Friday, July 5, 2013

പാല് കാച്ചല്‍, കരിക്ക് കുടി.... കരിക്ക് കുടി, പാല് കാച്ചല്‍ !!!

ഒരിടത്തൊരിടത്ത് ഒരു ച്യാച്ചിയുണ്ടായിരുന്നു.

ആ ച്യാച്ചിക്ക് രാഷ്ട്രീയത്തിലും സിനിമയിലും ഒക്കെ നല്ല "പിടി പാടു"ണ്ടായിരുന്നു.

അങ്ങനെയിരിക്കെ ച്യാച്ചിക്ക് നികച്ചും നിഷ്കളങ്കമായ ഒരു മോഹം തോന്നി - ച്യാച്ചിയുടെ പുതിയ വീട് പാല് കാച്ചി ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി ച്യാച്ചി പരിചയമുള്ള പല വിഐപ്പികളെയും വിളിച്ചെങ്കിലും അവരൊന്നും വീടിനു മുകളില്‍ സോളാര്‍ പാനല്‍ കണ്ട പരിചയം പോലും കാണിച്ചില്ല.

അങ്ങനെ ച്യാച്ചി വിഷണ്ണകുഷണ്ണയായിരിക്കുമ്പോള്‍ ച്യാച്ചിയുടെ ഒരു ആശ്രിതന്‍ ഒരു വാര്‍ത്തയുമായി ഓടിയെത്തി - ച്യാച്ചിയുടെ വീടിനു തൊട്ടു മുന്നിലുള്ള റോട്ടിലൂടെ, രോഗിയുടെ പടിയെ വൈദ്യന്‍ പോകുന്ന പോലെ ,ആഭ്യന്തരകാര്യങ്ങളില്‍ ഒന്നും ഇടപെട്ട് ബുദ്ധിമുട്ടിക്കാന്‍ തീരെ താല്‍പര്യമില്ലാത്ത ഒരു ചേട്ടന്‍ , "വഞ്ചി" പോലെയുള്ള ഒരു കാറുമോടിച്ച് തേരാപാരാ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.

ച്യാച്ചി ഓടിച്ചെന്നു ചുമ്മാ കൈ നീട്ടിയതും , ആ കൈനീട്ടല്‍ പ്രതീക്ഷിച്ച് - വേലിയില്‍ ഇരുന്ന്‍ "ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും" എന്ന് കള്ളക്കണ്ണിട്ടു നോക്കുന്ന കാക്കയെപോലെ, വിഐപ്പിച്ചേട്ടന്‍ വീടിന്നുള്ളിലേക്ക് കാറോരൊറ്റ ഓട്ടിച്ചുകയറ്റലായിരുന്നു.

ചേട്ടന്‍ പാലും കാച്ചി , കരിക്കും കുടിച്ചു.

കാമറയും തൂക്കി നടക്കുന്ന വിഡ്ഢിക്കൂഷ്മാണ്ടങ്ങള്‍ക്ക് മുന്നിലൊന്നും ചെന്നവതരിക്കാതെ ഒളിച്ചും പതുങ്ങിയും നടന്നെങ്കിലും, ഏതോ വായ്‌നോക്കി കരിക്കുള്‍പ്പെടെ ഫോട്ടത്തില്‍ പെടുത്തിക്കളഞ്ഞകാര്യം പിന്നീടാണ് അറിഞ്ഞത് !

ആദ്യം കരിക്കോ - അതെന്താ സാധനം എന്ന് ചോദിച്ചു മലക്കം മറിയാന്‍ ശ്രമിച്ചെങ്കിലും , ഫോട്ടോ കണ്ടപ്പോള്‍ കരിക്ക് ആലുവമണപ്പുറത്ത്വക്കെ വച്ചുകണ്ടു പരിചയമുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു.

പിന്നേം ചില തോലിഞ്ഞവന്മാര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ കരിക്ക് കൃഷി ചെയ്യുന്ന ച്യാച്ചിയെയും , പാല് കാച്ചാന്‍ പോയതും ഒക്കെ കേറി സമ്മതിച്ചു - അല്ലെങ്കില്‍ അവന്മാര് സമ്മതിപ്പിച്ചു.

സ്വന്തം പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കേണ്ടി വന്നെങ്കിലെന്താ - മേക്ക്അപ്പില്ലാതെ പൊതുമധ്യത്തില്‍ നാറ്റിക്കരുതെന്നുള്ള ച്യാച്ചിയുടെ അപേക്ഷ നടപ്പില്‍ വരുത്താന്‍ സാധിച്ചല്ലോ.

അതുപോലെ വനിതാ പോലീസ് അല്ലാതെ ആരും കേരളത്തിലെ ഏറ്റവും പേരെടുത്ത ശീലാവതിയായ തന്നെ തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും, സ്വന്തം കാറില്‍ അല്ലാതെ താന്‍ പോലീസ് സ്റ്റേഷനില്‍ എന്നല്ല എങ്ങും പോകൂലാന്നും.

കള്ളന്‍റെ കയ്യില്‍ തന്നെ താക്കോല്‍ ആയതിനാല്‍ ഏതൊക്കെ അവന്മാര്‍ എന്തൊക്കെ ചുരണ്ടിയാലും , ഭരണം മാറുന്നത് വരെ , കൂടുതല്‍ ഒന്നും പുറത്തു പോകുമെന്ന് പേടിക്കേം വേണ്ട.

(അപ്പോഴേക്കും അവന്മാരുടെ കൂട്ടത്തിലും ഏതെങ്കിലും ഒരുത്തന്‍ വഴി "തെറ്റി"ക്കോളുംന്നെ - ചക്കരക്കുടമല്ലേ ചക്കരക്കുടം - കുടം എന്ന് തന്ന്യാ പറഞ്ഞത്ട്ടോ - അക്ഷരം ഒന്നും മാറീട്ടില്ല )

സ്വല്‍പ്പം വാടിയതാണെങ്കിലും കരിക്ക് കരിക്ക് എന്നും തന്നാണല്ലോ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top