഹാളിലെത്തി.

"ഹലോ എന്താ മാഷെ ആലോചിക്കുന്നെ ? "

സുഹൃത്തിന്‍റെ തുടര്‍ച്ചയായുള്ള നോട്ടിഫിക്കേഷനുകളാണ് എന്നെ ചിന്തകളുടെ ലോകത്ത് നിന്നുണര്‍ത്തിയത്.

"എന്താ ഒരു ടെന്‍ഷന്‍ ?"

"ഹേയ് ഒന്നുമില്ല. എന്‍റെ മനസ്സ് ആകെ ശൂന്യമായത് പോലെ, സ്റ്റാറ്റസ് എഴുതാന്‍ ഒന്നും കിട്ടുന്നില്ല"

"മനസ്സിലെ ശൂന്യതയോക്കെ പോയി നിറയാനാണോ പ്രയാസം, ഇയാള് ടെന്‍ഷന്‍ അടിക്കാതിരി"

"ഇന്നലെ രാത്രി തീരെ ഉറങ്ങിയില്ല , മക്കള്‍ രണ്ടും നല്ല ബഹളം ആയിരുന്നു"

"അതെയോ.....ആട്ടെ - എന്താപ്പോ ആലോചിച്ചേ ?"

"ഞാന്‍ നിന്‍റെ ചോദ്യം കേട്ടപ്പോ എന്‍റെ കല്യാണദിവസത്തിലേക്ക് പോയി."

"ഉം...എന്താ വിശേഷിച്ച്?"

ഞാന്‍ സുഹൃത്തിനോട്‌, എന്‍റെ മനസിലൂടെ കടന്നു പോയ ചിന്തകളെല്ലാം ഒന്നുകൂടി പങ്കുവെച്ചു.

"എനിക്ക് ലോഹിതദാസിന്‍റെ ഡയലോഗ് ഓര്‍മ്മ വരുന്നെടാ"

"അതെത് ഡയലോഗ് ?"

"ചോക്കുമലയില്‍ ഇരികുന്നവന്‍ ഒരു ചോക്കുകഷണം അന്വേഷിച്ചു പോയ കഥ. കയ്യില്‍ ഇത്രയും നല്ല വിഷയം ഇരുന്നിട്ടാണോ നീ എഴുതാന്‍ വിഷയം ഇല്ലെന്നു പറഞ്ഞു വിഷമിക്കുന്നേ?"

"ഒഹ് - അത് ശരിയാണല്ലോ, താങ്ക്സ് മച്ചു , അപ്പോള്‍ പിന്നെ കാണാം. ഞാന്‍ ഈ സ്റ്റാറ്റസ് എഴുതി വായനക്കാരെ ബോറടിപ്പിക്കട്ടെ - ബൈ"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top