Tuesday, July 9, 2013

ഹര്‍ത്താലും ബന്ദും

മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ്‌ അവധി.

മകന്‍ ചത്തിട്ടായാലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന ഒരു അമ്മായിയമ്മ ലൈനിലാണ് ഇക്കാര്യത്തില്‍ മലയാളിയുടെ ചിന്ത.

അത് കൊണ്ട് തന്നെ പുറമേ എന്തോക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചാലും, ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സന്തോഷിക്കാത്തവന്‍ ഒരു മലയാളിയേയല്ല !

പലപ്പോഴും മുന്‍കൂട്ടി പ്രഖ്യാപിക്കാത്തതിനാല്‍ മദ്യവും ,ചിക്കനും, വാങ്ങിവക്കാനുള്ള അസൌകര്യത്തെ കുറിച്ചുള്ള ഒരൊറ്റ പരാതി ഒഴിച്ചാല്‍, വില്‍ക്കാത്ത ടിക്കറ്റിനു ഒന്നാം സമ്മാനം അടിച്ച ലോട്ടറിക്കച്ചവടക്കാരന്‍റെ സന്തോഷമാണ് മലയാളിക്ക് ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോള്‍.

സത്യത്തില്‍ ബന്ദ് കണ്ടു പിടിച്ചവനെക്കാള്‍ ഒരുമുഴം മുന്‍പേ ചിന്തിച്ച മിടുക്കനാണ് ഹര്‍ത്താല്‍ കണ്ടു പിടിച്ച വിദ്വാന്‍.

അതുകൊണ്ടാണല്ലോ കോടതി ബന്ദ് നിരോധിച്ചപ്പോള്‍ ബന്ദിന്‍റെ ഗുണഗണങ്ങളെ , ഹര്‍ത്താല്‍ എന്ന പുതിയ കുപ്പിയിലാക്കി രംഗത്തിറക്കി ഏവരെയും തുടര്‍ന്നും സന്തോഷിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിഞ്ഞത്.

എന്ത് കൊണ്ട് ബന്ദായി മാറുന്ന ഹര്‍ത്താലും നിരോധിക്കാന്‍ കോടതികള്‍ തയ്യാറാവുന്നില്ലെന്നോന്നും ചോദിക്കരുത് - സിവില്‍സപ്ലൈസ് ഉള്ളത് കൊണ്ടാണല്ലോ സര്‍ക്കാര്‍ നിലനിന്നു പോകുന്നതുതന്നെ.
-------------------------------------------------------------------------------------
ഓഫ് ബീറ്റ് :

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനുള്ള മടിമൂലം പെട്ടെന്ന് തോന്നിയ ഒരു കാര്യം കടലാസില്‍ കുത്തിക്കുറിക്കാന്‍ നോക്കിയപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത് - മലയാളം എഴുതാന്‍ വിരലുകള്‍ തീരെ വഴങ്ങുന്നില്ല.

കീബോഡില്‍ മലയാളം ടൈപ് ചെയ്തു ശീലിച്ചതിന്‍റെ ഗുണം.

ഇക്കണക്കിനു പോയാല്‍ എഴുത്ത് ഉടനെ മരിക്കും.

എഴുതാന്‍ പേന എന്നൊരു സാധനം ഉപയോഗിച്ചിരുന്നു എന്ന് വരാനിരിക്കുന്ന പുതിയ തലമുറ ചരിത്ര പുസ്തകങ്ങളില്‍ നിന്ന് പഠിക്കും.

പേനയെന്ന കാലഹരണപ്പെട്ട എഴുത്തുപകരണം മ്യൂസിയങ്ങളില്‍ സ്ഥാനം പിടിക്കും.

എഴുത്തിനിരുത്ത്‌ എന്ന വാക്ക് "ടൈപ്പിനിരുത്ത്" എന്ന വാക്കിന് വഴിമാറും.

(ഹ , രി , ശ്രീ എന്നീ വാക്കുകള്‍ ഉള്ള കീബോഡിന് വിജയദശമിക്ക് നല്ല ചെലവായിരിക്കും - ഹാര്‍ഡ്‌വെയര്‍ കമ്പനികള്‍ക്ക് ഒരു ബിസിനസ് സാധ്യത !) 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top