Sunday, July 21, 2013

ചില റമദാന്‍ ചിന്തകള്‍ - 1

പതിനൊന്നു മാസം കുപ്പിയും , ഒരു മാസം തൊപ്പിയും !

ബാക്കി പതിനൊന്നു മാസം തോന്നിയപോലെ ജീവിച്ച് റമദാന്‍ കടന്നു വരുമ്പോള്‍ മാത്രം പടച്ചവനെ ഓര്‍ക്കുകയും, ആരാധനകളില്‍ മുഴുകുകയും ചെയ്യുന്നവരാണ് -ആര്‍.എസ്.പികള്‍ (റമദാന്‍ സ്പെഷ്യല്‍ പാര്‍ട്ടി) എന്നറിയപ്പെടുന്ന ഭൂരിപക്ഷം മുസ്ലിങ്ങളും.

റമദാന്‍ അടുക്കുന്നതിന് ഏകദേശം ഒരാഴ്ച മുന്നേ - റമദാനിന്‍റെ അന്ന് പ്രത്യക്ഷപ്പെടുമ്പോഴുള്ള ചമ്മല്‍ ഒഴിവാക്കാനായി - ഇക്കൂട്ടര്‍ പള്ളിയില്‍ മുഖം കാണിച്ചു തുടങ്ങും.

ചിലരാകട്ടെ, ചെകുത്താനെ ചങ്ങലക്കിടുന്ന മാസമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാസമാണ് റമദാനെങ്കിലും ,"വെല്ല്യപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല - പിന്നാ റമദാന്‍" എന്ന മട്ടില്‍ അവരുടെ കുത്തഴിഞ്ഞ ജീവിതം തുടരുന്നവരും.

ബാക്കിയുള്ള ന്യൂനപക്ഷത്തിന് - തങ്ങളുടെ പ്രവൃത്തികള്‍ക്ക്‌ കൂടുതല്‍ പുണ്യം ലഭിക്കുന്ന, ആരാധനകള്‍ അധികരിപ്പിക്കുന്ന ഒരു മാസം എന്നതില്‍ കവിഞ്ഞ് - മറ്റുപതിനൊന്നു മാസങ്ങളിലെ ജീവിതരീതിയില്‍ നിന്ന് ഏറെയൊന്നും വ്യത്യാസമില്ല റമദാനിന്.

പക്ഷെ ഏതൊരു സന്ദര്‍ഭത്തിലും, മനസ്സില്‍ നന്മയുണ്ടെങ്കിലേ ദൈവത്തില്‍ വിശ്വസിക്കാനും, പ്രതിഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുവാനും കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

റമദാനിലെ കാരുണ്യത്തിന്റെ ആദ്യത്തെ പത്ത് നമ്മെ വിട്ടു കടന്നു പോയി....ബാക്കി വെറും ഇരുപതുനാളുകള്‍.

പണ്ടൊക്കെ ഉമ്മിച്ചിയോ കൂട്ടുകാരോ "നോമ്പാകാറായി" എന്ന് പറഞ്ഞു കേള്‍ക്കുമ്പോഴും, കാലംമാറിയപ്പോള്‍ സുക്കര്‍ബര്‍ഗിന്‍റെ മുഖപുസ്തകത്തില്‍ "റമദാനിനു സ്വാഗതം" എന്നുള്ള പോസ്റ്റുകള്‍ നാളുകള്‍ക്കു മുന്നേ കണ്ടുതുടങ്ങുമ്പോഴും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് പകലിലെ കൊടും ചൂടില്‍ നീണ്ട മുപ്പതു ദിവസങ്ങള്‍ ഒരിറ്റു ദാഹജലം ഇറക്കാനാവാതെ കഴിയേണ്ടി വരുന്ന അവസ്ഥയുടെ വൈഷമ്യത്തെക്കുറിച്ചുള്ള ആശങ്കയാണ്.

എന്നാല്‍ ആദ്യനോമ്പുതുറ വരെയേ ഈ ആശങ്കക്ക് ആയുസ്സുള്ളൂ.

രണ്ടാം നാള്‍ മുതല്‍ നോമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ സ്നേഹിച്ചു തുടങ്ങും.

റമദാന്‍ യാത്രപറയാന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, നാട്ടിലെ തൈക്കാവില്‍ മതില്‍ കെട്ടാന്‍ പണിതീര്‍ത്തിട്ടുള്ള ഫൌണ്ടെഷനില്‍ കൂട്ടുകാരോടൊത്ത്, അവസാനദിവസത്തെ നോമ്പുതുറക്കായി ഒരു കൈയില്‍ കാരക്കയും, മറുകയ്യില്‍ വെള്ളവുമായി ഇരിക്കുന്ന ഇരിപ്പില്‍ ശരിക്കും കണ്ണുകള്‍ ഈറനായിട്ടുണ്ട് - ഇനിയും ഈ അനുഗ്രഹമാസത്തിന് വേണ്ടി പതിനൊന്നു മാസം കാത്തിരിക്കണമല്ലോ എന്നോര്‍ത്ത്.

ഇടയത്താഴം
------------------
വെളുപ്പിന് സുബഹി ബാങ്ക് വിളിക്കുമ്പോള്‍ വൃതം ആരംഭിക്കുന്നതിന് മുന്നേ കഴിക്കുന്ന ഭക്ഷണമാണ് ഇടയത്താഴം.

എന്‍റെ ചെറുപ്പത്തില്‍, വാപിച്ചി ഗള്‍ഫില്‍ പോയ നാലുവര്‍ഷങ്ങള്‍ എന്‍റെ ഉമ്മിച്ചിയും, ഞാനും അനിയനും അനിയത്തിയും താമസിച്ചത് എറണാകുളം ജില്ലയില്‍ മാമംഗലത്തുള്ള ഉമ്മിച്ചിയുടെ വീട്ടിലായിരുന്നു.

നോമ്പ് നിര്‍ബന്ധമാകാത്ത പ്രായം ആയിരുന്നെങ്കിലും ഉമ്മയും, ഉമ്മുമ്മയും, അമ്മായിയും ഒക്കെ എഴുന്നേല്‍ക്കുന്ന കൂട്ടത്തില്‍ ഞാനും എഴുന്നേല്‍ക്കും - പക്ഷെ ആ സമയത്ത് ഭക്ഷണം കഴിക്കാനുള്ള മടി അന്നത്തെപ്പോലെ തന്നെ ഇന്നുമുണ്ട്.

ഇടയത്താഴത്തിനു അല്പം കാര്യമായി ഞാന്‍ ഭക്ഷണം കഴിച്ചത് എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ തിരുവനന്തപുരത്തു ജോലി ചെയ്യുമ്പോള്‍ മാത്രമാണ്.

ആയുര്‍വ്വേദകോളെജിനടുത്തുള്ള ലോഡ്ജിനടുത്ത് ആ സമയത്ത് തുറക്കുന്ന ഹോട്ടലുകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ഞാനും, എന്‍റെ റൂംമേറ്റ് വര്‍ക്കലക്കാരനായ അറാഫത്തും കൂടി വെളുപ്പിനെ പാളയത്തെക്കു നടക്കും.

അവിടെ പാളയം പള്ളിയുടെ തൊട്ടടുത്തായി മലബാറുകാരുടെ ഒരു ഹോട്ടലുണ്ട് - അവിടെ നിന്ന് ചോറോ, പോറോട്ടയോ, ചപ്പാത്തിയോ ഒക്കെ കഴിക്കും.

പിന്നെ പാളയം പള്ളിയില്‍ സുബഹി നമസ്കരിച്ച് ബസ്സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും സിറ്റി സര്‍വീസ് ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ടാകും.

ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന അഞ്ചുവര്‍ഷവും നോമ്പ് തുറന്നിരുന്നത്‌ പാളയം പള്ളിയില്‍ നിന്നായിരുന്നു.

ബാങ്ക് വിളിക്കുമ്പോള്‍ നോമ്പ് തുറക്കാന്‍ ഒരു കൊച്ചു പ്ലാസ്റ്റിക് കവറില്‍ ഒരീന്തപ്പഴം, രണ്ടോ മൂന്നോ മുന്തിരി, ഒന്നോ രണ്ടോ ഓറഞ്ചിന്‍റെ അല്ലി, ഒരു ആപ്പിളിന്‍റെയോ, പൈനാപ്പിളിന്റെയോ ചെറിയ കഷണം - ഒരു ചെറിയ സ്റ്റീല്‍ ഗ്ലാസ് നാരങ്ങാവെള്ളം.

പിന്നെ നമസ്കാരം കഴിഞ്ഞാല്‍ എല്ലാവരും പള്ളിയുടെ കൊമ്പൌണ്ടില്‍ തന്നെയുള്ള ഓഡിറ്റൊറിയത്തിനു മുന്നില്‍ അതിനോടകം രൂപപ്പെട്ട് കഴിഞ്ഞ നീണ്ട ക്യൂവിന്റെ അറ്റത്തു നില്‍ക്കും.

ചില വില്ലന്മാരാകട്ടെ ആദ്യമെത്താനായി പള്ളിയുടെ വാതിലിനടുത്ത് തന്നെ തിക്കിത്തിരക്കി നിന്ന് നമസ്കരിച്ച്, കഴിഞ്ഞയുടനെ ഇറങ്ങിയോടും.

ആ ക്യൂവിന്‍റെ അവസാനം ചെന്നെത്തുന്നത് രുചികരമായ കഞ്ഞിയിലേക്കും കപ്പയിലെക്കുമാണ് !

ഒരുപക്ഷെ, അത്രയ്ക്ക് രുചിയുള്ള നോമ്പുതുറ വിഭവം എന്‍റെ ജീവിതത്തില്‍ ഞാന്‍ പിന്നീട് കഴിച്ചിട്ടില്ല.

രാത്രി ഒമ്പത് മണിക്ക് അത്താഴം കഴിക്കും വരെ വയറിനു സുഖമുള്ള ഒരു അനുഭൂതിയും, ശരീരത്തിന് ഉന്മേഷവും നല്‍കിയിരുന്ന പാളയത്തെ പ്രശസ്തമായ കഞ്ഞി !

പിന്നെ ഓര്‍ക്കുമ്പോള്‍ ചിരി വരുന്ന ഇടയത്താഴം, കൊല്ലത്ത് താമസിക്കുമ്പോള്‍ കഴിച്ച റോസ്റ്റ് ചെയ്ത കശുവണ്ടിയാണ് !

കൊല്ലത്തെ എന്‍റെ സുഹൃത്തുക്കളില്‍ ഒരു ഷംനാദ് ഉണ്ടായിരുന്നു - മൂപ്പര്‍ക്കു സ്വന്തമായി കശുവണ്ടിക്കമ്പനിയൊക്കെയുണ്ട്.

അന്ന് ഞാന്‍ താമസിച്ചിരുന്ന മാടന്‍നടയിലെ വാടകവീട്ടില്‍ , മുതലാളിയായ അസ്ഹര്‍ വക ഒരു സ്നൂക്കര്‍ ടേബിള്‍ ഉണ്ടായിരുന്നു.

വൈകുന്നേരമായാല്‍ സ്നൂക്കര്‍ കളിക്കാനായി ഷംനാദ്, സജു, ഷമീര്‍, നവാസ് തുടങ്ങിയവര്‍ എത്തും.

ഇടയ്ക്കിടെ ഞാന്‍ ഷംനാദിനോട് ചോദിക്കും "ഷംനാദേ , നിന്‍റെ വണ്ടിയില്‍ ഒന്നും ഇരിപ്പില്ലേ മച്ചൂ ?"

മൂപ്പര്‍ കാറില്‍ നിന്ന് അരക്കിലോയുടെയും, ഒരുകിലോയുടെയും ഒക്കെ അണ്ടിപ്പരിപ്പ് പാക്കറ്റ് എടുത്തു തരും - ഒരു വര്‍ഷം റമദാന്‍ നോമ്പിന് സ്ഥിരമായി അതായിരുന്നു എന്‍റെ ഇടയത്താഴം.

അണ്ടിപ്പരിപ്പ് കൂടിയ അളവില്‍ സ്ഥിരമായി കഴിക്കുന്നത്‌ നല്ലതല്ല എന്ന അറിവൊന്നും - എടുത്തുകഴിക്കാനുള്ള എളുപ്പവും, റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പിന്‍റെ രുചിയും എന്നെ അനുവദിച്ചില്ല.

ഇപ്പോള്‍ ഇടയത്താഴത്തിനു മൂന്നുനാല് ബിസ്കറ്റും , രണ്ടോ മൂന്നോ ഗ്ലാസ് പച്ചവെള്ളവുമാണ് എന്‍റെ മെനു - പക്ഷെ പ്രവാചകന്‍ പറഞ്ഞത് പോലെ ആ സമയത്ത് കഴിക്കുന്ന ഒരു ഗ്ലാസ് വെള്ളം പോലും പകല്‍ നോമ്പനുഷ്ടികുമ്പോള്‍ പകര്‍ന്നു തരുന്ന ഊര്‍ജ്ജം തിരിച്ചറിയണമെങ്കില്‍, ഉറങ്ങിപ്പോകുന്നത് കൊണ്ട് ഒരുദിവസമെങ്കിലും ഇടയത്താഴം കഴിക്കാതെയിരുന്നു നോക്കണം.

എന്‍റെ ജീവിതത്തില്‍ രണ്ടു നോമ്പ് ഞാന്‍ പാതിവഴിയില്‍ അവസാനിപ്പിച്ചിട്ടുണ്ട്.

ഒന്ന് കുട്ടിയായിരിക്കുമ്പോള്‍ മാമംഗലത്ത് വച്ചും, മറ്റൊന്ന് ആവരി ഇന്ത്യലിമിറ്റഡില്‍ ജോലി ചെയ്യുമ്പോള്‍ എറണാകുളത്ത് വച്ചും.

ചെറുപ്പത്തില്‍ ഉമ്മിച്ചി കറിക്കരിയുമ്പോള്‍ അതില്‍ നിന്ന് കഷണങ്ങള്‍ പെറുക്കിത്തിന്നുക എന്‍റെ സ്വഭാവമായിരുന്നു (ഇന്നും നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ ചെയ്യാറുണ്ട്)

ഉമ്മിച്ചി അരിഞ്ഞു കൊണ്ടിരുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് പതിവുപോലെ ഒരു കഷണം എടുത്തു കഴിക്കുമ്പോള്‍ ഞാന്‍ നോമ്പിന്റെ കാര്യം മറന്നുപോയി- ഉമ്മിച്ചി അത് ശ്രദ്ധിച്ചതുമില്ല.

അവിടന്നെഴുന്നേറ്റ് കളിക്കാനോടുന്നതിനിടയിലാണ് ഞാന്‍ പെട്ടെന്നക്കാര്യമോര്‍ത്തത്.

ഉടനെ അടുക്കളയില്‍ ചെന്ന് ആരും കേള്‍ക്കാതെ വല്ലുമ്മാനോട് രഹസ്യമായി കാര്യം പറഞ്ഞു.

"സാരമില്ല, എന്നാ മോന്‍ ഇന്നത്തെ നോമ്പ് വിട്ടോളൂട്ടോ, നമുക്ക് നാളെ പിടിക്കാം"

എന്നാല്‍ അറിയാതെ ഭക്ഷണം കഴിച്ചു പോയാല്‍ നോമ്പ് മുറിയില്ലെന്ന് കുറെകാലം കഴിഞ്ഞാണ് ഞാന്‍ മനസിലാക്കിയത്.

കുട്ടിയായ ഞാന്‍ നോമ്പെടുത്ത് ക്ഷീണിക്കണ്ട എന്ന വിഷമം കൊണ്ടായിരിക്കണം അന്ന് വല്ലുംമ്മ അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഏറണാകുളത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കുവച്ച് നോമ്പ് മുറിക്കേണ്ടി വന്ന സംഭവം

അന്നെനിക്ക് രാവിലെ മുതല്‍ അസഹ്യമായ ജലദോഷമായിരുന്നു.

സാധാരണ ആളുകള്‍ക്ക് തുമ്മലോ, ജലദോഷമോ വന്നാല്‍ ആഹാരത്തോട് വിരക്തിയായിരിക്കുമെങ്കില്‍ എനിക്ക് നേരെ തിരിച്ചാണ് - പിടിച്ചാല്‍കിട്ടാത്ത വിശപ്പായിരിക്കും. (ഒരിക്കല്‍ തിരുവനന്തപുരത്തു വച്ച് കടുത്ത തുമ്മല്‍ കൊണ്ട് ക്ഷീണിതനായ എന്‍റെ ചപ്പാത്തി തീറ്റ കണ്ടുസഹപ്രവര്‍ത്തകനായ ടോബി അന്തം വിട്ടിരുന്നിട്ടുണ്ട്)

അന്ന് വര്‍ക്ക്ഷോപ്പില്‍ കുറെ പുതിയതായി വന്ന ത്രാസുകള്‍ അസംബിള്‍ ചെയ്തു ടെസ്റ്റ്‌ ചെയ്യാനും ഉണ്ടായിരുന്നു. ഏകദേശം പന്ത്രണ്ടു മണിയോടുത്തപ്പോള്‍ കലശലായ തുമ്മലും, അദ്ധ്വാനമുള്ള ജോലിയും മൂലം നേരെ നില്‍ക്കാന്‍ പോലുമാവാതെ ഞാനാകെ ക്ഷീണിതനായി.

തുമ്മലിനുള്ള ഗുളിക കഴിക്കാതെ ഇനിയോന്നിനും ആവില്ലന്ന അവസ്ഥയില്‍ ഞാന്‍ ഏറെ കുറ്റബോധത്തോടെ വെള്ളം കുടിച്ചു നോമ്പ് മുറിച്ചു.

അന്നും, ഇന്നും നോമ്പിന്‍റെ ആനുകൂല്യം ജോലിയില്‍ ഇളവു നേടിയെടുക്കാനുള്ള കാരണമാക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല.

ഗള്‍ഫില്‍ നോമ്പെടുക്കുന്നവര്‍ക്ക് ആറുമണിക്കൂര്‍ ഡ്യൂട്ടി തുടങ്ങിയ ആനുകൂല്യങ്ങളൊക്കെയുണ്ട് - എന്നാല്‍ നാട്ടില്‍ അതൊന്നുമില്ലല്ലോ.

കഴിഞ്ഞ ദിവസം ജുബൈലില്‍ ഒരു കമ്പനിയില്‍ ജോലിക്ക് പോയപ്പോള്‍ "നോമ്പാണെന്ന്" പറഞ്ഞു ഒന്നിലും തൊടാതെ മാറി നില്‍ക്കുന്ന കുറെ ചെറുപ്പക്കാരെ കണ്ടപ്പോള്‍ എനിക്കവരോട് മനസ്സില്‍ ദേഷ്യമാണ് തോന്നിയത്.

കഠിനമായ ജോലി വൈകുന്നേരമാവും മുന്നേ നിങ്ങളുടെ ശരീരത്തെ പൂര്‍ണ്ണമായും തളര്ത്താതിരിക്കാന്‍ ഞാന്‍ പിന്തുടരുന്ന ഒരു കാര്യം പറഞ്ഞു തരാം.

ഏതു പ്രവര്‍ത്തി ചെയ്യുമ്പോഴും ഞാന്‍ നോമ്പുകാരനാണെന്നുള്ള ബോധം മനസ്സിലുണ്ടായിരിക്കുക.

ഓരോ പ്രവര്‍ത്തിയിലും സാധാരാണ ഗതിയില്‍ ഉപയോഗിക്കുന്നത്ര ഊര്‍ജ്ജം ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കില്ല എന്ന തീരുമാനത്തോടെ ഓരോ പ്രവൃത്തിയും കഴിയാവുന്നത്ര ശാരീരികാധ്വാനം കുറച്ച് ലഘുവായി നിര്‍വ്വഹിക്കുവാന്‍ ശ്രമികുക.

ജോലിക്കിടെ കൃത്യമായി ചെറിയ, ചെറിയ ഇടവേളകള്‍ എടുക്കുവാനും, ജോലി ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും ശ്രമിക്കുക - ക്ഷീണം കുറച്ചേ അനുഭവപ്പെടൂ.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top