Sunday, July 28, 2013

തിരിച്ചു കിട്ടാത്ത കടം

ഞാന്‍ തിരുവനന്തപുരത്ത് ലോഡ്ജില്‍ താമസിക്കുമ്പോള്‍ നെയ്യാറ്റിന്‍കരക്കാരന്‍ ഒരു ഗിരീഷ്‌ ഉണ്ടായിരുന്നു.

ബ്ലേഡ് കമ്പനി നടത്തി പൊട്ടി നാട്ടില്‍ സ്ഥിരമായി നില്‍ക്കാനാവാത്ത സാഹചര്യമുണ്ടായപ്പോള്‍ പഴയ തൊഴിലായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫിയുമായി തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടക്കുകയാണ് മൂപ്പരുടെ പ്രധാനജോലി.

മൂപ്പരുടെ കൈയില്‍ നിന്ന് കടമായി വാങ്ങിയ പണം തിരികെ കൊടുക്കാനും നിറയെ ആളുകള്‍ ഉണ്ട് - അവരിലോരാലാണ് ബാലരാമപുരത്തുള്ള ഗോവിന്ദന്‍.

മുവ്വായിരം രൂപയാണ് ഗോവിന്ദന്‍ ഗിരീഷിനു കൊടുക്കാനുള്ളത് - ഈ പണം വാങ്ങാനായി ചുരുങ്ങിയത് അഞ്ചാറ് തവണയെങ്കിലും എന്‍റെ ബൈക്കില്‍ പെട്രോളടിച്ചു തന്ന് എന്നെയും കൂട്ടി പുള്ളി ബാലരാമപുരത്ത് പോയിട്ടുണ്ട്.

ഓരോതവണയും ഗോവിന്ദന്‍ അഞ്ഞൂറോ ആയിരമോ എടുത്തു നീട്ടും - "മൂവായിരം മുഴുവന്‍ തരാതെ ഞാന്‍ വാങ്ങില്ല" എന്ന് വാശി പിടിച്ച് "അടുത്തയാഴ്ച വരുമ്പോള്‍ മുഴുവന്‍ കാശും എടുത്തു വച്ചേക്കണം" എന്ന മുന്നറിയിപ്പോടെ ഗിരീഷ്‌ തിരികെ പോരും.

ചില ആഴ്ചകളില്‍ ഞങ്ങളെത്തും മുന്നേ ഗോവിന്ദന്‍ മുങ്ങും - അന്നത്തെ പോക്ക് ശരിക്കും ഗോവിന്ദയാകും.

ഓരോ തവണയും ഞാന്‍ ഉപദേശിക്കും - ഗിരീഷ്‌ ഭായ് , കിട്ടുന്നത് വാങ്ങിക്കൂടെ ?

അപ്പോള്‍ മൂപ്പര്‍ പറയും - "അങ്ങനെ വാങ്ങിയാല്‍ അവന്‍ മുഴുവന്‍ കാശും തരില്ലന്നേ"

ഒരിക്കലും ഗിരീഷിന്‍റെ മൂവ്വായിരം തിരിച്ചു കിട്ടിയില്ല.

ഗോവിന്ദന്‍ പലപ്പോഴായി വച്ചുനീട്ടിയ അഞ്ഞൂറും, ആയിരവും വാങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷെ പകുതി രൂപയെങ്കിലും കിട്ടിപ്പോയെ !
___________________________________________________________
ഗുണപാഠം : ജീവിതത്തില്‍ എല്ലായ്പ്പോഴും എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് , മുഴുവനായി പ്രതീക്ഷിക്കരുത് - ചിലപ്പോഴൊക്കെ, ചിലകാര്യങ്ങള്‍ തവണകളായും സ്വീകരിക്കേണ്ടി വരും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top