Tuesday, July 16, 2013

ഭാഷകളും ഞാനും - അറബി

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ,സൌദിയില്‍ ജനിച്ചു വളര്‍ന്ന കസിന്‍ വെക്കേഷന് നാട്ടില്‍ വരുമ്പോള്‍ ഞാനവനോട് ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട് -

"നീ അവിടെ അറബിക്കുട്ടികളൊക്കെ ആയിട്ടായിരിക്കില്ലേ കൂട്ട് ? അപ്പൊ അറബിയൊക്കെ നന്നായി അറിയാമായിരിക്കും. എന്തെങ്കിലും അറബിയില്‍ പറഞ്ഞേടാ"

അപ്പോള്‍ അവന്‍റെ മറുപടി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു

"അതിന് എനിക്ക് അറബി സംസാരിക്കാനൊന്നും അറിയില്ലടാ"

ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം മലയാളം പോലെ അറബിയും സംസാരിക്കാന്‍ കഴിയും എന്നായിരുന്നു എന്‍റെ ധാരണ.

എന്നാല്‍ സൌദിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി - ഒരു നാട്ടില്‍ ജീവിക്കണമെങ്കില്‍ അവിടത്തെ ഭാഷ പഠിച്ചിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

നമ്മള്‍ ഇടപഴകുന്ന ചുറ്റുപാടുകള്‍ അവിടത്തെ ഭാഷ പഠിക്കേണ്ടതിന്‍റെ ആവശ്യകത ഉയര്‍ത്തുന്നുവെങ്കില്‍ മാത്രമേ നാം പുതിയൊരു ഭാഷ പഠിക്കാന്‍ മേനക്കെടുകയുമുള്ളൂ.

കുട്ടിക്കാലത്ത് ഓത്തുപള്ളിയില്‍ "അറബി മലയാളം" പഠിച്ചതിലൂടെ അറബി അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ അറിയാം.

(ഇംഗ്ലിഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം എഴുതുന്നതിനെ "മംഗ്ലീഷ്" എന്ന് പറയുന്നതുപോലെ അറബി അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം എഴുതുന്നതിനെയാണ് "അറബി മലയാളം" എന്ന് പറയുന്നത്.)

പക്ഷെ ഈ അറബിമലയാളവുമായി ഗള്‍ഫില്‍ വന്നാല്‍ ഒരു പ്രയോജനവും ഇല്ല , കാരണം ഓത്തുപള്ളിയില്‍ പഠിച്ച തലയും, വാലും ഒക്കെ ഉള്ള അറബിയല്ല ഇവിടത്തെ അറബി.

ഇവിടെ ചിഹ്നങ്ങള്‍ ഇല്ലാത്ത അറബിയായതിനാല്‍, എഴുതിയിരിക്കുന്നത് "അ" എന്നാണോ "ഇ" എന്നാണോ "ഉ" എന്നാണോ എന്ന് ഊഹിച്ചു കണ്ടുപിടിക്കേണ്ടി വരും

റെസിഡന്‍സ് പെര്‍മിറ്റിലെ എന്‍റെ പേര് തന്നെ പല അറബികള്‍ പല രീതിയില്‍ വായിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

അതുകൊണ്ട് നാട്ടില്‍ നിന്ന് പണ്ട് പഠിച്ച അറബിയും, ഇവിടത്തെ അറബിയും തമ്മില്‍ , ചൈനീസും മലയാളവും തമ്മിലുള്ള ബന്ധം പോലെയേ എനിക്ക് തോന്നിയിട്ടുള്ളൂ.

ഇവിടെ വന്നയിടക്ക്, അറബി എഴുതിയ ഒരു കടലാസ് വായിക്കാന്‍ വേണ്ടി എന്നോട് മാനേജര്‍ "അറബി അറിയാമോ ?" എന്ന് ചോദിച്ചപ്പോള്‍ "അറിയാം" എന്ന് പറഞ്ഞു വാലുമുറിഞ്ഞതില്‍ പിന്നെ ഒരിക്കലും ഞാന്‍ ആ സാഹസത്തിന് മുതിര്‍ന്നിട്ടില്ല.

ഇത്രയും പറഞ്ഞത് എഴുത്തിന്‍റെ കാര്യം - സംസാരിക്കുന്ന കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.

സൌദിയില്‍ എനിക്ക് ജോലി ചെയ്യേണ്ടതും, ബന്ധപ്പെടേണ്ടതും കമ്പനികളിലും, ഓഫീസുകളിലും ജോലി നോക്കുന്ന അറബികളുമായിട്ടാണ്.

അവര്‍ക്കൊക്കെ തട്ടിയും മുട്ടിയും ആണെങ്കില്‍ കൂടി - ഇംഗ്ലിഷ് അറിയാവുന്നതിനാല്‍ - എന്‍റെ കയ്യില്‍ കിടന്നു മരിക്കാതെ പാവം അറബിഭാഷ രക്ഷപ്പെട്ടു.

എന്തായാലും നാല് വര്‍ഷത്തെ സൗദി ജീവിതത്തില്‍ നിന്ന് ഒരുകാര്യം ഞാന്‍ മനസ്സിലായിട്ടുണ്ട് - ഇവിടെ നൂറുകൊല്ലം ജീവിച്ചാലും ഞാന്‍ അറബി പഠിക്കില്ല !

ഇക്കാര്യത്തില്‍ എന്‍റെ ജെനറല്‍ മാനേജര്‍ ആണ് എന്‍റെ ഗുരുവും റോള്‍ മോഡലും.

മൂപ്പര്‍ സൌദിയില്‍ എത്തിയിട്ട് 20 വര്‍ഷം ആയി - ഏതെങ്കിലും സെക്യൂരിറ്റി ചെക്ക് പോയിന്‍റില്‍ സൗദി പട്ടാളക്കാരന്‍ അറബിയില്‍ എന്തെങ്കിലും ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് നില്‍ക്കാനേ ഇപ്പോഴും മൂപ്പര്‍ക്കറിയൂ.

നാല് വര്‍ഷം കൊണ്ട് ഞാന്‍ പഠിച്ച അറബി.
------------------------------------------------------------
"അസ്സലാമു അലൈക്കും - വഅലൈക്കുമുസ്സലാം. (സത്യായിട്ടും ഗഫൂര്‍ക്ക ദോസ്ത് പഠിപ്പിച്ചു തന്നതല്ല - നേരത്തെ എനിക്കറിയാവുന്നതാ)

"കൈഫ്‌ ഹാലക് - അല്ഹമ്ദുലില്ലാഹ് - കോയിസ്." (സുഖമാണോ - ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് - സുഖം)

പിന്നെ അക്കങ്ങള്‍ ഒന്ന് മുതല്‍ പത്തു വരെയും, പത്ത് , ഇരുപത്, മുപ്പത് .... അങ്ങനെ നൂറു വരെയും അറിയാം.

കഷ്ടകാലത്തിനു വല്ലപ്പോഴും അറബി മാത്രം അറിയുന്ന ഏതെങ്കിലും ടാക്സി ഡ്രൈവറുടെയോ, കടക്കാരന്‍റെയോ മുന്നില്‍ ചെന്നു പെട്ടാല്‍ പറയാനുള്ള അറബിയും എനിക്കറിയാം - "അറബി മാഫി മാലൂം" (എനിക്ക് അറബി അറിയില്ല)

അതോടെ ആ അറബിയും എന്തെങ്കിലും മുറി ഇംഗ്ലിഷില്‍ സംസാരിച്ച് തുടങ്ങിക്കൊള്ളും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top