Sunday, July 14, 2013

കഥ : രാജാവ് നോറ്റ വൃതം

ഒരിക്കല്‍ ഒരു രാജാവ് നായാട്ടിനു പോകുമ്പോള്‍ വഴിയില്‍ വച്ച് അദ്ദേഹത്തിന്‍റെ കുതിര തളര്‍ന്നു വീണു.

കൂടെയുണ്ടായിരുന്ന ഭടന്മാര്‍ കൈയുണ്ടായിരുന്ന വടി കൊണ്ട് അടിച്ചും കുത്തിയും , ഒച്ചവച്ചും ഒക്കെ നോക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും കുതിരയെ എഴുന്നെല്‍പ്പിക്കുവാന്‍ സാധിച്ചില്ല.

ആ കാഴ്ച കണ്ടുകൊണ്ട് തൊട്ടടുത്ത കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ഗ്രാമീണന്‍ അവിടേക്ക് വന്നു.

കുതിരയുടെ അവസ്ഥ മനസ്സിലാക്കിയ അയാള്‍, ഉടനെ വരാമെന്ന് പറഞ്ഞു വീട്ടിലേക്കു പോയി.

ഏതാനും നിമിഷങ്ങള്‍ക്കകം ഒരു പാത്രത്തില്‍ വെള്ളവുമായി വന്ന് കുതിരക്ക് കുടിക്കാന്‍ കൊടുത്തു.

വെള്ളം കുടിച്ച കുതിര മെല്ലെ എഴുന്നേറ്റു.

രാജാവിന് സന്തോഷമായി. രാജാവ് ഭടന്മാരോട് പറഞ്ഞു.

"ഉച്ചയായല്ലോ, നമുക്ക് അമൃതേത്തിനു സമയമായി. നമ്മെ സഹായിച്ച ആ ഗ്രാമീണനെ കൂടി നമ്മുടെ കൂടെ അമൃതേത്തിനു ക്ഷണിക്കൂ"

ഭടന്മാര്‍ തിരികെയെത്തി രാജാവിനോട് ഉണര്‍ത്തി.

"അയാള്‍ വിളിച്ചിട്ട് വരുന്നില്ല പ്രഭോ - അയാള്‍ക്ക്‌ വൃതമാണെന്ന് അങ്ങയെ അറിയിക്കാന്‍ പറഞ്ഞു. സന്ധ്യവരെ അയാള്‍ അന്നപാനീയങ്ങള്‍ ഒന്നും കഴിക്കില്ലത്രേ "

"ങേ- ഒരു കര്‍ഷകന് ഇത്രയ്ക്കു അഹങ്കാരമോ ? അവനെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ"

ഭടന്മാര്‍ അയാളെ രാജാവിന് മുന്നില്‍ കൊണ്ട് വന്നു.

"നാട് വാഴുന്ന രാജാവായ എന്‍റെ ക്ഷണത്തെക്കാള്‍ വലുതാണോ നിനക്ക് നിന്‍റെ വൃതം?"

"അതെ തമ്പുരാനെ"

നിര്‍ഭയനായി കര്‍ഷകന്‍ പറഞ്ഞു.

"അത്രക്കായോ - എങ്കില്‍ നീ ഈ നോല്‍ക്കുന്ന വൃതം ഞാനും ഒന്ന് നോറ്റ് നോക്കട്ടെ"

"അങ്ങക്കത്തിനു കഴിയുമെങ്കില്‍ ഞാന്‍ അങ്ങ് പറയുന്നതെന്തും അനുസരിക്കാം"

"ശരി, എങ്കില്‍ നീ ഈ വൃതത്തിന്‍റെ നിബന്ധനകള്‍ എല്ലാം പറയൂ"

കര്‍ഷകന്‍ പറഞ്ഞു തുടങ്ങി -

"പ്രഭാതത്തില്‍ സൂര്യന്‍ ഉദിക്കുന്നതിന് അര നാഴിക മുന്‍പ് മുതല്‍ സായാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ ജലപാനം ചെയ്യുവാനോ, സ്ത്രീസംസര്‍ഗ്ഗം നടത്തുവാനോ, ആരെയും ഉപദ്രവിക്കുവാനോ പാടില്ല"

"ഇത്രേ ഉള്ളൂ. ശരി നാം നിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നു."

പിറ്റേന്ന് പ്രഭാതം മുതല്‍ രാജാവ് നോമ്പ് ആരംഭിച്ചു.

എന്നാല്‍ ഉച്ചയോടടുത്തപ്പോള്‍ തന്നെ രാജാവിന്‍റെ വയറ്റില്‍ എരിപൊരി സഞ്ചാരം തുടങ്ങി.

രാജാവ് അനുചര വൃന്ദവുമായി കൂടിയാലോചിച്ചു.

മന്ത്രി ഒരു നിര്‍ദ്ദേശവുമായി വന്നു.

"മൃദുവായ പട്ടുമെത്തയില്‍, പട്ടു തലയിണയില്‍, പട്ടു പുതപ്പു പുതച്ചു കിടക്കുക."

ഉടന്‍ തന്നെ ആ രാജ്യത്തെ ഏറ്റവും മുന്തിയ മെത്തയും, തലയിണയും, പുതപ്പും കൊണ്ട് വരപ്പെട്ടു.

രാജാവ് അതില്‍ കിടന്നു.

കിടക്കുമ്പോള്‍ ഒരു നിമിഷം നല്ല സുഖം - പക്ഷെ അടുത്ത നിമിഷം ദാഹവും, വിശപ്പും രാജാവിനെ കീഴ്പ്പെടുത്തുമ്പോള്‍ പട്ടിന്‍റെ മൃദുലത പോലും നഷ്ടപ്പെടുന്നു - വീണ്ടും രാജാവ് ആകുലപ്പെട്ടു തുടങ്ങി.

അടുത്തത് കൊട്ടാരം വൈദ്യന്‍റെ ഊഴമായിരുന്നു - അദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു -

"കുറെ പാത്രങ്ങളില്‍ മഞ്ഞുകട്ടകള്‍ നിറച്ചുവച്ചശേഷം അതിനു മീതെ വിശറി ഉപയോഗിച്ച് കിടക്കയില്‍ കിടക്കുന്ന രാജാവിനു നേരെ വീശുക - തണുത്ത കാറ്റ് ഏല്‍ക്കുമ്പോള്‍ ക്ഷീണം ഒക്കെ പമ്പ കടക്കും."

അങ്ങനെ മഞ്ഞുകട്ടകള്‍ പാത്രങ്ങളില്‍ നിരത്തി വെക്കപ്പെട്ടു.

തോഴിമാര്‍ മയില്‍‌പ്പീലി കൊണ്ടുണ്ടാക്കിയ വിശറികള്‍ കൊണ്ട് വീശി.

ആദ്യത്തെ ഏതാനും നിമിഷങ്ങള്‍ രാജാവ് സുഖശീതളമായ ആ ഇളംകാറ്റില്‍ എല്ലാം മറന്നു കിടന്നു പോയി.

പക്ഷെ അധികം താമസിയാതെ വീണ്ടും കത്തുന്ന ദാഹത്തിന്‍റെയും വിശപ്പിന്‍റെയും ആകുലത രാജാവിനെ കീഴടക്കിത്തുടങ്ങി.

അടുത്ത നിര്‍ദ്ദേശവുമായി വന്നത് കൊട്ടാരം വിദൂഷകനായിരുന്നു.

"മനോഹരമായ സ്ഫടികപാത്രങ്ങളില്‍ വിശിഷ്ടമായ ശീതളപാനീയങ്ങള്‍ നിരത്തി വെക്കുക. വൃതം അവസാനിപ്പിക്കുന്ന സമയത്ത് ഇവയൊക്കെ കുടിക്കാമല്ലോയെന്ന ചിന്ത എല്ലാ പ്രയാസങ്ങളെയും ദൂരീകരിക്കും."

എങ്ങെനെയെങ്കിലും ഈ കഷ്ടപ്പാടില്‍ നിന്നൊന്നു കരകയറണമെന്ന ഉദ്ദേശത്തോടെ രാജാവ് അതിനും സമ്മതം മൂളി.

ശീതളപാനീയ പാത്രങ്ങള്‍ കൊണ്ട് വരപ്പെട്ടു.

പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു.

പാത്രങ്ങളില്‍ കൈയെത്തും ദൂരത്തു നിറച്ചു വച്ചിരിക്കുന്ന അതീവരുചികരങ്ങളായ ശീതളപാനീയങ്ങള്‍ തനിക്ക് കുടിക്കാനാവുന്നില്ലല്ലോ എന്ന ചിന്ത രാജാവിനെ മതിഭ്രമത്തിനടുത്തെത്തിച്ചു.

"ആരവിടെ , ഈ മണ്ടന്‍ വിദൂഷകനെ തുറുങ്കിലടക്കൂ. ഇവന്‍ എന്‍റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തി."

രാജാവ് കോപം കൊണ്ട് അലറി.

ക്ഷമ നശിച്ച രാജാവ് ശീതളപാനീയ ചഷകങ്ങളില്‍ നിന്ന് ഓരോന്നായെടുത്ത് വായിലേക്ക് കമഴ്ത്തി.

"ആരവിടെ , ആ ഗ്രാമീണനെ ഹാജരാക്കൂ"

ഭടന്മാര്‍ ഗ്രാമത്തില്‍ ചെന്നു ആ ദരിദ്രകര്‍ഷകനെ കൂട്ടിക്കൊണ്ടു രാജകൊട്ടാരത്തിലേക്ക് വന്നു.

"ഇന്നും നിനക്ക് വൃതമുണ്ടോ?"

"ഉണ്ട് തിരുമനസ്സേ" അയാള്‍ കര്‍ഷകന്‍ മറുപടി പറഞ്ഞു.

"നിങ്ങള്‍ വിളിക്കാന്‍ ചെല്ലുമ്പോള്‍ ഇവന്‍ എന്ത് ചെയ്യുകയായിരുന്നു?"

രാജാവ് ഭടന്മാരോട് ചോദിച്ചു.

"ഇയാള്‍ പൊരിവെയിലത്ത് കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു."

രാജാവ് അത്ഭുതപ്പെട്ടു.

ഇത്രയും സുഖസൌകര്യങ്ങളില്‍ വെറുതെ മെത്തയില്‍ കിടക്കുവാന്‍ പോലും തനിക്കു സാധിച്ചില്ല, എന്നാല്‍ ഈ ദുര്‍ബലനായ മനുഷ്യന്‍ പൊരിവെയിലത്ത് കൃഷിയിടത്തു ജോലി ചെയ്തിട്ടും യാതൊരു ക്ഷീണമോ ആകുലതയോ കൂടാതെ പ്രസന്നവദനനായി നില്‍ക്കുന്നു.

"ആരവിടെ, എനിക്ക് ഈ മനുഷ്യനുമായി തനിച്ചു സംസാരിക്കണം"

സദസ്സ് പിരിഞ്ഞു പോയി.

രാജാവും കര്‍ഷകനും തനിച്ചായി.

"ഞാന്‍ തോല്‍വി സമ്മതിക്കുന്നു സുഹൃത്തേ, എങ്ങനെയാണ് താങ്കള്‍ക്ക് ഇതിനു സാധിക്കുന്നത്?"

രാജാവ് ചോദിച്ചു.

"അത് നിസാരമാണ് തിരുമനസ്സേ"

കര്‍ഷകന്‍ തുടര്‍ന്നു.

"അങ്ങ് നോമ്പെടുത്തത് അങ്ങയുടെ അഹങ്കാരം നിറഞ്ഞ മനസ്സിനെ തൃപ്തിപ്പെടുത്താനാണ്. നിസ്സാരനായ എന്നോടുള്ള അമര്‍ഷവും, രാജാവായ തന്നെക്കൊണ്ട് സാധിക്കാത്തതായൊന്നും ഇല്ലെന്നുള്ള അഹങ്കാരവും മാത്രമായിരുന്നു അങ്ങയെ അതിനു പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് അതിന്‍റെ ദാഹത്തേയും, വിശപ്പിനേയും സഹിക്കാന്‍ താങ്കള്‍ക്കു സാധിക്കാതെ പോയത്.

എന്നാല്‍ ഞാന്‍ നോമ്പെടുക്കുന്നത് എനിക്ക് വേണ്ടിയല്ല , എന്‍റെ സൃഷ്ടാവിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. എന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവിന് വേണ്ടി ത്യാഗം സഹിക്കുന്ന എന്നെ അവന്‍ യാതൊരു ക്ഷീണവും കൂടാതെ സംരക്ഷിക്കും എന്നുള്ള ഉറച്ച വിശ്വാസമാണ് എന്‍റെ പ്രസരിപ്പിനു കാരണം."

രാജാവിനു തന്‍റെ തെറ്റ് ബോധ്യമായി.

രാജാവ് ആ കര്‍ഷകനെ കൈനിറയെ സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി.

അന്നത്തോടെ ദുര്‍ബലരെ പരിഹസിക്കുന്നത് രാജാവ് അവസാനിപ്പിക്കുകയും ചെയ്തു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top