Thursday, July 18, 2013

പുകവലി പാടില്ല

പുകവലിക്കുന്നവരെ ഏറെ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌ എന്‍റെ സുഹൃത്തായ - നസീര്‍ സ്വപ്നങ്ങളുടെ കാമുകന്‍ - ഇന്ന് രാവിലെ തന്നെ പോസ്റ്റ്‌ ചെയ്തപ്പോള്‍ അതിലേക്കായി എഴുതിയ ഒരു കമന്റ് ആണിത് - എഴുതി വന്നപ്പോള്‍ ഈ കോലമായി - എങ്കില്‍ പിന്നെ നല്ലൊരു കാര്യത്തിനല്ലേ , കൂടുതല്‍ പേര്‍ വായിച്ചു കൊള്ളട്ടെ എന്ന് കരുതി സ്റ്റാറ്റസ് ആയി പോസ്റ്റുന്നു.

ഈ പോസ്റ്റ്‌ കൊണ്ട് കൊടികുത്തിയ പുകവലിക്കാരുടെ കണ്ണിലെ കരടായി ഞാന്‍ മാറുമെങ്കില്‍ ഞാന്‍ ധന്യനായി.

ഞാന്‍ കല്യാണത്തിന് ഒരാഴ്ച മുന്‍പ് വരെ ദിവസവും രണ്ടോ, മൂന്നോ പാക്കറ്റ് സിഗരറ്റ് വലിച്ചു കൊണ്ടിരിന്ന ആളായിരുന്നു - വില്‍സ് ആയിരുന്നു അന്നത്തെ ബ്രാന്‍ഡ്‌.

ഇതില്‍ തന്നെ കയറിപ്പിടിച്ച് കളിയാക്കി കമന്റ് ഇടാന്‍ പോകുന്നവര്‍ ഇതുകൂടി വായിക്കുക - ഞാന്‍ സിഗരറ്റ് വലിച്ചിരുന്ന കാര്യവും, നിര്‍ത്തിയ കാര്യവുമൊക്കെ കല്യാണം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് ഭാര്യ അറിയുന്നത് തന്നെ.

കല്യാണത്തിനു മുന്പ് ഒരു ദിവസം അവളോട്‌ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു വെളിപാട് പോലെ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് , വലിക്കാതെ പോക്കറ്റിലെ പാക്കില്‍ കിടന്നിരുന്നതുള്‍പ്പെടെ ചുരുട്ടി എറിഞ്ഞു കളഞ്ഞതാണ് - അതിനു ശേഷം ഇന്നേ ദിവസം വരെ ഞാന്‍ കത്തിച്ച ഒരു സിഗരറ്റ് ചുണ്ടില്‍ വച്ചിട്ടില്ല.

അന്നൊക്കെ പുകവലിക്കാനുള്ള പ്രധാനകാരണമായി പറഞ്ഞിരുന്നത് ടെന്‍ഷന്‍ ആയിരുന്നു.

എന്നാല്‍ പുകവലി നിര്‍ത്തിയ ശേഷം ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യം - പുകവലിച്ചാല്‍ ഉള്ള ടെന്‍ഷന്‍ കൂടുകയല്ലാതെ ഒരിക്കലും കുറയുകില്ല.

പുകവലി നിര്‍ത്താന്‍ ആത്മാര്‍ഥമായി ആഗ്രഹം ഉണ്ടെങ്കില്‍ വലിച്ചു കൊണ്ടിരിക്കുന്ന സിഗരറ്റ് ഉള്‍പ്പെടെ കയ്യിലുള്ളതു മുഴുവന്‍ ഈ നിമിഷം വലിച്ചെറിയുക - അല്ലാതെ പടിപടിയായി നിര്‍ത്താം എന്ന ധാരണ തെറ്റാണ് - കാരണം ഞാന്‍ അങ്ങനെയാണ് നിര്‍ത്തിയത്.

ഗള്‍ഫില്‍ വന്നിറങ്ങിയത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുംതണുപ്പുള്ള ഒരു ജനുവരി മാസത്തില്‍ ആയിരുന്നു - അന്നത്തെ അത്ര തണുപ്പ് അതിനു ശേഷമുള്ള ഒരൊറ്റ വര്‍ഷങ്ങളിലും ഞാന്‍ അനുഭവിച്ചിട്ടില്ല.

ആദ്യത്തെ ഏഴു മാസം ഒരു ക്യാമ്പിലായിരുന്നു താമസം.

തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ എന്ന ഭാവേന ക്യാമ്പിലുള്ള കൂട്ടുകാര്‍ എല്ലാവരും സിഗരറ്റ് ചുണ്ടില്‍ നിന്നോഴിയാതെ വലിച്ചു തള്ളുമ്പോള്‍ അദമ്യമായ ആഗ്രഹം പലതവണ കത്തിക്കാത്ത ഒരു സിഗരറ്റായി എന്‍റെ ചുണ്ടിനടുത്തു വരെ എത്തിയിട്ടുണ്ട്.

പക്ഷെ അന്നുവരെ എനിക്ക് അനുഭവപ്പെടാതിരുന്ന മനസ്സാന്നിധ്യവും, ആത്മവിശ്വാസവും അന്നേരം വളരെ ഉയര്‍ന്നതോതില്‍ എനിക്കനുഭവപ്പെടുത്തിയതില്‍ ഞാന്‍ ഏറെ ദൈവത്തിനു കടപ്പെട്ടിരിക്കുന്നു.

പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും പറ്റുന്ന മറ്റൊരു തെറ്റാണ് - പുകവലി നിര്‍ത്തി പകരം വെറ്റില മുറുക്കോ , മിട്ടായി / ച്യൂയിംഗ് ഗം തീറ്റയോ തുടങ്ങുക.

ഈ ഞാനും അന്തിമമായി നിര്‍ത്തുന്നതിനു മുന്നേ രണ്ടോ, മൂന്നോ തവണ ആവര്‍ത്തിച്ചു പരാജയപ്പെട്ടിട്ടുള്ള തെറ്റ്.

പുകവലി നിര്‍ത്തി പകരം മറ്റൊരു ദുശീലം തുടങ്ങുക എന്നതിനര്‍ത്ഥം , പുകവലി എന്നാ ദുശീലം അത്രയ്ക്ക് നിങ്ങളെ മാനസികമായി അടിമപ്പെടുത്തിയിരിക്കുന്നു എന്നാണ്.

അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ വീണ്ടും പുകവലിയിലേക്ക് തിരികെ പോകാന്‍ അധികം കാലതാമസം ഉണ്ടാകില്ല.

പുകവലി നിര്‍ത്താനുള്ള ഒരേയൊരു മരുന്നെയുള്ളൂ - മനസ്സാന്നിധ്യം.

ഒരിക്കല്‍ എന്നത്തേക്കുമായി അവസാനിപ്പിച്ച് , അതിന്‍റെ ഗുണങ്ങള്‍ മനസ്സിലാക്കിയാല്‍ , പിന്നെ ഒരിക്കലും നിങ്ങള്‍ അതിലേക്കു തിരിച്ചു പോകില്ല.

ഇതുവായിക്കുന്ന ഭൂരിഭാഗവും പുകവലിക്കാര്‍ ആയിരിക്കും എന്ന് അറിയാം.

പലരും നിര്‍ത്താന്‍ അദമ്യമായ ആഗ്രഹവും ഉള്ളവരും എന്നാല്‍ പലതവണ പരീക്ഷിച്ച് പരാജയമടഞ്ഞ് - "ഇനി വരുന്നത് വരട്ടെ" എന്ന മട്ടില്‍ തുടരുന്നവരുമാണ്.

ഒരിക്കല്‍ നിര്‍ത്തി മാസങ്ങള്‍ക്കും, വര്‍ഷങ്ങള്‍ക്കും ശേഷം വീണ്ടും തുടങ്ങിയ പലരെയും എനിക്കറിയാം.

ഒരിക്കല്‍ അവസാനിപ്പിച്ചാല്‍ അതൊരു പൂര്‍ണ്ണവിരാമം ആയിരിക്കണം - അല്ലാതെ പ്രത്യേക അവസരങ്ങളില്‍ കൂടുകാരോടൊപ്പം ഒരേയൊരു സിഗരറ്റില്‍ നിര്‍ത്താം എന്ന ചിന്ത ആപത്താണ് - പിറ്റേ ദിവസം രണ്ടും, പിന്നെ നാലും ആയി അവസാനം പുകവലി നിര്‍ത്തും മുന്നേ ഉള്ളതില്‍ കൂടുതല്‍ വലിക്കുന്ന ഒന്നാംതരം വലിക്കാരന്‍ ആയി നിങ്ങള്‍ മാറും.

പല പ്രവാസികളും അവരവര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതും സിഗരറ്റ് വാങ്ങാനാണ്.

വീട്ടുകാര്‍ക്ക് വേണ്ടി കഷ്ടപ്പെടുമ്പോള്‍ ഈയൊരു ആഡംബരമെങ്കിലും തനിക്ക് വേണ്ടേ എന്നൊരു തെല്ലു വിദ്വേഷം കലര്‍ന്ന ചിന്തയാണ് അതിനു പിന്നില്‍.

എന്നാല്‍ വീട്ടുകാരെ കുറിച്ചോര്‍ത്തു ആകുലപ്പെടുന്ന പ്രവാസികള്‍, തിരിച്ച് തന്നെക്കുറിച്ച് ആകുലപ്പെടുന്ന വീട്ടുകാരെക്കുറിച്ചും ഓര്‍ക്കുക.

ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം ആയിരുന്നിട്ടു കൂടി, പ്രിയപ്പെട്ടവന്‍ ഭക്ഷണം കഴിച്ചെന്നു ഉറപ്പുവരുത്തിയശേഷം മാത്രം പച്ചവെള്ളം തൊണ്ടയില്‍ നിന്നിറങ്ങുന്ന പ്രിയപത്നിമാരെക്കുറിച്ചോര്‍ക്കുക.

സിഗരറ്റുപുകയുടെ ദുര്‍ഗന്ധമില്ലാത്ത നല്ലൊരു പ്രഭാതമായിരിക്കട്ടെ നാളെ ! 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top