Thursday, July 11, 2013

ചില ബയോളജി ചിന്തകള്‍ - 1

"പ്രത്യുല്‍പ്പാദനം"

വെളുത്തുസുന്ദരിയായ ആനി ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകൊണ്ട് പാഠത്തിന്‍റെ പേരെഴുതിയപ്പോള്‍ തന്നെ ക്ലാസ്സിലെ ജാഡക്കാരികളായ സുന്ദരികള്‍ക്ക് നേരെ ചുറ്റുപാടുമുള്ള ആണ്‍കുട്ടികളില്‍ നിന്നും അര്‍ഥം വച്ചുള്ള നോട്ടങ്ങള്‍ നീണ്ടുതുടങ്ങിയിരുന്നു.

സുന്ദരികള്‍ ചുണ്ടില്‍ തത്തിക്കളിക്കുന്ന അര്‍ത്ഥഗര്‍ഭമായ കള്ളച്ചിരിയോടെ മുഖം കുനിച്ചു.

പത്തു സെക്കണ്ട് സമയം കുറിച്ച ശേഷം അതില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും പുരോഗമിക്കാനാവാത്ത നൂറുമീറ്റര്‍ ഓട്ടക്കാരെപ്പോലെ, തോറ്റ് തോറ്റ് എട്ടാം ക്ലാസ്സിലെ പിന്‍ബഞ്ച് സ്ഥിരതാവളമാക്കിയ മുതിര്‍ന്ന ചേട്ടന്മാര്‍ക്കൊക്കെ "തങ്ങളിതെത്ര കണ്ടിരിക്കുന്നു" എന്ന പുച്ഛഭാവം മുഖത്ത്.

ബാക്കിയുള്ളവര്‍ക്കൊക്കെ - ഒളിമ്പ്ക്സിനു വേണ്ടി കാലങ്ങളായി പരിശീലിച്ചിട്ട്‌ അവസാനം മത്സരസമയം അടുത്തപ്പോള്‍ എതിരാളി നൈജീരിയക്കാരന്‍ ആണെന്ന് അറിഞ്ഞപ്പോഴുള്ള ഇന്ത്യന്‍ ബോക്സിംഗ് താരത്തിന്‍റെ പരിഭ്രമം.

ഈ ക്ലാസ് കഴിഞ്ഞിട്ട് അമ്മാവന്‍റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകേണ്ടത് പോലെ ആനി ടീച്ചറുടെ പഠിപ്പിക്കലിന് അന്നുമാത്രം പതിവില്ലാതെ വല്ലാത്ത സ്പീഡ്.

"പുംബീജവും അണ്ഡവും ചേരുമ്പോള്‍ സിക്താണ്ഡം ഉണ്ടാകുന്നു" - ടീച്ചര്‍ സംശയം ചോദിക്കാനിട കൊടുക്കാത്ത വേഗതയില്‍ ശ്വാസം വിടാതെ പറഞ്ഞു പോകുന്നതിനിടയിലും വില്ലാദി വില്ലനായ തോമാച്ചന്‍റെ സംശയം ക്ലാസ്സില്‍ മുഴങ്ങി.

"എങ്ങനെയാ ടീച്ചറെ ഇത് രണ്ടും സംയോജിക്കുന്നെ ?"

കൂടെ കളിക്കുന്ന ആര്‍ട്ടിസ്റ്റ് സ്ക്രിപ്റ്റില്‍ ഇല്ലാത്ത കൌണ്ടര്‍ അടിച്ചപ്പോള്‍ പൊട്ടിപ്പോയ ചിരി പാടുപെട്ട് അടക്കിപ്പിടിച്ച് കളി തുടരുന്ന കോമഡിസ്റ്റാര്‍ ആര്‍ട്ടിസ്റ്റിനെപ്പോലെ ക്ലാസ് മൊത്തം ചിരിയടക്കിപ്പിടിച്ച് പ്രതീക്ഷയോടെ ഇരുന്നു.

ട്രെയിനി ആയി ക്ലാസ്സെടുക്കാന്‍ വന്ന കോട്ടയംകാരി ജോമോള്‍ ടീച്ചറെ കൊണ്ട് ബോഡില്‍ "ഭ" യും "ഫ" യും എഴുതി വായിപ്പിച്ചപ്പോള്‍ പോലും ചിരിക്കാത്ത പോലെ ചിലവന്മാര്‍ ഡെസ്ക്കില്‍ കമഴ്ന്നു കിടന്നു ചിരിക്കുന്നുമുണ്ട്.

"സൈലന്‍സ്" ടീച്ചര്‍ അലറി.

"യു സ്റ്റാണ്ട് അപ്പ്‌" തോമാച്ചന്‍റെ നേരെ ടീച്ചറിന്‍റെ ചൂരലിന്‍റെ നോട്ടം നീണ്ടു.

"നീ നാളെ അച്ഛനെ വിളിച്ചോണ്ട് വാ"

ഉടനെ വന്നു തോമാച്ചന്‍റെ കൂസലില്ലാത്ത മറുപടി

"എങ്കില്‍ പിന്നെ ബാക്കി വിഷയങ്ങളും കൂടി അപ്പനെ തന്നെ പഠിപ്പിച്ചു കൊടുത്തേക്കാന്‍ ടീച്ചര്‍ തന്നെ ബാക്കി ടീച്ചര്‍മാരോട് പറഞ്ഞേക്കണം"

ആനി ടീച്ചര്‍ ഫ്ലാറ്റ് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top