Saturday, July 27, 2013

അക്കാകുക്കയാണ് താരം

ഈ കഥ നടക്കുന്നത് 2025 ലാണ്.

ഭൂമിയിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും സ്റ്റാറ്റസിട്ട് കഴിഞ്ഞപ്പോള്‍, തന്‍റെ പ്രതാപകാലത്തെ പഴയ സ്റ്റാറ്റസുകള്‍ കുത്തിപ്പൊക്കി പ്രമുഖ സ്റ്റാറ്റസ് മുതലാളിയായ ഉദയഭാനു ജീവിച്ചുപോകുന്ന കാലം.

ഫേസ്ബുക്കില്‍ ചളിയുടെ അതിപ്രസരം കുറയ്ക്കാനായി എഴുതുന്ന സ്റ്റാറ്റസെല്ലാം പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പേ വായിച്ചു നോക്കി അംഗീകാരം നല്‍കാന്‍ പല പ്രമുഖ സ്റ്റാറ്റസ് എഴുത്തുകാരുടെയും തലതൊട്ടപ്പനായ അക്കാകുക്കയെ സാക്ഷാല്‍ സുക്കര്‍സായിപ്പ് സായിപ്പ് നിയോഗിച്ചിട്ടുണ്ട്.

ഉദയഭാനുവിന്‍റെ സഹമുറിയനും, സ്റ്റാറ്റസ് ലോകത്തെ പുതിയ മുതലാളിയാകുന്നത് സ്വപ്നം കണ്ടു നടക്കുന്നവനുമാണ് പ്രശസ്തനാകുമ്പോള്‍ സരോജ് കുമാര്‍ എന്ന് പ്രൊഫൈലിന് പേരിടാന്‍ ആഗ്രഹിച്ചു നടക്കുന്ന രാജപ്പന്‍.

ഒരു ദിവസം ആലോചിച്ചാലോചിച്ച് തലയ്ക്കു ചൂടുപിടിച്ചു വട്ടായപ്പോള്‍ - കാലം ഇത്രയൊക്കെ ആയില്ലേ - പുതിയ പയ്യന്മാര്‍ കേട്ടിട്ടില്ലാത്തതു കൊണ്ടോ - അല്ലെങ്കില്‍ പ്രായാധിക്യത്തിന്‍റെ ഓര്‍മ്മക്കുറവ് കൊണ്ടോ - അക്കാക്കുക്ക അംഗീകാരം നല്‍കിയേക്കും എന്ന ചിന്തയില്‍ ഉദയഭാനു ഒരു പഴയ ഫലിതം പൊടിതട്ടിയെടുത്ത് ഒരു സ്റ്റാറ്റസുണ്ടാക്കി.

സരോജ്കുമാറിനെ പ്രാന്താക്കാനായി "യുറേക്ക യുറേക്ക" എന്നൊക്കെ വിളിച്ചു കൂവി അയാളുടെ മുന്നില്‍ രണ്ടു ചാട്ടവും മറിച്ചിലുമൊക്കെ നടത്തി വട്ടായിരിക്കുന്ന സരോജിനോട് ഉദയഭാനു പറഞ്ഞു

"എടാ രാജപ്പാ ,എനിക്കൊരു കിടിലന്‍ സ്റ്റാറ്റസ് കിട്ടി മോനെ ദിനേശാ, ഞാന്‍ അക്കാകുക്കക്ക് അയച്ചു കൊടുക്കാന്‍ പോകുന്നു - അതിനു മുന്നേ എനിക്കൊന്നു ലാവിഷായി ഭക്ഷണം കഴിക്കണം - എങ്ങനെ ലാവിഷായി , നീ വരുന്നോ - വേണേ പാതി പൊറോട്ടയും ചിക്കന്‍റെ പകുതിച്ചാറും തരാം"

"പകുതിച്ചാറ് നിന്‍റെ ഉപ്പാപ്പക്ക് കൊണ്ട് കൊടുത്താ മതിയെന്ന്" നാവിന്‍ തുമ്പില്‍ വന്നത് വിഴുങ്ങി "എനിക്കിപ്പോ വേണ്ട ഉദയാ, ഞാന്‍ തെങ്ങാപ്പിണ്ണാക്കും തേങ്ങാപ്പാലും ഇപ്പൊ കഴിച്ചതേയുള്ളൂ " എന്ന മറുപടിയോടെ ഗൂഡമായ ഒരു ചിരിയും ചിരിച്ച് സരോജ് കുമാര്‍ അവിടെത്തന്നെയിരുന്നു.

ഉദയഭാനു പോയിക്കഴിഞ്ഞപ്പോള്‍ സരോജ് ചാടിവീണ് ഉദയന്‍റെ ലാപ്‌ തുറന്നു.

എന്നെങ്കിലും ഒരിക്കല്‍ ആവശ്യം വരുമെന്ന വിചാരത്തോടെ ,പണ്ടൊരിക്കല്‍ ഉദയന്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഓട്ടക്കണ്ണിട്ട്‌ നോക്കി അയാളുടെ പാസ്വേഡ് മനസ്സിലാക്കി വച്ചത് ഗുണമായി - സരോജ് മനസ്സിലോര്‍ത്തു.

അതാ - ഡസ്ക്ടോപ്പില്‍ തന്നെ കിടക്കുന്നു 'ന്യൂ സ്റ്റാറ്റസ്' എന്ന ആ നോട്ട്പാട്.

ഉദയാന്‍ തിരികെ വരും മുന്നേ അടിച്ചു മാറ്റണം എന്ന ചിന്തയോടെ വായിച്ചു പോലും നോക്കാതെ നേരെ കോപ്പി ചെയ്തു അക്കാകുക്കക്ക് മെസ്സേജ് ചെയ്തശേഷം, ലാപ്‌ അടച്ചുവച്ച് ഒരു ദീര്‍ഘനിശ്വാസത്തോടെ സരോജ് ഒരുനിമിഷം കസേരയില്‍ ചാരിക്കിടന്നു.

ഉദയന്‍ കഞ്ഞിയും ചമ്മന്തിയും കഴിച്ചു വരുമ്പോള്‍ (പോറോട്ടയും ചിക്കനുമെന്നൊക്കെ സരോജിനെ വട്ടാക്കാന്‍ ചുമ്മാ പറഞ്ഞതായിരുന്നു) സരോജിനെ അവിടെ കാണാതിരുന്നത് ഉദയനില്‍ ചില്ലറ സംശയം ഉയര്‍ത്താതിരുന്നില്ലെങ്കിലും ലാപ്പ്തുറന്ന് സ്റ്റാറ്റസ് കോപ്പി ചെയ്ത് വേഗം തന്നെ അക്കാക്കുക്കക്ക് അയച്ചു കൊടുത്തു.

"സത്യം പറ - നിനക്കെവിടുന്നു കിട്ടി ഈ സ്റ്റാറ്റസ്" അക്കകുക്കയുടെ ചോദ്യത്തോടൊപ്പം അക്കാകുക്കയുടെ ഗുണ്ടയുടെ തോക്കിന്‍റെ കുഴല്‍ സരോജിന്‍റെ നെറ്റിയിലമര്‍ന്നു.

"ആ ഉദയന്‍റെ അടിച്ചു മാറ്റിയതാണ് അക്കാക്കുക്ക - എന്നെ വെറുതെവിടണം. ഞാന്‍ വല്ല പൊറോട്ടയും പപ്പടവും എക്സ്പോര്‍ട്ട്‌ ചെയ്ത് - അല്ല - തിന്ന്‍ ജീവിച്ചോളാം"

"ഇനി നീ മേലില്‍ സ്റ്റാറ്റസ് ഇടണം എന്ന് പറഞ്ഞു നടക്ക്വോ ?"

"ഇല്ലെന്‍റെ പോന്നക്കാകുക്ക"

കെട്ടഴിച്ചുവിട്ട കാട്ടുപന്നിയെപ്പോലെ സരോജ്കുമാര്‍ സ്ഥലം വിട്ടപ്പോള്‍ അക്കക്കുക്ക കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു - അക്കാകുക്കയുടെ പാതി ഗുണ്ടകള്‍ തെക്കോട്ടും, പാതി ഗുണ്ടകള്‍ വടക്കോട്ടും ഉദയഭാനുവിനെ തേടി പോയി.

"ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷാപ്പില്‍................." ഉദയഭാനു അയച്ചു തന്ന സ്റ്റാറ്റസിലെ വാചകങ്ങള്‍ വീണ്ടും വീണ്ടും തന്നെ വേട്ടയാടിയപ്പോള്‍ തീവ്രമായി വന്ന ചൊറിച്ചില്‍ മാറ്റുവാനായി അക്കക്കുക്ക നൂറ്റിനാല്‍പ്പത്തഞ്ചാമത്തെ തവണ പ്രിഥ്വിരാജിന്‍റെ തേജാഭായി കാണാന്‍ തുടങ്ങി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top