Thursday, July 11, 2013

അനുസരണ

ജുബൈലിലെ ഫ്ലാറ്റില്‍, ബാത്ത്രൂമിലെ ട്യൂബ് ലൈറ്റിന്‍റെ സ്റ്റാര്‍ട്ടര്‍ ലൂസ് കോണ്ടാക്റ്റ് ഉണ്ടെന്ന് തോന്നുന്നു - കുറച്ചു ദിവസമായി ട്യൂബ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്‌താല്‍ ഉറുമിയിലെ പാട്ട് പോലെ "ചിന്നി ചിന്നി മിന്നിത്തിളങ്ങി" അങ്ങ് നില്‍ക്കത്തേയുള്ളൂ - എന്തെങ്കിലും കൊണ്ട് ഫ്രെയിമില്‍ ചെറുതായൊന്നു തട്ടിക്കൊടുത്താല്‍ കത്തും.

ഇടയ്ക്കിടെ കോല് തേടി നടക്കുന്ന അസൌകര്യം ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ മോളെ പേടിപ്പിക്കാന്‍ വാങ്ങി വച്ചിരിക്കുന്ന ഒരറ്റം "റ" പോലെ വളഞ്ഞ ചൂരല്‍ എടുത്തു ബാത്ത്റൂമിലെ ഗീസറില്‍ നിന്ന് വരുന്ന ഹോസില്‍ കൊളുത്തിതൂക്കിയിട്ടു. (ചൂരല്‍ സ്ഥിരമായി അടുക്കളയില്‍ നിന്ന് മാറിയ സന്തോഷം അവള്‍ക്ക്)

ട്യൂബ് ലൈറ്റൊന്നു ശരിയാക്കാന്‍ പറഞ്ഞു ഭാര്യ ബഹളം കൂട്ടാന്‍ തുടങ്ങിയിട്ട് ദിവസം കുറെയായെങ്കിലും ജോലിത്തിരക്ക്, മടി, കുഞ്ഞുങ്ങളെ നോക്കല്‍ ഇത്യാദി കാരണങ്ങള്‍ കൊണ്ട് ഇതുവരെ നടന്നിട്ടില്ല.

ഇന്നലെ രാത്രി സ്വിച്ച് ഇട്ടപ്പോള്‍ ട്യൂബ് ലൈറ്റ് വീണ്ടും മിന്നിത്തിളങ്ങാന്‍ തുടങ്ങി - പതിവുപോലെ ചൂരലെടുത്ത് തട്ടുമ്പോള്‍ എന്നെ കളിയാക്കിക്കൊണ്ട്‌ ഭാര്യയുടെ കമന്റ്

"വാപ്പിക്കിപ്പോ മക്കളെ മാത്രമല്ല, ട്യൂബ് ലൈറ്റിനെയും ചൂരല്‍ കൊണ്ട് തല്ലി അനുസരിപ്പിക്കേണ്ട ഗതികേടായി"

ഞാന്‍ കേട്ടഭാവം കാണിച്ചില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top