Thursday, July 25, 2013

മിസിസ് എഫ്ബിയിലാണ്

"എനിക്ക് വല്ലാതെ ബോറടിക്കുന്നു ഇക്കാ "

"ഇവിടെ ഒരുപാട് പുസ്തകങ്ങള്‍ ഇരിപ്പുണ്ടല്ലോ, ടീവിയുണ്ട്, ലാപ് ടോപ്പുണ്ട്, ഐപാഡുണ്ട് - ഏതു നേരവും ഇരുന്നോരോന്നു ചിന്തിക്കാതെ ഇതില്‍ എന്തെങ്കിലും ഒക്കെ നോക്കി ഇരുന്നൂടെ നിനക്ക് ?"

"ടീവിയില്‍ എന്താ ഒള്ളെ , മാസത്തില്‍ നാല് പ്രാവശ്യം വരും - ഒരേ സിനിമ. സീരിയലാണെങ്കില്‍ പണ്ടേ എനിക്കിഷ്ടമല്ല , പിന്നെ ഇപ്പഴത്തെ വാര്‍ത്ത ഞാന്‍ കാണണോന്നു ഇക്ക തന്നെ പറ"

"കാണണ്ട കാണണ്ട - പക്ഷെ പുസ്തകം വായിക്കാമല്ലോ ?"

"അതൊക്കെ എപ്പഴേ വായിച്ചു തീര്‍ത്തു. പുതിയ പുസ്തകം വാങ്ങിക്കൊണ്ടു താ"

പടച്ചവനെ - പറഞ്ഞത് അബദ്ധായോ , സൗദി അറേബ്യയിലെവിടാ മലയാളം പുസ്തകങ്ങള്‍ കിട്ടുക ?

"നിനക്കാ ലാപ്ടോപ്പിലോ, ഐപാഡിലോ എന്തെങ്കിലും നോക്കിക്കൂടെ ?"

"അതിനു അതൊന്നും ഉപയോഗിക്കാന്‍ എനിക്കറിയൂല"

"എങ്കി നീയാ ഐപാഡ് ഇങ്ങേടുത്തോണ്ട് വാ , ഞാന്‍ പഠിപ്പിക്കാം"

ഭാര്യ ഐപാഡ് എടുക്കാന്‍ പോയപ്പോള്‍ പണ്ട് റാംജിറാവ് സ്പീക്കിമ്ഗില്‍ പാടിയത് പോലെ "അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍" എന്ന പാട്ട് എന്‍റെ കാതില്‍ മുഴങ്ങുന്നത് പോലെ തോന്നി.

"ഛെ, ചുമ്മാ തോന്നുന്നതായിരിക്കും." ഞാന്‍ സമാധാനിച്ചു.

ഭാര്യ ഐപാഡുമായി വന്നു.

ഞാന്‍ ടൈപ് ചെയ്തു - www.facebook.com - വീണ്ടും ആ പാട്ട് !

"എന്താ ഇക്കാ ആലോചിക്കുന്നെ ? എന്ത് പറ്റി?

"ഏയ്‌ - നീയാ പാട്ട് കേട്ടോ ?"

"പാട്ടോ- ഏതു പാട്ട് ? ഇക്കാക്ക്‌ വട്ടായാ ?"

ഇങ്ങനെ പോയാല്‍ ഉടനെ ആകാന്‍ വഴിയുണ്ട് എന്ന് ചിന്തിച്ചു രണ്ടും കല്‍പ്പിച്ചു ഞാന്‍ ഫേസ്ബുക്ക് തുറന്നു. അവളുടെ പേരില്‍ ഒരു പുതിയ അക്കൌണ്ട് ഉണ്ടാക്കി. ഉപയോഗിക്കേണ്ട വിധമൊക്കെ പറഞ്ഞു കൊടുത്തു - എന്നെ ഫ്രണ്ടും ആയി ആഡ് ചെയ്തു കൊടുത്തു.

"ഇതാരാ ഈ അംബിക ?"

പടച്ചോനെ ആദ്യത്തെ ചോദ്യം തന്നെ വശപ്പെശകാണല്ലോ - എന്‍റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള അംബികയുടെ കാര്യമാണ് അവള്‍ ചോദിക്കുന്നത് - കുരിശായോ ?

"അംബിക എന്‍റെ ഒരു ഫ്രണ്ടാ , അതുപോലെ വേറേം ഫ്രണ്ട്സ് ഉണ്ട്. അതൊക്കെ വെറും സൌഹൃദങ്ങള്‍ മാത്രം.

"ഉം"

ആ മൂളലില്‍ എന്തോ ഒരു പന്തികേടില്ലേ എന്ന് ചിന്തിച്ച് - ആ - വരുന്നിടത് വച്ച് കാണാമെന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ ഓഫീസിലേക്ക് പോയി.

പതിനൊന്നു മണിയായപ്പോള്‍ അവളുടെ കോള്‍

"ഹലോ ഇക്കാ, ഇതെന്താ ഇക്കാ നേരത്തെ എന്നെ പഠിപ്പിക്കാഞ്ഞേ - ഈ ഫേസ്ബുക്ക് - എന്ത് രസാ. എനിക്ക് കൊറേ ഫ്രണ്ട് റിക്വസ്റ്റ് വന്നു - എല്ലാരേം ഞാന്‍ ആഡ് ചെയ്തു. അതിലൊരാള്‍ എന്നയൊരു ഗ്രൂപ്പിലും ചേര്‍ത്ത്. നല്ല ആളുകളാ ആ ഗ്രൂപ്പില്‍ - എന്തൊരു തമാശയാ"

എനിക്ക് സമാധാനമായി, അവളുടെ ബോറടി മാറിക്കിട്ടിയല്ലോ.

ഉച്ചക്ക് പതിവ് പോലെ ഊണ് കഴിക്കാനായി വീട്ടിലെത്തി, സാധാരണ ഞാന്‍ വരുമ്പോള്‍ അവള്‍ കിച്ചണില്‍ ജോലിയിലായിരിക്കും, ഇന്നവളിതെവിടെപ്പോയി.

"ആഹാ, നീയിപ്പോഴും ഐപാഡിലാ ? വേഗം വന്നു ചോറ് വിളമ്പിക്കെ, എനിക്ക് എളുപ്പം പോകണം"

"ചോറോ, അതിനു ഒരു മണിയായോ ?"

അവളുടെ ചോദ്യം എന്നെ ഞെട്ടിച്ചു.

"ഇക്കാ ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല, പൊന്നിക്കയല്ലേ, ഇന്നൊരു ദിവസത്തേക്ക് ഏതേലും ഹോട്ടലീന്ന് കഴിക്ക്"

"ഉം ശരി, നീ ഏതു നേരവും ഇതില്‍ തന്നെ ഇരിക്കാതെ എന്തേലും ഉണ്ടാക്കി കഴിക്കാന്‍ നോക്ക്. അപ്പൊ ഞാന്‍ പോകുന്നെ"

"ശരി ഇക്ക" എന്ന് പറഞ്ഞു കൊണ്ട് അവള്‍ ഐപാഡ് താഴെ വച്ച് അടുക്കളയിലേക്കു പോകുന്നത് കണ്ടുകൊണ്ട്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.

വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവള്‍ക്കു മിസ്ഡ് കോള്‍ അടിച്ചു - പുറത്തു പോകുന്ന ദിവസങ്ങളില്‍ ഞാന്‍ എത്തുമ്പോഴേക്കും റെഡിയായി നില്‍ക്കാന്‍ ഉള്ള അടയാളമാണ് ആ മിസ്ഡ് കോള്‍.

വീടിനു മുന്നില്‍ എത്തി കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് അഞ്ചു മിനിട്ടായി-അതിനിടെ രണ്ടു മിസ്ഡ് കോള്‍ അടിച്ചു, രണ്ടു തവണ മൊബൈലിലേക്ക് വിളിച്ചു - നോ ആന്‍സര്‍.

"ശെടാ, ഇവളിതെവിടെ പോയി കിടക്കുന്നു" ദേഷ്യത്തോടെ ഞാന്‍ ലിഫ്റ്റിന്‍റെ സ്വിച്ചമര്‍ത്തി - ലിഫ്റ്റ്‌ ചത്തു കിടക്കുന്നു.

വായില്‍ തോന്നിയ ചീത്തയൊക്കെ ഫ്ലാറ്റ് മുതലാളിയെ വിളിച്ചു കൊണ്ട് പടികള്‍ ഓടിക്കയറി - മുകളില്‍ എത്തുമ്പോള്‍ കിതക്കുന്നുണ്ടായിരുന്നു.

കോളിംഗ് ബെല്‍ അടിച്ചിട്ടും അഞ്ചു മിനിട്ടോളം എടുത്തു വാതില്‍ തുറക്കാന്‍. കയ്യില്‍ ഐപാഡുമായി വീട്ടില്‍ നില്‍ക്കുന്ന അതെ വേഷത്തില്‍ അവള്‍ !

"നീ റെഡിയായില്ലേ ?"

"റെഡിയാവാനോ - അതിനു പുറത്തു പോകുന്ന കാര്യം എന്നോട് എപ്പോ പറഞ്ഞു ?"

"ഞാന്‍ ഓഫീസില്‍ നിന്നിറങ്ങും മുന്നേ നിനക്ക് മിസ്ഡ് കോള്‍ അടിച്ചത് കണ്ടില്ലേ ? "

അപ്പോഴാണ് അവള്‍ ഫോണെടുത്തു നോക്കിയത്.

"അയ്യോ - ഇക്ക വിളിച്ചാരുന്നല്ലേ , ഞാന്‍ കണ്ടില്ല. ഇന്നിപ്പോ പുറത്തു പോകണ്ട ഇക്ക. ഞാന്‍ ചേര്‍ന്ന ഒരു ഗ്രൂപ്പില്‍ നിറയെ മത്സരങ്ങളാ - ആറുമണിക്ക് അശ്വമേധം ഉണ്ട്. യ്യോ - അഞ്ചെ അമ്പത്തഞ്ചായല്ലോ - ഇപ്പൊ തുടങ്ങും"

അവള്‍ ഐപാഡുമായി ബെഡ്റൂമിലേക്ക്‌ പോയി.

ഞാന്‍ സോഫയില്‍ തളര്‍ന്നിരുന്നു - പടച്ചവനെ - ഇതിനെയാണോ വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് എവിടെയെങ്ങാണ്ടോ കൊണ്ട് വച്ചെന്നു പറയുന്നേ - ആദ്യദിവസം ഇതാണെങ്കില്‍ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ ? ഇക്കണക്കിനു അവളാ ഫാം വില്ലിയും, മര്‍ഡര്‍ കേസുമൊക്കെ കണ്ടു പോയാല്‍ എന്താവും സ്ഥിതി !

"അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍" ഇപ്പോള്‍ ആ പാട്ടെനിക്ക് ശരിക്കും കേള്‍ക്കാം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top