Monday, July 15, 2013

തകഴിയും, ചെമ്മീനും, ഫേസ്ബുക്കിലെ ചുരുക്കല്‍വാദികളും

ഫേസ്ബുക്ക് എന്ന ഘോരവനത്തില്‍ എന്നെപ്പോലെയുള്ള ചളിഎഴുത്തുകാരുടെ പേടിസ്വപ്നമാണ്, എഴുത്ത് നീണ്ടു പോയെന്ന് പറഞ്ഞു സ്ഥിരമായി ബഹളം കൂട്ടുന്ന ഒരു വിഭാഗം വായനക്കാര്‍.

തിരിച്ചറിയാനുള്ള സൌകര്യത്തിനു വേണ്ടി ഇവരെ നമുക്ക് "ചുരുക്കല്‍വാദികള്‍" എന്ന് വിളിക്കാം.

ഇട്ട സ്റ്റാറ്റസ് അല്‍പ്പം നീണ്ടു പോയാല്‍ ഉടനെ വരും ഇവരുടെ കമന്റ് -

"നീണ്ടു പോയല്ലോ ?"

"ചുരുക്കിയെഴുതിയിരുന്നെങ്കില്‍ വായിക്കാമായിരുന്നു"

"നീണ്ടത് കൊണ്ട് മുഴുവന്‍ വായിക്കണ്ടല്ലോ"

അങ്ങനെയങ്ങനെ.....

സത്യത്തില്‍ പറയാന്‍ ഉള്ളത് മുഴുവന്‍ എഴുതുമ്പോള്‍ ചില പോസ്റ്റുകള്‍ അല്‍പ്പം നീണ്ടു പോകും - അത് സ്വാഭാവികം മാത്രം.

എഴുത്തെന്നാല്‍ വെറും ആശയവിനിമയം മാത്രമാണോ ?

അതിനേക്കാള്‍ എഴുത്തിനൊരു സൌന്ദര്യമില്ലേ ?

വായനക്കാരനിലുടനീളം ആകാംക്ഷ നിലനിര്‍ത്തുന്ന എല്ലാ എഴുത്തും നല്ലതാണെന്നാണ് എന്‍റെ പക്ഷം.

പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ഈലോകത്ത് ചെയ്യാന്‍ സാധ്യവുമല്ലല്ലോ.

ഈ വിഷയത്തെ ആസ്പദമാക്കി രസകരമായ ഒരു ചിന്തയിലേക്ക് ........

മലയാളത്തിന്‍റെ അഭിമാനമായ, യശശ്ശരീരനായ ശ്രീ.തകഴി ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെങ്കില്‍ , ഈ ചുരുക്കല്‍ വാദികളെ പേടിച്ച് , മലയാളത്തിലെ എക്കാലത്തെയും മാസ്റ്റര്‍ പീസുകളില്‍ ഒന്നായ, അദ്ദേഹത്തിന്‍റെ ചെമ്മീന്‍ എന്ന നോവല്‍ , ചുരുക്കി ചുരുക്കി അവസാനം ഇങ്ങനെ ആയിത്തീര്‍ന്നിരുന്നെങ്കില്‍ എന്ന ചിന്തയില്‍ നിന്നുതിര്‍ന്നു വീണ, അല്‍പ്പം നീണ്ടു പോയ ഒരു സ്റ്റാറ്റസ്........

വായിച്ചു തുടങ്ങുന്നതിനു മുന്‍പൊരു ഓര്‍മ്മപ്പെടുത്തല്‍ :

ദയവായി ഇതിലെ ഹ്യൂമറിനെ മാത്രം ഉള്‍ക്കൊള്ളുക - ഇത് ആരെയും അധിക്ഷേപിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി തെറ്റിദ്ധരിക്കാതിരിക്കുക.

ചെമ്മീന്‍
-------------
ഒരു കടാപ്പുറത്ത്‌ കറുത്തമ്മ എന്നൊരു മുക്കുവത്തിയും, പരീക്കുട്ടി എന്നൊരു കൊച്ചു മുതലാളിയും ഉണ്ടായിരുന്നു.

അവര്‍ തമ്മില്‍ മുടിഞ്ഞ പ്രേമം ആയിരുന്നു.

ഇതറിഞ്ഞ കറുത്തമ്മയുടെ അത്യാഗ്രഹിയായ അച്ഛന്‍ ബ്രൌണ്‍ കുഞ്ഞ് പരീക്കുട്ടിയുടെ കയ്യില്‍ നിന്ന് കുറെയേറെ കായ് കടം വാങ്ങി പുതിയ വള്ളോം വലേം വാങ്ങി വെല്യ സ്ഥിതിയിലാകുന്നു.

അപ്പോള്‍ ബ്രൌണ്‍കുഞ്ഞിന് വെറും സാധാ സ്മാള്‍ മുതലാളിയായ പരീക്കുട്ടിയോട് പുഞ്ജം തോന്നുന്നു.

പരീക്കുട്ടിയുടെ കാശ് കൊടുക്കതെയിരിക്കാനും, മകാളെ സമര്‍ത്ഥനായ പളനി എന്ന മുക്കുവച്ചെക്കന് കെട്ടിച്ചു കൊടുക്കാനും ബ്രൌണ്‍ കുഞ്ഞു പദ്ദതിയിടുന്നു.

സംഗതികള്‍ എല്ലാം നേരത്തെ അറിഞ്ഞെങ്കിലും ബ്രൌണ്‍കുഞ്ഞിന് ഭീമമായ തുക കടം കൊടുത്ത് ജട്ടി പോലും ജപ്തിചെയ്യപ്പെട്ടു പോയ പാവം പരീക്കുട്ടിക്കും, കറുത്തമ്മക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

അങ്ങനെ ഒരു വശത്ത്‌ പളനി - കറുത്തമ്മ കല്യാണം , മറുവശത്ത്‌ കടാപ്പുറത്ത്‌ പ്യാടി പ്യാടി നടക്കുന്ന പരീക്കുട്ടി.....

കല്യാണം ...നടത്തം.......നടത്തം.... കല്ല്യാണം.......

കല്യാണം കഴിഞ്ഞെങ്കിലും കറുത്തമ്മക്ക് പരീക്കുട്ടിയെ മറക്കാന്‍ സാധിക്കുന്നില്ല.

ഒരു കറുത്ത വാവു ദിവസം അഹങ്കാരിയായ പളനി കടലില്‍ ഒറ്റയ്ക്ക് കൊമ്പനെപിടിക്കാന്‍ പോയ രാത്രിയില്‍ കറുത്തമ്മ തന്‍റെ തുറയില്‍ വന്നു "മാനസ മൈനെ" പാടുന്ന പരീക്കുട്ടിയെ കണ്ടു മുട്ടുന്നു.

പിന്നെ അവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല - എന്തായാലും പിറ്റേന്ന് പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയില്‍ പരീക്കുട്ടിയുടെയും, കറുത്തമ്മയുടെയും ശവങ്ങള്‍ ആ കടാപ്പുറത്ത്‌ അടിയുന്നു.

കുറച്ചു ദൂരെയായി പളനിയുടെ വഞ്ചിയും, ചൂണ്ടയില്‍ കുടുങ്ങിയ ഒരു സ്രാവും !

(ശുഭം)

ഇത്രയും എഴുതി തകഴി ചെമ്മീന്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ മലയാളത്തിന് ഒരു ക്ലാസ്സിക് നഷ്ടപ്പെടില്ലായിരുന്നോ ?

അതുകൊണ്ട് - ശ്രീനാരായണഗുരു പറഞ്ഞതേ എനിക്കും പറയാനുള്ളൂ

"അല്‍പ്പം നീണ്ടു പോയാലും എഴുത്ത് നന്നായാല്‍ മതി ! "

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top