Saturday, July 13, 2013

ചില ബയോളജി ചിന്തകള്‍ - 2

എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ പ്രത്യുല്പ്പാദനത്തെക്കുറിച്ച് പഠിക്കാനുളളത് കൊണ്ട് മാത്രമല്ല - അപ്പുക്കുട്ടന്‍ ബയോളജി ഇഷ്ടപ്പെടാന്‍ കാരണം.

ബയോളജി പാഠപുസ്തകത്തിലെ ചാള്‍സ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം അപ്പുക്കുട്ടനെ ഏറെ ആകര്‍ഷിച്ച ഒരു കാര്യമാണ്.

ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിക്കും മുന്നേ അപ്പുക്കുട്ടന്‍ ആ പാഠം പലയാവര്‍ത്തി വായിച്ചിട്ടുമുണ്ട്.

ജീവികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന അവയവങ്ങള്‍ വികസിക്കുകയും, ഉപയോഗിക്കാത്ത അവയവങ്ങള്‍ ലോപിച്ച് ഇല്ലാതാകുകയും ചെയ്യുന്ന ശാരിരിക മാറ്റം ആണല്ലോ പരിണാമ സിദ്ധാന്തത്തിന്‍റെ കാതലായ ആശയം.

ചെറുപ്പത്തിലെ അത്രത്തോളം ചിന്തിച്ചില്ലെങ്കിലും വളര്‍ന്നു വലുതായപ്പോള്‍ അപ്പുക്കുട്ടനില്‍ ന്യായമായ പല സംശയങ്ങളും ഉടലെടുത്തു.

"കുരങ്ങുകള്‍ പരിണമിച്ചാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ കുരങ്ങുകള്‍ യാതൊരു ശാരീരിക മാറ്റങ്ങളും കൂടാതെ എങ്ങനെ അവശേഷിച്ചു? "

പരിണാമസിദ്ധാന്തം സത്യമായിരുന്നെങ്കില്‍, ഇന്നത്തെ തലമുറയില്‍ പരിണാമസിദ്ധാന്തം വരുത്തിയെക്കാമായിരുന്ന മാറ്റങ്ങളെ ക്കുറിച്ച് ചിന്തിച്ചപ്പോള്‍ അപ്പുക്കുട്ടന് തോന്നിയ ചില ഐഡിയകള്‍ താഴെ......

- ഇന്നെല്ലാവരും ആശയവിനിമയത്തിന് കൂടുതലും ഓണ്‍ലൈന്‍ മീഡിയയാണല്ലോ ഉപയോഗിക്കുന്നത്.

ഒരേ കട്ടിലില്‍ കിടന്നുറങ്ങുന്ന ഭാര്യയോടു നീങ്ങിക്കിടക്കാന്‍ ഭര്‍ത്താവ് വാട്ട്സ്ആപ്പില്‍ മെസ്സേജ് അയക്കുന്ന കാലമാണ്.

വാരാന്ത്യം ആഘോഷിക്കാന്‍ പാര്‍ക്കിലും ,റെസ്റ്റോറന്‍റിലും ഒരുമിച്ചു കൂടുന്ന ബന്ധുക്കളും, സുഹൃത്തുക്കളും പരസ്പരം സംസാരിക്കാതെ, ഇതുവരെ നേരിട്ട് പോലും കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളോട് മൊബൈലില്‍ ചാറ്റ് ചെയ്തിരിക്കുന്ന കാഴ്ചകളെ ഇന്ന് കാണാനുള്ളൂ.

അങ്ങനെയാണെങ്കില്‍, തീരെ ഉപയോഗിക്കാത്തത് കൊണ്ട് നാവു എന്ന അവയവം പാടെ അപ്രത്യക്ഷമായെക്കും. (പക്ഷെ ഭക്ഷണം കഴിപ്പിന് യാതൊരു കുറവും ഇല്ലാത്തതിനാല്‍ അതെത്രത്തോളം നടപ്പില്‍ വരുമെന്ന് സംശയം ഇല്ലാതില്ല)

- ഇന്നത്തെ തലമുറ കൈവിരലുകള്‍ ടൈപ്പിംഗിന് ഇത്രത്തോളം ഉപയോഗിക്കുന്നതിനാല്‍ ഇനി അടുത്ത തലമുറ ഇരുകൈയിലും കൂടി പത്തിന് പകരം ഇരുപതു വിരലുകളോടെ ജനിച്ചുവീഴാന്‍ സാധ്യതയുണ്ട്.

(ഇതില്‍ പത്തു വിരലുകള്‍ക്ക് ഒരാളോടും, ബാക്കി പത്തു വിരലുകള്‍ക്ക് മറ്റൊരാളോടും ഒരേ സമയം ചാറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ തലച്ചോറില്‍ ചില അപ്പ്‌ഡേറ്റ്കളും ഉണ്ടാകും)

- ഗാട്ജറ്റുകള്‍ ചാര്‍ജ് ചെയ്യല്‍ ഒഴിച്ച് കൂടാനാവാത്ത പ്രക്രിയയായി മാറിയ സ്ഥിതിക്ക് വൈദ്യുതമത്സ്യത്തെ പോലെ ശരീരത്തില്‍ എവിടെയെങ്കിലും ഒരു ചാര്ജിമ്ഗ് സോക്കറ്റ് രൂപം കൊണ്ടേക്കാം.

- റെക്കോഡിംഗ് സൌകര്യമുള്ള കണ്ണുകളും ചെവികളും.

(ഭിത്തിയിലേക്ക് നോക്കിയാല്‍ മനസ്സില്‍ ഉള്ള ഐഡിയകള്‍ പ്രോജക്റ്റ് ചെയ്യുന്ന പ്രോജക്ട്റ്ററായി വര്‍ക്ക് ചെയ്യുന്ന കണ്ണുകള്‍)

- തലച്ചോറിലെ മെമ്മറി സ്പേസ് തീരുമ്പോള്‍, പെന്‍ഡ്രൈവിലേക്കോ എക്സ്റ്റെര്‍ണല്‍ ഹാര്‍ഡ്ഡിസ്ക്കിലെക്കോ ഓര്‍മ്മകള്‍ സേവ് ചെയ്തു സൂക്ഷിക്കാനുള്ള സൗകര്യം.

- ഉറങ്ങുമ്പോള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടാന്‍ പറ്റാത്തതിനാല്‍ ഇപ്പോഴത്തെ പൊതുവേയുള്ള വിശ്വാസമായ എട്ടു മണിക്കൂര്‍ ഉറക്കത്തിനു പകരം രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങിയാലും ക്ഷീണം തോന്നാത്ത ശരീരം.

ഇനിയും ഒരുപാടു ഐഡിയകള്‍ അപ്പുക്കുട്ടന്‍റെ തലയില്‍ ഉണ്ടെങ്കിലും സ്റ്റാറ്റസ് ഏറെ നീണ്ടു പോയേക്കുമോയെന്നു ഭയന്ന് നിര്‍ത്തിക്കൊള്ളാന്‍ ഞാന്‍ പറഞ്ഞു. 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top